മക്കള്‍ക്കിടയില്‍ നീതി പുലര്‍ത്തുന്നവരാണോ നിങ്ങള്‍....?

tonnalukal



വെള്ളിയാഴ്ച. ജുമുഅയുടെ ദുആയും കഴിഞ്ഞ് എണീറ്റ് പോകാറുള്ള ഉസ്താദ് പ്രസംഗിക്കാന്‍ എണീറ്റപ്പോള്‍ എന്തെന്നില്ലാത്ത വികാരമായിരുന്നു മനസ്സിന്. വല്ലപ്പോഴുമേ ഉസ്താദിന്‍റെ പ്രസംഗം കേള്‍ക്കാന്‍ ഭാഗ്യമുണ്ടാകാറുള്ളൂ. അതുതന്നെയാണ് ഈ വൈകാരികതയുടെ കാരണവും. ഫ്ളക്സുകളുടെയും വന്‍സെറ്റുകളുടെ അകമ്പടിയോടെ കാശെണ്ണിവാങ്ങി പ്രഭാഷണം പറഞ്ഞുനടക്കുന്നവരേക്കാള്‍ ചില വയസ്സായ, നിഷ്കളങ്കരായ, സൂക്ഷ്മതയോടെ പള്ളിയില്‍ മാത്രം ഒതുങ്ങിക്കൂടി ജീവിക്കുന്ന ഉസ്താദുമാരുടെ വഅളുകള്‍ ഫലം ചെയ്യുന്നത് നമുക്ക് അനുഭവമില്ലേ. അത്തരത്തിലുള്ള ഒരു ഉസ്താദാണിത്. ആരോടും പരിഭവം പറയാതെ സദാസമയവും കിതാബും ദിക്റുകളുമായി കഴിഞ്ഞുകൂടുന്ന മഹാമനീഷി. ഉസ്താദിനെ കുറിച്ച് കൂടുതല്‍ പറയാനുണ്ട്, പക്ഷേ ഉസ്താദിനിഷ്ടമുണ്ടാകില്ല എന്നോര്‍ത്ത് ഇവിടെ ചുരുക്കുകയാണ്.
നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങാനൊരുങ്ങിയ പലരും പ്രസംഗം കേള്‍ക്കാന്‍ അവിടത്തന്നെയിരുന്നു. കുടുംബ പ്രശനങ്ങള്‍ അധികരിച്ച ഇക്കാലത്ത് എന്തുകൊണ്ടും പ്രസക്തമായ ഒരു വിഷയ സംബന്ധിയായാണ് ഉസ്താദിന്‍റെ പ്രസംഗം. അതാണ് ഇവിടെ വായനക്കാരുമായി പങ്കുവെക്കുന്നതിന്‍റെ ഉദ്ദേശ്യവും.
നല്ല വാക്കുകളും ഭാഷയുമറിയാവുന്ന ഉസ്താദിന്‍റെ പ്രസംഗം പകര്‍ത്തുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്. പ്രസംഗം അതേ പടി പകര്‍ത്തിയതു കൊണ്ട് ആവര്‍ത്തനങ്ങള്‍ നിരവധിയാണ്. വായനക്കാര്‍ ക്ഷമിക്കുമല്ലോ.
'സ്നേഹം മഹത്തായ ഒരു കാര്യമാണ്. ലോകത്ത് സ്നേഹം കൊതിക്കാത്ത ആരുമുണ്ടാകില്ല. മാതാപിതാക്കളുടെ സ്നേഹം കിട്ടാന്‍ മക്കള്‍ ആഗ്രഹിക്കുന്നു. ഗുരുനാഥരുടെ സ്നേഹം കിട്ടാന്‍ ശിഷ്യരും, ഭര്‍ത്താവിന്‍റെ സ്നേഹം കിട്ടാന്‍ ഭാര്യയും കൊതിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സ്നേഹം ജീവിതത്തിന്‍റെ സന്തോഷ ദുഖങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ്.
