ഇമാം അഹ്മദുബ്നു ഹമ്പല്‍ | Ahmad ibn Hanbal


tonnalukal


പ്രവാചകനും സ്വഹാബത്തും കഴിഞ്ഞാല്‍ ഇസ്ലാമില്‍ ആരാധനാകര്‍മ്മങ്ങളിലും ജീവിതത്തിന്‍റെ മറ്റു മേഖലകളിലും ഏറെ സ്വാധീനം ചെലുത്തുകയും അനുധാവനം ചെയ്യപ്പെടുന്നവരാണ് മദ്ഹബിന്‍റെ ഇമാമുകള്‍. സുന്നീ ആശയാദര്‍ശത്തിനു കീഴില്‍ നിലകൊണ്ട് ഖുര്‍ആനും തിരുസുന്നത്തിനെയും അടിസ്ഥാനമാക്കി നിയമനിര്‍മാണം നടത്തിയതിനാല്‍ കാലഘട്ടത്തിന്‍റെ ഒഴുക്കിനെ അതിജീവിച്ച് ജനങ്ങളില്‍ വേരുറക്കാന്‍ സാധിച്ചത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി എന്നീ നാലു മദ്ഹബുകള്‍ക്കു മാത്രമാണ്. ശിയാ, ബിദഈ ആശയങ്ങളില്‍ മറ്റു ചില മദ്ഹബുകള്‍ രൂപീകൃതമായെങ്കിലും ഇസ്ലാമിക ശരീഅത്തിനെ ഇത്രമാത്രം സംരക്ഷിക്കപ്പെടുന്ന വിഷയത്തില്‍ അവയെല്ലാം വന്‍ പരാജയമായിരുന്നു. അതിനാല്‍ ജനങ്ങളുടെ പിന്തുണ ഈ മദ്ഹബുകള്‍ക്കൊന്നും ലഭിച്ചില്ല.
കാലഘട്ടത്തിനനുസൃതമായാണ് മദ്ഹബുകളുടെ ആവിര്‍ഭാവമെന്നതിനാല്‍ നാലാമതായാണ് ഹമ്പലി മദ്ഹബ് പിറവിയെടുക്കുന്നത്. ശൈഖുല്‍ ഇസ്ലാം എന്ന പേരിലറിയപ്പെട്ട അഹ്മദുബ്നു ഹമ്പല്‍ ആണ് ഹമ്പലി മദ്ഹബിന്‍റെ ഇമാം.


നാലാമതായി വന്ന മദ്ഹബ്, ഭരണാധികാരികളുമായുള്ള അകല്‍ച്ച, കര്‍മ്മശാസ്ത്രത്തിലെ ശാഖാ പരമായ വിഷയങ്ങളിലെ കാര്‍ക്കശ്യം തുടങ്ങിയ കാരണങ്ങളാല്‍ സമൂഹത്തില്‍ പ്രചാരം നേടാനായില്ലെങ്കിലും ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി ഹുക്മുകള്‍ കണ്ടെത്തല്‍, സാങ്കല്‍പികയുക്തിക്കനുസരിച്ച ഫിഖ്ഹിനോടുള്ള എതിര്‍പ്പ്, വിശാലമായ കാഴ്ചപ്പാട് തുടങ്ങിയ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് ഹമ്പലി മദ്ഹബ്. ഇമാം അഹ്മദിന്‍റെ വഫാതിനു ശേഷം അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ മുഖേനയാണ് ഹമ്പലി മദ്ഹബ് പ്രചാരം നേടുന്നത്.

കുടംബം

ബകര്‍ എന്ന ഗോത്രത്തില്‍ പെട്ട ഒരു വംശമായിരുന്നു ശൈബാന്‍. ശൈബാനുബ്നു സഅ്ലബ, ശഅ്ബാനു ബ്നു ദഹ്ല്‍ എന്നീ പ്രമുഖ വ്യക്തികളിലേക്കു ചേര്‍ത്തായിരുന്നു ശൈബാന്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്തെ വലിയ കുടുംബവും ഗോത്രവുമായ ശൈബാനില്‍ പെട്ട ആളുകള്‍ ശയാബിന എന്ന പേരില്‍ അറിയപ്പെടുന്നു. ശൈബാനു ബ്നു ദഹ്‌ല്‍ എന്നയാളുടെ പരമ്പരയിലാണ് ഇമാം അഹ്മദുബ്നു ഹമ്പല്‍ ജനിക്കുന്നത്. (താജുല്‍ ഉറൂസ് 2/133). മുത്തുനബിയുടെ വല്യുപ്പയായ നിസാര്‍ എന്നവരിലേക്കും ഇവരുടെ പരമ്പര ചെന്നെത്തുന്നു.
ജാഹിലിയ്യാ, ഇസ്ലാമിക കാലഘട്ടങ്ങളിലെ പ്രതാഭ, ഉന്നത കുടുംബമാണ് ശൈബാന്‍. പ്രസിദ്ധരായ ഈ ഖബീലയെ, അവരുടെ കുടുംബമഹിമയെ പലരും വാഴ്ത്തിപ്പറായാറുണ്ടായിരുന്നു. ഇമാമിന്‍റെ വല്യുപ്പമാരില്‍ അധികവും ഭരണകര്‍ത്താക്കളോ വലിയ പദവി അലങ്കരിക്കുന്നവരോ ആയിരുന്നു. ശൈബാനു ബ്നു വല്യുപ്പ വലിയ ധീരനും പ്രതാപിയുമായിരുന്നു. 'റബീഅത്ത് ഗോത്രത്തിലാണ് നിങ്ങള്‍ പിറന്നതെങ്കില്‍ ശൈബാനെ കൊണ്ട് നിങ്ങല്‍ അഭിമാനം കൊള്ളുവീന്‍, അയാളെ വാഴ്ത്തുവീന്‍' എന്നു പോലും അന്നത്തെ പഴമക്കാര്‍ പറയാറുണ്ടായിരുന്നു. കാരണം അവരോളം ധൈര്യമോ സമ്പത്തോ മറ്റാര്‍ക്കും ഉണ്ടായിരുന്നില്ല.
ഖുറാസാനിലെ സര്‍ഖസ് പട്ടണത്തിന്‍റെയും ചുറ്റുഭാഗമുള്ള പ്രദേശങ്ങളുടെയും ഭരണാധികാരിയായിരുന്നു വല്യുപ്പ ഹമ്പലു ബ്നു ഹിലാല്‍. രാജ്യത്തിന്‍റെ പൗരപ്രമുഖരില്‍ പെട്ട ആളായതിനാല്‍ പല തീരുമാനങ്ങള്‍ക്കും തീര്‍പ്പു കല്പിക്കുന്നത് ഇമാമിന്‍റെ വല്യുപ്പയാണ്. കേവലം ഒരു ഭരണാധിക്കപ്പുറം ഊര്‍ജസ്വലനായ, കര്‍മ്മനിരതനായ വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അക്കാലത്തെ ബനൂ ഉമയ്യ ഭരണത്തിനു ശേഷം അബ്ബാസിയ്യ ഭരണകൂടത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വല്യുപ്പ ഹമ്പല്‍ നേതൃത്വം നല്‍കി. അദ്ദേഹത്തിന്‍റെ കൃത്യമായ പ്ലാനിങ്ങും, ചുവടുവയ്പുകളും വീഴ്ചയില്ലാത്ത പ്രവര്‍ത്തനങ്ങളും അബ്ബാസിയ്യ ഭരണത്തിനു വന്‍ മുതല്‍കൂട്ടായി മാറി.

ഹമ്പല്‍ എന്ന വല്യുപ്പയുടെ പ്രശസ്തിയും കഴിവുമാണ് ഇമാം അഹ്മദിനെ ഹമ്പലി എന്ന പേരിലേക്കു ചേര്‍ക്കപ്പെടാന്‍ കാരണം. സ്വന്തം പേരിനൊപ്പം പ്രശസ്തരായ വല്യുപ്പമാരുടെ പേരു കൂടി ചേര്‍ക്കല്‍ അക്കാലത്തെ പതിവായിരുന്നു. ഇത്തരത്തില്‍ മാലികീ ഇമാം തന്‍റെ ഏഴാമത്തെ വല്യുപ്പയിലേക്കാണ് ചേര്‍ക്കപ്പെട്ടത്. ഇമാം ശാഫിഈ മൂന്നാമത്തെ വല്യുപ്പയിലേക്കും.

മാതാപിതാക്കള്‍

ഇമാം അഹ്മദിന്‍റെ ഉപ്പ മുഹമ്മദുബ്നു ഹമ്പല്‍ വിദഗ്ദനായ കുതിരപ്പടയാളിയും സൈന്യാധിപനുമായിരുന്നു. അധിക സമയവും സൈനിക വേഷമാണ് അദ്ദേഹം ധരിച്ചിരുന്നതെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഉപ്പയുടെ സംരക്ഷണത്തില്‍ വളരാന്‍ ഇമാം അഹ്മദിന് ഭാഗ്യമുണ്ടായില്ല. ഉപ്പ മുഹമ്മദ് അദ്ദേഹത്തിന്‍റെ മുപ്പതാം വയസ്സില്‍ തന്നെ വഫാതാവുകയായിരുന്നു. വളര്‍ന്നു വരുന്ന പ്രതിഭയായ തന്‍റെ കുട്ടിയുടെ സംരക്ഷണം നിറവേറ്റാന്‍ യുവാവായ ആ ഉപ്പക്കായില്ല.
മുത്തുനബിയെ പോലെ ഇമാം അഹ്മദും യതീമായാണ് വളര്‍ന്നത്. 'ഞാനെന്‍റെ ഉപ്പയെയോ വല്യുപ്പയെയോ കണ്ടിട്ടില്ലെ'ന്ന് പില്‍ക്കാലത്ത് ഇമാം തന്നെ പറയുന്നുണ്ട്.
സംരക്ഷണമേറ്റെടുക്കാന്‍ ഉപ്പയോ വല്യുപ്പയോ ഇല്ലാത്ത ആ കുട്ടിയെ വളര്‍ത്തി വലുതാക്കി ലോകത്തിനു സമ്മാനിച്ചത് ഇമാമിന്‍റെ ഉമ്മയാണ്. ശൈബാനി ഗോത്രത്തില്‍ പെട്ട ഉമ്മയുടെ പേര് സ്വഫിയ ബിന്‍ത് മൈമൂന എന്നായിരുന്നു. ഗോത്രത്തലവന്മാരില്‍ ഒരാളായ അബ്ദുല്‍ മലിക് ബ്നു സവാദയുടെ പേരക്കുട്ടിയാണ് സ്വഫിയ. മാന്യനും അതിഥികളെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന മാലികിന്‍റെ സംരക്ഷണത്തിലായിരുന്നു സ്വഫിയ വളര്‍ന്നത്. ധാരാളം ഗോത്രക്കാര്‍ ഇദ്ദേഹത്തിന്‍റെ അടുക്കല്‍ വരുന്നത് പതിവായിരുന്നു. ഇമാമിന്‍റെ ഉപ്പ മുഹമ്മദ് ഒരിക്കല്‍ ഇവിടെയെത്തുകയും മാലികിന് ഇദ്ദേഹത്തെ വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് സ്വഫിയമുഹമ്മദ് ദമ്പതികളുടെ വിവാഹം നടക്കുന്നത്.
വളരെ പരിശുദ്ധയും ഉദാരമതിയുമായിരുന്ന സ്വഫിയ. അന്നത്തെ സ്ത്രീകളിലധികവും ഭര്‍ത്താവു മരിച്ചാല്‍ ജീവിത മാര്‍ഗത്തിനും വഴിപിഴച്ചു പോകാതിരിക്കാനും ആരോപണങ്ങളികപ്പെടാതിരിക്കാനും വേറെ വിവാഹം കഴിക്കാറായിരുന്നു പതിവ്. തന്‍റെ ഭര്‍ത്താവ് അകാലത്തില്‍ പൊലിഞ്ഞപ്പോഴും മറ്റൊരു ഭര്‍ത്താവിലേക്കോ മറ്റു അനാവശ്യ പ്രവര്‍ത്തനങ്ങളിലേക്കോ മഹതിയെ പ്രേരിപ്പിച്ചില്ല. എന്നാല്‍ ഉപ്പയില്ലാത്ത തന്‍റെ കുട്ടിയെ അറിവിന്‍റെ ഉയരങ്ങളിലെത്തിക്കാനാണ് അവര്‍ തന്‍റെ ശിഷ്ട ജീവിതം മാറ്റിവെച്ചത്. ഭര്‍ത്താവു മരണപ്പെടുമ്പോള്‍ മഹതിക്ക് ഏകദേശം 25 വയസ്സായിരുന്നു പ്രായമെന്ന് ചരിത്രപണ്ഡിതര്‍ അനുമാനിക്കുന്നു.


