നാലാം ക്ലാസ് സ്കോളർഷിപ്പ്: അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷ | Ayyankali memorial talent search exam for 4th class

Ayyankali memorial talent search exam for 4th class


തിരുവനന്തപുരം: സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് തെരഞ്ഞെടുക്കുന്നതിനായി നാലിൽ പഠിക്കുന്ന സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്കായി മാർച്ച് 12ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് നാല് മണി വരെ വിവിധ ജില്ലകളിൽ മത്സര പരീക്ഷ നടത്തും. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ മാത്രം ഉൾപ്പെടുന്നവരും, വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ വിദ്യാർഥികൾക്ക് പ്രസ്തുത മത്സര പരീക്ഷയിൽ പങ്കെടുക്കാം. പ്രത്യേക ദുർബല ഗോത്രവർഗത്തിൽ പ്പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല.


പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, വയസ്സ്, ആൺകുട്ടിയോ, പെൺകുട്ടിയോ എന്ന വിവരം, പഠിക്കുന്ന ക്ലാസും, സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങൾ അടങ്ങിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം പഠിക്കുന്ന ജില്ലയിലെ സംയോജിത പട്ടിക വർഗ വികസന പ്രോജക്ട് ഓഫീസ് / ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ഫെബ്രുവരി 21നകം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ജാതി/ വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല.
സംസ്ഥാന തലത്തിൽ ആകെ 200 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പ് തങ്ങളുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ അസ്സൽ ബന്ധപ്പെട്ട സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ/ ട്രൈബർ ഡെവലപ്‌മെന്റ് ഓഫീസർ മുമ്പാകെ ഹാജരാക്കണം.

Post a Comment

Previous Post Next Post

News

Breaking Posts