ജനന സർട്ടിഫിക്കറ്റ് നിയമങ്ങൾ ഒക്‌ടോബർ 1 മുതൽ മാറുന്നു; ഭേദഗതികൾ ഇങ്ങനെ

Birth certificate laws change; The amendments are as follows,ജനന സർട്ടിഫിക്കറ്റ് നിയമങ്ങൾ ഒക്‌ടോബർ 1 മുതൽ മാറുന്നു; ഭേദഗതികൾ ഇങ്ങനെ,


Birth- Death Registration: രാജ്യത്ത് ജനന സർട്ടിഫിക്കറ്റ് നിയമങ്ങൾ മാറുന്നു. ഒക്‌ടോബർ ഒന്നു മുതലാകും മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ് നൽകൽ, വോട്ടർ പട്ടിക തയ്യാറാക്കൽ, ആധാർ നമ്പർ, വിവാഹ രജിസ്ട്രേഷൻ, സർക്കാർ ജോലിയിലേക്കുള്ള നിയമനം തുടങ്ങി നിരവധി നിർണായക സേവനങ്ങൾ ലഭിക്കുന്നതിനുള്ള രേഖയായി ജനന സർട്ടിഫിക്കറ്റ് പരിഗണിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ജനന- മരണ രജിസ്‌ട്രേഷൻ (ഭേദഗതി) നിയമം, 2023 നടപ്പിലാക്കുന്ന കാര്യം വ്യക്തമാക്കിയത്.

ഇതോടെ രജിസ്റ്റർ ചെയ്ത ജനന മരണങ്ങളുടെ ഡാറ്റാബേസ് കൂടുതൽ കാര്യക്ഷമമാകും. ഇതുവഴി പൊതു സേവനങ്ങളുടെയും സാമൂഹിക ആനുകൂല്യങ്ങളുടെയും ഡിജിറ്റൽ രജിസ്‌ട്രേഷന്റെയും കാര്യക്ഷമവും സുതാര്യവുമായ വിതരണം ഉറപ്പാക്കാനാകും. കഴിഞ്ഞ മാസം സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇരുസഭകളും ജനന- മരണ രജിസ്‌ട്രേഷൻ (ഭേദഗതി) ബിൽ, 2023 പാസാക്കിയിരുന്നു. ഓഗസ്റ്റ് ഏഴിന് രാജ്യസഭ ശബ്ദവോട്ടോടെ ബിൽ പാസാക്കിയപ്പോൾ, ലോക്സഭ ഓഗസ്റ്റ് ഒന്നിനാണ് ബിൽ പാസാക്കിയത്.

പുതിയ ഭേദഗതി ജനന- മരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട കള്ളത്തരങ്ങൾക്കും, മുതലെടുക്കലുകൾക്കും പൂട്ടിടും. കുട്ടി ജനിക്കുമ്പോൾ തന്നെ ജനന സർട്ടിഫിക്കറ്റ് സൃഷ്ടിക്കപ്പെടുന്നതു കൊണ്ട് 18-ാം വയസിൽ തന്നെ മറ്റു രേഖകൾ കരസ്ഥമാക്കാൻ ഭേദഗതി വഴിവയ്ക്കും. അതായത് കൂടുതൽ സേവനങ്ങൾ ലഭിക്കുന്നതിനു മറ്റു രേഖകൾ സൃഷ്ടിക്കപ്പെടുന്നതു വരെ കാത്തിരിക്കേണ്ടതില്ല. ജനന സർട്ടിഫിക്കറ്റ് തന്നെ ഒരു പ്രധാന രേഖയാകും. കൂടാതെ മരണം രജിസ്റ്റർ ചെയ്യുന്നതോടെ തന്നെ അവരുടെ പേരിലുള്ള എല്ലാ രേഖകളും റദ്ദാക്കപ്പെടാനും പുതിയ ഭേദഗതി സഹായിക്കുമെന്നാണു വിലയിരുത്തൽ.

