എലിസബത്ത് രാജ്ഞി അന്തരിച്ചു

ലണ്ടന്‍: ആരോഗ്യസ്ഥിതി മോശമായതിനെ വിദഗ്ധ പരിചരണത്തിലായിരുന്ന എലിസബത്ത് രാജ്ഞി(96) അന്തരിച്ചു. രാജ്ഞിയുടെ മരണം ബക്കിങ്ങാം പാലസ് സ്ഥിരീകരിച്ചു. സ്‌കോട്ട്‌ലന്‍ഡിലെ വേനല്‍ക്കാലവസതിയായ ബാല്‍മോറിലായിരുന്ന എലിസബത്ത് രാജ്ഞി ദിവസങ്ങളായി വിദഗ്ധ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പല വിധമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണില്‍ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1926 ഏപ്രില്‍ 21-ന് ജോര്‍ജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോര്‍ക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോര്‍ക്ക്) യുടെയും മകളായാണ് ജനനം. 1952 ഫെബ്രുവരി ആറിനാണ് എലിസബത്ത് രാജപദവിയില്‍ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാല്‍പതാമത്തെ വ്യക്തിയായിരുന്നു എലിസബത്ത്.

രാജ്ഞിയുടെ ആരോഗ്യസ്ഥിതിയില്‍ ഡോക്ടര്‍മാര്‍ ആശങ്കാകുലരാണെന്നാണു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും സ്‌കോട്ടിഷ് വസതിയായ ബാല്‍മോറലിലേക്ക് എത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ രാഞ്ജിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണെന്ന് അറിയിക്കുകയായിരുന്നുവെന്നും കൂടാതെ മെഡിക്കല്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

രാജ്ഞിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ സ്പീക്കര്‍ അടിയന്തര വിശദീകരണം നല്‍കി. എനര്‍ജി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു പാര്‍ലമെന്റ് അംഗങ്ങളോട് ഈ അടിയന്തര സന്ദേശം സ്പീക്കര്‍ പങ്കുവച്ചത്. രാജ്ഞിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ രാജ്യമൊട്ടാകെ ആശങ്കയിലാണെന്നു പ്രധാനമന്ത്രി ലിസ് ട്രസ് വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് സര്‍ കെയ്ര്‍ സ്റ്റാമര്‍, കാന്റര്‍ബറി ആര്‍ച്ച് ബിഷപ് തുടങ്ങിയ പ്രമുഖരെല്ലാം വാര്‍ത്തകളില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post

News

Breaking Posts