റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ | kanniyath usthad| Kanniyath Ahmed Musliyar

 റബീഉല്‍ ആഖിര്‍ 2

റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍ വഫാത് ദിനം.

    ഒരു ദിവസം ഒരാള്‍ കണ്ണിയത്ത് ഉസ്താദിന്‍െറ വീട്ടില്‍ ചായ പൊടിയും പഞ്ചസാരയും കൊണ്ട് കൊടുത്തു. അയാളോട് ഉസ്താദ് ചോദിച്ചു, ഇത് ആര്‍ക്കാണ്? അദ്ദേഹം പറഞ്ഞു: ഇത് ഉസ്താദിനെ കാണാന്‍ വരുന്നവര്‍ക്ക് ചായ വെച്ച് കൊടുക്കാനുള്ളതാണ്. ഉടനെ ഭാര്യയെ വിളിച്ച് കണ്ണിയത്ത് ഉസ്താദ് പറഞ്ഞു: "ഈ പഞ്ചസാരയും ചായ പൊടിയും വേറെ മാറ്റി വെക്ക്, ഇത് എന്നെ കാണാന്‍ വരുന്നവര്‍ക്കുള്ളതാണ്. നമുക്ക് ഇത് ഹറാമാണ്" നോക്കൂ അവിടുത്തെ സൂക്ഷ്മത.. ഒരു കറാഹത്ത് പോലും കടന്ന് വരാത്ത ആ ജീവിത ശൈലി നമുക്കും മാതൃകയാണ്.

     മലപ്പുറം ജില്ലയില്‍ മഞ്ചേരിക്കടുത്ത തോട്ടക്കാട് എന്ന സ്ഥലത്ത് ഹി.1318/1900 ലാണ് ശൈഖുനായുടെ ജനനം. പണ്ഡിതനും ഗുരുവര്യനും മാലിക്ബ്നു ദീനാര്‍ (റ)ന്‍െറ സഹോദര പുത്ര പരമ്പരയില്‍പെട്ട ഉണ്ണിമുഹ് യിദ്ദീന്‍ മകന്‍ കണ്ണിയത്ത് അവറാന്‍കുട്ടിയാണ് പിതാവ്. മാതാവ് കദിയമുണ്ണി. 1912ല്‍ കുടുംബം വാഴക്കാട് താമസമാരംഭിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍ നിന്നും സഹോദരനില്‍ നിന്നുമാണ്.1909 പിതാവ് വഫാതായി. പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതും ജേഷ്ഠന്‍ അബ്ദുറഹ്മാന്‍ മുസ്ലിയാരായിരുന്നു.

വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജിൽ ചേർന്നു. അതിനിടക്ക് കുറച്ചുകാലം തലപ്പെരുമണ്ണ, ഊരകം, മൊറയൂർ തുടങ്ങിയ പള്ളിദർസുകളിൽ പഠിച്ചു.

    പതിനെട്ടാം വയസ്സിൽ അബ്ദുൽ അസീസ് വേലൂരിയിൽനിന്നും  ഹദീസ് റിപ്പോർട്ട് ചെയ്യാനുള്ള സമ്മതം വാങ്ങി. പിന്നീട് മാട്ടൂൽ ഏഴ് വര്‍ഷം മുദരിസായി സേവനം ചെയ്തു.  തുടർന്നു നാട്ടിൽ തിരിച്ചെത്തിയ ശേഷം  മരക്കച്ചവടം ചെയ്തു. രണ്ട് വർഷത്തിനുശേഷം 1944 മുതൽ പറമ്പത്ത്, മൊറയൂർ,പൊന്നാനി എന്നിവിടങ്ങളിൽ മുദരിസായി. 1957ല്‍ വാഴക്കാട് ദാറുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. ഇത് 22 വർഷം തുടർന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യാ അറബിക് കോളേജിലും ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാമിയ്യ കോളേജിലും പ്രിൻസിപ്പലായി സേവനം ചെയ്തിട്ടുണ്ട്.

     കര്‍മ്മശാസ്ത്രത്തില്‍ നിപുണനായ കണ്ണിയത്ത് ഉസ്താദ് ബഹുഭാഷാ പണ്ഡിതനും സമസ്ത രൂപീകരണഘട്ടത്തില്‍ നാല്‍പത് അംഗങ്ങളില്‍ പ്രധാനിയായിരുന്നു. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ഖുതുബി മുഹമ്മദ് മുസ്ലിയാര്‍, ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്ലിയാര്‍, വൈത്തല അഹ്മദ് കുട്ടി മുസ്ലിയാര്‍, യൂസുഫുല്‍ ഫള്ഫരി, അബ്ദുല്‍ അസീസ് വേലൂരി എന്നിവരില്‍ നിന്നും വിദ്യാഭ്യാസം.      