ദേശീയ ജനന- മരണ രജിസ്ട്രിയുടെ മേൽനോട്ടം വഹിക്കാൻ രജിസ്ട്രാർ ജനറലിന് ഈ ഭേദഗതി അധികാരം നൽകുന്നു. ദേശീയ ഡാറ്റാബേസിലേക്ക് വിവരങ്ങൾ സംഭാവന ചെയ്യാൻ സംസ്ഥാനം നിയമിച്ച ചീഫ് രജിസ്ട്രാർമാരും രജിസ്ട്രാർമാരും ബാധ്യസ്ഥരായിരിക്കും. ചീഫ് രജിസ്ട്രാർമാർ സംസ്ഥാന തലത്തിൽ സമാന ഡാറ്റാബേസ് പരിപാലിക്കും. മുമ്പ് ജനന- മരണ വിവരങ്ങൾ രജിസ്ട്രാർക്ക് റിപ്പോർട്ട് ചെയ്യാൻ ചില വ്യക്തികളെ ചുമതലപ്പെടുത്തിയിരുന്നു. പുതിയ ഭേദഗതിയോടെ ഇതിന് ഒരു പൊതു ചട്ടക്കൂട് വന്നു.

ഒരു കുഞ്ഞ് ജനിച്ച ആശുപത്രിയിൽ ജനിച്ചാൽ ആ വിവരം ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്യണം. മാതാപിതാക്കളുടെ വിവരങ്ങളും ആധാർ നമ്പറും ഇക്കൂട്ടത്തിൽ നൽകണം. ജയിലിലോ ഹോട്ടലിലോ ലോഡ്ജിലോ മറ്റെവിടെ ജനനം നടന്നാലും അവിടത്തെ ബന്ധപ്പെട്ട അധികൃതർ ജനനം റിപ്പോർട്ട് ചെയ്തിരിക്കണം. മരണത്തിന്റെ കാര്യത്തിലും ഇങ്ങനെ തന്നെ. വീടുകളിൽ മരണം സംഭവിച്ചാൽ അ‌ക്കാര്യവും ബന്ധപ്പെട്ടവർക്കു റിപ്പോർട്ട് ചെയ്യണം. പുതിയ നിയമത്തിന് കീഴിൽ രക്ഷിതാവ് എന്നതിന്റെ വ്യാപ്തി വീണ്ടും വർധിപ്പിച്ചിട്ടുണ്ട്.

ദേശീയ ജനസംഖ്യാ രജിസ്റ്റർ, വോട്ടർ പട്ടിക, ആധാർ, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഭൂമി രജിസ്‌ട്രേഷൻ പോലുള്ള കാര്യങ്ങൾ ജനന- മരണ ഡാറ്റബേസുമായി പൊരുത്തപ്പെടും. നിലവിൽ സംസ്ഥാനങ്ങളാണ് ജനന- മരണ റജിസ്‌ട്രേഷൻ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഒക്ടോബർ ഒന്നിനു ശേഷം ഈ വിവരങ്ങൾ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കേന്ദ്രീകൃത ഓൺലൈൻ ഡാറ്റ ബേസിലേക്ക് കൈമാറും.

രജിസ്ട്രാറുടെയോ ജില്ലാ രജിസ്ട്രാറുടെയോ നടപടികളിൽ അതൃപ്തിയുള്ള ഇപയോക്താക്കൾക്ക് യഥാക്രമം ജില്ലാ രജിസ്ട്രാറിനോ ചീഫ് രജിസ്ട്രാറിനോ അപ്പീൽ നൽകാനും നിയമ ഭേദഗതി അനുവദിക്കുന്നുണ്ട്. പരാതിയുള്ള പക്ഷം 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകണം. ജില്ലാ രജിസ്ട്രാറോ ചീഫ് രജിസ്ട്രാറോ അപ്പീൽ തീയതി മുതൽ 90 ദിവസത്തിനകം പരാതി പരിഹരിക്കണം.

Post a Comment

Previous Post Next Post

News

Breaking Posts