ജനനം, കുട്ടിക്കാലം

മുഹമ്മദ് സ്വഫിയയെ വിവാഹം ചെയ്ത ശേഷം മര്‍വ് എന്ന പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ തന്‍റെ ജന്മ നാടായ ബഗ്ദാദിലേക്ക് തന്നെ മടങ്ങാന്‍ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെ ഗര്‍ഭിണിയായ തന്‍റെ ഭാര്യയെയും കൂട്ടി ബഗ്ദാദിലേക്കു തിരിച്ചു. ബഗ്ദാദിലെത്തിയ സ്വഫിയ മദീനത്തുസ്സലാമില്‍ ഹി.164/ക്രി.780 റബീഉല്‍ അവ്വലില്‍ ഒരാണ്‍കുഞ്ഞിന് ജന്മംനല്‍കി. മുത്തുനബി ജനിച്ച മാസത്തില്‍ ബനു ശൈബാന്‍ ഗോത്രത്തില്‍ നിന്നും അല്ലാഹു നല്‍കി അനുഗ്രഹിച്ച ആ കുഞ്ഞായിരുന്നു ഇമാം അഹ്മദുബനു ഹമ്പല്‍.

അബു അബ്ദുല്ലാഹി ശൈബാനി എന്നറിയപ്പെട്ട മഹാന്‍റെ മുഴുവന്‍ നാമം അഹ്മദുബ്നു മുഹമ്മദുബ്നു ഹമ്പല്‍ എന്നാണ്. വളരെ ചെറുപ്പത്തിലേ സ്വഭാവത്തിലും പെരുമാറ്റത്തിലും മറ്റു കുട്ടികളില്‍ നിന്നും വേറിട്ടു നിന്നു. തന്‍റെ വാക്കുകൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ആരെയും ദ്രോഹിക്കാന്‍ ആ കുട്ടി ഇഷ്ടപ്പെട്ടില്ല. സ്വഭാവം ഗുണം കൊണ്ട് കുട്ടികള്‍ക്കിടയില്‍ ഒരു മാതൃകാവ്യക്തി തന്നെയായി മാറി അഹ്മദുബ്നു ഹമ്പല്‍. സമ്പത്തിന്‍റെ കാര്യത്തില്‍ ദരിദ്രനാണെങ്കിലും സ്വഭാവഗുണം കൊണ്ട് ഐശ്വര്യം നിറഞ്ഞതായിരുന്നു ആ ജീവിതം. അതിനാല്‍ അക്കാലത്ത് മറ്റു രക്ഷിതാക്കള്‍ പറയാറുണ്ടായിരുന്നു. 'ഞാന്‍ എന്‍റെ കുട്ടിയെ മര്യാദ പഠിപ്പിക്കാനായി കുറേ പണം ചെലവഴിച്ചു. എന്നിട്ടും അവരൊന്നും വേണ്ടവിധം നന്നായില്ല. പക്ഷേ, യതീമായ ഈ കുട്ടിയെ നോക്കൂ, എത്ര മര്യാദയുള്ളവനാണിവന്‍'. ഉമ്മ പഠിപ്പിച്ച സംസ്കാരവും മര്യാദയും അതേപടി പകര്‍ത്തുകയായിരുന്നു അഹ്മദ്. നന്നേ ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാന്‍ പ്രയത്നിച്ചു.
അക്കാലത്തു കുട്ടികള്‍ രാവിലെ വിദ്യ അഭ്യസിക്കാന്‍ പാഠശാലയിലേക്കു പോകുമായിരുന്നു. എന്നാല്‍ ഇമാം അഹ്മദ് രാവിലത്തെ ക്ലാസുകൊണ്ട് മാത്രം മതിയാക്കാതെ വൈകുന്നേരം ഇരുട്ടുന്നതു വരെ ഖുര്‍ആനും തജ്വീദും പഠിക്കാന്‍ പോകുമായിരുന്നു. അച്ചടക്കത്തിലും പഠനത്തിലും മികച്ചു നിന്ന അഹ്മദ് ഉസ്താദുമാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. വിദ്യാര്‍ത്ഥികളെ കുറിച്ച് ഒരിക്കല്‍ ചര്‍ച്ചയുണ്ടായപ്പോള്‍ അബൂ ആസ്വിം നുബൈല്‍* പറഞ്ഞത് ഇതിനു തെളിവാണ്. 'വിദ്യാര്‍ത്ഥികളില്‍ അഹ്മദിനെപോലെ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല'. മാത്രമല്ല, പ്രമുഖ ഹദീസ് പണ്ഡിതനും ഫഖീഹുമായ ഹയ്സമുബ്ന ജമീല്‍ പറഞ്ഞ വാക്കുകള്‍ സത്യമാവുകയും ലോകം അതിനു സാക്ഷിയാവുകയും ചെയ്തു. 'ഈ കുട്ടി വളര്‍ന്നുവന്നാല്‍ ലോകത്തിനു ഒരു മുതല്‍കൂട്ടായി മാറുമെന്ന്' അദ്ദേഹം അന്നേ പ്രവചിക്കുകയായിരുന്നു.
*കര്‍മ്മശാസ്ത്രത്തില്‍ വളരെ നിപുണനായ ഹൈസം അല്ലാഹുവിന്‍റെ ഔലിയാക്കളില്‍ ഒരാളായി വിലയിരുത്തപ്പെടുന്നു. തെറ്റുകളോട് പാടെ അകന്നു നിന്ന അദ്ദേഹം മരണമടുത്ത സമയത്ത് കാലുകള്‍ ഖിബ്ലയിലേക്കു തിരിക്കാന്‍ ആവശ്യപ്പെട്ടു പറഞ്ഞു, 'അല്ലാഹുവിനറിയാം, ഈ  കാലുകള്‍ ഒരു തെറ്റിലേക്കും നടന്നില്ല' എന്ന്.

അഹ്മദ് പഠിച്ച കാര്യങ്ങള്‍ ജീവിതത്തിലും പകര്‍ത്തി. ഇമാമിന്‍റെ പിതൃ സഹോദരന്‍ പാഠശാലയില്‍ ജോലിക്കാരനായിരുന്നു. പതിനാലു വയസ്സായ ആ വിദ്യാര്‍ത്ഥിക്ക് പഠനത്തിന് ഇതു വളരെ സഹായമേകി. തന്‍റെ ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും ഉമ്മ പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ അഹ്മദ് കൈവിട്ടില്ല. മഹതിയായ ആ ഉമ്മക്കു തെറ്റായി തോന്നുന്ന കാര്യങ്ങളൊന്നും ചെയ്യാതെ ഉമ്മയെ അനുസരിച്ചു മാത്രം ജീവിച്ചു. ഒരിക്കലും ആ ഉമ്മയുടെ വാക്കുകള്‍ക്കെതിരു നിന്നില്ല. ഒരിക്കല്‍ അഹ്മദ് കൂട്ടുകാര്‍ക്കൊപ്പം ടൈഗ്രീസ് നദിക്കരയിലെത്തി. പടിഞ്ഞാറു നിന്നും കിഴക്കു ഭാഗത്തേക്കു പുഴ മുറിഞ്ഞുകടക്കണമായിരുന്നു അവര്‍ക്ക്. കൂട്ടുകാരെല്ലാം വിട്ടുകടന്നിട്ടും അഹ്മദ് അവിടെത്തന്നെ നിന്നു. കാര്യമന്വേഷിച്ചപ്പോള്‍ ഇമാം അഹ്മദ് പറഞ്ഞത്, 'ഉമ്മക്കു സമ്മതമില്ല'എന്നാണ്. ഇരുപത്തിരണ്ടു വയസ്സെത്തിയ യുവാവായിരുന്നു അന്ന് അഹ്മദ്.
പഠനകാലത്തു തന്നെ ഒരു മുതിര്‍ന്ന വ്യക്തിയെപ്പോലെ ആരാധകളില്‍ കൃത്യത പുലര്‍ത്തിയിരുന്നു. ആരാധനകളില്‍ ഭയഭക്തിയും സൂക്ഷ്മതയും കണിശതയും വ്യക്തമായി നിഴലിക്കുമായിരുന്നു.

ഗുരുനാഥന്മാര്‍

ജീവിതകാലം മുഴുവന്‍ അറിവിനു വേണ്ടി മാത്രം നീക്കിവെച്ച അഹ്മദ് സദാസമയവും കൈയില്‍ പേനയും മഷിക്കുപ്പിയുമായായിരുന്നു നടന്നിരുന്നത്. അറിവു നേടാന്‍ നന്നായി പരിശ്രമിക്കുകയും അതിനു വേണ്ടി  എത്ര പ്രയാസവും സഹിക്കാന്‍ ഇമാം തയ്യാറായിരുന്നു. പഠിക്കുന്ന സ്ഥലത്തു നിന്നും വീട്ടിലെത്തിയാല്‍ കുറച്ചുകഴിഞ്ഞ് തിരിച്ചു പോകാന്‍ അദ്ദേഹം ധൃതി കാണിക്കുമായിരുന്നത്രേ. രാത്രി തന്നെ ഇറങ്ങിത്തിരിക്കാന്‍ ശ്രമിക്കുമായിരുന്ന അഹ്മദിന്‍റെ വസ്ത്രങ്ങള്‍ ഉമ്മ ഒളിപ്പിച്ചു വെക്കും. മകന്‍ വീട്ടില്‍തന്നെ നില്‍ക്കാനല്ല, ഇരുട്ടത്തു പ്രയാസപ്പെട്ടു പോകാതിരിക്കാനായിരുന്നു ഇത്. സുബഹി ബാങ്കിനു ശേഷം നേരം അല്പം വെളുത്ത ശേഷം മാത്രമേ പോകാന്‍ അനുവദിച്ചുള്ളൂ. നാല്പതു വയസ്സുനീണ്ട പഠനകാലയളവില്‍ നിരവധി പണ്ഡിതരെ കണ്ടുമുട്ടാനും അറിവു നുകരാനും ഇമാമിന് ഭാഗ്യമുണ്ടായി. ബഗ്ദാദിലെ പ്രശസ്തരായ ഉസ്താദുമാരെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

അബൂ യൂസുഫ് (113 182)

പ്ര്ാഥമിക പഠനങ്ങളെല്ലാം ഉമ്മയില്‍ നിന്നും പഠിച്ച ഇമാം അഹ്മദ് ഔദ്യോഗികമായി അറിവ് നേടാന്‍ ആരംഭിക്കുന്നത് ഹദീസ് പണ്ഡിതനായ അബൂ യൂസുഫ് എന്നവരില്‍ നിന്നാണ്. കര്‍മ്മശാസ്ത്രത്തിലും ഹദീസിലും വിശാരദനായിരുന്ന അദ്ദേഹം ബഗ്ദാദിലെ ഖാദിയായിരുന്നു. ഞാന്‍ ആദ്യമായി ഹദീസ് കേള്‍ക്കുന്നത് അബൂ യൂസുഫില്‍ നിന്നാണെന്ന് ഇമാം തന്നെ പറയുന്നുണ്ട്. (അ്ല്‍ മനാഖിബ്ഇ്ബനുല്‍ ജൗസി33)
നിറഞ്ഞ സദസ്സായിരുന്നു അബൂയുസുഫിന്‍റേത്. കര്‍മ്മശാസ്ത്ര രംഗത്ത് ഇമാമിന്‍റെ ഉയര്‍ച്ചക്ക് ഇദ്ദേഹത്തിന്‍റെയടുത്തുള്ള പഠനം വളരെ സഹായമേകിയിട്ടുണ്ട്. എന്നാല്‍ ഫിഖ്ഹ് മസ്അലകളില്‍ സ്വന്തം യുക്തിക്കനുസരിച്ചായിരുന്നു തീരുമാനങ്ങളെടുത്തിരുന്നത്. ഹി.179വരെ അഹ്മദ് ഇവിടെ പഠനം തുടര്‍ന്നു.


