രാജ്യത്തെ മിക്ക നഗരങ്ങളിലും ഈ മാസം തന്നെ 5ജി ലഭ്യമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതു സാധിക്കണമെന്നില്ലെങ്കിലും അധികം വൈകാതെ തന്നെ സേവനം നല്‍കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ സേവനദാതാക്കള്‍. എന്നാല്‍, ഈ കമ്പനികളുടെ ഉപഭോക്താക്കൾക്കും ആശങ്കകളുണ്ട്. 5ജിക്ക് അധിക മാസവരി നല്‍കേണ്ടിവരുമോ, 5ജി ഫോണ്‍ ഇല്ലെങ്കില്‍ പ്രക്ഷേപണം സ്വീകരിക്കാനാകുമോ, 4ജി പൂർണമായും നിർത്തുമോ തുടങ്ങിയവയാണ് അവ.
∙ ജിയോ
ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിമാസ നിരക്ക് നല്‍കേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 400-500 രൂപ വരെയാകാം. പക്ഷേ 5ജി പല ബാന്‍ഡുകളില്‍ പ്രക്ഷേപണം ഉണ്ടെന്നും അറിഞ്ഞിരിക്കണം. എല്ലാ ബാന്‍ഡുകളിലും ജിയോ കുറഞ്ഞ നിരക്ക് തന്നെ നിലനിർത്താനും സാധ്യതയുണ്ടെന്നാണ് അനുമാനം. ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ച ടെക്‌നോളജിയാണ് ജിയോ ഉപയോഗിക്കുന്നത്. തുടക്കത്തില്‍ 22 നഗരങ്ങളിലും അധികം താമസിയാതെ 1000 ചെറിയ നഗരങ്ങളിലും 5ജി എത്തിക്കാനാണു ജിയോയുടെ ശ്രമം എന്നാണ് കേള്‍വി.
നിലവിലുള്ള 4ജി പോലെയല്ലാതെ, പലതരം നിരീക്ഷണ സംവിധാനങ്ങളും കമ്പനികള്‍ കൊണ്ടുവന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാര്‍ എങ്ങനെയാണ് സേവനം ഉപയോഗിക്കുന്നത് എന്നറിയാനും വരുമാനം വര്‍ധിപ്പിക്കാനും ഒക്കെയായി ജിയോ ഹീറ്റ്മാപ്പുകളും 3ഡി മാപ്പുകളും റേ ട്രെയ്‌സിങ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയേക്കും എന്ന് ട്രാക്ക് ഡോട്ട്ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റാ പരിപാലന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചത് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകുമോ എന്ന കാര്യത്തിലും തര്‍ക്കമുണ്ട്.
∙ ജിയോയുടെ സേവനം തുടങ്ങുന്നത് എന്നു മുതല്‍?
5ജി സേവനം ഓഗസ്റ്റ് 15ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ അത് ഓഗസ്റ്റില്‍ നടക്കുമോ എന്നു സംശയമുണ്ട്. ജിയോയുടെ 5ജി സേവനം സെപ്റ്റംബര്‍ 29ന് ഇന്ത്യാമൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്.
∙ എയര്‍ടെല്‍
ജിയോയുടെ തൊട്ടടുത്ത എതിരാളിയായ എയര്‍ടെല്‍ 4ജി ചാര്‍ജുകള്‍ തന്നെ 5ജിക്കും നിലനിര്‍ത്തിയേക്കാം എന്നാണ് ആദ്യ സൂചന. ജിയോ നിരക്കു വര്‍ധിപ്പിക്കുമെന്ന് ഉറപ്പായാല്‍ എയര്‍ടെല്‍ വര്‍ധിപ്പിക്കാതിരിക്കുമോ എന്ന കാര്യത്തില്‍ ചിലര്‍ സംശയമുന്നയിക്കുന്നു. 5ജി അവതരിപ്പിക്കാനായി സാംസങ്, നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍. നഗരങ്ങളിലും ടൗണുകളിലും ഗ്രാമങ്ങളിലും 5ജി എത്തിക്കാന്‍ 2024 വരെ എടുത്തേക്കാമെന്നാണ് കമ്പനി നേരത്തേ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. തുടക്കത്തില്‍ 13 വന്‍ നഗരങ്ങളിലായിരിക്കും സേവനം തുടങ്ങുക എന്നാണ് കേള്‍ക്കുന്നത്. വി, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനദാതാക്കളുടെ പ്ലാനുകള്‍ ഇപ്പോള്‍ ലഭ്യമല്ല.
∙ നതിങ് ഫോണിന് വില വര്‍ധിപ്പിച്ചു
ഈ വര്‍ഷം ഇറങ്ങിയ ശ്രദ്ധേയ ഫോണുകളിലൊന്നായ നതിങ് ഫോണ്‍ (1) മോഡലിന് വില വര്‍ധിപ്പിച്ചു. 8ജിബി/128ജിബി വേരിയന്റിന് 33,999 രൂപയും 8ജിബി/256ജിബി വേരിയന്റിന് 36,999 രൂപയും 12ജിബി/256ജിബി വേരിയന്റിന് 39,999 രൂപയും ആയിരിക്കും പുതിയ വില. നതിങ് ഫോണ്‍ (1) മോഡലിന്റെ ഡിസൈനും മറ്റും നന്നായെന്ന് അഭിപ്രായമുണ്ടെങ്കിലും വിലയ്‌ക്കൊത്ത പ്രകടനമില്ലെന്ന വിമര്‍ശനവും ഉണ്ട്.
