ബസ്വറയിലെ പാട്ടുകാരി | Shawana (r)

tonnalukalوനല്ല സ്ത്രീ,മാതൃകാ വനിത,മഹതി,ശഅവാന, شعوانة

    അല്ലാഹു അവന്‍ ഉദ്ദേശിച്ച ആളുകളെ സന്മാര്‍ഗത്തിലാക്കും, അവന്‍ ഉദ്ദേശിച്ചയാളുകളെ പരീക്ഷണത്തിനു വിധേയമാക്കുന്നു, അവന്‍റെ കാരുണ്യം ചില പ്രത്യേക മനുഷ്യരില്‍ മാത്രം വര്‍ഷിക്കുകയും ചെയ്യുന്നു. മനുഷ്യന്‍ മാറ്റങ്ങള്‍ക്ക് വിധേയമാണെന്നതിനു തെളിവായി പരിശുദ്ധ ഖുര്‍ആന്‍റെ പ്രഖ്യാപനങ്ങളാണിവ. മുസ്ലിമായി, അമുസ്ലിമായി പിറന്നു വീണാലും അന്ത്യനിമിഷത്തെ പ്രവചിക്കാനാവാത്ത അവസ്ഥ. സ്വര്‍ഗത്തില്‍ കാലുകുത്തിയിട്ടല്ലാതെ ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചവനാണെന്ന് വിശ്വസിക്കാന്‍ പാടില്ലെന്ന് ഉമര്‍(റ) പഠിപ്പിച്ചതും അതുകൊണ്ടാവണം.
സത്യദീനില്‍ വളര്‍ന്ന് വന്ന് അറിവിന്‍റെ മഹഹാ ഗോപുരങ്ങള്‍ കീഴടക്കിയിട്ടും അന്ത്യം മോശമായവരുടെ നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ ദര്‍ശിക്കാവുന്നതാണ്. ഇവര്‍ വലിയ പരാജിതരാണ്. എന്നാല്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി അവസാനം സന്മാര്‍ഗത്തിന്‍റെ ശ്രേഷ്ഠ പഥവികള്‍ അലങ്കരിക്കാന്‍ ഭാഗ്യം ലഭിച്ച അനവധി മഹത്തുക്കളുണ്ട്. ഇവരാണ് മഹോന്നതര്‍. ഇവരില്‍ പ്രമുഖ വനിതയാണ് അയ്കത് കുടുംബത്തിലെ കറുത്ത സ്ത്രീയായ ശഅ്വാന(റ).
ബസ്വറയിലെ സുന്ദരമായ ശബ്ദത്തിനുടമയായിരുന്നു ശഅ്വാന.