ഹുശൈമുബ്നു ബശീറുല്‍ വാസിതി(102 183)

വളരെ കുറഞ്ഞകാലം അബൂയുസുഫിന്‍റെയടുക്കല്‍ നിന്നു വിദ്യനുകര്‍ന്ന അഹ്മദ് ശേഷം ചെന്നെത്തിയത് വാസിത് നാട്ടുകാരനായ ഹുശൈമുബ്നു ബഷീറിന്‍റെയടുക്കലാണ്. അബൂയൂസുഫന്‍റെയടുക്കല്‍ പഠിക്കുമ്പോള്‍ തന്നെ ഹുശൈമിന്‍റെ ക്ലാസിലും ചിലപ്പോഴൊക്കെ പങ്കെടുത്തതിനാല്‍ അഹ്മദിന് ഹുശൈമിനെ മുമ്പേ പരിചയമുണ്ടായിരുന്നു. ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഉസ്താദുമാരെ സ്വീകരിക്കുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. മറ്റു ഇമാമുമാരുടെ ജീവിതത്തിലും ഇങ്ങനെ കാണാം.
ഹുശൈം ധാരാളം ദിക്റുകളും സ്വലാത്തുകളും ചൊല്ലുന്നയാളായിരുന്നെന്നു ഇമാം അഹ്മദ് പറയുന്നു(തഹ്ദീബുതഹ്ദീബ് 11/62). ഹജ്ജിനെ കുറിച്ചു മാത്രം ആയിരം ഹദീസുകള്‍ ഇവിടെ നിന്നു പഠിച്ചു. ആകെ മുവായിരത്തോളം ഹദീസുകളാണ് ഹുശൈമിന്‍റെയടുക്കല്‍ നിന്നു പഠിച്ചതെന്ന് മകന്‍ സ്വാലിഹ് പറയുന്നു(മനാഖിബ്25). മാത്രമല്ല ചില തഫ്സീര്‍ ഗ്രന്ഥങ്ങള്‍, കിതാബുല്‍ ഖളാഅ്, മറ്റു ചെറിയ കിതാബുകള്‍ ഇമാം ഓതിയതും ഇവിടെ നിന്നാണ് (താരീഖു ബഗ്ദാദ്412/4). വലിയ ആദരവും ഭയവുമായിരുന്നു ഇമാമിന് ഉസ്താദിനോടുണ്ടായിരുന്നത്. നാലുവര്‍ഷത്തെ പഠനത്തിനിടയില്‍ രണ്ടു പ്രാവശ്യം മാത്രമേ സംശയ നിവാരണം നടത്തിയുള്ളൂ. ആ രണ്ടു കാര്യങ്ങള്‍ വിത്റിനെ കുറിച്ചും മുടി തിങ്ങിയ ആളെ കുറിച്ചുമായിരുന്നെന്ന് മകന്‍ അബ്ദുല്ല ഉപ്പ പറഞ്ഞതോര്‍ക്കുന്നു(താരീഖു ബഗ്ദാദ്89/14).
ബഗ്ദാദ് അക്കാലത്ത് വൈജ്ഞാനികമായി വളരെ സമൃദ്ധമായിരുന്നു. ധാരാളം പണ്ഡിതര്‍ വസിച്ചിരുന്ന ബഗ്ദാദിലേക്കു ഹുശൈം വാസിതില്‍ നി്ന്നും മാറിത്താമസിക്കുകയായിരുന്നു. വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമപയോഗി്ച്ചായിരുന്നു അദ്ദേഹം കര്‍മ്മശാസ്ത്ര വിധികള്‍ കണ്ടെത്തിയിരുന്നത്.

അലി ബ്നു ഹാശിമുബ്നുല്‍ ബിരീദ്

ആദ്യ കാലത്തെ പതിവ് ഉസ്താദുമാര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഗുരുശിഷ്യ ബന്ധത്തിനു പുറമേ മുരീദ് ശൈഖ് ബന്ധവുമുണ്ഡായിരുന്നു. അതിനാല്‍ തന്നെ ശൈഖുമാര്‍ വ്യത്യാസപ്പെടുന്നതില്‍ കുഴപ്പമൊന്നുമില്ല. ഒരേ സമയം ഒന്നിലധികം ഉസ്താദുമാരുടെ അടുക്കല്‍ നിന്നു പഠിച്ചവാരാണ് മറ്റു ഇമാമുമാരും പണ്ഡിതരും. 'ഞാന്‍ പഠനമാരംഭിച്ച കാലത്തു തന്നെ അലി ബ്നു ഹിശാമിന്‍റടുക്കല്‍ നിന്നും പഠിച്ചിരുന്നുവെന്ന്' ഇമാം അഹ്മദ് പറയുന്നുണ്ട്. എന്നാല്‍ അലി ശിയാ പ്രസ്ഥാനത്തോട് അടുപ്പം കാണിച്ചതിാല്‍ കൂടുതല്‍ കാലം പഠനം തുടരാന്‍ ഇമാം  താല്പര്യപ്പെട്ടില്ല. ഇബ്നു ഹിബ്ബാനെപോലെയുള്ളവര്‍ ഇദ്ദേഹം ശിയാ ആശയക്കാരനായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നവരാണ്(അല്‍ മസ്ദര്‍392)ചെറുപ്പം കാലം തൊട്ടേ മുഅ്തസില്‍, ശിയാ ആശയങ്ങളോട് വെറുപ്പ് കാണിക്കുകയും അകലം പാലിക്കുകയും ചെയ്തിരുന്നു. അബുല്‍ ഹസന്‍ എന്ന പേരിലറിയപ്പെട്ട ഇദ്ദേഹത്തിന്‍റെ മരണവര്‍ഷത്തില്‍(179/180) ഭിന്നതയുണ്ട്.

അബ്ദുറഹ്മാനുബ്നു മഹ്ദി (135 198)

ബസ്വറയിലെ വലിയ ഹദീസ് പണ്ഡിതനായിരുന്ന ഇബ്നു മഹ്ദി ഇറാഖുകാര്‍ക്ക് വളരെ സുപരിചിതനായിരുന്നു. അല്‍ ഇമാം എന്നു വിളിക്കപ്പെട്ട അദ്ദേഹം ഹി. 180ല്‍ തന്‍റെ 45ാം വയസ്സിലാണ് ബഗ്ദാദിലെത്തുന്നത്. 6വര്‍ഷക്കാലം ബഗ്ദാദില്‍ അറിവു പകര്‍ന്ന് പിന്നീട് ഹി.186ല്‍ ബസ്വറയിലേക്കു തന്നെ തിരിച്ചു പോയപ്പോഴും ഇമാം അഹ്മദും കൂടെപ്പോയി വിദ്യ നുകരുകയുണ്ടായി. വലിയ പണ്ഡിതനായിരുന്ന സുഫ്യാനുസ്സൗരീ വഫാതായത് ഇദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ചായിരുന്നു. ദുന്‍യാവില്‍ അദ്ദേഹത്തിന് സദൃശ്യമായ ഒരാളെ ഞാന്‍ കണ്ടിട്ടില്ലെന്ന് ശാഫിഈ ഇമാമും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്(തഹ്ദീബുതഹ്ദീബ്)

ഇസ്മാഈലുബ്നു ജഅ്ഫര്‍ (130 180)

ഇമാം അഹ്മദ് ഖുര്‍ആനിലും തജ്വീദിലും പ്രാവീണ്യം നേടുന്നത് മദീനയിലെ പ്രസിദ്ധ ഖാരിഅ് കൂടിയായ ഇസ്മാഈലുബ്നു ജഅ്ഫറില്‍ നിന്നാണ്. 50 വയസ്സു മാത്രം ജീവിച്ച ഇദ്ദേഹത്തില്‍ നിന്നും വളരെ കുറച്ചു കാലം മാത്രമേ ഇമാമിന് പഠിക്കാനായുള്ളൂ.

അബൂബക്കറുബ്നു ഇയാശ്

സുബഹിയോടെ തുടങ്ങുന്ന അബൂബക്കറുബ്നു ഇയാശിന്‍റെ ക്ലാസ് ഇമാം അഹ്മദിന് വളരെ ഇഷ്ടമായിരുന്നു. അതിനാല്‍ തന്നെ സുബഹിക്കുമുമ്പേ വീട്ടില്‍ നിന്നും ക്ലാസിനു ഇമാം പുറപ്പെടുമായിരുന്നു. നേരത്തേ സൂചിപ്പിച്ച ഉമ്മ വസ്ത്രമൊളിപ്പിക്കാറുള്ള സംഭവം ഇദ്ദേഹത്തിന്‍റെ ക്ലാസിനു പുറപ്പെടുമ്പോഴുണ്ടായതാണ്.

അബ്ബാദു ബ്നു അബ്ബാദ്

ബഗ്ദാദിലെ അറിയപ്പെട്ട പണ്ഡിതനായ ഇദ്ദേഹം വഫാതായത് ഹി. 181ലാണ്.
യഹ് യബ്നു ആദം, സഈദുബ്നു സ്വബാഹ് എന്നിവര്‍ക്കു പുറമേ ഇമാം അഹ്മദിന്‍റെ ബഗ്ദാദിലെ മാത്രം പ്രധാനപ്പെട്ട ഏഴു ഉസ്താദുമാരാണിവര്‍.

അറിവു തേടി യാത്രകള്‍

'ഹദീസ് പഠിക്കാനാഗ്രഹിക്കുന്നവര്‍ അതിനു സേവനം ചെയ്യണം. സേവനം ഹദീസ് തേടിപ്പോവലും പഠിക്കുകയും ചെയ്യലാണ്'. ഹദീസിനു സേവനംചെയ്യാനുള്ള ഇമാമിന്‍റെ ഈ വാക്കുകള്‍ തന്‍റെ ജീവിതാനുഭവങ്ങളിലൂടെ തന്നെ നമുക്ക് ദര്‍ശിക്കാനാവും. ആരുടെയെങ്കിലും കൈയില്‍ തിരുനബിയുടെ ഹദീസ് ഉണ്ടെന്നറിഞ്ഞാല്‍ എത്ര ദൂരം താണ്ടിയും അത് തേടിപ്പോവുകയും പഠിക്കകയും ചെയ്തിട്ടുണ്ട് ഇമാം. ബഗ്ദാദിലെ പഠന ശേഷം കൂഫ, യമന്‍, ശാം, മക്ക, മദീന തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ജ്ഞാനവഴിയില്‍ അദ്ദേഹം സഞ്ചരിക്കുകയുണ്ടായി. വസ്ത്രങ്ങളും പണവും കൊള്ളയടിക്കപ്പെട്ട, വിശന്നുപൊരിഞ്ഞ ദാരുണമായ സംഭവങ്ങള്‍ ഈ യാത്രകളില്‍ ഇമാം നേരിടുകയുണ്ടായി.
ഇമാം മാലികിയെപ്പോലെ ധാരാളം സമ്പത്തുള്ളയാളായിരുന്നില്ല ഇമാം അഹ്മദ്. അറിവു നേടാന്‍ അധ്വാനിച്ചായിരുന്നു പണം കണ്ടെത്തിയത്. ചുമട്ടുതൊഴിലാളിയായും കത്തുകള്‍ കൂലിക്കെഴുതിയും അവിടുന്ന് പണം സമ്പാദിച്ചു. റശീദ് രാജാവിന്‍റെ കാലത്ത് അദ്ദേഹം സൈന്യത്തോടൊപ്പം മറ്റു രാഷ്ട്രങ്ങളിലേക്കു പോകുന്ന സമയത്ത് അവരുടെ ഭാര്യമാര്‍ക്കു വേണ്ടി കത്തുകളെഴുതിയും വരുന്ന കത്തുകള്‍ വായിച്ചുകൊടുക്കുകയും ചെയ്ത സംഭവങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാനാകും. നല്ല ഭാഷയില്‍ അനാവശ്യ പ്രയോഗങ്ങളില്ലാതെയായിരുന്നു ഇമാമിന്‍റെ എഴുത്തുരീതി. ഇത്രയധികം പ്രയാസങ്ങള്‍ സഹിച്ച് അറിവിനുവേണ്ടി ഇസ്ലാമിക പ്രദേശങ്ങള്‍ മുഴുവന്‍ സഞ്ചരിച്ച ആദ്യ വ്യക്തി ഇമാം അഹ്മദാണെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം.

കൂഫയിലേക്ക്

ബഗ്ദാദിലെ ഉസ്താദായിരുന്ന ഹുശൈമിന്‍റെ മരണശേഷമാണ് ആദ്യമായി നാടുവിട്ടു പോകാന്‍ ഇമാം തീരുമാനിക്കുന്നത്. ഹി. 183ല്‍ കൂഫയിലേക്കു പുറപ്പെടുന്നത് അങ്ങനെയാണ്. ഇമാം തന്‍റെ ജീവിതകാലത്ത ഒന്നില്‍ കൂടുതല്‍ പ്രാവശ്യം കൂഫ സന്ദര്‍ശിക്കുകയുണ്ടായിട്ടുണ്ട്. കൂഫയിലേക്കുള്ള യാത്രയില്‍ തലക്കടിയില്‍ ഇഷ്ടിക വെച്ചു കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്. പ്രയാസങ്ങളോ മറ്റു സുഖങ്ങളോ അല്ല, മൂന്ന് വലിയ പണ്ഡിതരെ ഉസ്താദുമാരായി കിട്ടിയതിലാണ് ഇമാം ആനന്ദം കണ്ടെത്തിയത്.

യഹ്യ ബ്നു ആദം

ഫിഖ്ഹിലും ഹദീസിലും നിപുണനായിരുന്ന യഹ്യബ്നു ആദമിന് കിതാബുല്‍ ഖറാജ് പോലെയുള്ള നിരവധി ഗ്രന്ഥങ്ങളുണ്ട്. കൂട്ടുകാരനും ശിഷ്യനുമായ യഹ്യ ബ്നു മുഈനും ഇമാം അഹ്മദിനൊപ്പം ഹദീസുകള്‍ പഠിക്കാനുണ്ടായിരുന്നു. ഹി. 203ലാണ് ഉസ്താദ് യഹ്യബ്നു ആദം വഫാതാകുന്നത്.

