തൗബയായിരുന്നു ഈ ആഴ്ചയിലെ ഉസ്താദിന്റെ പ്രസംഗ വിഷയം. മുത്തു നബിയുടെ ഒരു ഹദീസുണ്ട്, "ഓ മനുഷ്യരേ, മരണം നിങ്ങളെ പിടികൂടും മുമ്പ് തൗബ ചെയ്യുവീൻ". തൗബ എന്നു പറഞ്ഞാൽ തെറ്റുകളിൽ നിന്ന് പിന്മാറുകയും ചെയ്ത തെറ്റുകളിൽ ഖേദിക്കുകയും ഇനിമേൽ തെറ്റു ചെയ്യുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുകയുമാണല്ലോ.
മനുഷ്യരോട് തെറ്റു ചെയതെങ്കിൽ അവരോട് മാപ്പപേക്ഷിക്കാതെ എത്ര തവണ പൊറുക്കലിനെ തേടിയാലും വൃഥാവിലാണ്. ഖേദം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു വരണം. മറ്റുള്ളവർ കണ്ടുപോയതിലുള്ള വഷളത്തരത്തിൽ നിന്ന് വരുന്ന ഖേദം തൗബയാകൂലാ. അത് നിഷ്കപടവും യാഥാർത്ഥ്യവുമായിരിക്കണം. മുത്തു നബിയുടെ ഹദീസിലെ "മരണത്തിനു മുമ്പ്" എന്ന വാക്യം പലരും ആശ്വാസത്തോടെയാണ് കാണുന്നത്. മരണത്തിനു ഇനിയും കുറേ വർഷങ്ങൾ ബാക്കിയിരിപ്പുണ്ടെന്ന ശൈത്വാന്റെ ദുഷ് പ്രേരണയിൽ അകപ്പെട്ട് തൗബ പിന്നീടു ചെയ്യാമെന്ന് പലരും വ്യാമോഹിക്കുന്നു.
രാഷ്ട്രീയവും ഗ്രൂപ്പിസവും കൊണ്ട് പൊറുതിമുട്ടിയ നമ്മുടെ നാട്ടിൽ പണ്ഡിതരെന്നോ സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ കരിവാരിത്തേക്കുന്നവർ പുനർവിചിന്തനത്തിന് തയ്യാറാകേണ്ടയിരിക്കുന്നു. അല്ലെങ്കിൽ മുഫ് ലിസ് എന്ന വിഭാഗത്തിലാകും അവനുള്ള സ്ഥാനം. മുഫ് ലിസ് എന്നു പറഞ്ഞാൽ പാപ്പരായവൻ, തുലഞ്ഞവൻ എന്നാണ്. മുത്തുനബി സ്വഹാബത്തിനോട് ഒരിക്കൽ ചോദിച്ചില്ലെ, മുഫ് ലിസ് ആരാണെന്ന് നിങ്ങൾക്കറിയാമോ?, അവർ പറഞ്ഞു. കച്ചവടവും കൃഷിയുമില്ലാത്ത ദരിദ്രനാണെന്ന്. മുത്തുനബി പറഞ്ഞു. അല്ല, പരലോകത്ത് കുറേ ഇബാദത്തുകൾ എടുത്ത ഒരാളെ കൊണ്ടുവരും. അയാൾ ദുൻയാവിൽ വെച്ച് കുറേയാളുകളെ കുറ്റം പറഞ്ഞ വ്യക്തിയാണ്. എല്ലാവിധ ന്യൂനതകളിൽ നിന്നും രക്ഷപ്പെട്ട ശേഷമല്ലേ നമ്മുടെ ഇബാദത്തുകൾ സ്വീകരിക്കപ്പെടുകയുള്ളൂ. അങ്ങനെ ആലോചിക്കുമ്പോൾ നമ്മുടെയൊക്കെ പ്രവർത്തനങ്ങളെ എങ്ങനെ നമുക്ക് വിലയിരുത്താനാവും, ചിന്തനീയമാണ്. പരലോകത്ത് ആ വ്യക്തിയുടെ സൽക്കർമ്മങ്ങൾ അയാൾ കുറ്റം പറഞ്ഞ ആളുകൾക്ക് വീതം വയ്ക്കുന്നു. തികഞ്ഞില്ലെങ്കിൽ മറ്റുള്ളവരുടെ പാപങ്ങൾ ഇയാൾക്കു നൽകി നരകത്തിലേക്കു പോകുന്നു, സമ്പന്നനായി പോയി ദരിദ്രനായി അധപതിച്ച ഈ വ്യക്തിയാണ് മുഫലിസ്.
ശൈത്വാൻ എപ്പോഴും നമ്മെ ദുർബോധനം ചെയ്യും, മരിക്കാനിനിയും നിനക്ക് സമയം ബാക്കിയിരിപ്പുണ്ട്. കുറച്ച് കൂടി കഴിഞ്ഞ് തൗബ ചെയ്യാമെന്ന്. കിതാബിൽ പറഞ്ഞ ഒരു കഥയുണ്ട്. ഒരു ആബിദായ മനുഷ്യനുണ്ടായിരുന്നു. അയാൾ എപ്പഴും ഇബ്‌ലീസിനെ കാണിച്ചു തരാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുമായിരുന്നു. മുത്തുനബിയെ കണ്ടാൽ പുണ്യമുണ്ട്, ഇബ് ലീസിനെ കണ്ടാൽ ഒരു പ്രയോജനവും കിട്ടാൻ പോകില്ലെന്ന് പലരും പറഞ്ഞു. പക്ഷേ, അയാൾക്ക് കണ്ടേ അടങ്ങൂ. അങ്ങനെ അയാൾക്കു മുമ്പിൽ ശൈത്വാൻ ഹാജറായി. മനുഷ്യരെ വഴിപിഴപ്പിക്കുന്ന ശൈത്വാനെ കണ്ടയുടനെ ദേഷ്യം കൊണ്ട് അടിക്കാനൊരുങ്ങി. ഇത് മനസ്സിലാക്കി ഇബലീസ് ആ ആബിദിനോട് പറഞ്ഞു. "നീ നൂറ് വയസ്സ് വരെ ജീവിക്കും. അല്ലെങ്കിൽ ഞാൻ നിന്നെ നശിപ്പിക്കുമായിരുന്നു". ഇതും പറഞ്ഞ് ഇബലീസ് പോയി. അദ്ദേഹം ആ വാക്കുകളിൽ വിശ്വസ്ഥനായി. നൂറു വർഷം വരെ ആയുസ്സു തനിക്കുണ്ടെന്ന് മനസ്സിലാക്കിയ ആ നല്ല മനുഷ്യൻ പിന്നീട് ഇബാദത്തുകൾ വിട്ട് ഭൗതിക സുഖങ്ങളിൽ ജീവിക്കാൻ അഗ്രഹിച്ചു. 75 വയസ്സിനു ശേഷം പൂർണമായി ഇബാദത്തുകളിൽ മുഴുകാൻ തീരുമാനിച്ചു. പക്ഷേ, ശൈത്താൻ കളവ് പറഞ്ഞതായിരുന്നു. അയാളുടെ അന്ത്യം പിന്നെ സുഖാഡംഭര ജീവിതത്തിലായിരുന്നു. പെട്ടെന്നുള്ള മരണങ്ങൾ നിത്യമായി കേൾക്കുന്ന നമുക്ക് അധിക കാലമില്ലെന്നോർക്കുക, തൗബ ചെയ്ത് ധന്യരാകുക.
Post a Comment