ടിപ്പു സുല്‍ത്താനെന്ന 'മതഭ്രാന്തന്‍' | Tipu Sulthan


tonnalukal




എന്താണീ സംഘിന് പറ്റിയതെന്നറിയില്ല(പറ്റിയതെന്നു ചോദിക്കുന്നത് അനുചിതമാണെന്നറിയാം, കാരണം ഉണ്ടായതു മുതലേ ഇങ്ങനെയാണല്ലോ). ഇപ്പോള്‍ ടിപ്പുവാണ് താരം. മഹാത്മജിയെ കൊന്ന ഗോഡ്‌സെ മഹാത്മാവും വെറും പതിനേഴു വര്‍ഷക്കാലം(1782-1799) കൊണ്ട് ഇന്ത്യ കണ്ട മികച്ച ഭരണാധികാരിയായ ടിപ്പുസുല്‍ത്താന്‍ രാജ്യദ്രോഹിയുമായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ആകെ ഒരു തലതിരിഞ്ഞ അവസ്ഥ.
പണ്ടു മുതലേ ബ്രിട്ടീഷ് ഭക്തന്മാരായ ഇവന്മാരുടെ പൂര്‍വീകര്‍ ടിപ്പുവിനെ ഏകാധിപതിയും ക്രൂരനുമായാണ് ചിത്രീകിരിക്കാന്‍ ശ്രമിച്ചത്. ഈയൊരു തെറ്റിദ്ധാരണയില്‍ കുടുങ്ങിയാവും അന്ന് ഹൈദരാബാദ് നൈസാം, മറാത്തികള്‍, തിരുവിതാംകൂര്‍ രാജാവുമൊക്കെ ടിപ്പുവിനെ തോല്‍പ്പിക്കാനിറങ്ങിയത്. അല്ലായിരുന്നെങ്കില്‍ 47ലെ ആഗസ്റ്റ് 15 ന്റെ സ്വാതന്ത്ര്യ മധുരം എന്നേ അനുഭവിക്കാമായിരുന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിരുന്ന കാലത്തും അന്നുവരെ ഒരു ഭരണാധികാരിയും ചിന്തിക്കാത്ത അല്ലെങ്കില്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതിലുള്ള, അതും ഒരു മുസ്ലിം നാമധാരി, അസൂയയോ വിദ്വേഷമോ ഒക്കെയാവാം ടിപ്പുവിനെ മതഭ്രാന്തനായി, രാജ്യദ്രോഹിയായി ചിത്രീകരിക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നത്. കാരണം ചരിത്രത്തില്‍ ഒരു മുസ്ലിം ഭരണാധികാരി ഇത്രയും വലിയ സ്ഥാനത്തിനര്‍ഹനായിരിക്കരുതല്ലോ. മൈസൂര്‍ കൊട്ടാരത്തിലെ രേഖകള്‍ മുഴുവന്‍ ലണ്ടനിലേക്കു കടത്തിയത് ഈയൊരൂ ഗൂഢ ലക്ഷ്യത്തിനായിരുന്നല്ലോ. കുടുംബത്തെ മൈസൂരില്‍ നിന്ന് വെല്ലൂരിലേക്ക് പിന്നീട് കൊല്‍ക്കത്തയിലേക്കു നാടുകടത്തിയത്, കൊട്ടാരത്തിലെ ടിപ്പുവിന്റെ ഉദ്യോഗസ്ഥരെക്കൊണ്ടു തന്നെ ചരിത്രം തിരുത്തിയെഴുതിച്ചത്, ടിപ്പുവിനെ കുറിച്ചുള്ള മിക്ക രേഖകളും തീയിലിട്ടതും മറ്റൊരു 'സദു'ദ്ദേശത്തിനായിരുന്നെന്നു ചിന്തിക്കാന്‍ കഴിയില്ലല്ലോ. എന്തെന്നാല്‍ ചരിത്രം പഠിപ്പിച്ചത് ടിപ്പുവിനെ ആധുനിക ഇന്ത്യയുടെ ശില്പി ആയാണ്.
