മുഹറം ഒമ്പതും പത്തും നോമ്പുകളുടെ പ്രതിഫലം

 

പ്രപഞ്ച നാഥനായ അല്ലാഹു ചില വ്യക്തികളെയും മാസങ്ങളെയും പ്രത്യേകം ബഹുമാനം നല്‍കി ആദരിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിശ്വാസ പ്രകാരം, ചില ദിവസങ്ങള്‍ മറ്റു ദിവസങ്ങളേക്കാള്‍ പ്രാധാന്യം ഉള്ളവയാണ്. ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം, മുഹര്‍റത്തിലെ ഒന്‍പത്, പത്ത് ദിവസങ്ങള്‍ ഇങ്ങനെ വലിയ മഹത്വമുള്ളവയാണ്. സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളം ഭൂമിലോകത്ത് വര്‍ഷിക്കുന്ന സമയം.


തിരുനബി (സ) വലിയ മഹത്വം കല്‍പ്പിച്ചു ഈ ദിനത്തിന്. റമസാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി (സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ഒരിക്കല്‍ മുഹമ്മദ് നബി(സ)യുടെ അരികില്‍ വന്ന് ഒരാള്‍ ചോദിച്ചു, ഏതു മാസമാണ് സുന്നത്തു നോമ്പിനു വേണ്ടി തങ്ങള്‍ എനിക്ക് നിര്‍ദേശിക്കുന്നതെന്ന്. അപ്പോള്‍ നബി മറുപടി പറഞ്ഞു: “മുഹര്‍റം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്റെ മാസമാണ്. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്”. ഒരു സമൂഹത്തിന്റെ പശ്ചാത്താപം സ്വീകരിച്ചതും മറ്റൊരു സമൂഹത്തിന്റെത് സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശൂറാഅ് ആണ്. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതു കൊണ്ടാണ് റമസാന്‍ കഴിഞ്ഞാല്‍ നോമ്പിന് വിശേഷപ്പെട്ട മാസം മുഹര്‍റമാണെന്ന് നബി പറഞ്ഞിരിക്കുന്നത്.
മുഹര്‍റം പത്തിന് നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രധാന്യമാണ് ഇസ്‌ലാമിലുള്ളത്. 


പ്രവാചകന്‍ (സ) പറഞ്ഞു: “ആശൂറാഅ് ദിവസം (മുഹര്‍റം പത്ത്) നോമ്പ് നോല്‍ക്കുന്നതിന് വലിയ പ്രതിഫലമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ അതുവഴി അല്ലാഹു പൊറുത്തു തരും” (മുസ്‌ലിം). മുഹര്‍റം ഒമ്പതിന് നോമ്പെടുക്കാന്‍ പ്രവാചകന്‍ നമ്മളോട് നിര്‍ദേശിച്ചിട്ടുണ്ട്. അബ്ബാസ് (റ) പറഞ്ഞതായി ഇമാം തിര്‍മിദി റിപ്പോര്‍ട്ട് ചെയ്യുന്നു: മുഹര്‍റം ഒമ്പതിനും പത്തിനും ഞങ്ങള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. ജൂതരില്‍ നിന്നും വ്യത്യസ്തത പാലിക്കുന്നതിനു വേണ്ടിയാണ് രണ്ടു ദിവസം നോമ്പെടുത്തിരുന്നത്. (തിര്‍മിദി). മുഹര്‍റം പത്തിന് നോമ്പെടുക്കുന്നത് പ്രവാചകന്റെ ശീലമായിരുന്നു. എന്നാല്‍ പ്രവാചകന്‍ (സ) മദീനയില്‍ വന്ന സമയത്ത് മൂസാനബിയുടെ ഓര്‍മ പുതുക്കി ജൂതരും അതേദിവസം നോമ്പെടുക്കുന്നതായി പ്രവാചകന്‍ (സ) കാണാനിടയായി. “മൂസാ നബിയോട് നിങ്ങളേക്കാള്‍ അടുത്തവന്‍ ഞാനാണെ”ന്ന് പറഞ്ഞ പ്രവാചകന്‍ തന്റെ സ്വഹാബികളോടും അന്നേ ദിവസം നോമ്പെടുക്കാന്‍ ആവശ്യപ്പെടുകയുണ്ടായി എന്ന് ഹദീസുകളില്‍ കാണാം. 


