മനുഷ്യ ജീവിതത്തിലെ ശരീര പ്രകൃതിയുടെയും മാനസിക വളര്‍ച്ചയുടെയും കാലഘട്ടമാണ് കൗമാര പ്രായം. മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതോടപ്പം തന്നെ പല മാനസിക സമ്മര്‍ദങ്ങളിലൂടെയും കൗമാര പ്രായക്കാര്‍ കടന്നുപോകുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ച് കൗമാര പ്രായം വളരെ പ്രധാന കാലയളവാണ്. ആര്‍ത്തവത്തിന്റെ തുടക്കവും ശാരീരിക വളര്‍ച്ചയും ഉണ്ടാകുന്നു. അതിനപ്പുറം ലൈംഗിക ചുവയുള്ള സ്പര്‍ശനങ്ങള്‍ക്കും നോട്ടങ്ങള്‍ക്കും വിധേയരകാണ്ടേിയും വരുന്നു. മറ്റു അസുഖങ്ങളും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ വെല്ലുവിളി നേരിടേണ്ടതായി വരുന്നു.
ചെറുപ്പത്തിലേ കുട്ടികള്‍ അനുസരിച്ച് കേട്ട് വളര്‍ന്നു വരുന്നു. എന്നാല്‍ പത്ത് പന്ത്രണ്ട് വയസ്സ് കാലയളവില്‍ വിമര്‍ശന ബുദ്ധിയോടെ കാര്യങ്ങള്‍ കാണാനാണ് കുട്ടികള്‍ ശ്രമിക്കുക. ഈ കാലയളവില്‍ അവര്‍ നേരിടുന്ന മാനസിക പീഠനങ്ങള്‍ ഭാവിയില്‍ വലിയ ദോഷം ചെയ്യും. അതിനാല്‍ തന്നെ മാനസികാരോഗ്യം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. രക്ഷിതാക്കളാണ് ചേര്‍ത്തു പിടിക്കേണ്ടവര്‍. കൗമാര കാലത്ത് നേരിടേണ്ടി വരുന്ന മാനസിക പീഠനങ്ങള്‍ പിന്നീട് പല രോഗങ്ങള്‍ക്കും കാരണമായേക്കാം. വളരുമ്പോള്‍ മാറുമെന്ന് കരുതി ചികിത്സ നിഷേധിക്കാനേ പാടില്ല.
പെണ്‍കുട്ടികളെ സംബന്ധിച്ച് ആറു വയസ്സ് മുതല്‍ പ്രധാന കാലമാണ്. ഭക്ഷണ രീതി, ജീവിത ശൈലി, ശരീര പ്രകൃതി എന്നിവയെ ആശ്രയിച്ച് പെണ്‍കുട്ടികളില്‍ ആര്‍ത്തവ കാലം വ്യത്യസ്ഥമായിരിക്കും. ഇപ്പോള്‍ അഞ്ചാം ക്ലാസിലെത്തിയ കുട്ടികള്‍ക്ക് തന്നെ ആര്‍ത്തവം ആരംഭിക്കുന്നു. വളര്‍ച്ചയും പക്വതയും കൈവരിക്കുന്നതിന് മുമ്പ് ആര്‍ത്തവം ആരംഭിക്കുമ്പോള്‍ പലപ്പോഴും മാനസിക പ്രയാസങ്ങള്‍ അവരെ വേട്ടയാടും. വിഷാദരോഗവും പിരിമുറുക്കവും ഉത്കണ്ഠയും വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആര്‍ത്തവാനന്തരം പ്രകടമാകുന്ന ശാരീരിക മാറ്റങ്ങളെ ആശങ്കയോടെ കാണുന്ന പെണ്‍കുട്ടികളുണ്ട്. പല സംശയങ്ങളും അവരെ വേട്ടയാടിക്കൊണ്ടിരിക്കും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
നല്ല ഗൈഡന്‍സ് കൊടുക്കുകയാണ് ആവശ്യമായ കാര്യം. രക്ഷിതാക്കള്‍ തന്നെ കുട്ടികള്‍ക്ക് മുന്‍കൂട്ടി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. മനശാസ്ത്ര സഹായവും ചെയ്തു കൊടുക്കാം. കുട്ടികള്‍ക്ക് സംശയനിവാരണത്തിന് പറ്റുന്ന സാഹചര്യങ്ങള്‍ നമ്മുടെ വീടകങ്ങളില്‍ ഒരുക്കാന്‍ വീട്ടുകാര്‍ ആദ്യമേ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വിപരീതമായിരിക്കും ഫലം. കാരണം സംശയവും ആശങ്കയും ഉടലെടുക്കുന്ന പ്രായത്തില്‍ സ്വയം സംശയ ദൂരീകരണം നടത്താനോ മറ്റു പല മാര്‍ങ്ങള്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ കണ്ടെത്താനോ ശ്രമിക്കുമ്പോള്‍ പല ചതിക്കുഴികളിലും ചെന്നു പെടും. മാത്രമല്ല, തെറ്റായ വിവരങ്ങളില്‍ വഞ്ചിതരാകാനും സാധ്യതയുണ്ട്.
