വീട് പണിയാൻ ഉദ്ദേശിക്കുന്നവർ ഇത് വായിച്ചാൽ ഉപകാരപ്പെടും | useful tips for building houses

.



1 .  വില കുറഞ്ഞ വയൽ പോലുള്ള സ്ഥലങ്ങൾ വാങ്ങിയാൽ വീട് വെക്കുമ്പോൾ ആ കുറവ്/ ലാഭം  , മണ്ണടിച്ചും , ഫൗണ്ടേഷനുള്ള അധിക  ചെലവിലും  ഒലി ച്ചു പോയേക്കാം  . ചുരുക്കത്തിൽ, സ്ഥലം വാങ്ങുമ്പോൾ ഉണ്ടാവുന്ന ആശ്വാസം നിർമാണം തുടങ്ങിയാൽ ദീര്ഘനിശ്വാസമാവുമെന്ന് സാരം  .

2 . സാമ്പത്തികം എത്ര  കുറവാണെങ്കിലും  താഴ്ന്ന സ്ഥലങ്ങളിൽ  തറയുടെ ഉയരം കുറയ്ക്കരുത് . ഇരു പുറത്തുള്ള സ്ഥലങ്ങൾ  മണ്ണിട്ട് ഉയർത്തിയാൽ നമ്മുടെ വീട് സ്വിമിങ് പൂൾ ആവും . കണ്ണീർ കടൽ ആവും

3.   അടിത്തറ ഇടുന്ന പ്രവർത്തി, കുഴികുത്തി മണ്ണിൽ കല്ല് കുഴിച്ചിടുന്ന  വെറുമൊരു കലാ പരിപാടിയല്ല . എന്നാൽ ഉടമസ്ഥർ ഏറ്റവും ലാഘവത്തോട് കാണുന്നൊരു ഘട്ടവും ഇത് തന്നെ  . അടിത്തറ ഇടുന്നതിൽ  വരുന്ന ചിലവ് ലഭിക്കാൻ ശ്രമിക്കരുത് . പണി പാളി ..പാലും വെള്ളത്തിൽ കിട്ടും .

4 . വരച്ചു കിട്ടിയ പ്ലാൻ നോക്കിയാൽ പലപ്പോഴും ഒന്നും  സാധാരണക്കാരന് മനസിലാവില്ല. എന്തിന്  റൂമിന്റെ വലുപ്പം പോലും പിടികിട്ടില്ല  ( പ്രത്യേകിച്ച് സ്ത്രീകൾക്ക് ) . പണി പൂർത്തിയായാലാണ് പലപ്പോഴും     ഇതെന്തു "പ്ലാൻ" എന്ന് ചിന്തിച്ചു.... അന്തിക്കുക !!. 



5 . പ്ലാനിനെ മാത്രം ആശ്രയിക്കാതെ ,  കുടുബത്തിലോ , സൗഹൃദ വലയത്തിലോ ഉള്ള വീടുകൾ നേരിട്ട് കണ്ടു , നമ്മുടെ ആവശ്യകതകൾ കൂടെ പരിഗണിച്ചു നിർമിച്ചാൽ,  തിരിയാത്ത പ്ലാനിൽ കെട്ടിപൊക്കുന്നതിനേക്കാൾ നല്ലതാവും . ഒപ്പം ആ വീടുകളിൽ താമസിക്കുന്നവരുടെ അഭിപ്രയങ്ങൾ തേടുക .താമസിച്ചതിനു  ശേഷമുള്ള അവരുടെ അഭിപ്രയങ്ങൾ  നമുക്ക് പറ്റിയേക്കാവുന്ന  തെറ്റുകുറ്റങ്ങൾ ഏറെ ഒഴിവാക്കാൻ സഹായിക്കും . അനുഭവം ഗുരു എന്നാണല്ലോ !!

6 . സിറ്റ് ഔട്ടിലെ  ( കോലായിലെ  ) സൺഷേഡ്, സ്റ്റെപ്പുകൾ   നനയാത്ത വിധം  പുറത്തക്ക്  നീട്ടി നൽകാൻ ശ്രമിക്കുക .  അല്ലാത്ത പക്ഷം  മഴക്കാലത്ത് സ്റ്റെപ്പുകൾ   കരഞ്ഞൊലിക്കും, കാൽ വഴുതി വീണ്  നമ്മളും ചേരും !! .

