പോക്മോന്‍ ജ്വരം നാശത്തിനാണ്

tonnalukal



    യുദ്ധങ്ങള്‍, അക്രമങ്ങള്‍, പീഡനങ്ങള്‍, വാഹനാപകടങ്ങള്‍...തുടങ്ങി നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരിക്കുന്ന ഭീതീതമായ വാര്‍ത്തകള്‍ മനുഷ്യത്വം അവശേഷിക്കുന്ന ആരെയും വളരെ സങ്കടപ്പെടുത്തുന്നതാണ്. ആയിരക്കണക്കിനു ജീവനുകള്‍ കവരുന്ന സ്ഫോടന പരമ്പരകള്‍ നിത്യമായതിനാലാവാം നമ്മളില്‍ പലരെയും ഇതൊന്നും ആശ്ചര്യപ്പെടുത്താറില്ല. നമുക്ക് പുറത്തുള്ള വാര്‍ത്തകളായതിനാല്‍ പലരും ഒരു അലസമനോഭാവമാണ് സ്വീകരിക്കാറുള്ളത്.
    എന്നാല്‍ വെറും കാഴ്ചക്കാരനെന്നു പറഞ്ഞു കൈയൊഴിയും മുമ്പ് നാം മനസ്സിലാക്കേണ്ടത് ഇത്തരം സംഭവങ്ങള്‍ക്കു പിന്നില്‍ സാങ്കേതികവിദ്യയുടെ നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തീരെ ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നതാണ്. കാരണം നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈല്‍, ലാപ്ടോപ്, ടാബ് അവകളിലടങ്ങിയിരിക്കുന്ന ആപ്ലിക്കേഷന്‍, സോഫ്റ്റ്വെയറുകള്‍ക്ക് അക്രമങ്ങള്‍, യുദ്ധങ്ങളുമായി വലിയ പങ്കുണ്ടെന്നതാണ് പുതിയ കണ്ടുപിടിത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.

