എന്തുകൊണ്ടു "തോന്നലുകള്‍''?





    കുറേ കാലമായി ഒരു "തോന്നലു'മായി നടക്കാന്‍ തുടങ്ങിയിട്ട്. പിടിഎം ഹൈസ്കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്പോള്‍ മൂര്‍ക്കനാട് അക്ഷയ സെന്‍ററില്‍ കിട്ടിയ നെറ്റ് കോഴ്സിന്‍റെ ആയുസ്സുണ്ട് എന്‍റെയീ "തോന്നലിന്'. എന്തു സെര്‍ച്ച് ചെയ്താലും ബ്ലോഗ് റിസല്ട്ട് തരുമല്ലോ..ഇടക്കെപ്പോഴോ മനസ്സിലിടം പിടിച്ച എഴുതാനുള്ള ആഗ്രഹം വരികളില്‍ കോറിയിട്ടു തുടങ്ങിയപ്പോള്‍ ആ ആഗ്രഹത്തിന് ഒന്നു കൂടെ മൂര്‍ച്ച കൂടി. രചനകള്‍ പരസ്യപ്പെടുത്താനൊരിടമായി ഞാനതിനെ കണ്ടു. അതുമല്ലേല്‍ കുത്തിവരകളെ ചേര്‍ത്തുവെക്കാനൊരിടമായെങ്കിലും കരുതാമല്ലോ.....അങ്ങനെയിരിക്കുന്പോഴാണ് വലിയൊരു പ്രശ്നം, എന്തു പേരു നല്‍കുമെന്ന്?. കുറേ പേരുകള്‍ പരതി നോക്കി നിര്‍ദേശിക്കുന്പോഴും മുന്നോട്ട് പോകാന്‍ ഗൂഗിള്‍ സമ്മതിക്കുന്നില്ല. മുന്പേ പല മഹാന്മാരും തുടങ്ങിവെച്ചിരിക്കുന്നു ആ പേരുകളിലൊക്കെ ബ്ലോഗുകള്‍. അങ്ങനെ എന്‍റെ ബ്ലോഗ് മനസ്സില്‍ തന്നെ അപ്ഡേറ്റു പോലുമാകാതെ കിടന്നു, ഒരുപാട് ദിനങ്ങള്‍...

അങ്ങനെയിരിക്കെ ഒരുദിവസം കൂട്ടുകാരുമായി സല്ലപിക്കുന്ന സമയത്താണ് നെറ്റിനെ കുറിച്ചു ചര്‍ച്ചവരുന്നതും ബ്ലോഗിലേക്കെത്തിപ്പെടുന്നതും. ""അതൊരു ചൊറ പരിപാടിയാണ് മോനേ.. ദിവസം അപ്ഡേറ്റു ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അത് പോലീസ് സ്റ്റേഷനില്‍ പൂതല് പിടിച്ചു കിടക്കുന്ന, മൃഗശാലയായി മാറുന്ന വാഹനങ്ങളെ പോലിരിക്കും''ഒരാളുടെ കമന്‍റ്. ""അങ്ങനെയൊന്നുമില്ലെടോ..പോസ്റ്റു ചെയ്യുന്നത് നല്ലതായാല്‍ മതി. ദിവസവും അപ്ഡേറ്റു ചെയ്യുന്ന ബ്ലോഗുകള്‍ വളരെ കുറച്ചേയുള്ളൂ..പലതിലെയും പോസ്റ്റുകള്‍ക്ക് അവരുടെ ബ്ലോഗിന്‍റയത്ര ആയുസ്സുണ്ടാകും''മറ്റൊരാളുടെ ആശ്വാസവാക്കുകള്‍. ""അയ്ലൊന്നും വല്യ കാര്യല്ല. തോന്നോല് തോന്ന്യേത്ടാനുള്ള ഓരോരോ....''അതു എനിക്കു വല്ലാതെ പിടിച്ചു. തോന്നുന്നതെല്ലാമിടാന്‍ തോന്നിയൊരിടം. അങ്ങനെയാണീ തോന്നലുകള്‍ പിറവിയെടുക്കുന്നത്. പിന്നെ അനസ് ചെര്‍ക്കള, സവാദ് മുണ്ടന്പ്രയെപ്പോലെ സഹായമേകിയ പലര്‍ക്കും ഞാനെന്‍റെ കൃതജ്ഞത ഇതിനാല്‍ അറിയക്കട്ടെ.!

Post a Comment

Previous Post Next Post

News

Breaking Posts