ആദരവായ മുത്തുനബി പ്രബോധനം നടത്തുന്ന കാലം. അന്‍സാരികളായ മദീനക്കാരുടെ സഹായത്തോടെ നബിതങ്ങള്‍ ദീനീ പ്രബോധനം തുടര്‍ന്നുകൊണ്ടേയിരുന്നു. താമസിയാതെ തന്നെ പുറത്താക്കിയ തന്‍റെ നാട്ടുകാരില്‍ പലരും ഇസ്‌ലാമിലേക്കു കടന്നുവന്നു. അവരെ നബി കഅബക്കു ചുറ്റും ഒരുമിച്ചുകൂട്ടി അവരെ സ്വാഗതം ചെയ്തു. കൂടാതെ അവര്‍ക്ക് ദാനധര്‍മ്മങ്ങളും കൊടുത്തു. ഇതുകണ്ട അന്‍സാരികള്‍ അടക്കം പറയാന്‍ തുടങ്ങി. നബിക്ക് സ്വന്തം നാട്ടുകാരോട് താല്പര്യം തോന്നിയിരിക്കുന്നു. അവര്‍ ബേജാറായി. നബി മക്കയില്‍ തന്നെ താമസിക്കുമോ?. അവര്‍ നബിയോടു തന്നെ തുറന്നു പറഞ്ഞു. നബി അവരെ വിളിച്ചു ആശ്വസിപ്പിച്ചു. നിങ്ങള്‍ പറയുന്നത് ശരിയാണ്. എന്‍റെ നാട്ടുകാര്‍ക്ക് ഞാന്‍ ദാനധര്‍മ്മങ്ങള്‍ നല്‍കി. പക്ഷേ, എന്‍റെ ജീവിതവും മരണവും നിങ്ങളോടൊപ്പമാണ്. ഇവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കിയത് ഇവരെ കൂട്ടിയിണക്കാന്‍ വേണ്ടിയാണ്. ഇവരൊക്കെ സമ്പത്തുമായി പോകുമ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ നിങ്ങളോടൊപ്പം വരുന്നതിനെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ?. അന്‍സാരികള്‍ പറഞ്ഞു. നബിയേ, മക്കക്കാര്‍ക്ക് വല്ലതും നല്‍കുന്നത് കണ്ടുള്ള സങ്കടം കൊണ്ടല്ല, അങ്ങയെ ഞങ്ങള്‍ക്ക് നഷ്ടമാകുമോയെന്ന ആശങ്ക കൊണ്ടാണ് ഞങ്ങളിത് ചോദിച്ചത്. അവിടുത്തെ സ്നേഹം ഞങ്ങള്‍ക്ക് നഷ്ടമാകുമോയെന്ന ഭയം കൊണ്ടാണ് ഞങ്ങള്‍ ചോദിച്ചത് നബിയേ..
അല്ലാഹുവും റസൂലും ഇഷ്ടപ്പെട്ട ആളുകളാണ് അന്‍സാരികള്‍. നബിയുടെ സ്നേഹം നഷ്ടമാകുമോയെന്ന് അവരും ഭയന്നിരുന്നു.
അതുകൊണ്ട് ഞാന്‍ പറയട്ടെ, നമ്മുടെ കുടുംബജീവിതം സന്തോഷകരമാകണം, സ്നേഹത്തില്‍ കഴിയണം. റാഹത്തുള്ളതാകണം. ഇനി ഞാന്‍ പറയുന്നു, നമ്മുടെ മക്കള്‍, അവരില്‍ ഒരാളോട് പ്രത്യേക സ്നേഹം കാണിച്ചാല്‍, ഒരാള്‍ക്ക് മാത്രമായി വല്ലതും കൊടുത്താല്‍ മറ്റുള്ള മക്കള്‍കത് മാനസിക പ്രയാസമുണ്ടാക്കും. അത് ബാപ്പയുമായി അകലാന്‍ കാരണമാകും. അവര്‍ പിതാവിന്‍റെ കുറ്റവും കുറവും പറയും. അവസാനം ഉപ്പ മരണപ്പെട്ടെങ്കിലെന്ന് ആഗ്രഹിക്കും. ബാപ്പയെ കാണുമ്പോള്‍ ഒളിച്ചോടിപ്പോകുന്ന, അടുക്കാന്‍ മടിക്കുന്ന അവസ്ഥയുണ്ടാകും. ഇതുണ്ടാകാതിരിക്കണമെങ്കില്‍ ഇവരെല്ലാം എന്‍റെ മക്കളാണ്, തനിക്ക് ഗുണം ചെയ്യാനുള്ളവരാണ്. ഞാനവര്‍ക്ക് ഗുണം ചെയ്യുമ്പോള്‍ തുല്യത പുലര്‍ത്തട്ടേയെന്ന് രക്ഷിതാക്കള്‍ ചിന്തിക്കല്‍ അനിവാര്യമാണ്. ഞാന്‍ ഒരു സംഭവം പറയട്ടേ..