പാട്ടുകാരിയായ ശഅ്വാനയുടെ സാന്നിധ്യമില്ലാത്ത മരണവീടുകളോ കല്യാണവീടുകളോ അന്നുണ്ടാകുമായിരുന്നില്ല. യുവത്വത്തില്‍ തന്നെ പാട്ടുപാടി സന്പന്നയായി മാറിയ അവര്‍ പക്ഷേ, ബസ്വറയിലെ വലിയ "മോശക്കാരിപ്പെണ്ണ്' എന്നായിരന്നു അറിയപ്പെട്ടിരുന്നുത്. അവരുടെ സന്മാര്‍ഗത്തിലേക്കുള്ള കടന്നു വരവിന്‍റെ കഥ ചരിത്രത്തില്‍ കാണാം.
ഒരിക്കല്‍ ശഅ്വാന തന്‍റെ റോമയിലെയും തുര്‍ക്കിയിലെയും അടിമസ്ത്രീകളോടൊപ്പം നടന്നു പോകവേ, ത്യാഗിയും പണ്ഡിതനുമായ സ്വാലിഹുല്‍ മുര്‍രിയ്യിന്‍റെ വീടിനരികിലെത്തി. അല്ലാഹുവിന്‍റെ ശിക്ഷയെ കുറിച്ച്് ഉപദേശിക്കുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് പൊട്ടിക്കരയുന്ന സദസ്സിന്‍റെ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കാം. ശബ്ദം കേട്ട് ശഅ്വാന ദ്യേപ്പെട്ടു. "അവിടെയെന്തോ സഭയുണ്ടല്ലോ, പോയി നോക്കൂ.' അടിമകളില്‍ ഒരാളെ കാര്യമന്വേഷിക്കാനായി പറഞ്ഞു വിട്ടു. എന്നാല്‍ സുന്ദരമായ നിര്‍ദേശ സംഹിതകളെ കുറിച്ചുള്ള സംസാരത്തില്‍ ആകൃഷ്ടയായി ആ അടിമ അവിടെയിരുന്നു. തിരിച്ചുവരാത്തതു കണ്ട് മറ്റൊരാളെ കൂടി പറഞ്ഞയച്ചു. എന്നാല്‍ അവളും അവിടെയിരുന്നു. വീണ്ടും രണ്ടു പേരെ കൂടി പറഞ്ഞയച്ചെങ്കിലും ആരും തിരിച്ചെത്തിയില്ല. അല്പം കഴിഞ്ഞ് ഒരാള്‍ വന്ന് പറഞ്ഞു. ""അവിടെ മരണ വീട്ടിലെ വിലാപമല്ല, ദോഷികളായ ആളുകള്‍ പശ്ചാത്തപിക്കുന്നതിന്‍റെ ശബ്ദമാണ്''. അവരെ പരിഹസിക്കാനുറച്ച് പുറപ്പെട്ട ശഅ്വാനയുടെ ഹൃദയത്തിലെ ദ്യേം അല്ലാഹു മായിച്ച് തല്‍സ്ഥാനത്ത് ഹിദായത്തിന്‍റെ നൂര്‍ പ്രതിഷ്ഠിച്ചു.
പണ്ഡിതനോട് ശഅ്വാന പറയുകയാണ്. ""എന്‍റെ ആയുസ്സു മുഴുവന്‍ മോശമായ പ്രവര്‍ത്തികളില്‍ പാഴായിപ്പോയി. ലജ്ജയില്ലാത്തവളാണു ഞാന്‍. ഞാന്‍ അല്ലാഹുവില്‍ നിന്നും രക്ഷപ്പെടുമോ?, ഓടിരക്ഷപ്പെടുന്ന പാപികളെ അല്ലാഹു സ്വീകരിക്കുമോ?''. ""അതെ, അല്ലാഹു സ്വീകരിക്കും, ഇവിടെയുള്ള പ്രാര്‍ത്ഥനകളും ഉപദേശങ്ങളും അത്തരം ആളുകള്‍ക്കുള്ളതാണ്.''ശഅ്വാന തുടര്‍ന്നു. ""ആകാശത്തെ താരകങ്ങളേക്കാളും സമുദ്രത്തിലെ വെള്ളത്തുള്ളികളേക്കാളും പാപങ്ങള്‍ ചെയ്തവളാണു ഞാന്‍''. ബസ്വറയിലെ കുപ്രസിദ്ധയായ ശഅ്വാനയാണ് തന്‍റെ മുന്നിലിരിക്കുന്നതെന്നറിയാത്ത പണ്ഡിതന്‍ ആശ്വാസവചനം നല്‍കുകയാണ്, ""നീ ശഅ്വാനയെപ്പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും അല്ലാഹു പൊറുത്തുതരും മോളേ''..അതു കേള്‍ക്കേണ്ട താമസം അട്ടഹസിച്ച് ബോധരഹിതയായി വീണു. അല്പം കഴിഞ്ഞുണര്‍ന്നപ്പോള്‍ അവര്‍ പണ്ഡിതനോട് പറഞ്ഞു. ""ഓ..മഹാനവര്‍കളേ, ആ ശഅ്വാന ഞാന്‍ തന്നെയാണ്''.
