ഹസനുല്‍ ബസ്വരി(റ) | Hasan al-Basri

 

tonnalukal


      
                മുത്തുനബിയുടെ ഭാര്യ ഉമ്മുസലമ ബീവിയുടെ അടുക്കലേക്ക് ഒരാള്‍ ഓടിവന്നു ആ സന്തോഷവാര്‍ത്ത പറഞ്ഞു. ഖൈറ പ്രസവിച്ചിരിക്കുന്നു, ആണ്‍കുഞ്ഞാണ്". ഉമ്മുസലമ ബീവിയുടെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു. വല്ലാത്ത സന്തോഷം ആ മുഖത്ത് കളിയാടി. ഉടന്‍ തന്നെ ഒരു ദൂതനെ പറഞ്ഞയച്ചു. ഖൈറയും കുഞ്ഞും ഇനി ഇവിടെ താമസിക്കട്ടെ. ഉമ്മക്കും കുഞ്ഞിനും താമസിക്കാന്‍ മഹതി എല്ലാ സൗകര്യങ്ങളും ഒരുക്കി. ഖൈറ ഉമ്മുസലമ ബീവിയുടെ അടിമയാണെങ്കിലും തനിക്ക് വളരെ പ്രിയപ്പെട്ടവളാണ്. ഒരടിമയോടെന്ന പോലെയല്ല അവിടുത്തെ പെരുമാറ്റങ്ങള്‍. അത്രയ്ക്കും സ്നേഹബന്ധമായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്നത്. അധികം വൈകാതെത്തന്നെ ഖൈറയും കുഞ്ഞും യജമാനത്തി ഉമ്മുസലമ ബീവിയുടെ വീട്ടിലെത്തി. കുട്ടിയെ കണ്ടയുടന്‍ ഉമ്മുസലമ ബീവിക്ക് തന്‍റെ സന്തോഷം നിയന്ത്രിക്കാനായില്ല. വാരിപ്പുണര്‍ന്നു ചുടുചുംബനങ്ങള്‍ കുഞ്ഞുപൈതലിന്‍റെ കവിളില്‍ പകര്‍ന്നു. ആ കുഞ്ഞിന്‍റെ സൗന്ദര്യം കാണാന്‍ വരുന്നവര്‍ക്കൊക്കെ ആശ്ചര്യമേകി. ഉമ്മുസലമ ബീവി ഖൈറയോട് ചോദിച്ചു, 'കുട്ടിക്ക് പേരിട്ടോ'. ഇല്ല, നിങ്ങള്‍ക്കിഷ്ടപ്പെട്ട പേരിടാന്‍ വേണ്ടി ഞാന്‍ പേരൊന്നും കണ്ടിട്ടില്ല. നിങ്ങള്‍ പേര് വെക്കൂ. 'അല്ലാഹുവിന്‍റെ ബറകത് കാംക്ഷിച്ച് ഞാനീ കുഞ്ഞിന് ഹസന്‍ എന്ന് നാമകരണം ചെയ്യുന്നു'. ശേഷം ആകാശത്തേക്ക് കൈകളുയര്‍ത്തി മഹതി കുഞ്ഞിന് വേണ്ടി ദുആ ചെയ്തു.

ആ കുഞ്ഞാണ് പില്‍ക്കാലത്ത് ഹസനുല്‍ബസ്വരി എന്ന പേരില്‍ വിശ്വപണ്ഡിതനായി മാറിയത്.
    മുത്തുനബിയുടെ വീട്ടില്‍ കുട്ടി പതിയെ വളര്‍ന്നു. ഹിന്‍ദ് ബിന്‍ത് സുഹൈല്‍ എന്ന ഉമ്മുസലമ ബീവി വളരെ ബുദ്ധിമതിയും തന്‍റേടിയുമായിരുന്നു. മുത്തുനബിയുടെ 378 ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹതി തികഞ്ഞ പണ്ഡിതയുമായിരുന്നു. ഉമ്മുസലമ ബീവിയുടെ ശിക്ഷണത്തില്‍ വളരാന്‍ ഭാഗ്യം ലഭിച്ച ഹസനുല്‍ ബസ്വരിയെ തന്‍റെ ഉമ്മ ഖൈറ പുറത്തുപോകുമ്പോഴെല്ലാം കുട്ടിയെ നോക്കാന്‍ ഉമ്മുസലമ ബീവിയെയാണ് ഏല്പിച്ചിരുന്നത്. കുട്ടിയോടുള്ള സ്നേഹത്തില്‍ ഉമ്മുസലമ ബീവി യാതൊരു പ്രയാസവും വരുത്താതെ  കുഞ്ഞിനെ പരിപാലിച്ചു. കുഞ്ഞ് വിശന്നുകരയാന്‍ തുടങ്ങുമ്പോള്‍ തന്‍റെ മുല കുഞ്ഞിന് നല്‍കി കരച്ചിലടക്കി. അക്കാരണത്താല്‍ തന്നെ ഉമ്മുസലമ ബീവി ഹസനുല്‍ബസ്വരിക്ക് രണ്ട് വിധേന ഉമ്മയാണ്. ഒന്ന് വിശ്വാസികളുടെ ഉമ്മ എന്ന നിലക്കും രണ്ടാമതായി മഹതിയുടെ പാല്‍കുടിച്ചതു കാരണവും. ഇങ്ങനെയൊരു ഭാഗ്യം ലഭിച്ച മറ്റൊരാളും തന്നെ ഉണ്ടാവുകയില്ല. മുത്തുനബിയുടെ ഭാര്യമാരുടെ വീടുകളിലും മറ്റു സ്വഹാബത്തിന്‍റെ വാത്സല്യത്തിലുമായി വളര്‍ന്ന ഹസന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട കുഞ്ഞായി മാറി. ഉമ്മുസലമ ബീവിയുമായുള്ള ബന്ധവും മറ്റു സ്വഹാബിമാരെ കണ്ടുള്ള ജീവിതവും സ്വഭാവരൂപീകരണത്തില്‍ ഹസന് വലിയ മുതല്‍ക്കൂട്ടായി. അലി(റ)യുമായായിരുന്നു ഹസന് കൂടുതല്‍ ബന്ധം. ആരാധനകളിലുള്ള കണിശതയും ദുന്‍യാവിനോടുള്ള വിരക്തിയും അലി(റ)യില്‍ നിന്നാണ് പഠിച്ചത്.
    കൗമാരകാലഘട്ടത്തിലെത്തിയ ഹസന്‍ തന്‍റെ പതിനാലാം വയസ്സില്‍ കുടുംബത്തോടൊപ്പം ബസ്വറയിലേക്കു യാത്രയാവുകയും അവിടെ സ്ഥിര താമസമാക്കുകയും ചെയ്തു. ബസ്വറയിലേക്കു ചേര്‍ത്ത് ഹസനുല്‍ബസ്വരി എന്ന് അതുമുതലാണ് വിളിക്കപ്പെട്ടത്.  ബസ്വറ അക്കാലത്തെ ഏറ്റവും വലിയ ജ്ഞാനകേന്ദ്രമായിരുന്നു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ നിരവധിയാളുകള്‍ അറിവു നേടാന്‍ ബസ്വറയെയായിരുന്നു ആശ്രയിച്ചിരുന്നത്. ബസ്വറയിലെ വലിയപള്ളിയില്‍ പഠനത്തിനായി ഹസന്‍ബസ്വരി താമസമാക്കി. നിരവധി അറിവിന്‍റെ ഹല്‍ഖകള്‍ ആ പള്ളിയില്‍ നടന്നുവന്നിരുന്നു. സ്വഹാബിയും വിശ്വവിഖ്യാതപണ്ഡിതനുമായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിന്‍റെ മജ്ലിസില്‍ ഹസന്‍(റ)ചെന്നിരുന്നു. തഫ്സീര്‍, ഹദീസ്, ഖിറാഅത്ത് തുടങ്ങിയവയില്‍ അവഗാഹം നേടാന്‍ ആ മജ്ലിസ് വലിയ സഹായമേകി. ശേഷം വലിയ പണ്ഡിതനായി മാറിയ ഹസനുല്‍ ബസ്വരിയുടെ വാക്കുകള്‍ക്ക് ഉമറാക്കളും ഭരണാധികാരികളും വരെ കാതോര്‍ക്കാന്‍ തുടങ്ങി.