ജന്മിമാരുടെ കീഴിലായിരുന്ന അധിക ഭൂമി മുഴുവനും പാവപ്പെട്ട കര്‍ഷകര്‍ക്കു വീതിച്ചു നല്‍കിയ മഹാനായ ഭരണാധികാരിയാണ് ടിപ്പു. മതഭ്രാന്തിനാല്‍ ടിപ്പു മുസ്ലിംകള്‍ക്കു മാത്രമായി വീതിച്ചു നല്‍കുകയായിരുന്നെന്നു വാദിക്കുന്ന 'രാജ്യസ്‌നേഹി'കള്‍ വീതം ലഭിച്ചത് കൂടുതലും ഹിന്ദുക്കളായ കീഴാളന്മാര്‍ക്കാണെന്നു അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുകയാണ്. ഭരണത്തിനു കീഴില്‍ കുറേ പള്ളികള്‍ നിര്‍മ്മിച്ചത് കാണിച്ചു തരാന്‍ ഇവര്‍ക്കാവില്ല. എന്നാല്‍...
തന്റെ പ്രജകളായ എല്ലാം മതക്കാരുടെയും ആരാധനാലയങ്ങള്‍ക്ക് അദ്ദേഹം സഹായം നല്‍കി(ഭൂരിപക്ഷവും ക്ഷേത്രങ്ങള്‍ക്ക്), മറാത്തികള്‍ അക്രമിച്ച മഠങ്ങളും ക്ഷേത്രങ്ങളും പുനര്‍നിര്‍മിച്ചു, മറാത്തികള്‍ നശിപ്പിച്ച ശൃംഗേരി മഠം നന്നാക്കി, മറാത്തികള്‍ അപഹരിച്ച ശാരദാ ദേവിയുടെ വിഗ്രഹം പുനപ്രതിഷ്ഠിച്ചു, മഠാധിപതി ടിപ്പുവിന്റെ ഭരണം നിലനില്‍ക്കാന്‍ പ്രത്യേകം പൂജകള്‍ ചെയ്തിരുന്നുവത്രേ, മാത്രമല്ല അദ്ദേഹം മഠത്തിലേക്കു രണ്ടു പല്ലക്കുകളയച്ചു കൊടുത്തു, അഞ്ചു ക്ഷേത്രങ്ങള്‍ക്കു നടുവിലായി തന്റെ കൊട്ടാരം പണിയുകയും ആ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലൊക്കെ പങ്കെടുക്കുകയും സഹായം നല്‍കുകയും ചെയ്തു, മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടുതലും മുസ്ലിംകളായിരുന്നില്ല, മലബാറില്‍ തന്നെ താനൂരിലെ കേരളാധീശ്വര പുര ക്ഷേത്രത്തിന് ആയിരം ഏക്കര്‍ ഭൂമിയാണു നല്‍കിയത്. ഗരുവായൂര്‍ ക്ഷേത്രത്തിന് 800 ഏക്കര്‍ ഭൂമിയും നല്‍കുകയുണ്ടായി. ഇതൊക്കെയറിയുന്ന കര്‍ണാടക സര്‍ക്കാര്‍ ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംഘിനു വയറിളക്കമുണ്ടാകാന്‍ മറ്റെന്തെങ്കിലും കാരണം വേണോ. ഇന്ത്യാരാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ജീവന്‍ പണയം വെച്ച് വ്യക്തമായ അടയാളവും സ്വാധീനവും ചെലുത്തിയ ടിപ്പു എങ്ങനെയാണ് മതഭ്രാന്തനും രാജ്യദ്രോഹിയുമായി മാറിയത്. ചരിത്രത്തില്‍ തങ്കലിപികളാല്‍ കൊത്തിവെക്കപ്പെട്ട അദ്ദേഹത്തിന്റെ ഭരണപ്രവര്‍ത്തനങ്ങള്‍ മതേതര കാഴ്ചപ്പാടിനു കീഴില്‍ വരുന്നില്ലെങ്കില്‍ മതേതരത്വത്തിന് മറ്റൊരു നിര്‍വചനം ഇവിടെ കണ്ടത്തേണ്ടിയിരിക്കുന്നു.

Post a Comment

Previous Post Next Post

News

Breaking Posts