മുത്തുനബിയുടെ അടുക്കലേക്ക് ഒരു സ്വഹാബി തന്‍റെ കുട്ടിയുടെ കൈ പിടിച്ച് വരുന്നു. നബിയേ, ഇതെന്‍റെ മകന്‍ നുഅ്മാനാണ്. ഇവന് ഞാന്‍ കുറച്ചധികം തോട്ടം കൊടുത്തിട്ടുണ്ട്. അതിന് തങ്ങളെ സാക്ഷിയാക്കാനാണ് ഞാന്‍ വന്നത്. നബി ചോദിച്ചു, നിനക്ക് വേറെ മക്കളുണ്ടോ?. ഉണ്ട്. ഈ നുഅ്മാനു നല്‍കിയതു പോലെ മറ്റുമക്കള്‍ക്കും നല്‍കിയിട്ടുണ്ടോ?. ഇല്ല, നല്‍കിയിട്ടില്ല. എല്ലാ മക്കളും നിനക്ക് ഒരു പോലെ ഗുണം ചെയ്യണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കണം. ഇത് അനീതിയാണ്. ഇതിന് ഞാന്‍ സാക്ഷിയാകില്ല. അനീതിക്ക് കൂട്ടുനില്‍ക്കാന്‍ ഞാനില്ല എന്നാണ് തിരുനബി പറഞ്ഞത്.
രക്ഷിതാക്കളേ, കാര്യം ശരിയാണ്. മക്കള്‍ നമ്മുടേതാണ്. അവരൊന്നും തിരിച്ച് കാണിക്കില്ലെന്നു കരുതി അനീതി കാണിക്കരുത്. ഒന്നില്‍ കൂടുതല്‍ മക്കളുള്ളവരാണ് നാം. സ്വാഭാവികമായും ഒരു കുട്ടിയോട് പ്രത്യേക സ്നേഹമുണ്ടാകും. ആവശ്യത്തിനനുസരിച്ച് കൂടുതലും കുറവും കൊടുക്കാം. ഒന്നാം ക്ലാസിലെ കുട്ടിക്ക് പത്തുരൂപ മതിയാകും. എന്നാല്‍ പത്താം ക്ലാസിലെ കുട്ടിക്ക് നൂറു രൂപ വേണ്ടിവരും. ഇത് അനീതിയല്ല, ഇതവര്‍ക്കിടയില്‍ അനൈക്യമുണ്ടാക്കില്ല. ആവശ്യത്തിനല്ലാതെ ഓരോ കുട്ടിക്കും വ്യത്യസ്തമായി കൊടുക്കുന്നതാണ് അനീതി. അപ്പോള്‍ മക്കള്‍ക്ക് സ്വാഭാവികമായും അനിഷ്ടമുണ്ടാകും. വെറുപ്പുംതോന്നും. ഇങ്ങനെയൊരവസ്ഥ നമ്മുടെ വീടുകളില്‍ ഉണ്ടാകരുത് എന്ന് പ്രത്യേകമായി ഞാന്‍ ഓര്‍മപ്പെടുത്തുന്നു. നമ്മുടെ വീട് സന്തോഷത്തിന്‍റെ വീടാകണം. മക്കള്‍ക്കൊക്കെ ബാപ്പയോട് ഇഷ്ടം തോന്നണം.
