ലൈലതുല്‍ ഖദ്ര്‍ | Lailathul Qadr


പരിശുദ്ധ റമളാനിലെ ഏറ്റവും വലിയ സവിശേഷമായ രാവാണ് ലൈലതുല്‍ ഖദ്ര്‍. പ്രത്യേകിച്ചും റമളാനിന്റെ അവസാന പത്തിലെ ദിനരാത്രികളില്‍ പ്രതീക്ഷിക്കപ്പെടുന്ന വളരെ പ്രാധാന്യമുള്ള രാവ്. നിര്‍ണയത്തിന്റെ രാത്രി  എന്നാണ് ലൈലതുല്‍ ഖദ്‌റിന്റെ അര്‍ത്ഥം. പരിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയത് പോലെ ആയിരം മാസങ്ങള്‍ പുണ്യങ്ങള്‍ ചെയ്താല്‍ ലഭിക്കുന്നത്ര പ്രതിഫലം ഒരു രാത്രി കൊണ്ട് ലഭിക്കുമ്പോള്‍ വിശ്വാസികള്‍ക്കെങ്ങനെ പാഴാക്കിക്കളയാന്‍ കഴിയും.

ലൈലതുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് വ്യക്തമല്ല. ലൈലതുല്‍ ഖദ്‌റിനെ അവസാന പത്തില്‍ പ്രതീക്ഷിക്കണമെന്ന് മുത്തുനബി പറഞ്ഞിട്ടുണ്ട്. അതും ഒറ്റയിട്ട രാവുകളിലാണെന്ന മറ്റൊരു വചനവുമുണ്ട്. റമളാനില്‍ പ്രത്യേകിച്ചും അവസാന പത്തില്‍ ഇഅ്തികാഫും മറ്റു ആരാധനാ കര്‍മ്മങ്ങളും അധികരിപ്പിക്കല്‍ സുന്നത്താണ്. ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്നതു കൊണ്ടാണ് അധികരിപ്പിക്കാന്‍ പറയുന്നത്. ശാഫിഈ ഇമാമിന്റെ അഭിപ്രായ പ്രകാരം 21,23 രാവുകളാണ് ലൈലതുല്‍ ഖദ്ര്‍. എന്നാല്‍ നവവി ഇമാമിനെ പോലെയുള്ള പണ്ഡിതര്‍ വര്‍ഷം തോറും മാറിവരാമെന്നാണ് അഭിപ്രായപ്പെടുന്നത്. ഇബ്‌നു അബ്ബാസ്(റ) റമളാന്‍ 27ാം രാവിലാണ് പ്രതീക്ഷിക്കേണ്ടതെന്നും പറയുന്നു.

അല്ലാഹുവിന്റെ പ്രതിഫലവും തൃപ്തിയും കാംക്ഷിച്ച് ലൈലതുല്‍ ഖദ്‌റിന്റെ രാവില്‍ ഇബാദത്ത് ചെയ്താല്‍ മുന്‍കഴിഞ്ഞതും വരാന്‍ പോകുന്നതുമായ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാവ് കൂടെയാണ് ലൈലതുല്‍ ഖദ്ര്‍. മുത്തുനബിയുടെ സമുദായത്തിനുള്ള പാരിതോഷികമാണ് ലൈലതുല്‍ ഖദ്ര്‍. ആയുര്‍ദൈര്‍ഘ്യമുള്ള മറ്റു സമുദായങ്ങള്‍ സല്‍ക്കര്‍മ്മത്താല്‍ അവര്‍ മുന്നിലാവുകയും അവരോട് സമാനമാകുന്നതിന് വേണ്ടി ലഭിക്കപ്പെട്ട വിശിഷ്ട രാവാണ് ലൈലതുല്‍ ഖദ്ര്‍.

ലൈലതുല്‍ ഖദ്ര്‍ വ്യക്തമാക്കപ്പെട്ടാല്‍ സമൂഹം മുഴുവന്‍ ആ രാവ് മാത്രം ഇബാദത്തിലായി കഴിയുകയും മറ്റു ദിവസങ്ങള്‍ ഒഴിവാക്കാനും ഇടയുണ്ട്. റമളാനിന്റെ എല്ലാ രാവുകളും ആരാധനാ കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കാനാണ് ഏത് ദിവസമാണെന്ന് അറിയിച്ചു തരാത്തത്. മുഴുവന്‍ സമയവും ഇബാദത്തിലായി കഴിഞ്ഞു കൂടുക. പാരത്രിക വിജയവും അല്ലാഹുവിന്റെ പ്രീതിയുമാണ് നമ്മുടെ ലക്ഷ്യം. നേടിയെടുക്കാന്‍ തൗഫീഖ് ഏകണേ നാഥാ.. ആമീന്‍.


Post a Comment

Previous Post Next Post

News

Breaking Posts