വകീഉബ്നു ജറാഹ്

അറിവിന്‍റെ മേഖലയില്‍ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന വകീഅ് ശാഫിഈ ഇമാമിന്‍റെ ഉസ്താദ്‌ കൂടിയായിരുന്നു. മോശമായ തന്‍റെ മനപാഠമാക്കാനുള്ള കഴിവിനെ കുറിച്ച് പരാതി പറഞ്ഞ ശാഫിഈ ഇമാമിനോട് തെറ്റുകള്‍ ഒഴിവാക്കാന്‍ വകീഅ് നിര്‍ദേശിച്ചു. ഈ സംഭവം ഉദ്ധരിക്കുന്ന ബൈതുകള്‍ ലോക പ്രസിദ്ധമാണ്. യഹ്യബ്നു മുഈന്‍ വകീഇനെ കുറിച്ച് വലിയ ഹിഫ്ളുകാരന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. മാത്രമല്ല, ഇമാം അഹ്മദ് തന്നെ പറയുന്നത് കാണാം. 'ഉസ്താദ് വകീഅ് വലിയ സൂക്ഷമശാലിയായിരുന്നു. ഭയഭക്തിയിലും ഹിഫ്ളിലും വകീഇനെ പോലെ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.'
വകീഉം ഇമാം അഹ്മദും നേരം പുലരുവോളം അറിവു ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. നിരവധി ഹദീസുകള്‍ വകീഇല്‍ നിന്നും മനപാഠമാക്കി. മകന്‍ അബ്ദുല്ലയോട് ഇമാം ഉപദേശിക്കുമായിരുന്നു "വകീഇന്‍റെ ഏത് കിതാബും നിനക്ക് പഠിക്കാനായി എടുക്കാം. വല്ല സംശയവും തോന്നുന്നുവെങ്കില്‍ അതിന്‍റെ സനദടക്കം ഞാന്‍ പറഞ്ഞുതരാം' (തര്‍ജുമ ഇമാം അഹ്മദ്ദഹബി63). ബുദ്ധി, വിവേകം, ജ്ഞാനം എന്നിവയില്‍ മികവു പുലര്‍ത്തിയ ഇമാമിനോട് വകീഇന് പ്രത്യേക മമതയുണ്ടായിരുന്നു. കൂടാതെ 'കൂഫയില്‍ അഹ്മദിനെപ്പോലെ ഞാനൊരാളെയും കണ്ടിട്ടില്ലെ'ന്നും വകീഅ് ഇമാമിനെ പുകഴ്ത്തിയിട്ടുണ്ട്. 68വയസ്സുവരെ ജീവിച്ച വകീഅ് ഹി. 196ല്‍ ഹജ്ജു ചെയ്തു മടങ്ങുന്ന വഴിയിലാണ് വഫാതായത്.
മൂന്നാമത്തെ പണ്ഡിതന്‍ അബ്ദുറഹ്മാനുബ്നു മുഹമ്മദ് ആണ്. ഇദ്ദേഹത്തിന്‍റെ വഫാത് ഹി. 195ലാണ്.

ബസ്വറ

കര്‍മ്മശാസ്ത്രം, ഹദീസ്, കവിത, ഭാഷാശാസ്ത്രം തുടങ്ങിയവയില്‍ അക്കാലത്തെ വൈജ്ഞാനിക കേന്ദ്രമായിരുന്നു ബസ്വറ. ബഗ്ദാദില്‍ നിന്നും കൂഫയേക്കാള്‍ ദൂരമുള്ള ബസ്വറയിലേക്ക് അഞ്ചു പ്രാവശ്യം ഇമാം യാത്ര ചെയ്തത് ബസ്വറയുടെ ജഞാന സമ്പല്‍സമൃദ്ധി കണ്ടുകൊണ്ടു തന്നെയാണ്. ഹി. 190ലാണ് ആദ്യമായി ബസ്വറയിലെത്തുന്നത്. ഓരോ യാത്രയിലും ആറു മാസക്കാലം ബസ്വറയില്‍ താമസിക്കാറുണ്ടായിരുന്നു. അഹ്മദ് ഇമാമിന് ബസ്വറയോട് പ്രത്യേക താല്പര്യം തോന്നാന്‍ രണ്ടു കാരണങ്ങളാണുണ്ടായിരുന്നത്. ഒന്ന്, ബസ്വറയുടെ വൈജ്ഞാനിക ചുറ്റുപാടും അന്തരീക്ഷവും പണ്ഡിതന്മാരുടെ സാനിധ്യവുമായിരുന്നു. രണ്ട്, ബസ്വറ ഇമാമിന്‍റെ മുന്‍ഗാമികളുടെ നാടാണ്. പൂര്‍വീകരുടെ നാടിനോടുള്ള പ്രത്യേക താല്പര്യമാണ് ബസ്വറയില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കാരണമായത്. അത് ഇമാം തന്നെ പറയുന്നുണ്ട്. ബസ്വറയിലെ മസ്ജിദ് മാസിനില്‍ കൂടുതല്‍ നിസ്ക്കരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തപ്പോള്‍ കാരണമായി പറഞ്ഞത് 'ഇതെന്‍റെ വല്ല്യുപ്പമാരുടെ പള്ളിയാണെ'ന്നാണ്.
ബസ്വറയില്‍ മൂന്നു പണ്ഡിതന്മാര്‍ക്കു കീഴിലാണ് ഇമാം വിദ്യ അഭ്യസിച്ചത്. ഇസ്മാഈലു ബ്നു ഉല്‍യയാണ് ആദ്യത്തെയാള്‍. 'ഹമ്മാദു ബ്നു സൈദ് എന്ന പണ്ഡിതനെ നഷ്ടമായപ്പോള്‍ അല്ലാഹു പകരം എനിക്കു നല്‍കിയതാണ് ഇസ്മാഈലു ബ്നു ഉല്‍യയെ'എന്ന് ഇമാം അഹ്മദ് പറഞ്ഞതായി കാണാം.

രണ്ടാമത്തെ പണ്ഡിതന്‍ അബ്ദുറഹ്മാനു ബ്നു മഹ്ദിയാണ്. ബഗ്ദാദില്‍ നിന്നു തന്നെ ഇദ്ദേഹത്തില്‍ നിന്ന് ഇമാം പഠിച്ചിട്ടുണ്ട്. 700ഓളം ഹദീസുകളാണ് അബ്ദുറഹ്മാനുബ്നു മഹ്ദിയില്‍ നിന്നു ഞാന്‍ നേടിയതെന്ന് ഇമാം അഹ്മദ് പറയുന്നു (താരീഖു ബഗ്ദാദ്). മാലികീ ഇമാം, സുഫയാനുസ്സൗരീ, സുഫ്യാനുബ്നു ഉയയ്ന എന്നിവരില്‍ നിന്ന് ഹദീസ് പഠിച്ചയാളാണ് ഇബ്നു മഹ്ദി. ഹദീസില്‍ വിശ്വസ്തനും, സൂക്ഷ്മശാലിയും നല്ല ഹിഫ്ളുള്ളയാളുമാണ് അബ്ദുറഹ്മാനു ബ്നു മഹ്ദിയെന്ന് ഖതീബുല്‍ ബഗ്ദാദി പറയുന്നുണ്ട്(അല്‍ മസ്ദര്‍240). ശാഫിഈ ഇമാമുമായി വളരെയടുത്ത ബന്ധമാണിദ്ദേഹത്തിനുണ്ടായിരുന്നത്. ശാഫിഈ ഇമാമിന്‍റെ പ്രസിദ്ധ ഗ്രന്ഥം 'അര്‍റിസാല' വിരചിതമായതും അബ്ദറഹ്മാനു ബ്നു മഹ്ദി വഴിയാണ്.
നുഅയ്മുബ്നു ഹമ്മാദ് ഒരിക്കല്‍ ഇബ്നു മഹ്ദിയോട് ചോദിച്ചു. 'സ്വഹീഹായ ഹദീസിനെ നിങ്ങള്‍ക്ക് എങ്ങനെയാണ് വേര്‍തിരിക്കാന്‍ സാധിക്കുന്നത്?'. മഹാനവര്‍കള്‍ മറുപടി നല്‍കി, 'ഒരു ഭ്രാന്തനായ വ്യക്തിയെ ഡോക്ടര്‍ക്കു തിരിച്ചറിയുന്ന പോലെ എനിക്കു സാധിക്കും. കാരണം മുത്തുനബിയുടെ ഹദീസിനോട് അടങ്ങാത്ത സ്നേഹമാണെനിക്ക്'.
ഒരാള്‍ക്ക് ഭക്ഷണം കഴിക്കുന്നതിനേക്കാളേറെ അറിവിനോട് ആഗ്രഹമുണ്ടായിരിക്കണമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു.
ബസ്വറയിലെ മൂന്നാമത്തെ ഉസ്താദാണ് യഹ്യബ്നു സഈദുല്‍ ഖതാറാണ്. ഇദ്ദേഹം അബ്ദുറഹ്മാനുബ്നു മഹ്ദിയുടെ കൂട്ടുകാരനും നാട്ടുകാരനുമാണ്. ഹി. 120ല്‍ ജനിച്ച അദ്ദേഹം താബിഉകളായ പ്രസിദ്ധരില്‍ നിന്നു ഹദീസ് സ്വീകരിച്ചിട്ടുണ്ട്. ശുഅ്ബാന്‍, സുഫ്യാനുസ്സൗരീ എന്നീ മഹത്തുക്കളില്‍ നിന്നാണ് അറിവു നേടിയത്. ഹദീസില്‍ അമീറായി അറിയപ്പെട്ട സുഫ്യാനുസ്സൗരിയേക്കാള്‍ മനപാഠം ഇദ്ദേഹത്തിനായിരുന്നെന്ന് ഖാലിദുബ്നു ഹാരിസ് എന്ന ഹദീസ് പണ്ഡിതന്‍ പറയുന്നതു കാണാം. ആ കാലഘട്ടത്തിലെ മസ്അലകളിലെ ഭിന്ന പരിഹരിക്കാന്‍ ഏവരും ആശ്രയിച്ചിരുന്നത് യഹ് യബ്നു സഈദിനെയാണ്. ഇമാം മാലികിയുടെ ഗാംഭീര്യമുഖഭാവമായിരുന്നു ഇദ്ദേഹത്തിനും. ഇമാം ഹമ്പലി മറ്റു ഉസ്താദുമാരേക്കാള്‍ പ്രാമുഖ്യം നല്‍കിയ ഇദ്ദേഹത്തിന്‍റെ വഫാത് ഹി. 198ലായിരുന്നു.

വാസിത്

ഇറാഖില്‍പെട്ട ഈ പ്രദേശത്തെ പ്രധാന ഉസ്താദ് യസീദുബ്നു ഹാറൂന്‍ ആയിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ പഠക്കുന്ന വലിയൊരു സദസ്സാണവിടെയുണ്ടായിരുന്നത്. ബസ്വറ, കൂഫ, വാസിതിനു പുറത്തുള്ള മറ്റു പ്രദേശങ്ങളില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ ഇവിടേക്കൊഴുകിയെത്തി. ഇമാം ഹമ്പലിയെ കണ്ടപ്പോള്‍ത്തന്നെ ഭാവിയില്‍ വലിയ ഉന്നതിയിലെത്താനുള്ള ആളാണെന്ന് യസീദ് മനസ്സിലാക്കുകയും ക്ലാസില്‍ പ്രത്യേക പരിഗണന നല്‍കുകയും ചെയ്തു. എന്നാല്‍ ഉസ്താദിനോടുള്ള ഭയവും ബഹുമാനവും കാരണം ഒരു സാധാരണവ്യക്തിയെ പോലെയായിരുന്നു ഇമാം ക്ലാസില്‍ പോയിരുന്നത്. ആ കാലത്താണ് ബഗ്ദാദിലെ ഖലീഫ മഅ്മൂന്‍ ഖുര്‍ആന്‍ സൃഷ്ടിവാദവുമായി രംഗത്തു വരുന്നത്. എന്നാല്‍ യസീദിന്‍റെ മുമ്പില്‍ ഈ വാദവുമായി വരാന്‍ അദ്ദേഹത്തിനു വരാന്‍ ധൈര്യമുണ്ടായില്ല. എന്നു മാത്രമല്ല, യസീദ് മരണപ്പെടുംവരെ ഈ വാദം ഉച്ചയിസ്ഥം പ്രസ്ഥാവിക്കാന്‍ അദ്ദേഹം യസീദിനെ ഭയന്ന് തയ്യാറായില്ല. യസീദിന്‍റെ മരണ ശേഷമാണ് പിന്നീട് രംഗത്തെത്തിയത്. ഹദീസിലും കര്‍മ്മശാസ്ത്രത്തിലും വിശാരദനായ യസീദ് പക്ഷേ, ഇമാം ഹമ്പലിയെ അങ്ങേയറ്റം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. യസീദ് ഇമാമിനെ ക്ലാസില്‍ വളരെ അടുത്തിരിക്കുകയും മററുളളവരേക്കാള്‍ ആദരിക്കുകയും ചെയ്യാറുണ്ടെന്ന് അബൂ ജഅ്ഫറുല്‍ വാസിതി പറയുന്നു.
വലിയ ആളുകള്‍ ചെറിയവരോട് തമാശ പറയുന്നത് സാധാരണ കാര്യമാണ്. തെറ്റായ കാര്യങ്ങളെ കുറിച്ചല്ലെങ്കില്‍ അതനുവദനീയവുമാണ്. മുത്തുനബി സത്യാമായ കാര്യങ്ങളില്‍ തമാശ പറഞ്ഞ സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ വായിക്കാമല്ലോ. ഇമാമുമാരായ അബൂ ഹനീഫ, ശാഫഈ, തുടങ്ങിയവരൊക്കെ ചുണ്ടില്‍ പുഞ്ചിരി വിരിയുന്ന രൂപത്തില്‍ തമാശ പറയാറുണ്ടായിരുന്നു. എന്നാല്‍ അഹ്മദ് ഇമാം ഇവിടെ വ്യത്യസ്തനാണ്. ചെറിയവരോടോ വലിയവരോടോ തമാശ പറയാന്‍ ഇമാം ഇഷ്പ്പെട്ടില്ല. അഹ്മദ് ക്ലാസിലുള്ള സമയത്ത് ഉസ്താദായ യസീദും തമാശ പറഞ്ഞില്ല. യസീദ് വളരെ ശ്രേഷ്ഠമായ പദവിയാണ് ശിഷ്യനായ ഇമാം അഹ്മദിന് നല്‍കിയത്. എന്നാല്‍ ഒരിക്കല്‍ അഹ്മദിനെ ഓര്‍ക്കാതെ തമാശ പറയുകയുണ്ടായി. അപ്പോള്‍ ഇമാം ചെറുതായൊന്ന് തൊണ്ടയനക്കി ശബ്ദമുണ്ടാക്കി. തിരഞ്ഞു നോക്കിയ ഉസ്താദ് അഹ്മദ് ഇമാമിനെ കണ്ടയുടന്‍ കൈകൊണ്ട് നെറ്റിയിലടിച്ചു ഖേദം പ്രകടപ്പിച്ചു. 'അഹ്മദ് ക്ലാസിലുള്ള കാര്യം നിങ്ങള്‍ക്കൊന്ന് ശ്രദ്ധില്‍പെടുത്തിക്കൂടായിരുന്നോ, എന്നാല്‍ ഞാന്‍ തമാശ പറയുമായിരുന്നില്ല' (ഹില്‍യതുല്‍ ഔലിയാഅ്).

