വാട്സ്ആപ്പിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ | 9 Things you should not do in WhatsApp

9 Things you should not do with WhatsApp


ലോകമെങ്ങും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സന്ദേശമയയ്‌ക്കൽ ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത്. പതിവായി നിരവധി അക്കൌണ്ടുകൾ വാട്സ്ആപ്പിൽ നിന്നും ബാൻ ചെയ്യപ്പെടുന്നുമുണ്ട്. പ്ലാറ്റ്ഫോം സുരക്ഷിതമായി നില നിർത്താനുള്ള നടപടിയെന്നാണ് ഇതിന് വാട്സ്ആപ്പ് നൽകുന്ന വിശദീകരണം. നിരവധി കാരണങ്ങളാൽ വാട്സ്ആപ്പ് അക്കൌണ്ട് ബാൻ ചെയ്യപ്പെടാം. വാട്സ്ആപ്പിന് ഏത് നിമിഷവും നിങ്ങളുടെ അക്കൌണ്ട് ബ്ലോക്ക് ചെയ്യാനോ ബാൻ ചെയ്യാനോ കഴിയും. നിങ്ങളെ വാട്സ്ആപ്പിൽ നിന്ന് നിരോധിക്കാൻ കാരണമാകുന്ന ചില പ്രവർത്തികൾ താഴെ വിശദീകരിച്ചിരിക്കുന്നു.


1.മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുന്നതും ഉപയോഗിക്കുന്നതും

ഓട്ടോമേറ്റഡ് അല്ലെങ്കിൽ മാനുവൽ ടൂൾ ഉപയോഗിച്ചും അല്ലാതെയും വാട്സ്ആപ്പ് യൂസേഴ്സിന്റെ വിവരങ്ങൾ ചോർത്തുന്നത് ബാൻ ലഭിക്കാവുന്ന കുറ്റമാണ്. ഇങ്ങനെ ചോർത്തിയ പ്രൊഫൈൽ ചിത്രങ്ങളും സ്റ്റാറ്റസുകളും മറ്റ് വിവരങ്ങളും അനുവദനീയമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും പാടില്ല. അനുവാദമില്ലാതെ കൈക്കലാക്കാൻ പാടില്ലാത്ത വിവരങ്ങളിൽ ഫോൺ നമ്പറുകൾ, ഉപയോക്തൃ പ്രൊഫൈൽ ചിത്രങ്ങൾ, വാട്സ്ആപ്പിൽ നിന്നുള്ള സ്റ്റാറ്റസുകൾ എന്നിവയൊക്കെ ഉൾപ്പെടുന്നു. ഇത്തരം വിവരങ്ങൾ അനുമതിയില്ലാതെ കൈക്കലാക്കുന്നത് വാട്സ്ആപ്പിന്റെ സേവന നിബന്ധനകളുടെ ലംഘനമാണ്.

2.വാട്സ്ആപ്പിലൂടെ വൈറസുകളോ മാൽവെയറോ അയയ്ക്കുന്നത്

 വൈറസുകളോ മാൽവെയറോ അടങ്ങിയ ഫയലുകൾ തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ ഷെയർ ചെയ്യുന്നത് വാട്സ്ആപ്പ് കർശനമായി നിരോധിച്ചിരിക്കുന്നു. മറ്റ് ഉപയോക്താക്കളുടെ ഡിവൈസുകളെ ദോഷകരമായി ബാധിക്കാവുന്നതാണ് ഇത്തരം ഫയലുകൾ. ഇത് പോലെയുള്ള ഫയലുകൾ അയയ്ക്കാൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് ബാൻ ലഭിക്കാൻ കാരണമായേക്കും. ഇത്തരത്തിലുള്ള നിരവധി സ്കാമുകളും തട്ടിപ്പുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. വാട്സ്ആപ്പ് വഴിയുള്ള വൈറസ്, മാൽവെയർ ആക്രമണങ്ങൾ കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.


