ഈ പ്രായത്തിൽ സ്വയംതൊഴിൽ വായ്പ ആരു തരും? സംശയമിനി വേണ്ട, വിജയസാധ്യതയുള്ള സംരംഭങ്ങൾ തുടങ്ങാം ആശങ്കയില്ലാതെ…
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരൻമാർ വളരെ കൂടുതലാണ് കേരളത്തിൽ. 50നും 65നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായവർക്കായി നാഷനൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ സഹായ പദ്ധതിയാണ് ‘നവജീവൻ’. 2020–21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം; ഇതു വരെ 726 പേരാണ് പദ്ധതിയിൽ അംഗങ്ങളായത്…
‘നവജീവൻ’ പദ്ധതിയെക്കുറിച്ച് അറിയാം.
അരലക്ഷം രൂപ വരെ ബാങ്ക് വായ്പ
മുതിർന്ന പൗരൻമാർക്ക് ജീവൻ പകരുകയെന്ന ലക്ഷ്യവുമായിട്ടാണ് കേരളത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങ ളുമായി ബന്ധപ്പെടുത്തി ‘നവജീവൻ’ പദ്ധതി ആരംഭിച്ചത്. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള, മേൽപറഞ്ഞ പ്രായപരിധിയിലുള്ള തൊഴിൽരഹിതരായ മുതിർന്ന പൗരന്മാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് 50,000 രൂപ വരെ ബാങ്ക് വായ്പയും വായ്പത്തുകയുടെ 25% (12,500/- രൂപ ) സർക്കാർ സബ്‌സിഡിയും അനുവദിക്കുന്നതാണു പദ്ധതി. വായ്പയുടെ 25% സബ്സിഡി കഴിഞ്ഞ് തുക തിരിച്ചടച്ചാൽ മതി.
റജിസ്ട്രേഷൻ പുതുക്കുന്നവർക്ക് മുൻഗണന
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിലവിൽ റജിസ്‌ട്രേഷൻ പുതുക്കി വരുന്ന ഉദ്യോഗാർഥികൾക്കു പദ്ധതിയിൽ മുൻഗണന നൽകും. ജനുവരി ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്.
ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന വായ്പയിൽ 25% സ്ത്രീകൾക്കു ലഭ്യമാക്കും. 25% ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിഭാഗത്തിനും ലഭ്യമാക്കും. വിശദാംശങ്ങൾക്ക് ഫോൺ : 0471 2301389.
അപേക്ഷ എങ്ങനെ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്ട്രേഷൻ നിലവിലുള്ളവർക്കാണ് അപേക്ഷിക്കാവുന്നത്. 50-65 പ്രായപരിധിയിലുള്ള, വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തയാളായിരിക്കണം.
എഴുത്തും വായനയും അറിഞ്ഞിരിക്കുകയും വേണം. ഇങ്ങനെയുള്ള ഏതൊരു വ്യക്തിക്കും ‘നവജീവൻ’ പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷ നൽകാം.
സംസ്ഥാനത്തെ ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകൾ, കെഎസ്എഫ്ഇ, കേരള ബാങ്ക്, മറ്റു പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേന വായ്പ അനുവദിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങൾക്കു വിധേയമായിരിക്കും.
ക്രെഡിറ്റ് ഗാരന്റി പദ്ധതിയിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല. വ്യക്തിഗത പദ്ധതിയും ഒന്നിലധികം അപേക്ഷകർ ചേർന്നുള്ള സംയുക്ത സംരംഭങ്ങളും ആരംഭിക്കാം. ഓരോ വ്യക്തിക്കും പരമാവധി വായ്പയ്ക്കും സബ്സിഡിക്കും അർഹതയുണ്ടായിരിക്കും. താൽപര്യമുള്ളവർ അതത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളുമായി ബന്ധപ്പെട്ട് അപേക്ഷ നൽകണം. വെബ്സൈറ്റിൽ (www.employment.kerala.gov.in) നിന്ന് അപേക്ഷ ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.
Post a Comment