സൈബര്‍ ബുള്ളിയിംങ്‌; സൈബര്‍ ഇടങ്ങളിലെ അതിക്രമങ്ങള്‍ | Cyber bullying


വാവിട്ട വാക്കും കൈവിട്ട കമന്റും  തിരിച്ചെടുക്കാനാവില്ല... 

ഓർക്കണം🤫... 

കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ഫോണുകൾ മുതലായ ഡിജിറ്റൽ ഉപകരണങ്ങൾ വഴി നടത്തുന്ന ഉപദ്രവമോ , ഭീഷണിപ്പെടുത്തലോ നിർവചിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ് സൈബർ ബുള്ളിയിങ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ വിദ്വേഷകരമായ അഭിപ്രായങ്ങളിലൂടെയോ അല്ലെങ്കിൽ സന്ദേശമയക്കലിലൂടെയോ അപമാനം ഉണ്ടാക്കുന്നതുപോലുള്ള വിവിധതരം കുറ്റകൃത്യങ്ങൾ സൈബർ ബുള്ളിയിങ്ങിൽ ഉൾപ്പെടുന്നു. സൈബർ ഇടങ്ങളിലെ അതിക്രമങ്ങൾ മുറിവേൽപ്പിക്കുന്നത് മനസുകളെയാണ്.  

കുട്ടികളും സ്ത്രീകളുമാണ് സൈബര്‍ ബുള്ളിയിങ്ങിന്റെ ഇരകളിലധികവും. കോവിഡ് കാലത്ത് ഓൺലൈൻ ഉപയോഗം കൂടിയതോടെ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്ന കുട്ടികളുടെ എണ്ണം വർധിച്ചു. ഓൺലൈൻ ഉപയോഗത്തെക്കുറിച്ചും അതിലെ കെണികളെ കുറിച്ചും കുട്ടികൾക്ക് മാർഗനിർദേശം നൽകുക, എന്തു പ്രശ്നവും രക്ഷിതാക്കളുമായി ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുക, പേരന്റൽ കൺട്രോൾ സംവിധാനങ്ങളിലൂടെ ഓൺലൈൻ ഉപയോഗം നിയന്ത്രിക്കുക,  നിശ്ചിത സമയം നിജപ്പെടുത്തുക എന്നിവയിലൂടെ കുട്ടികളെ നിയന്ത്രിക്കാനാകും. 

ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സന്ദർഭത്തിൽ സൈബർ ബുള്ളിയിങ്ങ് പോലെയുള്ള പെരുമാറ്റ വൈകല്യങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള പദ്ധതികളും അറിവും അധ്യാപകരും മാതാപിതാക്കളും ആവിഷ്‌കരിക്കേണ്ടതുണ്ട്. ഓൺലൈൻ ലോകത്തെ കുറിച്ചുള്ള ശരിയായ അറിവ് മക്കൾക്കുണ്ടാക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനമാണ്. ഓൺലൈനിലെ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വതയും നിശ്ചയദാർഢ്യത്തോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള ആർജവവും ചതിക്കുഴികളെ കുറിച്ചുള്ള അവബോധവും കുട്ടികൾക്കു പകരണം. മാതാപിതാക്കളും അധ്യാപകരും ഇതിനവരെ പ്രാപ്തരാക്കണം. 

ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ഫലപ്രദമായി ഉപയോഗിക്കുകയും അത് സമൂഹത്തിനുവേണ്ടി  നല്ല രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ്  നല്ലൊരു ഡിജിറ്റൽ സിറ്റിസണെന്ന്‌ കുട്ടികളെ പഠിപ്പിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts