ഏഷണി പ്രശ്നക്കാരനാണ്.

tonnalukal
പ്രസംഗം തുടങ്ങും മുമ്പേ മൊബൈലിൽ ആരും റെക്കോർഡ്  ചെയ്യരുതെന്ന് ഉസ്താദ് പറഞ്ഞപ്പോൾ സത്യം പറയട്ടെ, ഞാനൊന്നു ഭയന്നു. എന്റെ പ്രസംഗം റെക്കോർഡ് ചെയ്ത് മറ്റു പലയി ടത്തും കൊണ്ടുപോയി കേൾപ്പിക്കുന്നത് ഇഷ്ടമില്ലാത്തതാണു ഉസ്താദ് പറയാൻ കാരണം. റെക്കോർഡ് ചെയ്തില്ലെങ്കിലും പകർത്തി ഇവിടെ പോസ്റ്റുന്നതും ഇഷ്ടമുണ്ടാവില്ലേ എന്നതാണ് എന്റെ പേടിക്കു കാരണം.
എന്തായാലും അങ്ങനെ പ്രസംഗം കഴിഞ്ഞ് ഉസ്താദിന്റെ റൂമിൽ ചെന്നു പ്രസംഗം എഴുതാറുണ്ടെന്ന് പറഞ്ഞപ്പോൾ ഉസ്താദ് ചിരിച്ചു. ഇക്കാലത്ത് റെക്കോർഡ് ചെയ്യുന്നത് പലരും ഹോബിയാക്കുകയും ദുരുപയോഗം ചെയ്യുന്നതും പതിവാണല്ലോ. മാത്രമല്ല, ഏവരാലും ശ്രദ്ധിക്കപ്പെടമെന്ന വിചാരം വെറുക്കുന്നയാളുമാണ് ഉസ്താദ്. സമ്മതം കിട്ടി സന്തോഷത്തോടെയാണ് ഈ പോസ്റ്റ് എഴുതുന്നത്.
ഏഷണിയെ കുറിച്ചായിരുന്നു ഇന്നത്തെ പ്രസംഗം. മുത്തു നബി ഒരിക്കൽ രണ്ടു ഖബറിനരികിലൂടെ നടന്നു പോകുകയും ആ രണ്ട് ഖബറാളികളും ശിക്ഷയനുഭവിക്കുന്നതുമായ സംഭവം നമ്മിൽ പലരും കേട്ടിട്ടുണ്ടാകും. ആദ്യത്തെയാൾ മൂത്രമൊഴിച്ച് വൃത്തിയാക്കാത്തയാളും മറ്റെയാൾ ഏഷണി പറയുന്നയാളുമായിരുന്നു. ഒന്നാമത്തെയാളെ മുമ്പ് വിശദീകരിച്ചിട്ടുണ്ടെന്നു പറഞ്ഞ് ഏഷണിക്കാരനെ കുറിച്ചാണ് ഇസ്താദ് പറഞ്ഞു തുടങ്ങിയത്. ഏഷണി വൻ കുറ്റങ്ങളിൽ ഒന്നാണ്. പരസ്പരം സ്നേഹിച്ചു കഴിയുന്നവർക്കിടയിൽ ഭിന്നതയുണ്ടാക്കുന്നവരാണ് ഏഷണിക്കാർ.
മാതാപിതാക്കളുടെയും മക്കളുടെയും ഭാര്യാഭർത്താക്കന്മാർക്കിടയിലും സംശയങ്ങൾ ജനിപ്പിച്ചോ അപവാദങ്ങൾ പരത്തിയോ ഭിന്നിപ്പിക്കുന്ന ഈ സ്വഭാവം വൻകുറ്റമാണ്. ശേഷം ഉസ്താദ് ഒരു സംഭവം പറഞ്ഞു.
അടിമച്ചന്തയിൽ ഒരടിമയെയും കൊണ്ട് വന്നതാണ് ഒരു യജമാനൻ. അടിമയെ വാങ്ങാൻ പലരും സമീപിച്ചു. ഇസലാമിൽ ഒരു നിബന്ധനയുണ്ട്. കച്ചവടം ചെയ്യുമ്പോൾ പതുവിന് വല്ല ന്യൂനതയും ഉണ്ടെങ്കിൽ അത് മറച്ച് വെക്കാൻ പാടില്ല. അടിമയെ വാങ്ങാൻ ഒരാൾ യജമാനനരികിലെത്തി. അയാൾ അടിമയെ കുറിച്ചന്വേഷിച്ചു. യജമാനൻ പറഞ്ഞു. നല്ലവണ്ണം അധ്വാനിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന അടിമയാണിത്. നിങ്ങൾക്കെന്നെ വിശ്വസിക്കാം. പക്ഷെ, ചെറിയൊരു ന്യൂനതയുണ്ട്. ഇവൻ ഏഷണി പറയുന്നവനാണ്. വാങ്ങാൻ വന്നയാൾക്ക് സന്തോഷമായി. അധ്വാനിക്കുന്ന ഒരാളെയാണ് തനിക്കും വേണ്ടത്. ഏഷണി വ്യാപകമായ ഒന്നല്ലേ, അദ്ദേഹം അത്ര കാര്യമാക്കാതെ അടിമയെ വാങ്ങി വീട്ടിൽ കൊണ്ടുപോയി.