മക്ക

യസീദിന്‍റെയടുത്ത് പഠിക്കുമ്പോഴാണ് ഇറാഖ് വിട്ടു പുറത്തുപോയി പഠനം തുടരാന്‍ ഇമാം താല്പര്യപ്പെടുന്നത.് ഹിജാസിലേക്കായിരുന്നു ആദ്യ യാത്ര. ലോക മുസ്ലിംകളുടെ ഖിബ്ലയായ കഅ്ബയും മുത്തുനബിയുടെ റൗളയും ഇമാം അഹ്മദിനെ മക്കയിലേക്കുള്ള യാത്രക്കു ആഗ്രഹം വര്‍ധിപ്പിച്ചു. മസ്ജിദുല്‍ ഹറാമിനു ചുറ്റും അക്കാലത്ത് നിരവധി അറിവിന്‍റെ സദസ്സുകള്‍ നടക്കുമായിരുന്നു. സുഫ്യാനുബ്നു ഉയയ്നയാണ് അക്കാലത്തെ പ്രധാന ജല്‍സ നടത്തിയിരുന്നത്.
ഹി. 187ലാണ് ഇമാം മക്കയിലെത്തുന്നത്. ആ വര്‍ഷം തന്നെയാണ് ഹറമിലെ ശൈഖും വലിയ പണ്ഡിതനുമായ ഫുളൈലുബ്നു ഇയാള് മരണപ്പെടുന്നതും. ആകെ അഞ്ചു പ്രാവശ്യമാണ് അഹ്മദ് ഇമാം മക്ക സന്ദര്‍ശിച്ചത്. ഹജ്ജു ചെയ്യുന്നതിനു പറമേ അറിവ് നേടാനാണ് ഈ യാത്രകളൊക്കെ കൂടുതലായും ഉപയോഗപ്പെടുത്തിയത്. അഞ്ചില്‍ മൂന്നു പ്രാവശ്യവും ബഗ്ദാദില്‍ നിന്നും നടന്നുവന്നായിരുന്നു മക്കയിലെത്തിയത് എന്ന കാര്യം വളരെ ശ്രദ്ധേയമാണ്. വാഹനമോ, ഭക്ഷണമോ ഇല്ലാതെയായിരുന്നു പലപ്പോഴും ഇമാമിന്‍റെ യാത്ര. അഞ്ചു ഹജ്ജുകള്‍ക്കു വേണ്ടി ആകെ ചെലവഴിച്ചത് വെറും മുപ്പത് ദിര്‍ഹം മാത്രമായിരുന്നു. ഒരുവേള തന്‍റെ വസ്ത്രം മോഷ്ടിക്കപ്പെട്ട സന്ദര്‍ഭത്തില്‍ തന്‍റെ കൂടെയുള്ളവരോടോ മറ്റോ പരാതി പറയാതെ ഒരു ഇരുട്ടു മുറിയില്‍ തങ്ങുകയുണ്ടായി. മറ്റുള്ളവരോട് ചോദിക്കുന്നതിലുള്ള ലജ്ജയായിരുന്നു ഇമാമിനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഹില്‍യതുല്‍ ഔലിയാഅ് (186/9) എന്ന ഗ്രന്ഥത്തില്‍ ഈ സംഭവം കാണാനാകും. സുഫ്യാനുബ്നു ഉയയ്നയുടെ ക്ലാസിലാണ് ഇമാം ഹമ്പലി ആദ്യം പങ്കെടുത്തിരുന്നത്. ഇദ്ദേഹം ഇമാം ശാഫിഈയുടെ ഉസ്താദ് കൂടിയാണ്. 'ഇമാം മാലികിയും സുഫ്യാനുബ്നു ഉയയ്നയും ഉണ്ടാകുമായിരുന്നില്ലെങ്കില്‍ ഹിജാസുകാര്‍ ഇത്ര അറിവുള്ളവരാകുമായിരുന്നില്ല' എന്ന് ശാഫിഈ ഇമാം പറഞ്ഞതായി കാണാം. അത്രയ്ക്കും വലിയ പണ്ഡിതനായ സുഫ്യാനുബ്നു ഉയയ്ന ഹി. 198ലാണ് വഫാതായത്.
ശേഷം വലിയ രണ്ടു ഇമാമുമാരുടെ കണ്ടുമുട്ടലിനും ചരിത്രത്തിലെ വലിയ ജ്ഞാന കൈമാറ്റത്തിനും മക്ക വേദിയൊരുങ്ങി. ഇമാം ഹമ്പല്‍ ശാഫിഈ ഇമാമിന്‍റെയടുക്കല്‍ പഠനം തുടങ്ങി. ഹറം ശരീഫിലെ ശാഫിഈ ഇമാമിന്‍റെ സദസ്സ് ജനനിബിഢമായിരുന്നു. ഉസ്താദായ സുഫ്യാനുബ്നു ഉയയ്ന പോലും തനിക്കജ്ഞമായ കാര്യങ്ങള്‍ ശാഫിഈ ഇമാമിനോടായിരുന്നു ചോദിച്ചിരുന്നത്.
ഹി. 187ലെ ആദ്യ യാത്രയില്‍ തന്നെ ഇമാം അഹ്മദ് ശാഫിഈ ഇമാമിനെ കണ്ടുമുട്ടിയിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുന്നുണ്ട്. ഹദീസിനേക്കാളും കര്‍മശാസ്ത്രത്തിനാണ് ഹമ്പലി ഇമാം ശാഫിഈ ഇമാമിന്‍റടുക്കല്‍ പ്രാമുഖ്യം നല്‍കിയത്. ഹുശൈം, വകീഅ്, പോലോത്ത ഹദീസ് പഠിച്ച ഇമാം അഹ്മദ് ആ വിഷയത്തില്‍ വളരെ ഉന്നതിയിലായിരുന്നു. 'ഓ..അബൂ അബ്ദുല്ലാഹ്, എന്നേക്കാളും ഹദീസില്‍ വിവരമുള്ളവരാണ് നിങ്ങള്‍'  (ഹില്‍യതുല്‍ ഔലിയാഅ് 17/9) എന്നു ശാഫിഈ ഇമാം ഹമ്പലി ഇമാമിനോട് ഒരിക്കല്‍ നേരിട്ടു പറയുകയുണ്ടായിട്ടുണ്ട്.

പരസ്പരം മതിപ്പും ആദരവും വെച്ചു പുലര്‍ത്തിയതായിരുന്നു ഈ ഗുരുശിഷ്യ ബന്ധം. ഇമാം ശാഫിഈ അത്യധികം അഹ്മദിനെ ബഹുമാനിക്കുകയും അഹ്മദെന്ന പേരു പറയാതെ 'വിശ്വസ്ഥന്‍' എന്നാണ് പ്രയോഗിച്ചിരുന്നതെന്ന് ഇമാം അഹ്മദിന്‍റെ മകന്‍ അബ്ദുല്ലാഹ് പറയുന്നു. മാത്രമല്ല, ഒരിക്കല്‍ ബഗ്ദാദിലേക്ക് അഹ്മദിന്‍റെ ഖമീസ് കൊണ്ടുവരാന്‍ ആളെ അയക്കുകയും ആ ഖമീസ് കഴുകിയ വെള്ളം ബറകതിനു വേണ്ടി കുടിക്കുകയും ചെയ്തിട്ടുണ്ട്(മിര്‍ഖാത്). അഹ്മദിന്‍റെ ഉയര്‍ച്ചക്ക് ശാഫിഈ ഇമാം മികച്ച പിന്തുണയേകി. അഹ്മദ് ഇമാമിന്‍റെ യമനിലേക്കുള്ള യാത്രയറിഞ്ഞയുടനെ യാത്ര, ഭക്ഷണ താമസ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ഖലീഫയുമായി ബന്ധപ്പെട്ടിട്ടുണ്ട് ശാഫിഈ ഇമാം. എന്നാല്‍ ജീവിതത്തില്‍ യാതൊരു സുഖസൗകര്യങ്ങളും ആഗ്രഹിക്കാത്ത അഹ്മദ് ആ സൗകര്യങ്ങള്‍ തിരസ്ക്കരിക്കുകയായിരുന്നു(അല്‍ മനാഖിബ്271). ശാഫിഈ ഇമാം മരിക്കുമ്പോള്‍ അഹ്മദ് ഇമാമിനു നാല്പതിനോടടുത്തായിരുന്നു പ്രായം.
ശാഫിഈ, ഹമ്പലി ഇമാമുമാര്‍ക്കിടയില്‍ പല കാര്യങ്ങളിലും സദൃശ്യമുണ്ടായിരുന്നു. ചെറുപ്പത്തിലേ രണ്ടുപേരും യതീമായി. ശേഷം ഉമ്മയുടെ തണലിലാണ് ഇരുവരും വളര്‍ന്നത്. സഹോദരീ സഹോദരന്മാരില്ലാത്ത ഇരുവരും പിന്നീട് ലോകത്തെ അറിയപ്പെട്ട ഇമാമുമാരായി മാറി.


സ്വന്‍ആഅ്

മക്കയില്‍ നിന്ന് ഹി. 198ലാണ് സ്വന്‍ആഇലേക്ക് യാത്ര പുറപ്പെടുന്നത്. അബ്ദുറസാഖുബ്നു ഹിമാമായിരുന്നു അവിടുത്തെ പ്രധാന ഉസ്താദ്. ഹി. 199ല്‍ സ്വന്‍ആഇലെത്തി. രണ്ടു വര്‍ഷമാണ് അവിടെ അറിവു പഠിച്ചത്. കൂട്ടുകാരനായ യഹ്യബ്നു മുഈനിനൊപ്പം സ്വന്‍ആഇലേക്കു പുറപ്പെട്ട ഇമാം അഹ്മദ് മക്കയില്‍ വെച്ചു തന്നെ ത്വവാഫ് ചെയ്യുന്ന ഉസ്താദ് അബ്ദുറസാഖിനെ പരിചയപ്പെടുകയുണ്ടായി. അന്ന് സ്വന്‍ആഇലെത്താന്‍ വളരെ ദൂരം താണ്ടേണ്ടിയിരുന്നു. ക്ലേശം പിടിച്ച യാത്രയോ വഴിയോ അറിവു നേടുന്നതില്‍ നിന്നു ഇമാമിനെ പിന്തിരിപ്പില്ല. ഇമാമിനെ കുറിച്ച് ഉസ്താദ് തന്നെ പറയുന്നു, "രണ്ട് വര്‍ഷമാണ് അഹ്മദ് എന്‍റടുക്കല്‍ പഠനം നടത്തിയത്. ഒരുദിവസം ഞാന്‍ കുറച്ച് കാശ് അദ്ദേഹത്തിന് കൊടുത്തു. ഇതെടുത്തോളൂ. നിങ്ങള്‍ക്കാവശ്യം വരും. കാരണം കച്ചവടത്തിനോ കൃഷിക്കോ അനുയോജ്യമല്ല ഞങ്ങളുടെ നാട്'. എന്നാല്‍ 'ഞാനിപ്പോള്‍ വളരെ ഖൈരിലാണ്' എന്നു പറഞ്ഞു അതെനിക്കു തന്നെ അഹ്മദ് തിരിച്ചു തന്നു'.
ഇതുപോലൊരു സംഭവം ഇറാഖിളെ വാസിതില്‍ യസീദുബ്നു ഹാറുന്‍റെയടുക്കല്‍ പഠിക്കുമ്പോഴുമുണ്ടായിട്ടുണ്ട്. അഞ്ഞൂറ് ദീനാര്‍ ഹദിയ നല്‍കിയപ്പോള്‍ ഇമാം അത് വാങ്ങിയിരുന്നില്ല. വാസിത്വ് തന്‍റെ ജന്മ നാടായ ബഗ്ദാദില്‍ നിന്നും വളരെ അകലെയല്ലാത്തതു കൊണ്ട് പണം സ്വീകരിക്കാത്തതില്‍ യാദൃശ്ചികതയൊന്നുമില്ലെങ്കിലും വളരെ അകലെയായ സ്വന്‍ആഇല്‍ നിന്നും, അതും കാശിനത്യാവശ്യമുള്ള സന്ദര്‍ഭത്തില്‍ കാശ് സ്വീകരിക്കാത്തത് എത്ര ശ്രദ്ധേയമാണ്.
രണ്ടു വര്‍ഷത്തിനു ശേഷം മക്കയിലേക്കു മടങ്ങിയ ഇമാം അഹ്മദ് ഹജ്ജും ഉംറയും ചെയ്തു ബഗ്ദാദിലേക്കു മടങ്ങുകയാണുണ്ടായത്. കാരണം സുഫ്യാനുബ്നു ഉയയ്ന മരണപ്പെടുകയും ശാഫിഈ ഇമാം തന്‍റെ നാടായ മിസ്റിലേക്കു മടങ്ങുകയും ചെയ്തിരുന്നു.

