കീറിയ കറൻസി നോട്ടുകൾ എങ്ങനെ മാറ്റാമെന്ന് റിസർവ് ബാങ്ക് പറയുന്നു | How to change torn currency notes

 

കീറിയ കറൻസി നോട്ടുകൾ എങ്ങനെ മാറ്റാമെന്ന് റിസർവ് ബാങ്ക് പറയുന്നു | How to change torn currency notes


കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ ആരും കയ്യിൽ വെയ്ക്കാൻ ആഗ്രഹിക്കില്ല.  അങ്ങനെയുള്ള നോട്ടുകൾ ആരും സ്വീകരിക്കുകയില്ലെന്ന് മാത്രമല്ല വേഗത്തിൽ മറ്റുള്ളവർക്ക് കൊടുത്ത് ഒഴിവാക്കാനും ശ്രമിക്കുന്നു.  ഈ എടുക്കാത്ത നോട്ട് തലയിലാവുമോ എന്നാണ് പലരുടെയും ഭയം. എന്നാൽ നോട്ട് കീറിയാൽ പോലും ഇതിന് മൂല്യം നഷ്ടപ്പെടില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്.   ഇത്തരത്തിലുള്ള നോട്ടുകളിൽ ഏതൊക്കെ പ്രശ്നങ്ങളാണ് പൊതുവെ പരിണിക്കുന്നതെന്ന് നോക്കാം.

മുഷിഞ്ഞ നോട്ടുകളും എല്ലാ സവിശേഷതകളുമുള്ള ടേപ്പ് ഒട്ടിച്ച നേട്ടുകളും മാറ്റിയെടുക്കാം. നിറം മങ്ങല്‍, സാധാരണ തേയ്മാനം ദ്വാരങ്ങള്‍ എന്നിവ പരിഗണിക്കും. ഉപയോഗം മൂലം മുറിഞ്ഞതോ, എണ്ണയില്‍ വീണോ, മഷിയില്‍ വീണോ മുഷിഞ്ഞവയും മാറ്റിയെടുക്കാം. എന്നാല്‍ കറന്‍സി നോട്ടുകളുടെ മുകളില്‍ മതപരമോ രാഷ്ട്രീയമോ ആയ മുദ്രാവാക്യങ്ങള്‍ എഴുതിയാല്‍ ഇവ നിയമപരമായി അസാധുവാണ്. ഇവ മാറ്റിയെടുക്കാന്‍ സാധിക്കില്ല.

മാറ്റിയെടുക്കുന്നതെങ്ങനെ?

ഇങ്ങനെ കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ ബാങ്ക് ബ്രാഞ്ചുകളിലോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇഷ്യൂ ഓഫീസുകളിലോ നല്‍കി മാറ്റിയെടുക്കാം. എന്നാല്‍ ഇവ കള്ള നോട്ടുകളാകാന്‍ പാടില്ല. വ്യാജമല്ലാത്ത നോട്ട് ആണെങ്കില്‍ എല്ലാ കീറിയ, പഴകിയ നോട്ടുകളും ബാങ്കുകള്‍ സ്വീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ റീഫണ്ട് റൂള്‍സ് പറയുന്നത്. അതുകൊണ്ട് തൊട്ടടുത്തുള്ള ബാങ്ക് ശാഖകളിൽ ചെന്ന് നോട്ട് മാറ്റിയെടുക്കാം. ഇതിന് പ്രത്യേക ചാര്‍ജുകളൊന്നും തന്നെ ബാങ്ക് ഈടാക്കുകയില്ല.

അക്കൗണ്ടുള്ള ബാങ്കിൽ പോകണമെന്ന നിബന്ധനയുമില്ല. ഏത് ബാങ്കിൽ ചെന്നും കീറിയ മുഷിഞ്ഞ നോട്ടുകൾ മാറ്റിയെടുക്കാം. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം സഹകരണ ബാങ്കുകളിലും റീജിയണല്‍ റൂറല്‍ ബാങ്കുകളിലും നോട്ട് മാറ്റിയെടുക്കാന്‍ സാധിക്കില്ല.  പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും നോട്ട് മാറ്റി നൽകാൻ ബാധ്യസ്ഥകാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ട് റീഫണ്ട് റൂള്‍സ് 2009 പ്രകാരം കീറിയതോ ടേപ്പ് ചെയ്തതോ മുഷിഞ്ഞതോ ആയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കുകള്‍ നിർബന്ധിതരാണ്. നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കുകൾ വിസമ്മതിച്ചാൽ ഉപഭോക്താവിന് ഓണ്‍ലൈനായി പരാതി നല്‍കാം. പരാതിയില്‍ ബാങ്കിനെതിരെ നടപടിയെടുത്ത് 10,000 രൂപ വരെ പിഴ ഈടാക്കാമെന്ന് റിസർവ് ബാങ്കിന്റെ നോട്ട് മാറ്റിയെടുക്കൽ നയം പറയുന്നു.

മാറ്റിയാൽ തിരികെ എത്ര രൂപ ലഭിക്കും?

നോട്ടിൻറെ മുഖ വില, ഫീച്ചറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കുക എന്നിവ അനുസരിച്ചാണ് എന്നിവ അനുസരിച്ചാണ് എത്ര തുക ലഭിക്കുമെന്ന് കണക്കാക്കുന്നത്. 109.56 ചതുരശ്ര സെന്റീമീറ്റർ വിസ്തീർണമുള്ള 2,000 രൂപയുടെ നോട്ടില്‍ മുഴുവന്‍ തുകയും തിരികെ കിട്ടാന്‍ 88 ചതുരശ്ര സെന്റീമീറ്ററെങ്കിലും തകരാറില്ലാത്ത ഭാഗമായിരിക്കണം. നോട്ടിന്റെ 44 ചതുരശ്ര സെന്റീമീറ്ററെങ്കിലും പ്രശ്നമില്ലാത്ത ഭാഗമുണ്ടെങ്കിൽ പകുതി തുക ലഭിക്കും. 200 രൂപ നോട്ടില്‍ 78 ചരുതശ്ര സെന്റീമീറ്റര്‍ ഭാഗം കേടുപാട് വരാത്തതാണെങ്കിൽ മുഴുവൻ രൂപയും ലഭിക്കും.

രണ്ട് കഷ്​ണങ്ങളായ പത്ത് രൂപയ്ക്ക് മുകളിലുള്ള നോട്ടുകള്‍ അപേക്ഷ സമര്‍പ്പിക്കാതെ പൊതുമേഖലാ ബാങ്കുകളിലോ, കറന്‍സി ചെസ്റ്റുകളിലോ, സ്വകാര്യ ബാങ്കുകളിലോ ആര്‍ബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാം. മനഃപൂർവ്വം നശിപ്പിച്ച കറൻസി നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കില്ല. കരിഞ്ഞതോ രൂപം മാറിയതോ ആയ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കില്ല. ഇവ റിസർവ് ബാങ്ക് ഇഷ്യൂ ഓഫീസിലെത്തി മാറ്റണം.

ഇന്ത്യൻ കറൻസി നോട്ടുകൾ വെറും കടലാസല്ല, 100 ശതമാനം പരുത്തി ഉപയോഗിച്ചാണ്  അച്ചടിക്കുന്നതെന്നാണ് ആര്‍ബിഐ പറയുന്നത്. ഇതിനാൽ നോട്ടുകൾ എളുപ്പത്തിൽ കീറില്ല. 75 ശതമാനം കോട്ടണും 25 ശതമാനം ലിനനുമാണ് നോട്ടിലുള്ളത്.

Post a Comment

Previous Post Next Post

News

Breaking Posts