ദിവസങ്ങൾ കടന്നു പോയി. അടിമയുടെ കാര്യത്തിൽ വീട്ടുകാരനും ഭാര്യയും വളരെ വിശ്വാസവും സംതൃപതിയും തോന്നി. വീട്ടുകാരനും ഭാര്യയും തമ്മിലുള്ള സ്നേഹ ബന്ധം കണ്ടപ്പോൾ അടിമയുടെ ഏഷണി സ്വഭാവം തലപൊക്കി. ആ വീട്ടുകാരിയോട് ചെന്നു പറഞ്ഞു. "നിങ്ങളുടെ ഭർത്താവിന് നിങ്ങളോടുള്ള സ്നേഹം കുറഞ്ഞിട്ടുണ്ട്. മറ്റൊരു സ്ത്രീയെ നിങ്ങളുടെ ഭർത്താവ് സേനഹിക്കുന്നുണ്ട്. നിങ്ങൾ പേടിക്കേണ്ട, നിങ്ങളുടെ സ്നേഹം ഞാൻ വീണ്ടെടുക്കാം. ഒരു കാര്യം ചെയ്യണം. ഭർത്താവിന്റെ താടിയിൽ നിന്നും രോമം പറിച്ച് എനിക്കു തരണം". ഏത് ഭാര്യക്കും അവരുടെ ഭർത്താവ് നഷ്ടപ്പെടുന്നത് സഹിക്കാനാവുമോ? അവർ സമ്മതിച്ചു. ഏഷണിക്കാരൻ അടിമ നേരെ ഭർത്താവിനരികിലെത്തി. "നിങ്ങളുടെ ഭാര്യ മറ്റാരെയോ സ്നേഹിക്കുന്നുണ്ട്. നിങ്ങളെ കൊല്ലാൻ പദ്ധതിയിടുന്നതായി എനിക്കു തോന്നുന്നുണ്ട്. രാത്രി ഉറക്കം നടിച്ച് കിടന്നു നോക്കൂ. നിങ്ങൾക്ക് ബോധ്യമാക്കും.". കത്രികയില്ലാത്ത കാലമല്ലേ, കത്തി ഉപയോഗിച്ചായിരുന്നു രോമങ്ങൾ വൃത്തിയാക്കിയിരുന്നത്. രാത്രി താടിരോമം പറിക്കാനായി കത്തിയുമായെത്തിയ ഭാര്യയെ കണ്ട് അടിമ പറഞ്ഞത് സത്യമാണെന്ന് ബോധ്യമാകുകയും ഭാര്യയെ കൊല്ലുകയും ചെയ്തു. കൊലപാതകമറിഞ്ഞ ഭാര്യവീട്ടുകാർ ചോദ്യം ചെയ്യാനെത്തി. വീട്ടുകാരനും കുടുംബവുമായെത്തി. പിന്നീട് കുടുംബവഴക്കിനും നാട്ടുകാർ തമ്മിലുള്ള വഴക്കിനും കളമൊരുങ്ങുകയായിരുന്നു അവിടം. ഏഷണി കൊണ്ട് എത്ര വലിയ പ്രശ്നമാണുണ്ടാക്കുന്നെന്ന് നമുക്ക് മനസ്സിലാക്കാനാവും.
മറ്റുള്ളവരുടെ അനുഗ്രഹങ്ങളിൽ അസൂയവെക്കാതെ സന്തോഷിക്കാനുണ്ടാനുളള മനസ്സുണ്ടാകുമ്പോഴേ നമ്മൾ നല്ലവരാകുന്നുള്ളൂ. കുശുമ്പും അസൂയയും ചീത്ത മനസ്സിലെ ഫലങ്ങളാണ്. മുത്തു നബി പറഞ്ഞില്ലേ, നമുക്കുണ്ടാകുന്ന ഗുണങ്ങൾ നമ്മുടെ സഹോദരനു കൂടി ലഭ്യമാകണെമെന്ന് ആഗ്രഹം വരുമ്പോഴേ വിശ്വാസം പൂർണമാകൂ. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ കൂടി ഇഷ്ടങ്ങളാകണം.

Post a Comment

Previous Post Next Post

News

Breaking Posts