പിന്നീട് ആര്‍ഭാട വസ്ത്രങ്ങള്‍ക്കു പകരം കരിന്പടം ഉടുത്തണിയുകയും ആഭരണങ്ങളും സന്പത്തും ധാനം ചെയ്യുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്ത് വാതിലടച്ച് നിത്യമായ പശ്ചാത്താപത്തിലേര്‍പ്പെടുകയാണ് ശഅ്വാന, ""നാഥാ, ഈ അവസ്ഥയില്‍ നിന്നെ കാണിച്ചുതന്ന് ഈ പാപിയെ അനുഗ്രഹിക്കണേ''.
തിന്മയുടെ മാര്‍ഗത്തില്‍ നിന്നും മുക്തി നേടി മരണം വരെയുള്ള 40 വര്‍ഷങ്ങള്‍ അത്ഭുതാവഹമായിരുന്നു അവരുടെ ജീവിതം. ശഅ്വാനയുടെ കരച്ചില്‍ ആരെയും ആശ്ചര്യഭരിതരാക്കും. ഉപദേശങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കുമായി അവരുടെ സദസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് പങ്കുവെക്കാനുള്ളതും അവരുടെ കരച്ചിലിനെ സംബന്ധിച്ചായിരുന്നു. ധാരാളം കരഞ്ഞിട്ടും ക്ഷീണമനുഭവപ്പെടാത്ത അവരുടെ ആഗ്രഹം തന്നെ അല്ലാഹുവിനെയോര്‍ത്ത് കരയാനാണ്. ""അല്ലാഹുവാണെ, ഞാന്‍ എന്‍റെ കണ്ണീരു വറ്റും വരെ കരയാന്‍ ആഗ്രഹിക്കുന്നു. പിന്നെ കണ്ണീരിനു പകരം രക്തമൊലിക്കണം, ആ രക്തം എന്‍റെ ശരീരമാസകലം ഒലിച്ചിറങ്ങണം.''
റൗഹുബ്നു സലമ പറയുന്നതു കേള്‍ക്കൂ. ""ശഅ്വാനയെപ്പോലെ കരയുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അവരുടെ നിലവിളി, കേള്‍ക്കുന്നവരുടെ ഹൃദയത്തെപ്പോലും കരിച്ചുകളയും''. 
ഫുളൈലുബ്നു ഇയാള്(റ)നെപ്പോലെ ധാരാളം മഹാന്മാര്‍ മഹതിയെ പതിവായി സന്ദര്‍ശിക്കുകുയും ദുആ വസിയ്യത്ത് ചെയ്യാറുമുണ്ടായിരുന്നു. അബൂ ഉമര്‍ ളരീര്‍ മഹതിയെ സന്ദര്‍ശിച്ച അനുഭവം പങ്ക് വെക്കുന്നു. ""ഞാന്‍ പലതവണ ശഅ്വാനയുടെ സദസ്സില്‍ പോയെങ്കിലും അവരുടെ കരച്ചില്‍ കാരണം അവര്‍ പറയുന്നതൊന്നും മനസ്സിലായില്ല''. അപ്പോള്‍ മുഹമ്മദ് എന്നവര്‍ ചോദിച്ചു, ""അവരുടെ ഒരു വാക്കും ഓര്‍മയില്ലേ?''.""ഉണ്ട്, ഒന്നു മാത്രം, കരയുക, കരയാന്‍ സാധിക്കാത്തവര്‍ കരയുന്നവരോട് മനസ്സലിവ് കാണിക്കുക. കാരണം അവര്‍ കരയുന്നത് സ്വശരീരത്തിന്‍റെ പാപങ്ങളെയോര്‍ത്തുകൊണ്ടാണ്''. ശഅ്വാനയോടൊപ്പമുള്ള സഹവാസം ജീവിതത്തെ നന്മയിലെത്തിച്ച സന്തോഷമാണ് ഒരു ഭൃത്യക്ക് പറയാണുള്ളത്. ""ഞാന്‍ ശഅ്വാനയെ കണ്ടതു മുതല്‍ അവരുടെ ബറകത് കൊണ്ട് ദുന്‍യാവിന്‍റെ മോഹങ്ങള്‍ എന്നെ വേട്ടയാടിയിട്ടില്ല. ആരെയും നിസാരമായി കണ്ടിട്ടുമില്ല''.