    വലിയ പണ്ഡിതനും സൂഫീവര്യനുമായ കണ്ണിയത്ത് ഉസ്താദ് അനേകം കറാമത്തിനുടമയുമാണ്. മുത്ത് നബി(സ) തങ്ങളെ മൂന്ന് തവണ സ്വപ്നത്തിലൂടെ ദര്‍ശിക്കാനുള്ള മഹാഭാഗ്യവും ഉസ്താദിന് ലഭിച്ചിട്ടുണ്ട്. സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കൈപറ്റ ബീരാന്‍കുട്ടി മുസ്ലിയാര്‍, സദഖത്തുള്ള മുസ്ലിയാര്‍, അണ്ടോണ പോക്കര്‍കുട്ടി മുസ്ലിയാര്‍, അണ്ടോണ അബ്ദുല്ല മുസ്ലിയാര്‍, കെ.പി ഹംസ മുസ്ലിയാര്‍ (ചിത്താരി) കോടമ്പുഴ ബാവ മുസ്ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യന്‍മാരില്‍ പ്രധാനികളാണ്. സയ്യിദ് ഹാമിദ് കോയമ്മ അല്‍ ബുഖാരി (മാട്ടൂല്‍ തങ്ങള്‍) കണ്ണിയത്ത് ഉസ്താദില്‍ നിന്ന് ഇജാസത്ത് സ്വീകരിക്കുകയും ആത്മീയ ബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. കണ്ണിയത്ത് ഉസ്താദിന്‍െറ  വീട്ടിലേക്ക് ബാപ്പയെ കൂട്ടിപ്പോയതും പുറത്ത് നിന്ന് ഉച്ചത്തില്‍ തങ്ങളൂട്ടി ചോറിന് ഉണ്ടാകുമെന്ന്  വിളിച്ച് പറയുകയും കൂടെ ഒരേ പാത്രത്തില്‍ ഭക്ഷണം കഴിച്ചതും ബാപ്പ പലപ്പോഴും പറയുന്നത് വിനീതന്‍ കേട്ടിട്ടുണ്ട്. 

    കണ്ണിയത്ത് ഉസ്താദ് മാട്ടൂല്‍ മുഹ് യിദ്ദീന്‍ പള്ളിയില്‍ ദര്‍സ് നടത്തിയത് നമ്മുടെ നാട്ടുകാര്‍ക്ക് ലഭിച്ച മഹാഭാഗ്യമാണ്. കണ്ണിയത്ത് ഉസ്താദിനെയും ശംസുല്‍ ഉലമ ഇ.കെ ഉസ്താദിനെയും നേരിട്ട് കാണാന്‍ പറ്റിയില്ലെങ്കിലും സ്വപ്നത്തിലൂടെ ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്, അഭിവന്ദ്യരായ ബാപ്പയും കാര്യമായി സംസാരിക്കുന്നു. തൊട്ട് അടുത്തായി ഈ വിനീതന്‍  നില്‍ക്കുന്നു. ബാപ്പ എന്നെ കാണിച്ച് മകനാണെന്ന് പറയുകയും പരിചയപ്പെടുത്തുകയും ചെയ്തു. കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമയും എന്നെ മന്ത്രിക്കുകയും പൊരുത്തം തരികയും ചെയ്തു. അല്‍ ഹംദുലില്ലാഹ്... ഏറെ സന്തോഷം തരുന്ന കിനാവായിരുന്നു അത്. 

     1967 മുതല്‍ വഫാതാകുന്നത് വരെ കണ്ണിയത്ത് ഉസ്താദ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡണ്ടായിരുന്നു. നിഷ്കളങ്കനും വിനീതനും ഭക്തനുമായിരുന്ന അഹ്മദ് മുസ്ലിയാര്‍ ഒരു ഗ്രന്ഥകാരന്‍കൂടിയാണ്. വഹാബികളോടും ജമാഅത്തുകാരോടും ശക്തമായ നിലപാട് കൈകൊണ്ടിരുന്നു. ഹി.1414 റബീഉല്‍ ആഖിര്‍ 2, 1993 സെപ്തംബര്‍ 10ന് ശൈഖുന വഫാത്തായി. വാഴക്കാട് ജുമുഅത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. അല്ലാഹു അവിടുത്തെ ദറജ ഉയര്‍ത്തട്ടെ... ശൈഖുനയുടെ കൂടെ നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ... ആമീന്‍ 


✍🏼സയ്യിദ് ബിശറുല്‍ ഹാഫി മാട്ടൂല്‍.


Post a Comment

Previous Post Next Post

News

Breaking Posts