∙ ഗൂഗിള്‍ പ്ലേ 10-ാം വയസ്സിലേക്ക്
ലോകത്തെ ഏറ്റവും വലിയ ആപ് സ്‌റ്റോറുകളിലൊന്നായ ഗൂഗിള്‍ പ്ലേ 10-ാം പിറന്നാള്‍ ആഘോഷിക്കുന്നു. 2012ല്‍ ആണ് ഗൂഗിൾ പ്ലേ തുടങ്ങിയതെന്നും ഇതിനിപ്പോള്‍ ഓരോ മാസവും 190 രാജ്യങ്ങളില്‍ നിന്നായി 250 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നും ഗൂഗിള്‍ പറയുന്നു.
∙ സോണിയുടെ പ്രീമിയം വയര്‍ലെസ് പിന്‍ സ്പീക്കറുകള്‍ ഇന്ത്യയില്‍
സോണിയുടെ എസ്എ-ആര്‍എസ്5 പിന്‍ (rear) സ്പീക്കറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സോണിയുടെ എച്ടി-എ7000 പ്രീമിയം സോണി ഷോറൂമുകളും ഓണ്‍ലൈന്‍ സ്ഥാപനങ്ങളും വഴിയായിരിക്കും ഇതിന്റെ വില്‍പന.
∙ ഫെയ്‌സ്ബുക്കിന് തലവേദനയായി ആമസോണും?
ഷോർട്ട് വിഡിയോ പങ്കുവയ്ക്കുന്ന ആപ്പായ ടിക്‌ടോക്കിന്റെ അപ്രതീക്ഷിത വിജയം ഫെയ്‌സ്ബുക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റഗ്രാമിന് നേരിട്ട തിരിച്ചടികളില്‍ ഒന്നാണ്. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പനശാലയായ ആമസോണ്‍ തങ്ങളുടെ ഷോപ്പിങ് ആപ്പില്‍ വെര്‍ട്ടിക്കല്‍ വിഡിയോ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ഇന്‍സ്പയര്‍ എന്ന പേരിലായിരിക്കും പുതിയ സേവനം വരിക. ഇത് റീല്‍സിനും ഇന്‍സ്റ്റഗ്രാമിനും തിരിച്ചടിയായേക്കാമെന്നും പറയുന്നു.
നെറ്റ്ഫ്‌ളിക്‌സിന്റെ കുറഞ്ഞ നിരക്കിലുളള സേവനം ഓഫ്‌ലൈനായി കാണാന്‍ അനുവദിക്കില്ല?
നെറ്റ്ഫ്‌ളിക്‌സ് സേവനം കുറഞ്ഞ നിരക്കില്‍ നല്‍കാനൊരുങ്ങുകയാണ്. ഇത് ഓഫ്‌ലൈനായി കാണാന്‍ അനുവദിച്ചേക്കില്ലെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ഇപ്പോഴത്തെ മുഴുവന്‍ നിരക്കും നല്‍കുന്ന വരിക്കാര്‍ക്ക് ഷോകളും മറ്റും ഡൗണ്‍ലോഡ് ചെയ്ത് യഥേഷ്ടം കാണാം. എന്നാല്‍, കുറഞ്ഞ നിരക്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് പരസ്യം കാണേണ്ടിവരുമെന്നതു കൂടാതെ സ്ട്രീം ചെയ്ത് തന്നെ കാണേണ്ടതായും വരുമെന്നാണ് റിപ്പോര്‍ട്ട്.
നെറ്റ്ഫ്‌ളിക്‌സിന്റെ ഐഫോണ്‍ ആപ്പിൽ കണ്ട ഒരു കോഡ് വിലയിരുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിച്ചാല്‍ ഉപയോക്താക്കള്‍ക്ക് സ്ലൈഡര്‍ നീക്കി പരസ്യം കാണാതെ കണ്ടെന്റ് കാണാം എന്നതായിരിക്കാം പുതിയ നീക്കത്തിനു പിന്നില്‍. പരസ്യത്തോടു കൂടിയുള്ള നെറ്റ്ഫ്‌ളിക്‌സ് അടുത്ത വര്‍ഷം തുടങ്ങുമെന്നാണ് കരുതുന്നത്.
∙ ഐഫോണ്‍ 14നു ശേഷം രണ്ട് ഐപാഡുകള്‍ ആപ്പിള്‍ അവതരിപ്പിച്ചേക്കും
ആപ്പിള്‍ ഐഫോണ്‍ 14 സീരീസ് പുറത്തിറക്കിയ ശേഷം രണ്ട് ഐപാഡുകള്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇവയില്‍ ഒന്ന് ഏറ്റവും വില കുറഞ്ഞ മോഡലാണെങ്കില്‍ രണ്ടാമത്തേത് ആപ്പിളിന്റെ മാക്ബുക്കുകളില്‍ ഉപയോഗിക്കുന്ന എം2 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം മോഡല്‍ ആയിരിക്കുമെന്നാണ് മാക്‌റൂമേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൊറിയന്‍ ബ്ലോഗ് നാവറിനെ ഉദ്ധരിച്ചു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രീമിയം മോഡലിന് മാഗ്‌സെയ്ഫ് ചാര്‍ജിങ് ശേഷിയും നല്‍കിയേക്കുമെന്നാണ്. പക്ഷേ, വില കുറഞ്ഞ മോഡലും എ14 ബയോണിക് പ്രോസസര്‍ ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്നതിനാല്‍, സാധാരണ ഉപയോക്താക്കൾക്ക് മികച്ച പ്രകടനം തന്നെ ലഭിച്ചേക്കും.
Post a Comment