3.ഫോൺ നമ്പർ ഷെയർ ചെയ്യുന്നതും അപരിചതർക്ക് സന്ദേശമയക്കുന്നതും

അനുവാദമില്ലാതെ വ്യക്തികളുടെ ഫോൺ നമ്പറുകൾ പങ്ക് വയ്ക്കുന്നതും പരിചയമില്ലാത്ത നമ്പരുകളിലേക്ക് സന്ദേശം അയയ്ക്കുന്നതും സൈബർ ഇടത്തിലെ മോശം പ്രവണതകളിൽ ഒന്നാണ്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും നമ്പരുകളാണ് മിക്കവാറും ഇങ്ങനെ പങ്ക് വയ്ക്കപ്പെടുന്നത്. അത് പോലെ തന്നെ അനധികൃത മാർഗങ്ങളിലൂടെ ആളുകളുടെ ഫോൺ നമ്പരുകൾ കൈക്കലാക്കുന്നതും അവർക്ക് സന്ദേശമയയ്ക്കുന്നതും പതിവായി നടക്കുന്ന സൈബർ ക്രൈമുകളിൽ ഒന്നാണ്. ഇതും വാട്സ്ആപ്പിൽ ബാൻ കിട്ടാൻ കാരണമാകും. അനുമതിയില്ലാതെ ആളുകളെ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നതും അക്കൌണ്ട് നിരോധിക്കാൻ കാരണമാകും.

4.വ്യാജ അക്കൗണ്ട് ഉണ്ടാക്കുന്നത്

വാട്സ്ആപ്പിലെ വ്യാജ അക്കൗണ്ടുകളും ആൾമാറാട്ടങ്ങളും പുതിയ കാര്യമല്ല. ഇത്തരം തട്ടിപ്പുകൾ വ്യാപകമാകുകയും ചെയ്യുന്നുണ്ട്. വാട്സ്ആപ്പ് ബിസിനസിലാണ് ഏറ്റവും അധികം തട്ടിപ്പുകൾ നടക്കുന്നത്. വ്യാജ അക്കൌണ്ടുകൾ സൃഷ്ടിച്ച് യൂസേഴ്സിനെ കബളിപ്പിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. വാട്സ്ആപ്പിൽ വ്യാജ അക്കൗണ്ട് സൃഷ്‌ടിക്കുകയോ ആൾമാറാട്ടം നടത്തുകയോ ചെയ്‌താൽ നിങ്ങളെ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കാൻ കമ്പനിക്ക് കഴിയും.

5.അംഗീകൃതമല്ലാത്ത രീതികളിൽ അക്കൌണ്ട് ഉണ്ടാക്കുന്നത്

അംഗീകൃതമല്ലാത്ത രീതികളും ഓട്ടോമാറ്റിക് ടൂളുകളും ഉപയോഗിച്ച് അക്കൌണ്ട് സൃഷ്ടിക്കുന്നതും നടപടി നേരിടാൻ കാരണമാകും. ഇതേ രീതികളിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നതും നടപടി നേരിടാൻ കാരണം ആകും. വാട്സ്ആപ്പ് ആപ്ലിക്കേഷൻ മോഡിഫൈ ചെയ്ത് ഉപയോഗിക്കുന്നതും നടപടി നേരിടാൻ കാരണം ആകും. ഒന്നിൽ കൂടുതൽ ഗ്രൂപ്പുകൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ സഹായിക്കുന്ന ഓൺലൈൻ ടൂളുകൾ ഉപയോഗിക്കുന്നതും നിങ്ങൾ ഒഴിവാക്കണം.