 
    ഖാലിദ്ബ്നു സ്വഫ്വാന്‍ ഹസനുല്‍ ബസ്വരിയുടെ ശിഷ്യനും അധിക സദസ്സുകളിലും പങ്കെടുത്ത വ്യക്തിയായിരുന്നു. അദ്ദേഹം ഒരിക്കല്‍ ഇറാഖിലെ പുരാതന നഗരമായ ഹീറതില്‍ വെച്ച് മസ്ലമതുബ്നു അബ്ദില്‍ മലികിനെ കാണാനിടയായി. മസ്ലമ ചോദിച്ചു, 'ഓ ഖാലിദ്, ഹസനെ കുറിച്ച് നിങ്ങളെനിക്ക് പറഞ്ഞു തരാമോ? അദ്ദേഹത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്നേക്കാള്‍ അറിയുമെന്ന് ഞാന്‍ കരുതുന്നു. അതെ, കുറേ കാലം ഞാന്‍ അദ്ദേഹത്തിനൊപ്പം ചെലവഴിച്ചിട്ടുണ്ട്. കുറേ സദസ്സുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. രഹസ്യമായ കാര്യങ്ങളൊന്നും അബു സഈദിനില്ല. അദ്ദേഹത്തിന്‍റെ രഹസ്യങ്ങള്‍ പരസ്യമായ കാര്യങ്ങള്‍ പോലത്തന്നെയാണ്. വാക്കുകള്‍ പ്രവര്‍ത്തികള്‍ക്കു സമാനമാണ്. ഒരു കാര്യം ചെയ്യാന്‍ വേണ്ടി കല്പിക്കപ്പെട്ടാല്‍ ജനങ്ങളില്‍ ആ കാര്യം ചെയ്യാന്‍ കൂടുതല്‍ തയ്യാറാകുന്നത് അദ്ദേഹമായിരിക്കും. വിരോധിക്കപ്പെട്ട കാര്യത്തോടടുക്കുക പോലുമില്ല. ജനങ്ങളുടെയെല്ലാം ആശ്രയകേന്ദമാണ് അബൂസഈദ് എന്ന ഹസനുല്‍ ബസ്വരി. "ഓ ഖാലിദ്, ഇത്രയും മതി. ഞാന്‍ തൃപ്തനായി. ഹസനെപ്പോലെയൊരാള്‍ ഒരു സമൂഹത്തിലുണ്ടെങ്കില്‍ ആ ജനങ്ങള്‍ പിന്നെ വഴിപിഴച്ചു പോകാന്‍ സാധ്യതയില്ല,. .