ഞാനെന്‍റെ ചെറുപ്പകാലം ഓര്‍ക്കുകയാണ്. എന്‍റെ ഉപ്പ എന്നെ തല്ലിയിട്ടുണ്ട്. ഞാന്‍ കളവു പറഞ്ഞ ഒരു സംഭവത്തെതുടര്‍ന്ന്  എനിക്ക് നല്ല അടികിട്ടി. എന്തിനു കളവു പറഞ്ഞു, ഇനി മേലില്‍ കളവു പറയരുതെന്ന് പറഞ്ഞായിരുന്നു അടി. ഇതെനിക്ക് ഇന്ന് വളരെ സന്തോഷമുള്ള കാര്യമാണ്. വെറുതെയടിച്ചതല്ല, ഞാന്‍ നന്നാവാനാണ്. എന്‍റെ ഉപ്പ എല്ലാ മക്കള്‍ക്കുമിടയില്‍ നീതി പാലിച്ചതുകൊണ്ട് ഞങ്ങളിപ്പോഴും ഐക്യത്തിലും സന്തോഷത്തിലുമാണ്. നേരെമറിച്ച് എനിക്ക് മാത്രമായി വല്ലതും അധികം നല്‍കിയിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്നോടും ഉപ്പയോടും വെറുപ്പുണ്ടാകുമായിരുന്നു.
എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യമാണിത്. വെറുപ്പിനിട വരുത്തുന്ന കാര്യങ്ങളുണ്ടാകരുത്. എല്ലാവര്‍ക്കും തുല്യമായി കൊടുക്കുക ഇതാണ് ദീനുല്‍ ഇസ്‌ലാം പഠിപ്പിക്കുന്നത്. അഥവാ, ഇനിയാര്‍ക്കെങ്കിലും അധികം കൊടുത്താല്‍ തന്നെ തിരിച്ച് വാങ്ങണം. നമ്മളാര്‍ക്കെങ്കിലും ഒരു സാധനം കൊടുത്താല്‍ തിരിച്ചു വാങ്ങരുതെന്നാണ്. ഇതില്‍നിന്നൊഴിവാണ് ഉമ്മയും ബാപ്പയും മക്കള്‍ക്കു നല്‍കിയത്. അതു തരിച്ചു വാങ്ങാം. അതു തെറ്റല്ല. നമ്മള്‍ നേരത്തെ പറഞ്ഞ സ്വഹാബി നുഅ്മാനുബ്നു ബഷീര്‍ മകനു കൊടുത്തത് തിരിച്ചുവാങ്ങി എന്നാണ് ചരിത്രം. തുല്യമായിത്തന്നെ മക്കള്‍ക്ക് വീതം നല്‍കണമെന്നു ഞാന്‍ ഓര്‍മപ്പെടുത്തുന്നു. ഇതിനു എതിരു ചെയ്യരുത്.
ഇനി ഞാന്‍ മക്കളോടു പറയട്ടേ..
എല്ലാ ഉമ്മയും ബാപ്പയും ഒരേ പോലെയായിക്കൊള്ളണമെന്നില്ല. ചില ബാപ്പമാര് ആലോചനയൊന്നുമില്ലാതെ അവര്‍ക്കു തോന്നിയ പോലെ ചെയ്യും. ബാപ്പ എന്നെ അവഗണിച്ചു എന്നു തോന്നുന്ന മക്കളാരെങ്കിലുമുണ്ടെങ്കില്‍ അവരോടു ഞാന്‍ ഓര്‍മപ്പെടുത്തുന്നത്, ബാപ്പ നമ്മെ അവഗണിച്ചെങ്കില്‍ അത് ബാപ്പ ചെയ്ത തെറ്റാണ്. ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അല്ലാഹുവേ, ഉപ്പക്കു പൊറുത്തുകൊടുക്കണേ എന്നു പ്രാര്‍ത്ഥിക്കുകയാണു വേണ്ടത്. നമ്മുടെ ഇസ്ലാമില്‍ കൊന്നവനെ പകരം കൊല്ലണമെന്നാണ് നിയമം. പക്ഷേ, ബാപ്പ മകനെ കൊന്നാല്‍ അവിടെ പകരം കൊല്ലില്ല. ഇത് ദീനിന്‍റെ നിയമമാണ്. അപ്പോള്‍ ബാപ്പ എത്ര തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും നാമത് ക്ഷമിക്കണം. ക്ഷമിച്ചാല്‍ നമുക്ക് ഗുണമുണ്ടാകും. ക്ഷമിക്കാതെ ഉപ്പാന്‍റെ കുറ്റവും പോരായ്മയും പറഞ്ഞ്, ബാപ്പയെ കാണുന്നിടത്തെല്ലാം മാറിനിന്ന്, ബാപ്പയുമായി സ്നേഹംപങ്കിടാതെ നിന്നാല്‍ നമുക്കൊക്കെ മക്കളുണ്ടാകും. നമ്മുടെ മക്കള്‍ ഇതേ അവസ്ഥയില്‍ നമ്മോട് പെരുമാറും. അങ്ങനെ പാരമ്പര്യമായി അനുസരിക്കാത്ത മക്കളുള്ള കുടുംബമായി മാറും. അതുണ്ടാകരുത്. 'നീ മാതാപിതാക്കളെ അനുസരിക്കണം. അവര്‍ നിന്നോട് എത്ര വലിയ തെറ്റ് ചെയ്താലും ശരി' നബിയ്യുനാ റസലുല്ലാഹി...അതുകൊണ്ട് ബാപ്പയുടെ കുറ്റവും കുറവും പറയരുത്. നിങ്ങള്‍ ചിന്തിക്കണം.
