നിസ്ക്കാരത്തോടു കടപ്പാടുള്ള നാം

tonnalukal


   
     കല്ല്യാണ വീട്..തട്ടും മുട്ടും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. ഭക്ഷണം വിളന്പലും മറ്റും കഴിഞ്ഞ് മംഗളമായി എല്ലാം കഴിയുന്പോഴേക്കും സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കാന്‍ തുടങ്ങിയിരിക്കും. സ്ത്രീകളാകട്ടെ, പാത്രം കഴുകലും സംസാരവും കഴിഞ്ഞ് വീടണയുന്പോള്‍ ഇരുട്ടും പരന്നിരിക്കും. ഇനി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ കാര്യം. വൈകുന്നേരം സ്കൂള്‍ വിട്ട് വന്ന് ബാഗ് കട്ടിലിലേക്കെറിഞ്ഞ് ഒരോട്ടമാണ്. മഗ്രിബ് ബാങ്കായിരിക്കും അവരുടെ കളി തുടങ്ങാനുള്ള വിസില്‍. പെണ്‍കുട്ടികളാകട്ടെ, സ്കൂളിലെ പറഞ്ഞ് പഴകിയ കാര്യങ്ങള്‍ ഒന്നുകൂടി ചര്‍ച്ചക്കെടുത്തോ പഴയതിന്‍റെ പുതിയ എപ്പിസോഡ് വിളന്പിക്കഴിഞ്ഞുമാണ് കുളിയും മറ്റും തുടങ്ങുക തന്നെ. ഗീബത്തും നമീമത്തുമായി സഭകൂടുന്ന പെണ്ണുങ്ങള്‍ "ചൂടുപിടച്ച' ചര്‍ച്ചകള്‍ ചെയ്ത് പിരിയുന്പോഴും നിസ്ക്കാരം പോയതവര്‍ ഗൗനിക്കാറില്ല. യത്രകള്‍ ചെയ്ത് ക്ഷീണിച്ചവശരായി വീട്ടിലെത്തുന്പോള്‍ ഒന്നു കിടക്കുവാനായിരിക്കും ആദ്യം തോന്നുക തന്നെ. 