6.ഓട്ടോമേറ്റഡ്, ബൾക്ക് മെസേജസ്

വാട്സ്ആപ്പ് ഉപയോഗിച്ച് ബൾക്കായി മെസേജസ് അയയ്ക്കാതിരിക്കുക. ഓട്ടോ മെസേജ്, ഓട്ടോ ഡയൽ എന്നിവയും വാട്സ്ആപ്പിൽ ഉപയോഗിക്കാതിരിക്കുക. ആവശ്യമില്ലാത്ത ഓട്ടോമാറ്റിക് സന്ദേശങ്ങൾ അയക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തുന്നതിനും നിരോധിക്കുന്നതിനും വാട്സ്ആപ്പ് മെഷീൻ ലേണിങ് സാങ്കേതികവിദ്യയും ഉപയോക്താക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും ഉപയോഗിക്കുന്നു. അപ്പോൾ വാട്സ്ആപ്പിൽ ബാൻ ലഭിക്കാതിരിക്കാൻ ബൾക്ക് മെസേജുക, ഓട്ടോ മെസേജുകൾ, ഓട്ടോ ഡയൽ എന്നിവ വാട്സ്ആപ്പിൽ ഉപയോഗിക്കാതിരിക്കുക.

7.ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗം

ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളുടെ അമിത ഉപയോഗവും വാട്സ്ആപ്പിൽ നടപടി നേരിടാൻ കാരണം ആകും. ബ്രോഡ്കാസ്റ്റ് മെസേജുകൾ അമിതമായി അയച്ചാൽ ആളുകൾ നിങ്ങളുടെ മെസേജുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യത ഉണ്ട്. ഇങ്ങൻെ ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്യപ്പെട്ട അക്കൗണ്ടുകൾ കമ്പനിക്ക് നിരോധിക്കേണ്ടി വന്നേക്കാം. വാട്സ്ആപ്പിൽ ബാൻ ലഭിക്കാതിരിക്കാൻ ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ മിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

8.ആവശ്യമില്ലാത്ത സന്ദേശങ്ങൾ അയയ്ക്കുന്നത്

വാട്സ്ആപ്പിലൂടെ മറ്റുള്ളവർക്ക് ആവശ്യമില്ലാതെ മെസേജുകൾ അയയ്ക്കുന്നതും ബാൻ കിട്ടാൻ കാരണം ആകും. ഒരു കോൺടാക്റ്റ് അവർക്ക് സന്ദേശമയയ്‌ക്കുന്നത് നിർത്താൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ അതിന് തയ്യാറാകണം. മാത്രമല്ല, നിങ്ങളുടെ അഡ്രസ് ബുക്കിൽ നിന്ന് അവരെ നീക്കം ചെയ്യണം. പിന്നീട് അവരെ ബന്ധപ്പെടാനും പാടില്ല. മറ്റേ ഉപയോക്താവ് പരാതി നൽകിയാൽ നിങ്ങളുടെ അക്കൌണ്ട് നിരോധിക്കപ്പെടുമെന്നതാണ് കാരണം.


9.വാട്സ്ആപ്പ് ആപ്പ് കോഡ് മാറ്റാനോ പരിഷ്‌ക്കരിക്കാനോ ശ്രമിക്കുന്നത്

വാട്സ്ആപ്പിൽ നിന്ന് നിങ്ങളെ ബാൻ ചെയ്യാൻ കാരണമാകുന്ന മറ്റൊരു കാര്യം വാട്സ്ആപ്പ് ആപ്പിന്റെ കോഡിൽ പരിഷ്കാരങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്നതാണ്. കമ്പനി അതിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും പറയുന്നത് പോലെ, "റിവേഴ്സ് എഞ്ചിനീയറിങ്, ഓൾട്ടറിങ്, മോഡിഫൈ ചെയ്യുന്നത്, ഡെറിവേറ്റീവ് വർക്കുകൾ ക്രിയേറ്റ് ചെയ്യുന്നത്, ഡീകംപൈൽ ചെയ്യുന്നത്, ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് കോഡ് എക്സ്ട്രാക്റ്റ് ചെയ്യുന്നത്." ഇവയൊക്കെ ബാൻ ലഭിക്കാനുള്ള കാരണങ്ങളാണ്.

Post a Comment

Previous Post Next Post

News

Breaking Posts