പ്രവാചകന്‍ (സ) വഫാത്താകുന്നതിന് മുമ്പ് മുഹര്‍റം ഒമ്പതിനും നോമ്പെടുക്കണമെന്ന് വിശ്വാസികളോട് നിര്‍ദേശിക്കുകയുണ്ടായി.
ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍(സ)യോട് ചോദിച്ചു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അത് പൊറുപ്പിക്കും. (മുസ്‌ലിം).
ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: അടുത്ത വര്‍ഷം വരെ ഞാന്‍ ജീവിച്ചിരിക്കുന്നപക്ഷം (മുഹര്‍റത്തിലെ) ഒമ്പതാമത്തെ നോമ്പും ഞാന്‍ നോല്‍ക്കുന്നതാണ്. (മുസ്‌ലിം)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: നബി(സ) മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് നോല്‍ക്കുന്നതായി കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ലൊരു ദിവസമാണ്. മൂസാനബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന് രക്ഷിച്ച ദിനമാണിത്. അങ്ങനെ, മൂസാ നബി(അ) അന്ന് നോമ്പെടുക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: മൂസായോട് നിങ്ങളെക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്. തുടര്‍ന്ന് നബി തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.”” (ബുഖാരി)


പ്രവാചകന്‍ പറയുന്നത് കേട്ടതായി മുആവിയ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: “ആശൂറാഅ് ദിവസം നോമ്പെടുക്കല്‍ എനിക്കു നിര്‍ബന്ധമായ പോലെ നിങ്ങള്‍ക്ക് നിര്‍ബന്ധമല്ല. എന്നാല്‍ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോമ്പെടുക്കുകയും അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കുകയും ചെയ്യാവുന്നതാണ്”.
മുമ്പ് കഴിഞ്ഞുപോയ അമ്പിയാക്കളുടെ വ്രതമായിരുന്നു ആശൂറാ. നൂഹ് നബി (അ)യുടെ കപ്പല്‍, പ്രളയത്തിനു ശേഷം ഒട്ടനേകം ജീവജാലകങ്ങളെയും കൊണ്ട് ജൂദി പര്‍വതത്തില്‍ നങ്കൂരമിട്ടത് മുഹറം പത്തിനാണ്. അന്ന് ഒരു ആഘോഷ ദിവസമായിരുന്നു. ഒപ്പം ഉള്ളവരോട് നൂഹ് നബി (അ) പറഞ്ഞു: ഇപ്പോള്‍ നിങ്ങള്‍ സുരക്ഷയാല്‍ അനുഗൃഹീതരായിരിക്കുന്നു. കപ്പലില്‍ ശേഖരിച്ചുവെച്ചിരുന്ന വിഭവങ്ങളുമായി അവര്‍ സദ്യ ഒരുക്കി. പ്രളയാനന്തരം ഭൂമിയില്‍ ഉണ്ടായ ആദ്യത്തെ ആഘോഷമായിരുന്നു അത്.


അല്ലാഹുവിന്റെ അനന്തമായ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി വിശ്വാസികള്‍ മുഹര്‍റം ഒന്‍പതിനും പത്തിനും വ്രതമനുഷ്ഠിക്കുന്നു. കുടുംബത്തില്‍ വിശാലത ചെയ്തും കുടുംബ ബന്ധം ചേര്‍ത്തും ഈ പുണ്യ ദിനങ്ങള്‍ നാഥന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നു. ഒരു അനാഥനെയെങ്കിലും സ്‌നേഹത്തോടെ അടുത്തുവിളിച്ച് സന്തോഷിപ്പിക്കുക. പണ്ഡിതന്മാരെയും മഹാന്മാരെയും സന്ദര്‍ശിക്കുക. പാരത്രിക ലോകം വിജയിക്കാനുള്ള അവസരമായി ഈ പുണ്യദിനങ്ങളെ പ്രയോജനപ്പെടുത്തുക.

Post a Comment

Previous Post Next Post

News

Breaking Posts