ജീവിത ചുറ്റുപാടില്‍ കാരണവും അകാരണവുമായ തിരക്കുകളില്‍ കഴിയുന്ന മനുഷ്യന്‍ നിസ്ക്കാരത്തോട് കാണിക്കുന്ന അശ്രദ്ധ ഇന്ന് വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. സ്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ ളുഹ്ര്‍ നിസ്ക്കരിക്കാതെ വീട്ടിലെത്തുന്പോള്‍ ഖളാഅ് വീട്ടാന്‍ പറയാന്‍ പോലും രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല. സ്വാതന്ത്ര്യത്തിന്‍റെ പേരും പറഞ്ഞ് ടിവി കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളോട് ബാങ്ക് കൊടുത്താല്‍ നിസ്ക്കരിക്കാന്‍ നിര്‍ദേശിക്കുന്ന ഉമ്മമാര്‍ വിരളമാണ്. രോഗിക്കും അരോഗിക്കും വാര്‍ദ്ധക്യാവശതയില്‍ കഴിയുന്നയാള്‍ക്കും നിസ്ക്കാരമൊഴിവാക്കാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല. മാത്രമല്ല, കഴിയുന്ന വിധത്തില്‍ നിസ്ക്കാരം നിര്‍വഹിക്കാനും ഖിയാമത് നാളില്‍ ആദ്യം ചോദ്യം ചെയ്യപ്പെടുന്ന കാര്യം എന്ന നിലക്കും നിസ്ക്കാരം മറ്റുള്ള ഇബാദത്തുകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. ഇത് നിസ്ക്കാരത്തിന്‍റെ ഗൗരവവും പ്രാധാന്യവും വിളിച്ചറിയിക്കുന്നുണ്ട്. കൃത്യമായി നിസ്ക്കരിക്കന്നവന് സ്വര്‍ഗവും അല്ലാത്തവന് നരകവും വാഗ്ദാനം ചെയ്യുന്ന ആയതുകളും ഹദീസുകളും നിരവധിയാണ്. സ്വഹാബത്ത് മുഴുവന്‍ നിസ്ക്കരിക്കാത്തവനെ കാഫിറായാണ് കണ്ടിരുന്നത്. സ്വഹാബത്തിന്‍റെ കാലത്ത് നിസ്ക്കാരമല്ലാത്ത എന്തുകാര്യം ഒഴിവാക്കിയാലും കുഫ്റാണെന്നു പറയാറില്ലെന്ന് തുര്‍മുദി ഇമാം ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം. ആധുനിക മനുഷ്യന്‍ നിസ്ക്കാരത്തെ അവഗണിക്കുന്നവരാണെങ്കില്‍ പ്രവാചകനും സ്വഹാബത്തും കാണിച്ച കണിശത നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ) പറയുന്നു. എന്‍റെ കാഴ്ച ശക്തിക്കു കുറവു വന്നപ്പോള്‍ ഒരാള്‍ എന്നെ സമീപിച്ച് പറഞ്ഞു. ഞാന്‍ നിങ്ങളുടെ അസുഖം സുഖപ്പെടുത്താം, കുറച്ചു ദിവസം നിസ്ക്കാരം ഒഴിവാക്കേണ്ടി വരും. വേണ്ട. റസൂല്‍ പറഞ്ഞിട്ടുണ്ട്, നിസ്ക്കരാം ഒഴിവാക്കുന്നവനെ അല്ലാഹു ദ്യേത്തോടെയാണ് കാണുക എന്ന്.ഇമാം ത്വബ്റാനി ഉദ്ധരിക്കുന്നു. റസൂലുല്ലാന്‍റെ അടുക്കല്‍ സ്വര്‍ഗം ലഭിക്കാനുള്ള മാര്‍ഗമന്വേഷിക്കാന്‍ വന്ന ആളോട് പറഞ്ഞത് മനപൂര്‍വം നിസ്ക്കാരം ഒഴിവാക്കരുത്, ഒഴിവാക്കിയാല്‍ അവന്‍ അല്ലാഹുവിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് പുറത്താണ് എന്നാണ്. അസര്‍ നമസ്ക്കാരമാണ് കൂടുതലായും ഇന്ന് നഷ്ടപ്പെടുന്നത്. അസര്‍ നിസ്ക്കാരത്തെ കുറിച്ച് പ്രത്യേകമായി റസൂലുള്ള വിവരിച്ചു പറഞ്ഞിട്ടുണ്ട്. ഇബ്നു അബീശൈബ(റ)റിപ്പോര്‍ട്ട് ചെയ്യുന്നു. അസ്ര്‍ നിസ്ക്കാരം ഒഴിവാക്കിയാല്‍ അമലുകള്‍ മുഴുവന്‍ പാഴായി പോകുന്നതാണ്.