    അക്രമിയും ദുര്‍ഭരണാധികാരിയുമായിരുന്ന ഹജ്ജാജുബ്നു യൂസുഫ് ഭരണം നടത്തിയിരുന്ന കാലം. അദ്ദേഹത്തിന്‍റെ ഭരണത്തില്‍ ജനങ്ങളാരും തന്നെ സംതൃപ്തരായിരുന്നില്ലെങ്കിലും ഭയം കാരണം അധികമാരും എതിരൊന്നും പറഞ്ഞില്ല. എന്നാല്‍ ഹസനുല്‍ബസ്വരിയെപ്പോലെയുള്ള വളരെ ചുരുക്കം ആളുകള്‍ അദ്ദേഹത്തിന്‍റെ ചെയ്തികള്‍ക്കെതിരെ ശബ്ദിക്കുമായിരുന്നു. സത്യത്തെ മറച്ചുവെക്കാന്‍ ആ മഹാന്‍  തയ്യാറായിരുന്നില്ല. സത്യം തുറന്നു പറയാന്‍ ആരെയും ഭയപ്പെട്ടതുമില്ല. അങ്ങനെയിരിക്കെ വാസിത് എന്ന സ്ഥലത്ത് ഹജ്ജാജ് വലിയൊരു കൊട്ടാരം പണിതു. പണിതീര്‍ന്നയുടനെ ജനങ്ങളെയെല്ലാവരെയും തന്‍റെ കൊട്ടാരത്തിലേക്കു ക്ഷണിക്കുകയും ചെയ്തു. ജനങ്ങളെല്ലാം ഒരുമിച്ചു കൂടുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തി അവരെ ഉപദേശിക്കുക എന്നത് ഹസനുല്‍ബസ്വരിയുടെ സ്വഭാവമായിരുന്നു. ഈ അവസരവും ഉപയോഗപ്പെടുത്താന്‍ തന്നെ മഹാനുഭാവന്‍ തീരുമാനിച്ചു. കൊട്ടാരത്തിലെത്തിയപ്പോള്‍ ജനങ്ങളെല്ലാം കൊട്ടാരഭംഗിയില്‍ ആശ്ചര്യഭരിതരായിരിക്കുന്നതാണ് കാണുന്നത്. ആ ദൃശ്യചാരുതയില്‍ അഭിരമിച്ചിരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ പ്രസംഗിക്കാനായി ഹസന്‍(റ) എണീറ്റു. 'ഹജ്ജാജ് നിര്‍മിച്ച ഈ കൊട്ടാരം നാമെല്ലാവരും കണ്ടുകഴിഞ്ഞു. മുമ്പ് ഫിര്‍ഔനും ഇത്തരമൊരു കൊട്ടാരം പണിതിരുന്നു. പക്ഷെ അല്ലാഹു അത് നശിപ്പിക്കുകയാണ് ചെയ്തത്. ഈ പ്രവര്‍ത്തിയില്‍ ആകാശ-ഭൂനിവാസികള്‍ കോപിക്കുന്നവരും ദേഷ്യപ്പെടുന്നവരുമാണ് എന്ന് ഹജ്ജാജ് അറിഞ്ഞിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു.' ഹൃദയത്തില്‍ തുളച്ചു കയറുന്ന വാക്കുകള്‍ ജനങ്ങളെ ഇരുത്തിച്ചിന്തിപ്പിച്ചു. ഒരാള്‍ എണീറ്റു, ഓ..അബുസ്സഈദ്, മതി. ഞങ്ങള്‍ക്കെല്ലാം മനസ്സിലായി. ഹസന്‍(റ) പറഞ്ഞു. തീര്‍ച്ചയായും അല്ലാഹു അറിവുള്ളവരുടെ മേല്‍ കരാര്‍ ചെയ്തിട്ടുണ്ട്. തെറ്റുകള്‍ കാണുമ്പോള്‍ മിണ്ടാതിരിക്കുകയോ, മറച്ചുവെക്കുകയോ ചെയ്യരുത്.
