ആന്‍ഡ്രോയ്ഡ് ഫോണില്‍ ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകള്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം | How to block unwanted notification on Mobile

mobile notification

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ നോട്ടിഫിക്കേഷന്‍ പാനല്‍ ധാരാളം നോട്ടിഫിക്കേഷനുകളാല്‍ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ  അവ എങ്ങനെ ആവശ്യമുള്ള നോട്ടിഫിക്കേഷനുകള്‍ക്ക് മാത്രമായി എങ്ങനെ ക്രമീകരിക്കാം എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവാം.അപ്രസക്തമായ അറിയിപ്പുകള്‍ പ്രധാനപ്പെട്ട അറിയിപ്പുകള്‍ നഷ്‌ടപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.ആന്‍ഡ്രോയ്ഡില്‍ ഇത്തരം അനാവശ്യ മെസേജുകള്‍ ബ്ലോക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. എന്നാല്‍ അതിനെക്കുറിച്ച്‌ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് അറിവില്ല. ആപ്പ് മൊത്തത്തില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് ഒരു ആപ്പില്‍ നിന്നുള്ള അനാവശ്യ അറിയിപ്പുകള്‍ തടയാന്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കഴിയും.


ആപ്പുകളില്‍ നിന്നുള്ള അനാവശ്യ അറിയിപ്പുകള്‍ പൂര്‍ണ്ണമായോ അവയില്‍ തിരഞ്ഞെടുത്തവയോ എങ്ങനെ തടയാം എന്ന് പരിശോധിക്കാം.

⭐ഒരു ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും (അറിയിപ്പുകള്‍) പൂര്‍ണ്ണമായി തടയുന്നതിന്, ആ ആപ്പില്‍ നിന്നുള്ള ഏതെങ്കിലും നോട്ടിഫിക്കേഷനില്‍ കുറച്ചു നേരം ടാപ്പ് ചെയ്ത് പിടിക്കുക. അപ്പോള്‍ ദൃശ്യമാകുന്ന സെറ്റിങ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സെറ്റിങ്സ് എന്ന് എഴുതിയ നിലയിലോ ഒരു ഗിയര്‍ ഐക്കണിന്റെ രൂപത്തിലോ ആയിരിക്കും ഈ ഓപ്ഷന്‍ ദൃശ്യമാവുക.

⭐സെറ്റിങ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനും തടയുന്നതിനായി ഷോ ഓള്‍ നോട്ടിഫിക്കേഷന്‍ എന്ന ഓപ്ഷന്‍ അണ്‍ചെക്ക് ചെയ്യുക.

⭐മെസേജ് അയക്കുന്നതിനുള്ള ആപ്പുകള്‍ പോലെ നിങ്ങള്‍ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന ആപ്പുകള്‍ക്കോ മറ്റ് പ്രധാന ആപ്പുകള്‍ക്കോ ഇത്തരത്തില്‍ മുഴുവന്‍ നോട്ടിഫിക്കേഷനും ഓഫാക്കാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ആപ്പുകളില്‍ നിന്നുള്ള തിരഞ്ഞെടുത്ത നോട്ടിഫിക്കേഷനുകള്‍ മാത്രം തിരഞ്ഞെടുത്ത് ബ്ലോക്ക് ചെയ്യാം.


ഒരു ആപ്പില്‍ നിന്നുള്ള അറിയിപ്പുകള്‍ തിരഞ്ഞെടുത്ത് എങ്ങനെ ബ്ലോക്ക് ചെയ്യാം

ചിലപ്പോള്‍, ഒരു ആപ്പില്‍ നിന്നുള്ള ചില നോട്ടിഫിക്കേഷനുകള്‍ മാത്രം നിങ്ങള്‍ക്ക് തടയേണ്ടതുണ്ടാവും. പണമിടപാടുമായി ബന്ധപ്പെട്ട ആപ്പുകള്‍ക്ക് ഇത് ഉപയോഗപ്രദമാകും, അവിടെ പണമിടപാടുകളെക്കുറിച്ച്‌ നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കണം, എന്നാല്‍ ലോണ്‍ ഓഫറുകളെ കുറിച്ചോ മറ്റോ ഉള്ള നോട്ടിഫിക്കേഷനുകള്‍ ലഭിക്കേണ്ടതുണ്ടാവുകയുമില്ല. അത് എങ്ങനെ ചെയ്യണമെന്ന് നോക്കാം.

⭐നിങ്ങള്‍ ചില നോട്ടിഫിക്കേഷനുകള്‍ മാത്രം ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആപ്പിന്റെ നോട്ടിഫിക്കേഷനില്‍ ദീര്‍ഘനേരം ക്ലിക്ക് ചെയ്യുക. സെറ്റിങ്സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

⭐സെറ്റിങ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷന്‍ സെറ്റിങ്സ് ഓപ്ഷന്‍ ലഭിക്കും. ഇതില്‍ ആപ്പില്‍ നിന്നുള്ള വിവിധ നോട്ടിഫിക്കേഷനുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടാവും. അതില്‍ നിങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന നോട്ടിഫിക്കേഷനുകള്‍ അണ്‍ചെക്ക് ചെയ്യുക.

⭐ഉദാഹരണത്തിന്, ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നുള്ള 'റിമൈന്‍ഡ് മീ', 'ഫ്ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി' നോട്ടിഫിക്കേഷനുകള്‍ നിങ്ങള്‍ക്ക് വേണ്ട എന്നാല്‍ ഓഫറുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വേണം എന്നാണെങ്കില്‍ നിങ്ങള്‍ക്ക് അത്തരത്തില്‍ ക്രമീകരിക്കാം. 'റിമൈന്‍ഡ് മീ', 'ഫ്ലിപ്പ്കാര്‍ട്ട് കമ്മ്യൂണിറ്റി' എന്നിവ അണ്‍ചെക്ക് ചെയ്ത് ഓഫറുകളുടെ നോട്ടിഫിക്കേഷന്‍ മാത്രം സെലക്‌ട് ചെയ്ത് വയ്ക്കാം. 

Post a Comment

Previous Post Next Post

News

Breaking Posts