പരലോക ചിന്തയില്‍ ദുന്‍യാവിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് യാതൊരു വിലയും മഹതി നല്‍കിയിരുന്നില്ല. മുആദ് ബ്നുല്‍ ഫള്ല്‍ പറയുന്നത് കാണാം. ശഅ്വാനയുടെ കരച്ചില്‍ കണ്ട് അവര്‍ അന്ധയായിപ്പോകുമോയെന്ന് ഞങ്ങള്‍ ഭയന്നു. അവരോട് ഈ ഭയം അറിയിച്ചപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. ""പരലോക ശിക്ഷയനുഭവിച്ച് അന്ധയാകുന്നതിനേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് ദുന്‍യാവില്‍ കരഞ്ഞ് അന്ധയാകാനാണ്''.
താഴ്മയും വിനയവുമായിരുന്നു അവരുടെ മറ്റൊരു സവിശേഷത. മാലിക് ബ്നു ളയ്ഗമിനോട് അവര്‍ ഒരിക്കല്‍ പറയുകയുണ്ടായി. ""എനിക്ക് നിന്‍റെ ബാപ്പയെ കാണാന്‍ വരണമെന്നുണ്ട്. പക്ഷേ, ഞാന്‍ വന്നാല്‍ യജമാനനായ അല്ലാഹുവിന് വഴിപ്പെടുന്ന നിന്‍റെ ഉപ്പയെ ബുദ്ധിമുട്ടിക്കലാകും. യജമാനന് വഴിപ്പെടലാണല്ലോ ശഅ്വാനയോട് സംസാരിക്കുന്നതിനേക്കക്കാള്‍ ഉത്തമം. ശഅ്വാന വെറും ദോഷിയായ കറുത്ത പെണ്ണ് മാത്രമാണ്'' എന്നു പറഞ്ഞ് അവര്‍ കരയാന്‍ തുടങ്ങി.
ആരാധിക്കുന്ന ദൈവത്തോട് കടപ്പാട് ചെയ്തുതീര്‍ക്കുന്നതിന് പുറമേ സ്നേഹിക്കുകയും ചെയ്യുന്പോള്‍ സൃഷ്ടാവിന് കൂടുതല്‍ സന്തോഷം നല്‍കും. റാബിഅതുല്‍ അദവിയ്യ(റ)യെപ്പോലെ ശഅ്വാനയും അല്ലാഹുവിനെ സ്നേഹിച്ചാരാധിച്ചവരില്‍ പെട്ടവരാണ്. ശഅ്വാനയുടെ പ്രാര്‍ത്ഥനയില്‍ നിന്നു തന്നെ അത് വ്യക്തമാണ്. ""നാഥാ...നിന്നോടുള്ള സ്നേഹം കൊണ്ട് ദാഹിക്കുന്നവന്‍ ഒരിക്കലും ദാഹം തീരാത്തവനാണ്.
മരണവേളയില്‍ പോലും ആ സ്നേഹം നിഴലിച്ചു കൊണ്ടു. ""ഞാന്‍ ചെയ്തു കൂട്ടിയ പാപങ്ങളെയോര്‍ത്ത് അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ഞാന്‍ ഭയക്കുന്നു''. ഇബ്റാഹീമുബ്നു അബ്ദില്‍ മലിക് പറയുന്നു. ""ശഅ്വാനയും ഭര്‍ത്താവും മക്കയില്‍ വന്നു. നിസ്ക്കാരവും ത്വവാഫുമായി കഴിഞ്ഞുകൂടുന്പോള്‍ ക്ഷീണം വരുന്ന അവസരത്തില്‍ രണ്ടുപേരും ഒരിടത്തിരിക്കും. ഭര്‍ത്താവിന് പിന്നിലായി ശഅ്വാനയും ഒതുങ്ങിയിരിക്കും. ഭര്‍ത്താവ് പറയും. "നിന്നോടെനിക്ക് അതിയായ സ്നേഹമുണ്ട്''. അപ്പോള്‍ അവരുടെ മറുപടി. ""എല്ലാ രോഗങ്ങള്‍ക്കുള്ള മരുന്നും അല്ലാഹു സംവിധാനിച്ചിട്ടുണ്ട്. എന്നാല്‍ സ്നേഹത്തിനു പകരമായി ഒരു മറുമരുന്നില്ല''.

