മരണത്തെ മറക്കാതിരിക്കുക!!

tonnalukal



കുറേ മയ്യിത്ത് നിസ്ക്കരിക്കാനുണ്ടെന്നു പറഞ്ഞാണ് ഇത്തവണ ഉസതാദ് സംസാരിച്ചു തുടങ്ങിയത്. ക്ഷീണം കാരണം ചുരുങ്ങിയ വാക്കുകളേ പറഞ്ഞുവെങ്കിലും വല്ലാത്തൊരു ഓർമപ്പെടുത്തലായിരുന്നു അത്.
രാവിലെ എണീറ്റതു മുതൽ വൈകുന്നേരം കിടക്കുന്നത് വരെ ദൈനം ദിനം എല്ലാവരും സാമ്പത്തിക ലക്ഷ്യം വെച്ചുള്ള ഓടിപ്പാച്ചിലിലാണ്. ഈ ഭൂമി ലോകത്തെ ജീവിത സൗകര്യങ്ങൾ തേടിപ്പോകുന്നവർ മരണത്തിന്റെ കാര്യം പാടേ മറന്നു പോകുകയാണ്.
ഏതു നിമിഷവും എവിടെ വെച്ചും സംഭവിക്കാവുന്ന മരണം ഓർത്തല്ലാതെ ഒരു വിശ്വാസിയും തന്റെ ദിവസങ്ങൾ കഴിഞ്ഞു  കടക്കാൻ അനുവദിച്ചൂടാ. യാതൊരു വിധ പ്രശ്നങ്ങളുമില്ലാത്ത എത്രയോ പേർ വീട്ടിൽ തിരിച്ചെത്തും മുമ്പ് മരണപ്പെടുന്നു. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഒരാൾ പാമ്പുകടിയേറ്റു മരിച്ച വിചിത്ര വാർത്ത ഉസ്താദ് സൂചിപ്പിക്കയുണ്ടായി. ഒരു പരുന്തിന്റെ പിടിയിൽ നിന്നും വീണ പാമ്പ് നേരെ ചെന്നുവീണത് ബൈക്കിൽ യാത്ര ചെയ്തവന്റെ കഴുത്തിലേക്കായിരുന്നു. കടിയേറ്റു തൽക്ഷ്ണം അയാൾ മരിച്ചു . ഇത്തരം നിരവധി അപ്രതീക്ഷിത മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് നാം എന്തുകൊണ്ടാണ് മരിച്ചു പോകുമെന്ന് ചിന്തിക്കാതിരിക്കുന്നത്?. നശ്വരമായ ഈ ലോകത്തിനു വേണ്ടിയാണോ പരലോകത്തെ മറന്ന് നാം കഷ്ടപ്പെടുന്നത്?.

അറിയുമോ, ഉമർ(റ) ഒരിക്കൽ തിരുനബി (സ)ക്കരികിലെത്തി. ഈത്തപ്പന ഓലകൊണ്ടുണ്ടാക്കിയ പായയിലാണ് ലോകത്തിന്റെ നേതാവ് കിടന്നിരുന്നത്. ഈത്തപ്പന ചകിരി നിറച്ച തലയിണയിലായിരുന്നു അവിടുത്തെ തല വെച്ചിരുന്നത്. ഓലപ്പായയുടെ അടയാളങ്ങൾ തിരുശരീരത്തിൽ പാടുവീഴ്ത്തിയത് ഉമർ (റ)നെ വല്ലാതെ വേദനിപ്പിച്ചു. സുഖാസ്വദനങ്ങൾക്ക് ജീവിതത്തിൽ സ്ഥാനം നൽകിയിട്ടില്ലാത്ത മുത്തു നബി ഭൗതിക അനുഗ്രഹങ്ങൾ തേടി ദുആ ചെയ്യുകയില്ലെന്ന് ഉമർ(റ) ന് നന്നായറിയാം. എന്നാലും സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി ദുആ ചെയ്യാനപേക്ഷിച്ചു. റോം, പേർഷ്യൻ ജനത വിശ്വാസികളല്ലാഞ്ഞിട്ടു പോലും അവരൊക്കെ സമ്പന്നരാണ്. മത്തുനബി മറുപടി നൽകിയതെന്തെതെന്നറിയുമോ?." ഓ.. ഇബ്നു ഖത്വാബ്, ഈ ഭൂമി ലോകത്തിന് ഒരു കൊതുകിന്റെ ചിറകിന്റെ വില പോലും അല്ലാഹു നൽകിയിട്ടില്ല. ഭൗതിക ലോകത്തിന് ഒരു ചെറിയ വില പോലും നൽകുമായിരുന്നെങ്കിൽ വിശ്വാസികളെ അല്ലാഹു സമ്പന്നരാക്കുമായിരുന്നു".
അനശ്വരലോകത്തിലെ ജീവിതത്തിനായിരിക്കണം വിശ്വാസി വിലകൽപിക്കേണ്ടത്. നിസ്ക്കാരം കഴിഞ്ഞയുടൻ എണീറ്റോടാതെ ദുആ കഴിയുംവരെ ക്ഷമിച്ചിരിക്കാനെങ്കിലും എല്ലാവരും തയ്യാറാകേണ്ടതുണ്ട്. ഈ ചുരുങ്ങിയ മിനിറ്റുകൾ ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ളത് മുഴുവൻ ദുൻയാവിന്റെ ആവശ്യപൂർത്തീകരണത്തിനുണ്ടല്ലോ...!!



Post a Comment

Previous Post Next Post

News

Breaking Posts