ലോകത്ത് ഇന്ന് പട്ടാളക്കാര്‍, പോലീസ്, രാഷ്ട്രീയക്കാര്‍, സാധാരണക്കാര്‍ എന്നിവരുള്‍പെടുന്ന ഓരോ വിഭാഗവും ഓരോ മിനുറ്റിലും ഏറ്റുമുട്ടലുകളില്‍ ഏര്‍പ്പെടുമ്പോള്‍ അതിനേക്കാള്‍ കൂടുതലായി സൈബര്‍ ഏറ്റുമുട്ടലുകള്‍ നമുക്ക് ചുറ്റും സംഭവിക്കുന്നുണ്ട്.
    സമാധാനപരമായ നമ്മുടെ ജീവിതത്തിനെന്നു കരുതി നാം ഉപയോഗിക്കുന്ന മൊബൈലും ആപ്ലിക്കേഷനുകളും റിസേര്‍ച്ചുകള്‍, മറ്റു പഠന കാര്യങ്ങള്‍ക്കെന്ന പോലെ യുദ്ധത്തിലേര്‍പ്പെടുന്ന സൈനകരുടെ സാങ്കേതിക ഉപകരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഗള്‍ഫ് യുദ്ധം നമുക്ക് കാണിച്ചുതന്ന പോലെ ഒരു വീഡിയോ ഗെയിം കളിക്കുന്ന ലാഘവത്തോടെ പോരാട്ടങ്ങളിലേര്‍പ്പെട്ടിരിക്കുന്ന സേനാ വിഭാഗങ്ങള്‍ക്ക് ജനങ്ങളുടെ നീക്കങ്ങളെ കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും മനസ്സിലാക്കാന്‍ മൊബൈല്‍ വഴിയൊരുക്കുന്നുണ്ട്.
    മദ്യം, ലൈംഗികത പോലോത്ത മനുഷ്യനെ അടിമയാക്കിത്തീര്‍ക്കുന്ന വസ്തുവാണ് മൊബൈല്‍. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്ന വയോധികര്‍ വരെ സ്മാര്‍ട്ടുഫോണുകളുമായി വിലസുന്ന കാലത്ത് മൊബൈലില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കുക പോലും പ്രയാസമാണ്. ഐപാഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന കുഞ്ഞുങ്ങളില്‍ അഭിമാനം കൊള്ളുന്നവരാണ് ഇന്നത്തെ പല രക്ഷിതാക്കളും. സംസാരിച്ചു തുടങ്ങാത്ത മക്കളുടെ മറ്റു നല്ല കാര്യങ്ങളില്‍ ശ്രദ്ധ നല്‍കാന്‍ ഇത്തരം രക്ഷിതാക്കള്‍ ശ്രമിക്കാറില്ല.
പാഠപുസ്തകങ്ങള്‍ സ്കൂളില്‍ വെച്ച് മാത്രം തുറന്ന് നോക്കുന്നവരാണ് ഇന്നത്തെ മക്കള്‍. സ്കൂളിനു പുറത്ത് ലാപ്ടോപുകളും മൊബൈലുകളും പുസ്തകങ്ങളേക്കാള്‍ ഇവര്‍ക്ക് സുഖപ്രദമാണ്. ലാപ്ടോപുകളും മൊബൈലും തീര്‍ത്തും ഒഴിവാക്കി ഒന്നും തിരിയാത്ത മക്കളായി വളരണമെന്നല്ല ഇതിനര്‍ത്ഥം. സാങ്കേതിക ഉപകരണങ്ങള്‍ ഗുരുതരമായ ആഘാതങ്ങള്‍ മാത്രമേ നല്‍കുന്നുവെന്നുമല്ല, മറിച്ച് ബുദ്ധിശൂന്യമായ, അധാര്‍മികമായ ഉപയോഗങ്ങളാണ് വലിയ പ്രശ്നം.
    ആധുനിക സാങ്കേതിക ഉല്‍പന്നങ്ങളെല്ലാം മനുഷ്യകുലത്തിന് മഹത്തായ വരങ്ങളാണെന്നാണ് ന്യൂ ജന്‍ വിശ്വാസം. എന്നാല്‍ അമിതമായ സാങ്കേതിക ഭ്രമം വരുത്തിത്തീര്‍ക്കുന്ന അകല്‍ച്ചയും വ്യക്തിത്വവല്‍കരണവുമാണ് നാം ചിന്തിക്കേണ്ട വിഷയം. ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന കുട്ടികളുമായി സംസാരത്തിലേര്‍പ്പെടാന്‍ ഇന്ന് സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് കഴിയാറില്ല. കാരണം രക്ഷിതാക്കളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ ഫോണില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരാണവര്‍. ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെക്കാനോ ശരീരമിളകി വിനോദങ്ങളിലേര്‍പ്പെടാനോ പുതിയ കുട്ടികളെ കിട്ടില്ല. പരസ്പരം വീഡിയോകള്‍ ശെയര്‍ ചെയ്യാനും പുതിയ ആപ്പുകള്‍ കൈമാറാനും മാത്രം ഒരുമിക്കുന്ന സാഹചര്യങ്ങളാണ് നിലവിലുള്ളത്. സാങ്കേതിക ഉപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍ വഴിയല്ലാതെ മറ്റുള്ളവരുമായി ഇടപഴകാന്‍ കഴിയാത്തവരായി മാറിയിരിക്കുകയാണ് പുതിയ തലമുറ. വീടിനകത്തുപോലും ബെഡ്റൂമുകളില്‍ ചടഞ്ഞിരുന്ന് ഗെയിമുകളുമായി മല്ലിടുന്നവര്‍ക്ക് നഷ്ടപ്പെടുന്നത് രക്ഷിതാക്കളുമായി സ്നേഹം പങ്കിടാനുള്ള സുവര്‍ണാവസരങ്ങളാണ്.
    ഗെയിമുകളുടെ ലോകത്തേക്ക് പുതുതായി കടന്നുവന്ന പോക്മോന്‍ ഗോ ഗെയിമാണ് അധികയാളുകളുടെയും ഇന്നത്തെ ഹരം. മൊബൈലും പിടിച്ച് അലഞ്ഞുനടക്കുന്ന പോക്മോന്‍ പിടുത്തക്കാരെ കണ്ട് അത്ഭുതം കൂറുകയാണ് ലോകം. മറ്റു ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി ഒരിടത്തിരുന്ന് കളിക്കാന്‍ കഴിയുന്നതല്ല പോക്മോന്‍ ഗോ.
    ജാപ്പനീസ് കമ്പനിയായ നിന്‍റെന്‍ഡോയാണ് പോക്മോന്‍റെ സൃഷ്ടാവ്. പലരുടെയും ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്‍റെ പേര് നല്‍കിയത് ജനശ്രദ്ധ പിടിച്ചുപറ്റാനായിട്ടുണ്ട്. ഗൂഗിള്‍ മാപ്പ്  വഴി ലഭ്യമാകുന്ന ഗെയിമില്‍ നമ്മള്‍ ഏതെങ്കിലും സ്ഥലത്തെത്തി ക്യാമറയും ജിപിഎസും ഓണാക്കിയാല്‍ ആ സ്ഥലത്തിനനുയോജ്യമായ പോക്മോനുകള്‍ പ്രത്യക്ഷപ്പെടും. പാര്‍ക്കില്‍ ചെന്നാല്‍ ചാടിക്കളിക്കുന്ന, മരംകയറുന്ന പോക്മോനും നദീതീരത്ത് നീന്തല്‍ക്കാരനായ പോക്മോനും നമുക്ക് മുമ്പില്‍ വരും. വന്‍വിജയം നേടിയ ഗെയിമുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ ഈ ഗെയിം ഇതിനോടകം 10മില്യണില്‍ കൂടുതലായി ഡൗണ്‍ലോഡ്  ചെയ്യപ്പെട്ടിട്ടുണ്ട്. പോക്ക്മോനെ പിടിക്കാന്‍ ലോകം ചുറ്റാനിറങ്ങിയ ആളെ കുറിച്ചുള്ള വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
    ഗെയിമിന്‍റെ സ്വഭാവത്തില്‍ ആശ്ചര്യഭരിതരാകാതെ പോക്മോന്‍ വരുത്തിത്തീര്‍ക്കുന്ന പ്രശ്നങ്ങളിലേക്കാണ് നമ്മുടെ ചിന്തകള്‍ തിരിയേണ്ടത്. ഇത്വരെ 280 പേര്‍ക്കാണ് ഈ ഗെയിം കാരണമായി ജീവനുകള്‍ നഷ്ടമായിരിക്കുന്നത്. 2016 കഴിയുമ്പോഴേക്കും 5000 പേര്‍ പോക്മോന്‍ കാരണം മൃതിയടയുമെന്ന് അമേരിക്കയില്‍ നടന്ന പഠനം വെളിപ്പെടുത്തുന്നുണ്ട്. നടന്നുകൊണ്ട് കളിക്കേണ്ട ഈ ഗെയിമിന്‍റെ സൃഷ്ടാക്കള്‍ മാരകശേഷിയുള്ള മനുഷ്യനെ കൊല്ലുന്ന ആയുധമാണ് കണ്ടെത്തിയിരിക്കുന്നത്. പോക്മോന്‍ കാരണം പിടിച്ചുപറിയും കവര്‍ച്ചയും വര്‍ധിച്ചതായും സര്‍വ്വേകള്‍ പറയുന്നു. ദൈവവിരുദ്ധതയും ചെകുത്താന്‍ പ്രേരണയും പോക്മോന് ഗള്‍ഫില്‍ നിരോധനമേര്‍പ്പെടുത്താന്‍ കാരണമായിട്ടുണ്ട്. കുവൈത്തില്‍ പൂര്‍ണമായും നിരോധിച്ച് ഈ ഗെയിം സൗദിയില്‍ തീരെ ലഭ്യമല്ല. അനാവശ്യമായി സമയവും ആരോഗ്യവും കളയുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നതും ചൂണ്ടിക്കാണിച്ച് വിദേശ മുസ്ലിം പണ്ഡിതര്‍ ഇതിനെതിരെ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കുട്ടികള്‍ പോക്മോന്‍ കളിക്കുന്നത് ഹറാമാണെന്ന ഫത് വ നല്‍കിയത് വന്‍ ചര്‍ച്ചാവിഷയമായിരുന്നു. നേരത്തേ ഫോട്ടോ എഡിറ്റര്‍ ആപ്പായ പ്രിസ്മക്കെതിരെയും ചില പണ്ഡിതര്‍ എതിരഭിപ്രായം പറഞ്ഞിരുന്നു. പോക്മോനും മറ്റു ഗെയിമുകളും കുട്ടികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നുണ്ട്.
    മറ്റു ഗെയിമുകളില്‍ നിന്ന് ലഭിക്കുന്ന ആനന്ദമോ, മനസ്സിന് ആയാസമോ ഒരിക്കലും പോക്മോന്‍ നമുക്ക് തരുന്നില്ല. തലച്ചോറിനെ കൊല്ലുന്നതും സമയം കളയുന്നതും പഠനത്തിലെ ശ്രദ്ധ കുറക്കുന്നതുമാണ് മാരകമായ ഈ വീഡിയോ ഗെയിം. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന പലര്‍ക്കും പോക്മോന്‍ പിടിക്കാന്‍ പോയതുകാരണം ജോലി നഷ്ടമായ വാര്‍ത്തകള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചുരുക്കത്തില്‍ മറ്റു ഗെയിമുകളേക്കാള്‍ ഗുരുതര സ്വഭാവമുളളതാണ് പോക്മോന്‍.
    വിരോധാഭാസമെന്നു പറയട്ടെ, പോക്മോന്‍ മഹത്വത്തെ കുറിച്ച് വര്‍ണിക്കുന്ന ലേഖനങ്ങള്‍ പലയിടത്തും കാണാനിടയായി. ശാരീരിക വ്യായാമത്തിനു പ്രചോദനം നല്‍കുന്നുവെന്നാണ് ഒരാള്‍ പറഞ്ഞത്. താമസസ്ഥലത്തിനു തൊട്ടടുത്ത പാര്‍ക്ക് കണ്ടെത്താനായ ചാരിതാര്‍ത്യമാണ് മറ്റൊരാള്‍ക്ക്. ശാരീരിക അധ്വാനം മാത്രമല്ല, സാമൂഹികമായ ഒത്തുചേരലുകള്‍ക്കും പോക്മോന്‍ കാരണമാകുമെന്ന് അഭിപ്രായപ്പെടുമ്പോള്‍ സ്വയം തീരുമാനപ്രകാരം പ്രവര്‍ത്തിക്കാന്‍ കഴിയാത്തവനും തന്‍റെ പരിസരത്തെ കുറിച്ച് ചെറിയ അവബോധം പോലുമില്ലാത്തവരാണ് ഇവരെന്ന് നമുക്ക് ബോധ്യമാകും. മറ്റുള്ളവരുമായ കാര്യങ്ങള്‍ ആരായാത്ത, സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന സ്വയം ഭരണാധികാര സ്വഭാവമുള്ളവരായിത്തീരുകയാണ് ഇത്തരം മൊബൈല്‍ ഗെയിമര്‍മാര്‍.
    മൊബൈലുകള്‍ നല്‍കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്ന യന്ത്രങ്ങള്‍ മാത്രമായി മനുഷ്യ ശരീരങ്ങള്‍ മാറുകയാണ്. ഇതുകാരണം വിവേകപരമായ തീരുമാനങ്ങള്‍ക്കു പകരം വിനാശകരമായ അപകടങ്ങളിലേക്കാണ് സാങ്കേതിക ഉല്‍പന്നങ്ങള്‍ നമ്മെ നയിക്കുന്നത്. ചിന്താശേഷി ബലഹീനമാക്കുന്ന, പരിമിതികളില്ലാത്ത ലോകത്തേക്കു നയിക്കുന്ന ആപ്പുകളും അവയുടെ ദുരുപയോഗങ്ങളും നാശത്തില്‍ കലാശിക്കാനേ ഉപകരിക്കൂ.
    സാങ്കേതിക ഉല്‍പന്നങ്ങളെല്ലാം മനുഷ്യന് നന്മ മാത്രമേ പകരുന്നുവെന്ന് അന്ധമായി വിശ്വസിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഉപഭോക്താക്കളുടെ ശാരീരിക ബൗദ്ധിക വികാസങ്ങള്‍ക്കല്ല, മറിച്ച് ഉല്‍പന്നങ്ങളുടെ സൃഷ്ടാക്കള്‍ തങ്ങളുടെ വരുമാനസ്രോതസ്സുകള്‍ക്ക് ഇടം കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്.

കടപ്പാട്: ദ ഹിന്ദു

Post a Comment

Previous Post Next Post

News

Breaking Posts