7 . ഏത് മോഡൽ പണിതാലും സൺ ഷെഡ് ആവശ്യമായ ഇടങ്ങളിൽ  ഒഴിവാക്കരുത് . ഒഴിവാക്കിയാൽ ചുവര് നനഞ്ഞു വെള്ളം അകത്തും, നമ്മൾ പുറത്തും നിൽക്കേണ്ടി വരും  . ഒപ്പം ഇലക്ട്രിക് വയറുകൾ നനഞ്ഞു കറണ്ട് ബില്ല് കണ്ടു കണ്ണ് തള്ളും . വീടിന്റെ പുറത്തുള്ളവർക്ക്  "സുന്ദര കാഴ്‌ച" ഒരുക്കാൻ അകത്തുള്ളവർ അനുഭവിക്കണോ ആവോ  ? നിങ്ങൾ തീരുമാനിക്കുക .

8 . നിലത്ത് വിരിക്കുന്ന ടൈൽസും , മാർബിളും പൊട്ടി വിണ്ടു കീറിയാൽ നമ്മുക്ക് അത് വിരിച്ചവരുടെയോ , അല്ലെങ്കിൽ ആ പ്രൊഡക്ടിന്റെ കുഴപ്പമായി തോന്നാം . എന്നാൽ പലപ്പോഴും വില്ലൻ ഒളിച്ചിരിക്കുന്നിടം നിലം കോൺക്രീറ്റ് യാതൊരു കരുതലും, ഉറപ്പും  ഇല്ലാതെ ചെയ്യുന്നിടത്താണ് .  ലക്ഷക്കണക്കിന് രൂപയാണ് ഫ്ലോർ ഫിനിഷിങ്നായി ചിലവഴിക്കേണ്ടി  വരുന്നത്!! അപ്പോൾ വിലകൂടിയ ടൈലുകൾ  വിരിക്കുന്ന നിലം ഗൗരവത്തിൽ എടുക്കേണ്ടതല്ലെ ? ആരോട് പറയാൻ !!!

9 . ഫ്ലോറിങ്ങിനെ കുറിച്ച് പറഞ്ഞപ്പോഴാണ് പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മ വന്നത് .  ഏതൊരു  വീട്പണിയുടെ അവസാന "അടി വലിവിന്റെ " ഘട്ടത്തിലാണ് ഫ്ലോർ വർക്ക് തുടങ്ങുക .അത് കൊണ്ട് തന്നെ അഡ്ജസ്റ്റ്‌ മെന്റിന് കീഴടങ്ങേണ്ടി കോളിറ്റി കുറയ്‌ക്കേണ്ടി വരുന്നതും അതിൽ തന്നെയാവും . വീടിന്റെ നിലം നന്നായാൽ പാതി നന്നായി എന്നാണ് . അതിനാൽ  പിന്നീട് ചെയ്യാൻ മാറ്റിവെക്കേണ്ടി വന്നാലും നിലത്ത് വിരിക്കുന്നതിന്റെ ഗുണ നിലവാരത്തിൽ  കോംപ്രമൈസിന് നിൽക്കരുത് . 



10   . തുടച്ചു വൃത്തിയാക്കാൻ മടിയില്ലെങ്കിൽ നിലത്തിന് വൈറ്റ് ഷേഡിലുള്ള ഫ്ളോറിങ് പോലെ ചേരുന്ന മറ്റൊന്നില്ല . അവ വെളിച്ചം നിലനിർത്തും എന്ന് മാത്രമല്ല , ഒരു പോസറ്റീവ് എനർജി  നൽകും . അനുഭവം ഗുരു !. ( ചേറായാൽ  പെട്ടന്ന് അറിയും എന്നാണ് വാദം എങ്കിൽ , നിങ്ങളുടെ കൊച്ചു ,കുഞ്ഞുങ്ങൾ ആ കനത്ത ചേറിലാണ് ഇഴഞ്ഞു നടക്കുക, നമ്മൾ കാണുന്നില്ല എന്നത് കൊണ്ട് ആ അഴുക്ക് അവിടെ ഇല്ലയെന്നല്ലല്ലോ അർത്ഥം! )

11   . കോമൺ ബാത്ത്റൂമും  ,  വാഷ് ബേസിനും ഡൈനിങ് ടേബിളിന് സമീപം നൽകരുത് . പണ്ട് ഭക്ഷണത്തിന് അകത്തേക്കും , "തൂറാൻ" പുറത്തേക്കും പോയിരുന്ന നമ്മൾ , ഇന്നിൽ  നേരെ തിരിച്ചാണ് . തീട്ടവും, ഫുഡും അടുത്ത് വരുന്നത്, ടോയിലറ്റ്  എന്തൊക്കിയിട്ട്  വൃത്തിയാക്കി എന്ന് പറഞ്ഞാലും   ഇറിറ്റേഷൻ ആയി അനുഭവപ്പെടും .

