ഖുര്‍ആന്‍ മാര്‍ഗദര്‍ശനം | Quran


വിശുദ്ധ ഖുര്‍ആന്‍ അനിര്‍വചനീയമായ സ്രഷ്ടാവിന്റെ വചനങ്ങളുള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ്. പാരായണം ചെയ്യുന്നവര്‍ക്ക് പ്രത്യേകമായ അനുഭൂതിയാണ് ഖുര്‍ആനിലൂടെ ലഭിക്കുന്നത്. ഖുര്‍ആനിന്റെ ആശയങ്ങള്‍ കേട്ടും പാരായണം ശ്രവിച്ചു മാത്രം സത്യത്തിലേക്ക് മടങ്ങിയ നിരവധി ചരിത്രങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. പരിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആനിന്റെ മാസമാണ്. റമളാനിലെ ലൈലതുല്‍ ഖദ്‌റിന്റെ രാവിലാണ് ഖുര്‍ആന്‍ അവതരിക്കുന്നത്. അതിനാല്‍ മറ്റു മാസങ്ങളേക്കാള്‍ റമളാനില്‍ ഖുര്‍ആനിനോട് കടപ്പാടു നമുക്കുണ്ട്. പാരായണം ചെയ്യുന്നതിലുപരി ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനും ഹൃദയത്തോട് ചേര്‍ത്തു പിടിക്കാനും തയ്യാറാവണം.

ഖുര്‍ആനില്‍ തന്നെ കാണാം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനത്തിനും നേര്‍വഴി കാണിക്കാനുമാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടതെന്ന്. തീര്‍ച്ചയായും സത്യത്തിലേക്ക് വഴി നടത്തുന്ന വിശുദ്ധ ഗ്രന്ഥമാണ് ഖുര്‍ആന്‍. ജനങ്ങള്‍ക്ക് നന്മയായും പ്രകാശമായും മാര്‍ഗദര്‍ശനവും കാരുണ്യവുമായി ഖുര്‍ആന്‍ നമ്മെ വഴി നടത്തുന്നു. ഖുര്‍ആനിനെ അവഗണിക്കുന്നവര്‍ക്കും ആക്ഷേപിക്കുന്നവര്‍ക്കും പരാജയത്തിന്റെ കയ്പുനീര്‍ അനുഭവിക്കേണ്ടിവരും. അല്ലാഹു പ്രപഞ്ചത്തിനു നല്‍കിയ പ്രകാശമായ ഖുര്‍ആന്‍ അര്‍ത്ഥമറിയാതെ പോലും ചെയ്യുന്ന പാരായണത്തിന് പ്രതിഫലമുണ്ട്.

ഓരോ നന്മകള്‍ക്കും എണ്ണമറ്റ പ്രതിഫലം ലഭിക്കുന്ന റമളാനില്‍ ഖുര്‍ആന്‍ പാരായണത്തിന് സമയം കണ്ടെത്തണം. മുത്തുനബി ഓര്‍മപ്പെടുത്തിയ പോലെ ഓരോ ഹര്‍ഫിനും പത്ത് നന്മ ലഭിക്കുന്നു. അലിഫും ലാമും മീമും ഓരോരോ ഹര്‍ഫുകളാണെന്നും നമുക്ക് പറഞ്ഞു തന്നു. ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം ഇതില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. ഖുര്‍ആന്‍ പാരായണം മാത്രമല്ല, ശ്രവിക്കുന്നതും ഖുര്‍ആനിലേക്ക് നോക്കുന്നത് പോലും പുണ്യമാണ്. ഖുര്‍ആനില്ലാത്ത ഹൃദയം വിളക്കില്ലാത്ത വീട് പോലെയാണെന്ന് മുത്തുനബി പറഞ്ഞിട്ടുണ്ട്. എല്ലാ സമയങ്ങളിലും വിശിഷ്യാ റമളാനിലും ഖുര്‍ആന്‍ പാരായണത്തിന് പ്രത്യേക സമയം കണ്ടെത്തി പാരായണം ശീലമാക്കണം.