    പിറ്റേ ദിവസം സംഭവങ്ങളെല്ലാം അറിഞ്ഞ് കോപാകുലനായി ഹജ്ജാജ് കയറിവന്നു ജനങ്ങളെ അഭിമുഖീകരിച്ചു. ബസ്വറയില്‍ നിന്നു വന്ന ഒരാള്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞുപോയി. നിങ്ങളാരും എന്തേ പ്രതികരിക്കാഞ്ഞത്?. ഓ..ഭീരുക്കളേ, അദ്ദേഹത്തിന്‍റെ രക്തം ഞാന്‍ നിങ്ങളെ കുടിപ്പിക്കുക തന്നെ ചെയ്യും. പിന്നെ അദ്ദേഹം ഒരു വാളും തോലും കൊണ്ടുവരാന്‍ കല്‍പിച്ചു. ആരാച്ചാറും സ്ഥലത്തെത്തി. താമസിയാതെ സൈന്യം ഹസനെ(റ) ഹാജരാക്കി. ജനങ്ങളുടെ ഹൃദയമിടിപ്പ് കൂടി. കണ്ണുകള്‍ ഭയവിഹ്വലതയോടെ രംഗം നോക്കിനിന്നു. വാളും തോലും പിന്നെ ആരാച്ചാരെയും കണ്ട ഹസനുല്‍ബസ്വരിക്ക് കാര്യം മനസ്സിലായി. അദ്ദേഹത്തിന്‍റെ ചുണ്ടുകള്‍ മന്ത്രിക്കാന്‍ തുടങ്ങി. എന്നിട്ട് ഹജ്ജാജിനു നേരെ തിരിഞ്ഞുനിന്നു. അത്ഭുതമെന്നു പറയട്ടെ, ഈമാനിക പ്രഭാവം വെട്ടിത്തിളങ്ങുന്ന ആ മുഖം കണ്ടയുടനെ ഹജ്ജാജിന്‍റെ മനസ്സ് മാറി. ഒരു ഇരിപ്പിടം ഒരുക്കി അദ്ദേഹത്തെ ആദരിച്ചിരുത്തി. ഹജ്ജാജ് കുറേ ചോദ്യങ്ങള്‍ ചോദിക്കുകയും ഹസനുല്‍ബസ്വരി അവക്കെല്ലാം ഉത്തരം നല്‍കുകയും ചെയ്തു. ഓ..അബുസ്സഈദ്, നിങ്ങള്‍ പണ്ഡിതരുടെ നേതാവാണ്. ഹജ്ജാജ് പ്രശംസ കൊണ്ട് മൂടുകയും വിലകൂടിയ സുഗന്ധം പൂശി ആദരിച്ച് യാത്രയാക്കുകയും ചെയ്തു. പുറത്തിറങ്ങിയ ഹസനുല്‍ബസ്വരിയെ ഒരു പട്ടാളക്കാരന്‍ പിടിച്ചുനിര്‍ത്തി ചോദിച്ചു. നിങ്ങളെ യഥാര്‍ത്ഥത്തില്‍ കൊല്ലാനായിരുന്നു ഹജ്ജാജ് വിളിപ്പിച്ചത്. നിങ്ങള്‍ വാളും ആരാച്ചാരെയും കണ്ടപ്പോള്‍ എന്തോ മന്ത്രിക്കുന്നത് കണ്ടല്ലോ. എന്താണത്?
ഞാന്‍ എന്‍റെ നാഥനെ വിളിച്ചു ഈ പ്രയാസത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ പറഞ്ഞു. ഇബ്റാഹീം നബിയെ തീയില്‍ നിന്ന് രക്ഷപ്പെടുത്തിയ പോലെ എന്നെയും രക്ഷിക്കാന്‍ പ്രാര്‍ത്ഥിച്ചു. അതായിരുന്നു നിങ്ങള്‍ കണ്ടത്.
  
    ഭരണാധികാരികളുടെ കണ്ണുകള്‍ തുറപ്പിക്കാന്‍ ഹസനുല്‍ ബസ്വരിക്ക് തന്‍റെ പ്രവര്‍ത്തികളും വാക്കുകളും കൊണ്ട് സാധിച്ചു. ചരിത്രത്തില്‍ മറ്റൊരു സംഭവം കാണാം. ഖലീഫ ഉമറുബ്നു അബ്ദുല്‍ അസീസിന്‍റെ വഫാതിനു ശേഷം യസീദുബ്നു അബ്ദില്‍ മലിക് അധികാരത്തില്‍ വന്നു. ഉമറുബ്നു ഹുബൈറയെ ഇറാഖിന്‍റെ ഗവര്‍ണറാക്കി അദ്ദേഹം ചുമതലപ്പെടുത്തി. യസീദ് മുന്‍കാല മഹാന്മാരില്‍ നിന്നും വ്യത്യസ്തനായിരുന്നു. അദ്ദേഹത്തിന്‍റെ പല പ്രവര്‍ത്തികളും സത്യമതത്തിനെതിരായിരുന്നു. ഉമറുബ്നു ഹുബൈറക്ക് അദ്ദേഹം ധാരാളം കത്തുകളയച്ചു. കത്തുകളിലൂടെ ഭരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി. അതിലുള്ളതൊക്കെ നടപ്പാക്കാനും കല്പിച്ചു. അത് ഒരുപക്ഷേ ഹഖിനെതിരായേക്കാം.