12   . റൂമുകൾ ,  സിറ്റിംഗ് ഹാൾ , അടുക്കള  തുടങ്ങിയവയ്ക്ക് ഇരുവശങ്ങളിലും  ജനലുകൾ  വരുന്നുണ്ടെന്നു പ്ലാൻ വരക്കുമ്പോഴേ ഉറപ്പാക്കണം . 



13  . ജനൽ പാളികൾ ഉണ്ടാക്കുബോൾ , മുകൾ ഭാഗം തുറന്ന് ഇടാൻ കഴിയുന്ന രീതിയിൽ ഒരു പൊളി ചെറുത് ഉണ്ടാക്കിയാൽ , കറണ്ട് ഇല്ലാത്ത അവസരങ്ങളിൽ ഉപകാരമാവും .

14   . മുൻവാതിലിൽ പന്ത്രണ്ട് താഴുള്ള പൂട്ടു ഫിറ്റ് ചെയുന്ന നമ്മൾ അടുക്കള വാതിൽ ഒരു നട്ടും ബോൾട്ടിലും ഒതുക്കും . കള്ളന് സുഖവും , സുരക്ഷിതവുമായ എൻട്രൻസ്‌,  അടുക്കള വാതിൽ ആയിരിക്കെ മാറി ചിന്തക്കേണ്ട സമയം അതിക്രമിച്ചില്ലേ  ?  . അതേപോലെ ഉള്ളിൽ നിന്നും ബലപ്പെടുത്തേണ്ട വാതിൽ ആണ്


ഇലക്ക്‌ട്രിക്ക് പ്ലാൻ


ഇത്  നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു വരപ്പിച്ചു വയറിങ് ചെയുന്നവർക്ക് കൊടുക്കണം . അല്ലാത്ത പക്ഷമുള്ള  "കോട്ടങ്ങൾ" താഴെപ്പ റയാം

1 . വീട്ടിനകത്ത്  വള്ളിപ്പടർപ്പ്  പോലെ എക്സ് സ്‌റ്റെൻഷൻ  വയർ തലങ്ങും വിലങ്ങും പടർന്നു പന്തലിക്കും .

2 . ഫ്രിഡ്ജ് വെക്കാൻ ഉദ്ദേശിച്ചിടത്ത്, മോട്ടറും , മോട്ടർ  ഉദ്ദേശിച്ചിടത്ത് മിക്സിയും വരും .

3 .  കിടക്കുന്ന കട്ടിലിൽ തന്നെ  ഇസ്തിരിപ്പെട്ടിയുമായി ശരണം പ്രാപിക്കേണ്ടി വരും 



4 . ബാത്‌റൂമിൽ കടന്നതിനു ശേഷം ഇരുട്ടിൽ  സ്വിച്ച് തപ്പി കുഴങ്ങേണ്ടി വരും .

5 . പണിക്കാർ അവരുടെ എളുപ്പത്തിന് അനുസരിച്ചു വയർ വിലിച്ചും , സാധനങ്ങൾ വാങ്ങി കൂട്ടിയും  ബഡ്‌ജറ്റ്‌ കൂട്ടും  .

പ്ലബിംങ് പ്ലാൻ

ഇതില്ലെങ്കിൽ പണി പാളുന്നത് കുളിമുറിയിലും, അടുക്കളയിലുമാത്രമായിരിക്കില്ല , കാൽ കഴുകാൻ  പുറത്ത് വെക്കുന്ന പൈപ്പ് പോലും അസ്ഥാനത്താവാം !

1 .വലിയ ടോയിലറ്റ് പണിത് , അതിലെ യൂറോപ്യൻ ക്ളോസ്റ്റ് അടക്കം,  എല്ലാ ഫൈറ്റിങ്ങ്ങ്സുകളും   ഒട്ടും അകലമില്ലാതെ  വെച്ചാൽ ,  കുളിക്കുമ്പോൾ വെള്ളം ക്ളോസറ്റിൻമേൽ വീണ് നമ്മുടെ ദേഹത്തേക്ക് തെറിക്കും . അതൊരു വല്ലാത്ത ഈർഷ്യയാണ്.