അദ്ധ്യപനവും ജീവിതവും

വളരെ ചെറുപ്പം മുതല്‍ ആരംഭിച്ച പഠനകാലത്തു നിരവധി രാഷ്ട്രങ്ങള്‍ സഞ്ചരിക്കുകയും അനവധി ഉസ്താദുമാരില്‍ നി്ന്നും അറിവു സമ്പാദിക്കുകയും ചെയ്തു. ചെറിയ അറിവുകള്‍ക്കുപോലും നന്നേ കഷ്ടപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്തു. എളുപ്പ മാര്‍ഗം സ്വീകിരിക്കാത്ത ആ ജീവിതം ദൂരത്തെയല്ല, ഹദീസിന്‍റെയും അറിവിന്‍റെയും മഹത്വത്തെയും അമൂല്യതയെയുമാണ് പരിഗണിച്ചത്. ഈ കഷ്ടപ്പാടുകള്‍ക്കെല്ലാം പകരം അല്ലാഹുവിന്‍റെ പൊരുത്തവും പ്രീതിയും മാത്രം കാംക്ഷിച്ചു. തിരുനബിയോടുള്ള അടങ്ങാത്ത പ്രേമം ഓരോ ഹദീസിനുവേണ്ടിയും ദൂരങ്ങള്‍ താണ്ടാന്‍ ഇമാമിനെ പ്രേരിപ്പിക്കുയും ഊര്‍ജ്ജമേകുകയും ചെയ്തു. ഖുര്‍ആന്‍, ഹദീസ്, കര്‍മ്മശാസ്ത്രം, ഭാഷ, സാഹിത്യം തുടങ്ങിയവയിലൊക്കെ അവഗാഹം നേടിയ ഇമാം വിദ്യാര്‍ത്ഥി ജീവിതം അവസാനിപ്പിച്ച് അദ്ധ്യാപന രംഗത്തേക്ക് വരുന്നത് തന്‍റെ നാല്പതാം വയസ്സിലാണ്. പ്രബോധനത്തിനു തന്‍റെ നാല്പതാം വയസ്സില്‍ ഇറങ്ങിത്തിരിച്ച മുത്തുനബിയെ അനുകരിക്കലായിരുന്നു ഇതിനു കാരണം. നാല്പതു വയസ്സിനു മുമ്പുതന്നെ എല്ലാ അറിവുകളും കരസ്ഥമാക്കിയതിനു തെളിവാണ് 'ബഗ്ദാദിലെ അത്ഭുത'മെന്ന ശാഫിഈ ഇമാമിന്‍റെ വിശേഷണം. 'ബഗ്ദാദിനോട് ഞാന്‍ വിടപറയുമ്പോള്‍ ഫിഖ്ഹിലും, സൂക്ഷ്മതയിലും തഖ്വയിലും അഹ്മദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ' എന്നും ശാഫിഈ ഇമാം പറഞ്ഞതു കണാം.
അടിസ്ഥാനപരമായി ഇമാം അഹ്മദ് അറബി ഭാഷക്കാരനായിരുന്നെങ്കിലും ഫാരിസി ഭാഷ നന്നായി കൈകാര്യം ചെയ്യുമായിരുന്നു. കാരണം അന്ന് വലിയൊരു വിഭാഗത്തിന്‍റെ ഭാഷയാണ് ഫാരിസി. ജ്ഞാനം നേടാനും ഫാരിസിയായിരുന്നു പ്രധാന മാധ്യമം. പേരക്കുട്ടിയായ സുഹൈറുബ്നു സ്വാലിഹ് പറയുന്നു. ഖുറാസാനിലെ ഒരു ബന്ധു വീട്ടില്‍ വന്നപ്പോള്‍ വല്യുപ്പ(അഹ്മദ് ഇമാം)ഫാരിസി ഭാഷയില്‍ അദ്ദേഹത്തോട് സംസാരിക്കുന്നത് കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്(തര്‍ജമതുല്‍ ഇമാം അഹ്മദ്).

  ഫത്വകളില്‍ വളരെ കണിശതയുള്ള പ്രകൃതിക്കാരനായിരുന്നു ഇമാം അഹ്മദ്. ഖുര്‍ആനും ഹദീസും മറ്റു നസ്സുകളും നോക്കി മസ്അലകള്‍ തീര്‍പ്പുകല്പിച്ച ഇമാം ഒരിക്കലും സ്വന്താഭിപ്രായം പറഞ്ഞില്ല. ബഗ്ദാദ് മസ്ജിദിലായിരുന്നു ഇമാമിന്‍റെ ക്ലാസ് നടന്നിരുന്നത്. ഹദീസുകള്‍ സനദുകളോടു കൂടി വിശദീകരിച്ചു കൊടുത്തു. മിക്ക ക്ലാസുകളിലും അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ക്ലാസ് കേള്‍ക്കാന്‍ കഴിയുന്ന അഞ്ഞൂറില്‍പരം ആളുകള്‍ക്കു മാത്രമേ എഴുതിയെടുക്കാനായുള്ളൂ. എല്ലാവര്‍ക്കുമുള്ള ഈ ക്ലാസിനു പുറമേ തന്‍റെ മക്കള്‍ക്കും അടുത്തയാളുകള്‍ക്കുമായി പ്രത്യേകം ക്ലാസുകളും ഇമാം നടത്തിയിരുന്നു. എല്ലാവര്‍ക്കും തുല്യമായ സ്ഥാനമാണ് നല്‍കിയിരുന്നെങ്കിലും ദരിദ്രരായ ആളുകള്‍ക്ക് പ്രത്യേകം പരിഗണന നല്‍കിയിരുന്നു. വീട്ടിലേക്കു മടങ്ങുമ്പോള്‍  തന്‍റെ വലതു കൈയില്‍ കിതാബും പിടിച്ച് സാവധാനം നടന്നു നീങ്ങും. സേവകന്‍റെ ആവശ്യം ഇമാമിനു വേണ്ടിയിരുന്നില്ല.
സമയം മുഴുവന്‍ പള്ളിയില്‍ ചെലവഴിക്കും. പള്ളിയിലില്ലെങ്കില്‍ ജനാസയുടെ അടുത്തായിരിക്കും ഉണ്ടാവുക. അതുമല്ലെങ്കില്‍ രോഗ സന്ദര്‍ശനത്തിലായിരിക്കും. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളും അല്ലാഹുവിനു വേണ്ടി ചെലവഴിക്കുകയല്ലാതെ അങ്ങാടികളിലൂടെ ഒരിക്കലും നടക്കാറില്ലായിരുന്നു.
തിരുനബിയെ അങ്ങേയറ്റം ഇഷടപ്പെട്ട ഇമാം പഠിച്ച ഹദീസുകളത്രയും ജീവിതത്തില്‍ പകര്‍ത്തി. 'ഞാനെഴുതിയ എല്ലാ ഹദീസുകള്‍ കൊണ്ടും അമല്‍ ചെയ്തിട്ടുണ്ട്' എന്ന് ഇമാം തന്നെ പറഞ്ഞിട്ടുണ്ട്. തിരുനബി കൊമ്പുവെച്ചു കഴിഞ്ഞാല്‍ ഒരു ദിര്‍ഹം നല്‍കിയിരുന്നു. ഇമാം ഹമ്പലിയും കൊമ്പുവ്ച്ചെു കഴിഞ്ഞാല്‍ ദിര്‍ഹം നല്‍കി തിരുചര്യ പിന്തുടര്‍ന്നു. തന്‍റെ കൈവശമുള്ള ശഅ്റ് മുബാറക് ആദരവോടെ മുഖത്തോടടുപ്പിക്കുകയും ബറകതെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല, ഹസനു ബ്നു മുഹമ്മദ് പറയുന്നു. 'കിതാബുകളില്‍ റസൂലുല്ലാഹിയുടെ പേരും സ്വലാത്തും കണ്ടാല്‍ ഇമാം കോരിത്തരിക്കുമായിരുന്നു'. വാക്കിലും പ്രവര്‍ത്തിയിലും മാതൃകാ പുരുഷനായ അഹ്മദ് ഇമാമിന്‍റെയടുക്കല്‍ അദബ് പഠിക്കാന്‍ മാത്രമായി ആളുകള്‍ വരാറുണ്ടായിരുന്നു. അബൂബക്കര്‍ യഅ്ഖൂബ് ബ്നു യൂസുഫ് പതിമൂന്നു വര്‍ഷം ഇമാമിനൊപ്പം ചെലവഴിച്ചത് അദബ് പഠിക്കാന്‍ മാത്രമായിരുന്നു. മുസ്നദ് ഓതിക്കൊടുക്കുമ്പോള്‍ അതൊന്നും എഴുതിയെടുക്കാതെ ഇമാമിന്‍റെ ചലനത്തിലും പ്രവര്‍ത്തികളിലുമായിരുന്നു അദ്ദേഹത്തിന്‍റെ ശ്രദ്ധ.
അറിവിലും ആരാധനയിലും മാത്രം കഴിച്ചു കൂട്ടിയ ഇമാമിന്‍റെ ജീവിതകാലത്തും ശേഷവും കറാമതുകളുണ്ടായിരുന്നു. ഇമാം അഹ്‌മദിന്‍റെ മകള്‍ ഫാത്വിമ പറയുന്ന സംഭവം ഇബ്നുല്‍ ജൗസി തന്‍റെ മനാഖിബ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. 'എന്‍റെ സഹോദരന്‍ സ്വാലിഹിന്‍റെ വീടിന് ഒരിക്കല്‍ തീപിടിച്ചു. മയാസിര്‍ കുടുംബത്തില്‍ നിന്നായിരുന്നു സ്വാലിഹ് വിവാഹം ചെയ്തിരുന്നത്. അവര്‍ വിവാഹ സമ്മാനമായി നല്‍കിയിരുന്ന നാലായിരം ദര്‍ഹമടക്കം വീട്ടിലെ ഒട്ടുമിക്ക സാധനങ്ങളെല്ലാം തീപിടിച്ചു നശിച്ചിരുന്നു. എന്നാല്‍ ഉപ്പ നിസ്ക്കരിക്കാനുപയോഗിച്ചിരുന്ന, ബറകതിനു വേണ്ടി സൂക്ഷിച്ചിരുന്ന വസ്ത്രം മാത്രം യാതൊരു കേടുപാടുകളും വരാതെ കട്ടിലില്‍ കിടക്കുന്നതു കണ്ട് ഞങ്ങള്‍ അത്ഭുപ്പെട്ടു പോയി. കാരണം കട്ടിലിന്‍റെ  ചുറ്റുപാടുകള്‍ മുഴുവന്‍ തീ തിന്ന് നശിച്ചു പോയിരുന്നു'.
മറ്റൊരാളുടെ ഹദിയയോ ഔദാര്യമോ സ്വീകരിക്കുന്നതില്‍ അതൃപ്തനായിരുന്നു അഹ്മദ് ഇമാം. ഹസന്‍ ഹര്‍വീ എന്നവര്‍ തനിക്കു അനന്തരം ലഭിച്ച ഒരു ലക്ഷം ദിര്‍ഹത്തിന്‍റെ ഒരുഭാഗം ഇമാമിനു നല്‍കിയെങ്കിലും വേണ്ടെന്നു പറഞ്ഞു നിരസിക്കുകയായിരുന്നു. ഭരണാധികാരികളുമായി അകന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.
ഇബാദത്തുകളില്‍ അകാരണമായി വിട്ടുവീഴ്ച ചെയ്യാറില്ലായിരുന്നു ഇമാം. മകന്‍ അബ്ദുല്ല പറയുന്നു. ഉപ്പ ഒരു ദിവസം 300 റക്അത്ത് നിസ്ക്കരിക്കുമായിരുന്നു. എന്നാല്‍ ശരീരത്തിനു ക്ഷീണം തുടങ്ങിയ ശേഷം 150 ആക്കി ചുരുക്കി.  

