വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവയ്ക്ക് പുറമെ പുതിയ തിരിച്ചറിയല്‍ രേഖ കൂടി വരുന്നു. രാജ്യത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് പുതിയ കാര്‍ഡ്. 2020ല്‍ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയ ത്തിന്റെ ഭാഗമായിട്ടാണ് പുതിയ തിരിച്ചറിയല്‍ കാര്‍ഡ് വരുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി.
വിദ്യാര്‍ഥികളെ തിരിച്ചറിയുന്നതിന് മാത്രമല്ല ഈ കാര്‍ഡ് ഉപയോഗിക്കുക. അവരുടെ നേട്ടങ്ങളെല്ലാം വളരെ വേഗത്തില്‍ തിരിച്ചറിയാനും പുതിയ കാര്‍ഡ് വഴി സാധിക്കും. വിദ്യാര്‍ഥികളുടെ ഓരോ നേട്ടങ്ങളും കാര്‍ഡില്‍ അപ്‌ഡേറ്റ് ചെയ്യും. കാര്‍ഡ് നമ്പര്‍ മാത്രം ലഭിച്ചാല്‍ വിദ്യാര്‍ഥിയുടെ കഴിവും ശേഷിയുമെല്ലാം അറിയാന്‍ സാധിക്കും.
വണ്‍ നാഷന്‍ വണ്‍ സ്റ്റുഡന്റ് ഐഡി എന്ന പദ്ധതിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്നത്. ഓട്ടോമേറ്റഡ് പെര്‍മനന്റ് അകാദമിക് അകൗണ്ട് രജിസ്ട്രി (അപാര്‍) എന്നാണ് കാര്‍ഡിന്റെ പേര്. പ്രീ പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെ ഈ കാര്‍ഡ് ഉപയോഗിക്കാം.
12 അക്ക ആധാര്‍ കാര്‍ഡിന് പുറമെയാണ് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പുതിയ കാര്‍ഡ് എന്നത് പ്രത്യേകം ഓര്‍ക്കണം. ഇന്നും നാളെയുമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളുടെ യോഗം വിളിച്ച് കാര്‍ഡ് സംബന്ധിച്ച് വിശദീകരിക്കാനാണ് നിര്‍ദേശം. ആധാര്‍ കാര്‍ഡിന് വേണ്ടി നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകും അപാര്‍ ഐഡി തയ്യാറാക്കുക. രക്ത ഗ്രൂപ്പ്, പൊക്കം, തൂക്കം എന്നിവയുള്‍പ്പെടെ ശേഖരിക്കും.
പുതിയ കാര്‍ഡ് എടുക്കുന്നതിന് രക്ഷിതാക്കളുടെ അനുമതി വാങ്ങണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ആവശ്യമായി വരുമ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേ ഈ ഡാറ്റകള്‍ കൈമാറൂവെന്നും സര്‍ക്കാര്‍ പറയുന്നു. രക്ഷിതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അനുമതി പിന്‍വലിക്കാനും സാധിക്കും.രക്ഷിതാക്കളുടെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കേണ്ടത്. യുനിഫൈഡ് ഡിസ്ട്രിക്റ്റ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യുക്കേഷന്‍ പ്ലസ് വെബ്‌സൈറ്റിലാണ് വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടത്. ഈ പോര്‍ട്ടലില്‍ നിരവധി സ്‌കൂളുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വിദ്യാര്‍ഥികളുടെ ഡാറ്റ ഇതുവരെ അപ്ലോഡ് ചെയ്തിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post a Comment