മൊബൈല്‍ ബെല്ലടിച്ചു. അനന്തുവിന്റെ കോള്‍ കേട്ട് മയക്കത്തില്‍ നിന്നും ഉണര്‍ന്നു. വീട്ടിലെത്തി വിളിക്കാമെന്ന് പറഞ്ഞ് കോള്‍ കട്ട് ചെയ്തു മൊബൈല്‍ പോക്കറ്റില്‍ വെച്ചു. സമയം പത്ത് മണി കഴിഞ്ഞു കാണും. ബസ് നല്ല വേഗതയില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പത്തുമണിയായതു കൊണ്ടാവാം റോഡും വീഥിയും വിജനമാണ്. ഷോപ്പുകളെല്ലാം അടച്ചു പോയിട്ടുണ്ട്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം മാത്രം ബാക്കിയായുണ്ട്. അങ്ങിങ്ങായി തട്ടുകടകളിലെ ചെറിയ ശബ്ദം കേള്‍ക്കാം.
ചെറിയ കിതപ്പോടെ ബസ് ksrtc സ്റ്റാന്റില്‍ നിലയുറപ്പിച്ചു. കിതപ്പും ഞരക്കവും കണ്ട് ബസിനും തന്നെ പോലെ വയസ്സുണ്ടെന്ന് ജോസഫ് മാഷ് ഉറപ്പിച്ചു. ഇനി ഒരു ഓട്ടോ വിളിച്ചു വേണം വീട്ടിലെത്താന്‍. ഉച്ചക്ക് എറണാകുളം ടൗണില്‍ നിന്നും കയറിയതാണ്. വീട്ടിലെത്തി വേണം ക്ഷീണം തീര്‍ക്കാന്‍.
15 വര്‍ഷം മുമ്പാണ് അനന്തുവിനെ ആറാം ക്ലാസില്‍ പഠിപ്പിക്കാന്‍ ചെല്ലുന്നത്. ഒരു ബിലോ ആവറേജ് പഠനമുുള്ള കുട്ടിയായതിനാല്‍ മതിയായ പരിഗണന നല്‍കാനോ ശ്രദ്ധിക്കാനോ സാധിച്ചില്ല. ദേഷ്യവും ഊര്‍ജവും നല്ലോണം ഉള്ള കാലമായതിനാല്‍ പൊതിരെ തല്ലും കൊടുത്തിട്ടുണ്ട്. അന്നൊരു ദിവസം വീട്ടില്‍ പോകാന്‍ നില്‍ക്കുമ്പോഴാണ് ബൈക്കിന്റെ ടയറിലെ കാറ്റ് അഴിച്ചു വിട്ടത് കാണുന്നത്. തലയിലേക്ക് അരിച്ചു കയറിയ ദേഷ്യത്തിന്റെ കണക്ക് പറയാനുണ്ടോ. പിറ്റേന്ന് എന്തിനും തയ്യാറായാണ് ക്ലാസിലെത്തിയത്. സംശയമുള്ളവരെല്ലാം ചൂരലിന്റെ മധുരം നന്നായറിഞ്ഞ കൂട്ടത്തില്‍ അനന്തുവും ഉണ്ടായിരുന്നു. അനന്തുവില്‍ കുറ്റം ചാര്‍ത്തി മറ്റുള്ളവര്‍ നിരപരാധി ചമഞ്ഞപ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കാന്‍ എനിക്കുമായില്ല. പേടി കാരണം അവന്‍ പറഞ്ഞതുമില്ല.
പ്രശ്‌നം വഷളായി അവന്‍ പഠനം പൂര്‍ത്തിയാക്കും വരെ അതിയായ പ്രതികാരഭാവം തന്നില്‍ ഉടലെടുത്തു. പ്രോഗ്രസ് കാര്‍ഡുകളില്‍ ചുവപ്പ് കൊണ്ട് അടയാളപ്പെടുത്തി. 7 കഴിഞ്ഞ് അവരെല്ലാം സ്‌കൂള്‍ വിട്ടു പോയി. വര്‍ഷവും കടന്നുപോയി. എല്ലാം വിസ്മൃതമായി നില്‍ക്കേയാണ് ഹോസ്പിറ്റലില്‍ ചെക്കപ്പിന് പോയപ്പോള്‍ ആ ഡോക്ടറെ പരിചയപ്പെടുന്നത്. അന്ന് റിട്ടയര്‍ ആയി 6 വര്‍ഷത്തിനോടടുക്കുന്നു.
രോഗത്തെ അന്വേഷിച്ചു തുടങ്ങിയ സംസാരത്തിന്റെ ഒടുക്കം വേദനയുള്ള സന്തോഷത്തില്‍ കലാശിച്ചു. ചെയ്തതിലുള്ള വേദനയും കണ്ടുമുട്ടിയതിലുള്ള സന്തോഷവും. അന്നത്തെ സംഭവങ്ങള്‍ ഒട്ടും മായാതെ ഞാനും അവനും ഓര്‍ത്തെടുത്തു. വിദ്യാര്‍ത്ഥിയുടെ സ്‌നേഹം ആവോളം അനുഭവിക്കാന്‍ അങ്ങനെ ആ ചെക്ക് അപ് കാരണമായി. അനന്തുവിന്റെ വീട്ടിലെ സല്‍ക്കാരം കഴിഞ്ഞുള്ള വരവാണ്.
ഓട്ടോ വീട്ടുപടിക്കല്‍ നിര്‍ത്തി. ജോസഫ് മാഷ് വീട്ടിലേക്ക് നടന്നു.
Post a Comment