മുത്തുനബി പറഞ്ഞു. പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി നല്ല മണവും രുചിയുമുള്ള മധുര നാരങ്ങ പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസി മധുരമുള്ളം എന്നാല്‍ മണമില്ലാത്ത കാരക്ക പോലെയുമാണ്. മുത്തുനബി വീണ്ടും പറഞ്ഞു. ഖുര്‍ആന്‍ പാരായണം ചെയ്യുക. തീര്‍ച്ചയായും ഖുര്‍ആന്‍ പരലോകത്ത് ശിപാര്‍ശകനായി വരുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ടതകള്‍ വര്‍ണിക്കുന്ന നിരവധി ഹദീസുകള്‍ നമുക്ക് കാണാനാവും. 

മറ്റു പുസ്തകങ്ങള്‍ വായിക്കുംപോലെ വായിക്കാനുള്ളതല്ല വിശുദ്ധ ഖുര്‍ആന്‍. അതിന് ചില മര്യാദകളും നിബന്ധനകളൊക്കെയുണ്ട്. നല്ല മനസ്സാന്നിധ്യത്തോടെയാണ് പാരായണം ചെയ്യേണ്ടത്. മലിനമായ ഇടങ്ങളില്‍ ഇരുന്ന് ഓതരുത്. ശുദ്ധിയോടെയാവണം പാരായണം ചെയ്യേണ്ടത്. പിശാചില്‍ നിന്നും കാവലിനെ തേടിയാവണം ഓത്ത് തുടങ്ങേണ്ടത്. ഈണത്തോടെ സാവധാനം അക്ഷരസ്ഫുടതയോടെ തജ്‌വീദ് പാലിച്ചായിരിക്കണം ഓതേണ്ടത്. ഖിബ്‌ലയിലേക്ക് തിരിഞ്ഞിരിക്കലും പള്ളിയില്‍ വെച്ച് ഓതലും സുന്നത്താണ്. 

മഹാന്മാരുടെ മാതൃക

ഓരോ വിശ്വാസിയും ഒരു വര്‍ഷത്തില്‍ രണ്ട് ഖത്മെങ്കിലും തീര്‍ക്കല്‍ ബാധ്യതയാമെന്നാണ് പണ്ഡിതര്‍ ഓര്‍മപ്പെടുത്തുന്നത്. മഹാന്മാര്‍ നിരവധി ഖത്ം ഓതുന്നവരായിരുന്നു. ഇമാം ശാഫിഈ(റ) റമളാനില്‍ ഓരോ ദിവസവും രണ്ട് ഖത്മും മറ്റു ദിവസങ്ങളില്‍ ഓരോ ഖത്മും ഓതാറുണ്ടായിരുന്നു. ഉസ്മാനുബ്‌നു അഫാന്‍(റ) ചിലപ്പോള്‍ ഒരു റക്അത്തില്‍ തന്നെ ഖത്ം തീര്‍ക്കാറുണ്ടായിരുന്നു. ഖദാത(റ) ഏഴ് ദിനം കൂടുമ്പോഴും റമളാനില്‍ മൂന്ന് ദിവസം കൂടുമ്പോഴും ഖത്ം ചെയ്യുന്നവരായിരുന്നു. ഇബ്‌റാഹീമുന്നഖഈ(റ) റമളാനില്‍ 3 രാത്രി കൂടുമ്പോഴും ഖത്ം ചെയ്തിരുന്നു. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) എല്ലാ ആഴ്ചയിലും ഖത്ം തീര്‍ക്കാറുണ്ടായിരുന്നു. സഈദ്ബ്‌നു ജുബൈര്‍(റ) രണ്ട് രാത്രികള്‍ക്കിടയില്‍ ഖത്ം ഓതുന്നവരായിരുന്നു. ഇബ്‌നു അസാകിര്‍(റ) എല്ലാ വെള്ളിയാഴ്ചയും ഓരോ ഖത്മും റമളാനില്‍ ഓരോ ദിവസവും ഖത്ം ചെയ്യാറുണ്ടായിരുന്നു.

മഹാന്മാരുടെ ഖുര്‍ആന്‍ പാരായണത്തിന്റെ മാതൃകകളാണ് മുകളില്‍. ഒരു ഖത്ം തന്നെ പൂര്‍ത്തിയാക്കാനാകാത്ത നമ്മളും അവരെയും താരതമ്യം ചെയ്തു നോക്കൂ. അവരുടെ മാതൃക സ്വീകരിച്ച് പാരായണത്തിന് സമയം കണ്ടെത്തി ജീവിതം ചിട്ടപ്പെടുത്താന്‍ നമക്കാവണം. തൗഫീഖ് ഏകട്ടെ. ആമീന്‍


Post a Comment

Previous Post Next Post

News

Breaking Posts