2 . വേസ്റ്റ് വെള്ളം പുറത്തേക്ക് പോവാനുള്ള കുഴി , കുളിക്കാനുള്ള  പൈപ്പിനടുത്ത് തന്നെ സ്ഥാപിച്ചാൽ വഴുക്കൽ കൂടും എന്ന് മാത്രമല്ല, അതിൽ വീഴുന്ന വെള്ളം നമ്മുടെ ശരീരത്തിലേക്ക് തെറിക്കുന്നതിലൂടെ കുളിച്ച ഫീൽ അങ്ങ് പോയിക്കിട്ടും!! .



 പ്ലമ്പിങ് പ്ലാൻ നമ്മുടെ ഉപയോഗത്തിനും സൗകര്യത്തിനും അനുസരിച്ചു ചർച്ച ചെയ്ത് വരപ്പിച്ചാൽ , ലക്ഷകണക്കിന് രൂപ ചെലവഴിച്ച കംഫർട്ട്  റൂമ്  കംഫർട്ടായി തന്നെ  ഉപയോഗിക്കാം ..അതായത് ഒരുതരം അസ്വസ്ഥത അനുഭവിക്കേണ്ടി വരില്ലയെന്ന് സാരം  .

ബാത്റൂമുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നമ്മുടെ ബഡ്ജറ്റ് കുത്തനെ ഉയരും . ആളെണ്ണം ബാത്രൂം വേണോ എന്ന് ചിന്തക്കുക .

ഇനി കുറച്ചു പൊതുവിൽ ഉള്ള കാര്യങ്ങൾ പറയാം

വലിയ വീടുകൾ  എന്നാൽ സൗകര്യങ്ങൾ കൂടിയ വീടാവണമെന്നില്ല . ആ ധാരണ മാറ്റിയെ തീരു .
ആവശ്യമുണ്ടെങ്കിൽ മാത്രം ഇരു നില വീടുകൾ വെയ്ക്കുക . മുകൾ തട്ട് ആവശ്യമില്ലാത്ത  പക്ഷം വവ്വാലുകൾ വാടക തരാതെ താമസിക്കും .

വീട് പണി തുടങ്ങുമ്പോൾ തന്നെ   ലോൺ എടുക്കാതിരിക്കുന്നതാണ് നല്ലത് കാരണം , അടവും , വീട്ട്  ചിലവും പലപ്പോഴും അടവ് മുടക്കി ,  തടവറയിലാക്കും  . അതോടെ  പണി പകുതിക്ക് നിലയ്ക്കും . 



മെറ്റീരിയലുകൾ കഴിവതും സംഭരിച്ചു വെച്ചതിന് ശേഷം വീട് പണി തുടങ്ങാൻ കഴിഞ്ഞാൽ , അടിക്കടി ഉണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്നും രക്ഷപ്പെടാം . ഒപ്പം, ലേബർ ചാര്ജും, മെറ്റീരിയൽ ചാർജ്ജും ഒരുമിച്ച് വഹിക്കേണ്ടി വരുമ്പോൾ നേരിടുന്ന  "ശ്വാസതടസം" ഒഴിവാകുകയും ചെയ്യാം .

ഒരു വീട് എങ്ങിനെ ഉള്ളതാവണം എന്ന് ചോദിച്ചാൽ .   ഏതൊരു വീടും സുരക്ഷിതത്ത്വത്തിന്റെ മടിത്തട്ടിലേക്ക് സ്നേഹത്തോടെ  നമ്മെ മാടി വിളിക്കുന്നതാവണം .  ആ തണലിലേക്ക് കയറിന്നാൽ,  അതിന്റെ  മടിത്തട്ടിൽ തലചായ്ക്കാൻ കൊതിക്കുന്നതാവണം ...

കറന്റ് പോയാൽ ജനിലൂടെ അടുത്ത വീട്ടിലേക്ക് നോക്കി അവിടെയും ഇല്ലായെന്ന് സമാധാനിക്കുന്ന ഞാൻ അടക്കമുള്ള മലയാളി അടുത്ത വീടിനേക്കാൾ വലുപ്പമുള്ളത് വെക്കുന്നതിൽ നിർവൃതി കൊള്ളാതെ . സ്വന്തം ആവശ്യങ്ങളും , നീക്കിയിരിപ്പും തിരിച്ചറിഞ്ഞു വീട് പണിതാൽ

 കിടപ്പാടത്ത് കടമില്ലാതെ സ്വസ്ഥമായി  കിടന്നുറങ്ങാം എന്നതാണ് ഞാൻ പഠിച്ച വലിയ പാഠം .

Post a Comment

Previous Post Next Post

News

Breaking Posts