ശിഷ്യന്മാര്‍

എണ്ണമറ്റ ശിഷ്യ സമ്പത്തുള്ള ഇമാം അഹ്മദിന്‍റെ മദ്ഹബ് ലോകത്ത് പ്രചരിക്കുന്നത് ശിഷ്യന്മാര്‍ മുഖേനയാണ്. കര്‍മ്മശാസ്ത്രത്തിലും അതിലേറെ ഹദീസിലും അനവധി ശിഷ്യരുള്ള ഇമാം അഹ്മദിന്‍റെ അഞ്ചു പ്രധാന വിദ്യാര്‍ത്ഥികള്‍ ഇവരാണ്.

അബ്ദുല്‍ മലികുല്‍ മൈമൂന്‍ (181-274)

ഇമാം അഹ്മദിന്‍റെ അടുത്ത ശിഷ്യനായ ഇദ്ദേഹത്തിന്‍റെ മുഴുവന്‍ നാമം അബ്ദുല്‍ മലികു ബ്നു അബ്ദില്‍ ഹമീന്‍ ബ്നു മൈമൂനുല്‍ ജസ്രി എന്നാണ്. ഹി. 200 മുതല്‍ 227വരെ നീണ്ട ഇരുപത്തേഴു വര്‍ഷക്കാലം ഇമാമില്‍ നിന്നു ഇദ്ദേഹം പഠിച്ചു (തഹ്ദീബുതഹ്ദീബ്). ഇമാമിന്‍റെ മനസ്സില്‍ പ്രത്യേകം ഇടംപിടിച്ച അദ്ദേഹത്തിന് മറ്റുള്ളവര്‍ക്കു ലഭിക്കാത്ത പല ആനുകൂല്യങ്ങളും ഇമാം അനുവദിച്ചിരുന്നു. ഇബ്നു ഹജര്‍ ഇദ്ദേഹത്തെ കര്‍മ്മശാസ്ത്രത്തിലെ സംഭാവനകള്‍ പരിഗണിച്ച് പ്രത്യേകം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദിന്‍റെ കര്‍മ്മശാസ്ത്ര വിധികള്‍ ക്രോഡീകരിച്ച അബൂബക്കര്‍ ഖിലാലിന്‍റെ ആശ്രയകേന്ദ്രമായിരുന്നു മൈമൂന്‍. അല്‍ ഇമാം എന്നു വിളിച്ച് ശിഷ്യന്മാര്‍ക്കിടയില്‍ പ്രത്യേക സ്ഥാനം നല്‍കിയത് അബൂബക്കര്‍ ഖിലാലാണ്. ധാരാളം ഹദീസുകള്‍ അഹ്മദില്‍ നിന്ന് ശേഖരിച്ചിട്ടുണ്ട്. 16വാള്യങ്ങളിലായി ഇമാമിന്‍റെ മസ്അലകള്‍ ക്രോഡീകരിക്കുകയും ചെയ്തു.

അബൂബക്കറുല്‍ മറൂദി

മുഴുവന്‍ സമയങ്ങളിലും പ്രതിസന്ധികളിലും കൂടെ നിന്ന ഇദ്ദേഹത്തിനോട് ഇമാം അഹ്മദിന് വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇമാമിന് സ്വീകാര്യനായ വ്യക്തികൂടിയായിരുന്നു. ഇമാം അഹ്മദ് വഫാതായ സന്ദര്‍ഭത്തില്‍ കണ്ണുപൂട്ടിക്കൊടുക്കുകയും കുളിപ്പിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്തു. ഇസ്ലാമിക വിഷയങ്ങളില്‍ സ്വീകാര്യനായ വ്യക്തിയായിരുന്നു മറൂദിയെന്ന് ഇസ്ഹാഖുബ്നു ദാവൂദ് പറയുന്നുണ്ട്. ഇമാമിന്‍റെ വിലപ്പെട്ട ഗ്രന്ഥമായ കിതാബുല്‍ വറഉം മറ്റു പല കിതാബുകളും സൂക്ഷിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്‍റെ സാനിധ്യം ഇമാമിന് വളരെ ആശ്വാസമാണു നല്‍കിയത്. ബഗ്ദാദില്‍ മരണപ്പെട്ട ഇദ്ദേഹത്തിന്‍റെ വഫാത് വര്‍ഷത്തില്‍ ഭിന്നതയുണ്ട്(277/275). ജനാസ നിസ്ക്കാരത്തിന് ഫാറൂഖ്ബ്നു അബ്ബാസുല്‍ മാലികി നേതൃത്വം നല്‍കുകയും ഇമാമിനടുത്തായി മറവു ചെയ്യുകയും ചെയ്തു.

മിഹ്നഉബ്നു യഹ്യ (മ. 249)

ശാമില്‍ ജനിച്ച് പിന്നീട ്ബഗ്ദാദിലേക്കു താമസം മാറിയ ഇദ്ദേഹം ഇമാമിന്‍റെ സ്വഹാബി(സ്വാഹിബുല്‍ ഇമാം)ആയി അറിയപ്പെട്ടു. ശിഷ്യനായും സഹപാഠിയായും നാല്പത്തി മൂന്ന് വര്‍ഷക്കാലം ഇമാമിനൊപ്പം ജീവിച്ചു. ഇത്രയേറെ കാലം ഒരു ഉസ്താദിനോടൊപ്പം കഴിഞ്ഞുകൂടിയ മറ്റൊരാളെയും കാണാന്‍ സാധിക്കില്ലെന്നു ഖതീബുല്‍ ബഗ്ദാദി പറയുന്നുണ്ട്. കുറേ സമയങ്ങള്‍ ഇദ്ദേഹത്തിനൊപ്പം ഇമാം മസ്അല ചര്‍ച്ച ചെയ്യുമായിരുന്നു. അബൂ അബ്ദില്ലാഹ് എന്നാണു അപരനാമം.

സ്വാലിഹുബ്നു അഹ്മദ് (203-265)

ഇമാം അഹ്മദിന്‍റെ മൂത്തമകനായ ഇദ്ദേഹം ഉപ്പയുടെ എല്ലാ മജ്ലിസുകളിലും പങ്കെടുത്തിരുന്നു. മിക്കയാത്രകളിലും ഉപ്പയോടൊപ്പം കൂടെപ്പോയതിനാല്‍ പല മഹാന്മാരെ നേരില്‍ കാണാനും ആശീര്‍വാദം നേടാനും ഇദ്ദേഹത്തിനു ഭാഗ്യമുണ്ടായി. ഇമാം അഹ്മദിന്‍റെ ജീവിത കഥ ലോകത്തിനു വിവരിച്ചുകൊടുത്തത് സ്വാലിഹാണ്. ഹദീസിലും ഫിഖ്ഹിലും പാണ്ഡിത്യം നേടിയ ഇദ്ദേഹം കുടുംബത്തിന്‍റെ ചെലവിന് വേണ്ടി രണ്ടു പ്രാവശ്യം ഖാളി സ്ഥാനം ഏറ്റെടുത്തു. ത്വര്‍ത്തൂസിലെ ഖാളിസ്ഥാനം അല്പകാല ശേഷം ഒഴിവാക്കി ബഗ്ദാദിലേക്കു തന്നെ മടങ്ങി. കാലങ്ങള്‍്ക്കു ശേഷം ദീനിന്‍റെ പരിതാപകരമായ അവസ്ഥയില്‍ മനംനൊന്ത് ഇസ്ബഹാനിലെ ഖാളി സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് ഖാളിയാരോഹണ സമയത്ത് ലഭിച്ചത്. ഒരു പരിത്യാഗിയായി കാണാനായിരുന്നു എന്നെ ഉപ്പ ഇഷ്ടപ്പെട്ടിരുന്നെന്ന് പറഞ്ഞ് ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പൊട്ടിക്കരയുകയുണ്ടായി. എന്നാല്‍ ഖാളി സ്ഥാനം ഏറ്റെടുത്തത് ദീനിന്‍റെയും ഒപ്പം കുടുംബചെലവിനുമാണല്ലോ എന്നതില്‍ അദ്ദേഹം സമാധാനം കണ്ടെത്തി.

അബ്ദുല്ലാഹിബ്നു അഹ്മദ് (213-290)

ജ്യേഷ്ടനായ സ്വാലിഹിനേക്കാള്‍ പത്തു വയസ്സില്‍ ഇളയയവനാണെങ്കിലും സ്വാലിഹിന്‍റെ ജീവിതപ്രകൃതിയും രീതിയുമായിരുന്നു അബ്ദുല്ലാ എന്ന രണ്ടാമത്തെ മകനും. അബൂ അബ്ദുറഹ്മാന്‍ എന്നറിയപ്പെട്ട ഇദ്ദേഹം ഒരു ഖാളി സ്ഥാനവും ഏറ്റെടുത്തില്ല. എന്നാല്‍ സ്വാലിഹിനേക്കാള്‍ അറിവും പക്വതയും അബ്ദുല്ലക്കായിരുന്നു. കൂട്ടുകാരനായ അബ്ബാസ് എന്നവരോട് ഇ്മാം അഹ്മദ് തന്നെ ്ഇക്കാര്യം പറയുന്നുണ്ട്. 'ഓ അബ്ബാസ്, എന്‍റെ അബൂ അബ്ദുറഹ്മന്‍ ധാരാളം അറിവു നേടിയിട്ടുണ്ട് '.എന്‍റെ അബ്ദുല്ലാ എനിക്കറിയുന്ന എല്ലാ ഹദീസുകളും പഠി്ച്ചിട്ടുണ്ടെന്നും ഇമാം മറ്റൊരിക്കല്‍ പറയുകയുണ്ടായി (തഹ്ദീബുത്തഹ്ദീബ്). അബ്ദുല്ല പറയുന്നു. "ഞാന്‍ പറയുന്ന അധിക കാര്യങ്ങളും ഉപ്പയില്‍ നി്ന്നു രണ്ടോ മൂന്നോ പ്രാവശ്യം കേട്ടതാണ്. ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും കേട്ട കാര്യം മാത്രമേ ഞാന്‍ പറയാറുള്ളൂ". 77 വയസ്സുകാലം ജീവിച്ച ഇദ്ദേഹം ബഗ്ദാദില്‍ തന്നെയാണ് വഫാതായത്.
ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇസ്ഹാഖുബ്നു മന്‍സൂറുത്തമീമി, അബൂദാവൂദുസ്സജസ്താനി, തുടങ്ങിയ പ്രമുഖരും ഇമാമിന്‍റെ ശിഷ്യരില്‍ പെട്ടവരാണ്.

ഭാര്യമാര്‍, സന്താനങ്ങള്‍

ജീവിതത്തിന്‍റെ ഭൂരിഭാഗവും പഠനത്തിനു വേണ്ടി മാറ്റിവെച്ച ഇമാം വിവാഹം കഴിക്കുന്നത് തന്‍റെ നാല്പതാം വയസ്സിലാണ്. പേരക്കുട്ടി സുഹൈറുബ്നു സ്വാലിഹ് പറഞ്ഞതനുസരിച്ച് അബ്ബാസ ബിന്‍ത് ഫള്ല്‍ ആണ് ആദ്യ ഭാര്യ. ഇവരുമായുള്ള ദാമ്പത്യ ജീവിതം മുപ്പത് വര്‍ഷം നീണ്ടുനിന്നു. മൂത്തകുട്ടിയായ സ്വാലിഹ് ഇവരിലാണ് ജനിക്കുന്നത്. ഇമാം പറയുന്നു 'ഞാനും ഉമ്മുസ്വാലിഹും മുപ്പത് വര്‍ഷം ഒരുമിച്ചു താമസിച്ചു. ഒരിക്കല്‍ പോലും ഞങ്ങള്‍ തമ്മില്‍ ഒരു വിഷയത്തിലും എതിരു നിന്നിട്ടില്ല'. ഉമ്മു സ്വാലിഹിന്‍റെ മരണ ശേഷം റൈഹാന എന്ന സ്ത്രീയെ വിവാഹം ചെയ്യുകയും ഇവരില്‍ അബ്ദുല്ലാഹ് ജനിക്കുകയും ചെയ്തു.
അവരുടെ മരണ ശേഷം ഹുസ്ന എന്നു പേരുള്ള അടിമസ്ത്രീയെ വിവാഹം ചെയ്യുകയുണ്ടായി. സൈനബ്, ഇരട്ടകളായ ഹസന്‍ഹുസൈന്‍, ഹസന്‍, മുഹമ്മദ്, സഈദ് എന്നീ ആറുമക്കള്‍ക്കാണ് ഹുസ്ന ജന്മം നല്‍കിയത്.
ഇരട്ടകളായ ഹസന്‍, ഹുസൈന്‍ ജനിച്ചയുടന്‍ മരണപ്പെടുകയുണ്ടായി. ഇമാം അഹ്മദ് മരിക്കുന്നതിന്‍റെ അമ്പത് ദിവസം മുമ്പാണ് സഈദ് ജനക്കുന്നത്.
ഒരടിമസ്ത്രീ ഉള്‍പ്പടെ മൂന്നു ഭാര്യമാരും എട്ടുമക്കളുമായിരുന്നു ഹമ്പലി ഇമാമിനുണ്ടായിരുന്നത്.
സ്വാലിഹും അബ്ദുല്ലയും ഉപ്പയുടെ വഴിയേ അറിവിന്‍റെ മേഖലയില്‍ ഉന്നതങ്ങളിലെത്തി. സഈദ് എന്ന ചെറിയ മകന്‍ പില്‍ക്കാലത്ത് കൂഫയുടെ ഭരണാധികാരിയായി മാറുകയുമുണ്ടായി.