ആര്‍ത്തവ കാലയളവിനു മുമ്പേ നിരാശയും ദേഷ്യവും ആശങ്കയും അസ്വസ്ഥതകളും സാധാരണമാണ്. എന്നാല്‍ ചിലരില്‍ ഇത് കൂടുതലായി കാണപ്പെടാറുണ്ട്. അത്തരം സ്വഭാവങ്ങള്‍ കാണപ്പെടുമ്പോള്‍ ചികിത്സ ഉറപ്പാക്കേണ്ടതാണ്. പി എം ഡി ഡി എന്ന പേരിലാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ശാരീരിക മാനസിക വളര്‍ച്ച പ്രാപിക്കുന്ന കാലമായതു കൊണ്ട് തന്നെ സ്വന്തമായ തീരുമാനങ്ങളെടുക്കാനും അപക്വമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും സാധ്യത കൂടുതലാണ്. കണ്ടറിഞ്ഞ് മനസ്സിലാക്കി കൂടെ നില്‍ക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.
പൊതുസമൂഹത്തിനിടയില്‍ സ്വീകാര്യത ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാലഘട്ടം കൂടെയാണ് കൗമാരം. സൗന്ദര്യത്തിന് അമിത പ്രാധാന്യം അവര്‍ നല്‍കും. പുതിയ ഫാഷനുകളോടും സ്‌റ്റൈലുകളോടും ആഗ്രഹം തുടങ്ങും. മറ്റു പലരെയും അനുകരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യും. ഒരു പരിധി വരെ അംഗീകരിച്ചു കൊടുത്ത് അമിതമാവാതെ ശ്രദ്ധിക്കണം. കാരണം കര്‍ശനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിച്ചാല്‍ ദേഷ്യവും വാശിയും പ്രതികാര മനോഭാവവും വളരാന്‍ ഇടയാകും. സ്‌നേഹ പൂര്‍വമായ ഉപദേശങ്ങള്‍ നല്‍കുകയും അവര്‍ക്ക് ബെസ്റ്റ് ഫ്രണ്ടായി കൂടെ നില്‍ക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അമിതമായ ശിക്ഷണങ്ങളും നിയന്ത്രണങ്ങളും അവര്‍ക്കുള്ളിലെ ക്രയാത്മകത നശിപ്പിക്കും.
കൗമാര പ്രായക്കാരുടെ ചെയ്തികളില്‍ തെറ്റിദ്ധരിക്കുകയും അപവാദങ്ങള്‍ പറഞ്ഞ് പരത്താനുമുള്ള വ്യഗ്രത സമൂഹം പാടെ ഉപേക്ഷിക്കേണ്ടതുണ്ട്. ശാരീരിക മാനസിക വളര്‍ച്ചയുടെ ഫലങ്ങളാണ് ഇതെല്ലാമെന്നത് സമൂഹം തിരിച്ചറിയുകയും വേണം. കൃത്യമായ ഗൈഡന്‍സും പരിഗണനയും സ്‌നേഹവും അനിവാര്യമാണ്.
Post a Comment