മുഹമ്മദുബ്നു മുആദ് ഒരു ആബിദതായ സ്ത്രീയുടെ അനുഭവം വിവരിക്കുന്നുണ്ട്. ""ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതായി സ്വപ്നം കണ്ടു. ആ സമയത്ത് സ്വര്‍ഗനിവാസികള്‍ വാതില്‍ക്കല്‍ ആരെയോ സ്വീകരിക്കാന്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്. ഞാന്‍ ഒരാളോട് കാര്യം തിരക്കി. അയ്കത് ഗോത്രത്തിലെ ഒരു കറുത്ത പെണ്ണിനെ പ്രതീക്ഷിച്ചു നില്‍പ്പാണവര്‍. പേര് ശഅ്വാന. അങ്ങനെയിരിക്കെ അന്തരീക്ഷത്തിലൂടെ അവര്‍ പാറിവരുന്നത് കണ്ടു. ഞാന്‍ ചോദിച്ചു. ""അല്ലയോ എന്‍റെ സഹോദരീ, അല്ലാഹുവിനോട് എന്നെയും നിങ്ങളോടൊപ്പം കൂട്ടാന്‍ ദുആ ചെയ്യണം.''അവര്‍ ചിരിച്ചു. ""നിങ്ങള്‍ക്കു വരാന്‍ സമയമായിട്ടില്ല. പക്ഷേ, രണ്ട് കാര്യം പതിവാക്കണം. അല്ലാഹുവിനെയോര്‍ത്ത് എപ്പോഴും കരയണം, സ്വന്തം ദേഹേഛയേക്കാള്‍ അല്ലാഹുവിനോടുള്ള സ്നേഹത്തിന് മുന്‍ഗണന നല്‍കണം. എന്നാല്‍ നിങ്ങള്‍ എപ്പോള്‍ മരണപ്പെട്ടാലും യാതൊരു പ്രശ്നവുമുണ്ടാകില്ല''. 
ശഅ്വാനയുടെ വാക്കുകളും പാട്ടുകളും പിന്നീട് മരണത്തെ കുറിച്ചായിരുന്നു. "ദുന്‍യാവിനെ മനുഷ്യന്‍ കൊതിക്കുന്നു. കൊതി തീരും മന്പ് മനുഷ്യന്‍ യാത്രയാകുന്നു. മനുഷ്യന്‍ ചെടിയെ നട്ടുവളര്‍ത്തുന്നു, എന്നാല്‍ വേര് വളരുന്നു, മനുഷ്യന്‍ മരിക്കുന്നന്നു'. ഇത്തരം വരികള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പാട്ടു പാടിയ ശേഷം ഒരു പൊട്ടിക്കരച്ചിലായിരിക്കും കേള്‍ക്കാനാവുക.
മഹതി സദാസമയും നാഥനോടുള്ള ദുആയിലായിരിക്കും. ""നിന്നെ നേരില്‍ കാണാനും നിന്‍റെ പ്രതിഫലം കരസ്ഥമാക്കാനും വളരെ ആഗ്രഹമുണ്ടെനിക്ക്. മനുഷ്യന്‍റെ ആഗ്രഹം നിറവേറ്റാന്‍ കഴിയുന്നവന്‍ നീ മാത്രമാണ്. പാപങ്ങള്‍ക്കു ശിക്ഷ വിധിക്കാന്‍ നിന്നേക്കാള്‍ നീതിമാനായി മറ്റാരാണുള്ളത്?. മാപ്പു ചെയ്യാനോ മറ്റാര്‍ക്കും കഴിയുകയുമില്ല. നാഥാ..എന്‍റെ ദോഷങ്ങള്‍ എനിക്കു ഭയം നല്‍കിയെങ്കിലും നിന്നോടുള്ള സ്നേഹം എനിക്കു അഭയം നല്‍കിയിട്ടുണ്ട് പലപ്പോഴും. എന്‍റെ നാഥാ..ഞാന്‍ ദോഷം ചെയ്തിട്ടില്ലായിരുന്നെങ്കില്‍ നിന്‍റെ ശിക്ഷയെ ഞാന്‍ ഭയക്കില്ലായിരുന്നു. നിന്‍റെ വിശാലമായ ഔദാര്യത്തെ എനിക്കറിയില്ലായിരുന്നെങ്കില്‍ നിന്‍റെ പ്രതിഫലത്തെ ഞാന്‍ പ്രതീക്ഷിക്കില്ലായിരുന്നു''.
ജീവിതത്തില്‍ ഒരിറ്റു കണ്ണീരു പൊഴിക്കാന്‍ പ്രയാസപ്പെടുന്ന നമുക്ക് കരഞ്ഞ് കണ്ണീരു വറ്റിയ ശഅ്വാന(റ) എന്നും മാതൃകയാണ്.

Post a Comment

أحدث أقدم

News

Breaking Posts