ഇമാം ബുഖാരി സൗറതുബ്നു ജുന്‍ദുബ്(റ)ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. റസൂലുള്ള പലപ്പോഴും സ്വപ്നം കണ്ടതിനെ കുറിച്ച് ഞങ്ങളോട് ചോദിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങളോട് തിരുനബി ഒരു സ്വപ്നം വിവരിച്ചു തന്നു. ഇന്നലെ രാത്രി രണ്ടുപേര്‍ വന്നു എന്നെ കൂട്ടിക്കൊണ്ടുപോയി. അങ്ങനെ ഞാന്‍ എത്തിയത് നിലത്തുവീണു കിടക്കുന്ന ഒരാളുടെ അരികിലേക്കാണ്. വലിയൊരു കല്ലും പിടിച്ച് അയാള്‍ക്കു സമീപം മറ്റൊരാള്‍ നില്‍ക്കുന്നുമുണ്ട്. അയാള്‍ ആ കല്ലുകൊണ്ട് നിലത്തുള്ള ആളുടെ തല തകര്‍ക്കുന്നു. തെറിച്ചുവീണ കല്ലെടുത്തു വരുന്പോഴേക്കും അയാളുടെ തല പൂര്‍വ സ്ഥിതിയിലേക്കു മാറുന്നു. ഈ ശിക്ഷ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ദീര്‍ഘമായ ഹദീസിന്‍റെ അവസാനം ഈ ശിക്ഷയനുഭവിക്കുന്ന വ്യക്തിയെ പരിചയപ്പെടുത്തിയത് അയാള്‍ ഖുര്‍ആന്‍ പഠിച്ച് ഓതാത്തവനും നിസ്ക്കാരം ഒഴിവാക്കി ഉറങ്ങുന്നവനുമാണ് എന്നാണ്.നിസ്ക്കാരം കൃത്യമാക്കുന്നവന് അഞ്ച് കാര്യങ്ങള്‍ ലഭിക്കുമെന്ന് റസൂലുള്ള പറയുന്നു. ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകില്ല, ഖബര്‍ ശിക്ഷ ഉണ്ടാകില്ലൃ, വലതു കൈയില്‍ കിതാബ് ലഭിക്കും, മിന്നല്‍ വേഗത്തില്‍ സ്വിറാത്ത് പാലം വിട്ടുകടക്കും, വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. നിസ്ക്കരമില്ലാത്തവന് ദുന്‍യാവില്‍ വെച്ചുതന്നെ അഞ്ചുകാര്യങ്ങളുണ്ടാകും. ജീവിതത്തില്‍ ബറകത് ഉണ്ടാകില്ല, സ്വാലിഹീങ്ങളുടെ അടയാളങ്ങള്‍ മുഖത്ത് നിന്ന് മായിക്കപ്പെടും, ചെയ്യുന്ന മറ്റു അമലുകള്‍ പ്രതിഫലമില്ലാത്തവയാകും, അവന്‍റെ ദുആ സ്വീകരിക്കുകയില്ല, സ്വാലിഹീങ്ങളുടെ ദുആയില്‍ അവനുള്‍പെടുകയുമില്ല.ഇബ്നു ഹജര്‍ ഹൈതമി(റ) തന്‍റെ "അസ്സവാജി'റി ല്‍ ഒരു സംഭവം വിവരിക്കുന്നു. സലഫുകളില്‍ പെട്ട ഒരാള്‍, തന്‍റെ സഹോദരിയെ മറവ് ചെയ്യുന്ന സമയത്ത് കീശയില്‍ നിന്നും കുറച്ച് കാശ് വീണുപോയതറിയാതെ ഖബര്‍ മൂടി. മറമാടി തിരിച്ചുപോയപ്പോഴണ് കാശു നഷ്ടപ്പെട്ട കാര്യം അയാള്‍ അറിയുന്നത്. തിരിച്ചു വന്ന് ഖബര്‍ തുറന്നുനോക്കിയപ്പോള്‍ ഖബറില്‍ തീയാളിക്കത്തുന്നതാണു കണ്ടത്. മണ്ണുമൂടി വീട്ടിലേക്ക് കരഞ്ഞ് വന്നു ഉമ്മയോട് സഹോദരിയുടെ ജീവിതത്തെപ്പറ്റി അന്വേഷിച്ചു. ഉമ്മയോട് ഈ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ കരഞ്ഞുകൊണ്ട് ഉമ്മ പറഞ്ഞു. അവള്‍ നിസ്ക്കാരം തീരെ ശ്രദ്ധിക്കാറില്ല, ഖളാആക്കിയാണ് നിസ്ക്കരിക്കാറുള്ളത്.ഖളാആക്കുന്നത് പോലും ഇത്ര ഭയാനകരമെങ്കില്‍, ഒഴിവാക്കിയാല്‍ എത്രത്തോളം ശിക്ഷയായിരിക്കും!. ഫര്‍ളുകളുടെ പരിഹാരമായി സുന്നത്തുകളെ പരിഗണിക്കപ്പെടുന്നത് കൊണ്ട് സുന്നത്തുകള്‍ കൂടി ഉള്‍പെടുത്തി പരലോക വിജയത്തിലേക്കുള്ള യാത്ര ധന്യമാക്കാനാണു നാം ശ്രമിക്കേണ്ടത്.

Post a Comment

Previous Post Next Post

News

Breaking Posts