അല്ലാഹുവിന് ഇഷ്ടപ്പെട്ട ഒരാള്‍ ആരാണെന്നറിയുമോ. അയാള്‍ക്ക് ഒരയല്‍ക്കാരനുണ്ട്. ഒരുപാട് വിഷമങ്ങള്‍, പ്രയാസങ്ങള്‍ അയല്‍ക്കാരനെക്കൊണ്ട് ഇയാള്‍ക്കുണ്ടാവുന്നു. ഇയാള്‍ ഇത് ക്ഷമിക്കും. അയല്‍വാസിയല്ലേ... അവനെ തിരിച്ച് ബുദ്ധിമുട്ടിക്കല്‍ നീതിയാണെങ്കിലും അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ച് അയാള്‍ ക്ഷമിച്ചു. മരിക്കുന്നത് വരെ അയാള്‍ ക്ഷമിച്ചു ജീവിച്ചാല്‍ അല്ലാഹുവിന്‍റെ തിരുനോട്ടം അയാള്‍ക്കുണ്ടാകുമെന്ന് നബി പഠിപ്പിച്ചു. അയല്‍ക്കാരനേക്കാള്‍ എത്രയെത്ര അടുത്ത ബന്ധമുള്ളവരാണ് നമ്മുടെ ഉമ്മയും ഉപ്പയും. നിങ്ങള്‍ക്ക് ഒരു പക്ഷേ നഷ്ടം വന്നേക്കാം. എന്നാലും ക്ഷമിച്ച് ജീവിക്കുക. എല്ലാ ലാഭവും നഷ്ടവും തരുന്നത് അല്ലാഹുവല്ലേ. ഒരേ പണി തന്നെ എല്ലാവരും ചെയ്താലും ചിലര്‍ മാത്രം പണക്കാരനാകുന്നത് നാം കാണുന്നതല്ലേ. എല്ലാം തരുന്നത് അല്ലാഹുവാണെന്ന് നാം മനസ്സിലാക്കണം. ദ്രോഹമനുഭവിക്കുന്നവരാണ് വിജയികള്‍. ഉപ്പ പതിനായിരം നഷ്ടപ്പെടുത്തിയെങ്കില്‍ ലക്ഷം തരാന്‍ കഴിവുള്ളവനാണ് അല്ലാഹു. അതുകൊണ്ട് എന്‍റെ മക്കളോട് ഞാന്‍ പറയുന്നത് ഉമ്മാനെയും ബാപ്പാനെയും അനുസരിച്ച് ജീവിക്കണം. അല്ലാഹു നമ്മുടെ കുടുംബങ്ങളില്‍ സന്തോഷം നിലനിര്‍ത്തട്ടേ..'
ചുരുങ്ങിയ സമയത്തെ വികാരനിര്‍ഭരമായ പ്രസംഗത്തിന് വിരാമമിട്ട് ഉസ്താദ് ദുആ ചെയ്ത് പിരിയുമ്പോള്‍ അരീക്കോട് പഴയപള്ളി പരിസരത്ത് പതിവിലും വ്യത്യസ്തമായ ജനത്തിരക്ക് ഞാന്‍ ദര്‍ശിച്ചു.

Post a Comment

Previous Post Next Post

News

Breaking Posts