ഹുബൈറ ഹസനുല്‍ബസ്വരി, ആമിറുബ്നു ശുറാഹീല്‍ എന്നിവരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ പറഞ്ഞു. 'യസീദാണല്ലൊ ഭരണാധികാരി. അതിനാല്‍ ജനങ്ങളെല്ലാം അദ്ദേഹത്തിനെ അനുസരിക്കല്‍ നിര്‍ബന്ധിതരാണ്. ഇറാഖ് എന്നെയാണ് ഏല്പിച്ചിരിക്കുന്നത്. എനിക്ക് പലപ്പോഴും അദ്ദേഹത്തിന്‍റെ കത്തുകള്‍ വരാറുണ്ട്. ചെയ്യാന്‍ പറഞ്ഞ പല കാര്യങ്ങളും സത്യത്തിനെതിരാണ്. ഞാന്‍ ദീനില്‍ നിന്ന് പുറത്ത് പോകുമോയെന്നു ഭയപ്പെടുകയാണ്.' ആമിര്‍ ഖലീഫക്കനുകൂലമായ മറുപടിയാണ് പറഞ്ഞത്. ഹസനുല്‍ ബസ്വരി നിശബ്ദനായിരുന്നു. ഉമറുബ്നു ഹുബൈറ ചോദിച്ചു, ഓ അബുസ്സഈദ്, നിങ്ങളെന്താ ഒന്നും പറയാത്തത്. നിങ്ങളുടെ അഭിപ്രായം പറയൂ. മഹാന്‍ പറഞ്ഞു,'ഓ ഇബ്നു ഹുബൈറാ, നിങ്ങള്‍ അല്ലാഹുവിനെയാണ് ഭയപ്പെടേണ്ടത്. അല്ലാതെ യസീദിനെയല്ല. തീര്‍ച്ചയായും യസീദിന്‍റെ ശിക്ഷകളില്‍ നിന്ന് അല്ലാഹു നിങ്ങളെ സഹായിക്കും. പക്ഷെ അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് യസീദ് നിങ്ങളെ സംരക്ഷിക്കുകയില്ല. മരണത്തെയോര്‍ത്ത് ജീവിക്കുക. മരണത്തില്‍ നിന്ന് ഒരിക്കലും യസീദ് നിങ്ങളെ രക്ഷിക്കൂലാ'..ഹസനുല്‍ബസ്വരിയുടെ ഉപദേശം കേട്ട് അദ്ദേഹം പൊട്ടിക്കരയാന്‍ തുടങ്ങി. കണ്ണുനീര്‍ ഇറ്റിവീണ് താടിമുഴുവന്‍ നനഞ്ഞുകുതിര്‍ന്നു.
    ഹിജ്റ 21ല്‍ മദീനയില്‍ ജനിച്ച ഹസനുല്‍ ബസ്വരി, ഹിജ്റ 110ല്‍ അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കി പരലോക യാത്രയായി. റജബ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച രാവിലായിരുന്നു മഹാനുഭാവന്‍റെ അന്ത്യം. ചെറുപ്പ കാലത്ത് പഠനം നടത്തുകയും പിന്നീട് അധ്യാപകനായി സേവനം ചെയ്യുകയും ചെയ്ത പള്ളിയില്‍ തന്നെയാണ് ജനാസ ഖബറടക്കിയത്. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മയ്യിത്ത് നമസ്ക്കാരം നടന്നു. ജനബാഹുല്യം കാരണം അന്നത്തെ അസ്വര്‍ നിസ്ക്കാരം നിര്‍വഹിക്കാന്‍ പോലും പ്രയാസപ്പെട്ടു. പുരാതനമായ ആ പള്ളിയുടെ നിര്‍മാണത്തിനു ശേഷം ആദ്യമായാണ് ഒരു വഖ്ത് നിസ്ക്കാരം തടസ്സപ്പെടുന്നതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

Post a Comment

Previous Post Next Post

News

Breaking Posts