രചനാ ലോകം

'പത്തുലക്ഷം ഹദീസുകള്‍ മനപാഠമുള്ളയാളായിരുന്നു ഇമാം അഹ്മദ്' അബൂ സുര്‍അ.
'പലപ്പോഴും തന്‍റെ വാക്കുകളോ മസ്അലകളോ ഇമാം എഴുതാനയച്ചില്ല. അനുവദിക്കുമായിരുന്നെങ്കില്‍ ധാരാളം രചനകള്‍ ഇമാമിന്‍റെ പേരില്‍ ഉണ്ടാകുമായിരുന്നു' ഇബ്നു ജൗസി.
അത്യുന്നതങ്ങളിലെത്തിയ ഹമ്പലി ഇമാമിനെയും രചനകളെയും കുറിച്ച് മേല്‍പറഞ്ഞ ഉദ്ധരണികളില്‍ നിന്നും വളരെ വ്യക്തമാകും. എഴുതാനയക്കാതിരിക്കുകയോ നടത്തിയ രചനകള്‍ നഷടപ്പെടുകയോ ചെയ്തതിനാല്‍ ഇമാം അഹ്മദിന്‍റെ പേരില്‍ ധാരാളം കിതാബുകള്‍ നമുക്ക് ലഭ്യമല്ല. അബൂ അംറുബ്നു അലാഅ് എഴുതിയതിനേക്കാളും രചനകള്‍ ഞാന്‍ നടത്തിയിട്ടുണ്ട് എന്ന് ഇമാം തന്നെ പറഞ്ഞതനുസരിച്ച് (വഫയാതുല്‍ അഅ്യാന്‍) രചനകള്‍ നടത്താത്തതല്ല പുറം ലോകത്തെ അറിയിക്കാത്ത ഇമാമിന്‍റെ സൂക്ഷ്മതയാണ് രചനകള്‍ വിരളമാകാന്‍ കാരണമെന്ന് നമുക്ക് മനസ്സിലാക്കാം. തന്‍റെ വീടിന്‍റെ മേല്‍ക്കൂരയോളം ഉയരത്തില്‍ രചനകളെഴുതിയ ആളായിരുന്നു അബൂ അംറുബ്നുല്‍ അലാഅ്. ഏഴു ഖാരിഉകളില്‍ ഒരാളായ ഇദ്ദേഹം മക്കയില്‍ ജനിച്ച്, ബസ്വറയില്‍ വളര്‍ന്നു, കൂഫയിലാണ് വഫാതായത്.

ഇമാം അഹ്മദിന്‍റെ സുപ്രധാന രചനകള്‍ താഴെ നല്‍കുന്നു.

മുസ്നദ്: ഇമാം അഹ്മദിന്‍റെ വിലപ്പെട്ട ഗ്രന്ഥമാണ് മുസ്നദ്. ഹി. 180ല്‍ തന്‍റെ പതിനഞ്ചാമത്തെ വയസ്സിലാണ് മുസ്നദ് രചന നടത്തുന്നത്. മുപ്പതിനായിരത്തോളം (സിയറു അഅ്ലാമിന്നുബലാഅ്) ഹദീസുകളുള്‍ക്കൊള്ളുന്ന ഈ മഹത്തായ ഗ്രന്ഥം പഠിക്കാന്‍ തന്‍റെ മകനായ അബ്ദുല്ലയോട് ഇമാം പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ലോകത്തിനു അവലംബിക്കാവുന്ന ഒരു ഗ്രന്ഥമായി മുസ്നദ് മാറുമെന്ന് ഇമാം അഹ്മദ് തന്നെ മുമ്പ് പ്രവചിച്ചിരുന്നു.
ഒരുലക്ഷത്തി ഇരുപതിനായിരം ഹദീസുകളുള്ള തഫ്സീര്‍, ഹദീസു ശുഅ്ബ, സാസിഖ് മന്‍സൂഖ്, താരീഖ്, കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളായ മനാസിക്, ഫളാഇള്, മൂന്ന വാള്യങ്ങളുള്ള അര്‍റദു അല സ്സനാദിഖ, മറ്റൊരു പ്രധാന ഗ്രന്ഥമായ സുഹ്ദ് തുടങ്ങിയവ ഹമ്പലി ഇമാമിന്‍റെ രചനകളില്‍ ചിലതു മാത്രമാണ്.

പരീക്ഷണങ്ങള്‍ക്കു നടുവില്‍

തിരുനബിയുടെ കാലശേഷം ഉമര്‍(റ)ന്‍റെ മരണം വരെ ദീനില്‍ എതിരോ ഭിന്നതയോ ഇല്ലാതെ ഐക്യത്തിലും ഏകാഭിപ്രായത്തിലും നിലനിന്നു പോന്നു. ഉമര്‍(റ)കൊല്ലപ്പെടുന്നതോടെയാണ് ഇസ്ലാമില്‍ ഭിന്നതകള്‍ രൂപം കൊള്ളുന്നത്. ഉസ്മാന്‍(റ)ന്‍റെ കാലത്ത് ഈ ഭിന്നതകള്‍ മറനീക്കി പുറത്തുവരികയും ചെയ്തു. ഇത്തരത്തിലുള്ള അഭിപ്രായഭിന്നതയാണ് അലി, മുആവിയ വിഭാഗങ്ങള്‍ തമ്മിലുണ്ടായ സ്വിഫീന്‍ യുദ്ധത്തിനു കാരണമായത്. അതിനു ശേഷം ഖവാരിജിയാക്കള്‍ പിറവിയെടുത്തു. കൂടാതെ റവാഫിള്, നവാസിബ് വിഭാഗങ്ങളും അവര്‍ക്കു പിറകിലായി രൂപം കൊണ്ടു. ഖദറില്‍ വിശ്വസിക്കാത്ത ഖദരിയാക്കള്‍ വരുന്നത് സ്വഹാബത്തിന്‍റെ അവസാന കാലത്താണ്. ബസ്വറയില്‍ മുഅ്തസിലതും ഖുറാസാനില്‍ സ്വഹാബത്തിന്‍റെ കാലശേഷം ജഹ്മിയ്യ, മുജസ്സിമ വിഭാഗങ്ങളും കടന്നുവന്നതോടെ മതത്തില്‍ ഭിന്നതകള്‍ രൂക്ഷമാവുകയായിരുന്നു.
ബഗ്ദാദിലെ ഖലീഫയായിരുന്ന മഅ്മൂന്‍ ആയിടക്കാണ് തന്‍റെ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദവുമായി രംഗത്തുവരുന്നത്. വ്യത്യസ്ത ഗ്രൂപ്പുകള്‍ മതത്തില്‍ രൂപം കൊണ്ടതും മഹാന്മാരായ പല പണ്ഡിതരുടെ വിയോഗവും മഅ്മൂന് തന്‍റെ വാദം സ്ഥാപിക്കാന്‍ സഹായമേകി.
ഹി. 218ല്‍ ബഗ്ദാദ് ഗവര്‍ണറായ ഇസ്ഹാഖുബ്നു ഇബ്റാഹീമിന് മഅ്മൂന്‍ കത്തെഴുതി തന്‍റെ വാദം പ്രചരിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഖുര്‍ആന്‍ സൃഷ്ടിവാദത്തെ കുറിച്ച് അഭിപ്രായമന്വേഷിക്കാനായി ഖാളിമാരെ ഒരുമിച്ചു കൂട്ടാനും അംഗീകരിക്കാത്തവരുടെ ഖാളി സ്ഥാനം ഒഴിവാക്കാനും അവരുടെ സാക്ഷിത്വം നിഷേധിക്കാനും കത്തിലൂടെ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. ആ കത്തിന്‍റെ പകര്‍പ്പ് മറ്റു പല രാജ്യങ്ങളിലേക്കും കൊടുത്തയച്ചു.
വാദം കേള്‍ക്കാനും തന്‍റെ വാദമംഗീകരിക്കാത്ത പണ്ഡിതരെ തന്‍റെയടുത്തേക്ക് പറഞ്ഞയക്കാനും മഅ്മൂന്‍ മറ്റൊരു കത്തുകൂടി അയച്ചു. അങ്ങനെ ഏഴു പണ്ഡിതരെ മഅ്മൂന്‍റെയടുത്തേക്ക് പറഞ്ഞയച്ചെങ്കിലും വാദത്തിനെതിരായ തെളിവുകള്‍ നിരത്തുകയും വാദത്തെ എതിര്‍ക്കുകയും ചെയ്തു നാട്ടിലേക്കു തന്നെ മടങ്ങി. കര്‍മ്മശാസ്ത്ര പണ്ഡിതരെയും മറ്റു പണ്ഡിതരെയും ഒരുമിച്ചു കൂട്ടാന്‍ അറിയിച്ചുകൊണ്ടുള്ള കത്ത് അല്പകാലശേഷം ഗവര്‍ണര്‍ക്കു വീണ്ടും കിട്ടി. എന്നിട്ടും വാദമംഗീകരിക്കാത്തവര്‍ക്കെതിരായി തന്‍റെ നിയമങ്ങള്‍ കര്‍ക്കശമാക്കി ഉപദ്രവിക്കാന്‍ മഅ്മൂന്‍ തീരുമാനിച്ചു. ജനങ്ങള്‍ തന്‍റെ വാദമംഗീകരിക്കാത്തതില്‍ ഖലീഫ കോപാകുലനായി.
ജനങ്ങളില്‍ നിന്നും ബിശ്റുബ്നു വലീദ്, ഇബ്റാഹീമുബ്നുല്‍ മഹ്ദി, എന്നിവരെ പിടിച്ചു കൊണ്ടുപോവുകയും വാദമംഗീകരിച്ചില്ലെങ്കില്‍ തലവെട്ടുമെന്നും ഭീഷണിപ്പെടുത്തി. താമസിയാതെ മഅ്മൂന്‍റെ ശിക്ഷാനടപടികളെ ഭയന്ന് ജനങ്ങളില്‍ പലരും അദ്ദേഹത്തിന്‍റെ വാദമംഗീരിക്കാന്‍ നിര്‍ബന്ധിതരായി. അഹ്മദുബ്നു ഹമ്പല്‍, സജാദ, ഖവാറീരി, മുഹമ്മദുബ്നു നൂഹ് എന്നീ നാലുപേര്‍ അപ്പോഴും സത്യത്തില്‍ നിലകൊണ്ടു. അവരെ ബന്ധികളാക്കാന്‍ ഉടന്‍ തന്നെ മഅ്മൂന്‍ ഉത്തരവിട്ടു. അങ്ങനെ സജാദയും താമസിയാതെ ഖവാരീരിയും തങ്ങളുടെ വാദത്തില്‍ നിന്നും പിന്മാറി. മഅ്മൂന്‍ ഉടന്‍ തന്നെ അവരെ വിട്ടയക്കുകയും ചെയ്തു. ഹമ്പലി ഇമാമിനെയും നൂഹിനെയും മഅ്മൂന്‍ ജയിലിലടച്ചു.
അധികം വൈകാതെ മഅ്മൂന്‍ രിഖ എന്ന സ്ഥലത്തു മരണപ്പെടുകയും ബഗ്ദാദിലെ ഗവര്‍ണര്‍ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തു. ബഗ്ദാദിലേക്കുള്ള യാത്രയില്‍ മുഹമ്മദുബ്നു നൂഹ് മരണപ്പെട്ടു.
ആദ്യം അമാറ എന്നയാളുടെ വീട്ടുതടങ്കലിലും ശേഷം പൊതു ജയിലിലുമായി മുപ്പത് മാസമാണ് ഇമാം തടവില്‍ കിടന്നത്. തടവില്‍ കിടക്കുമ്പോഴും തന്‍റെ ഇബാദത്തിനു യാതൊരു ഭംഗവും ഇമാം വരുത്തിയില്ല. തടവുകാര്‍ക്ക് ഇമാമത് നില്‍ക്കുകയും കിതാബുകള്‍ ഓതുകയുമായിരുന്നു ജയില്‍വാസത്തിലും ഇമാം ചെയ്തത്. (രിജാലുല്‍ ഫിക്ര്‍ വദഅ്വതി ഫില്‍ഇസ്ലാം).

വഫാത്

ഹി. 241, റബീഉല്‍ അവ്വല്‍ ഒന്നിനാണ് ഇമാം അഹ്‌മദിന് പനി പിടിപെടുന്നത്. രോഗവിവരമറിഞ്ഞയുടെ സന്ദര്‍ശിക്കാനും സലാം പറയുവാനും ആളുകള്‍ ഒഴുകിവരാന്‍ തുടങ്ങി. റോഡുകളും പള്ളികളും ജനങ്ങളെ കൊണ്ടു തിങ്ങിനിറഞ്ഞു. അങ്ങാടികളിലെ തിരക്കുകാരണം വ്യാപാരികള്‍ കച്ചവടം ചെയ്യാതെ കടകള്‍ അടച്ചിട്ടു. രാജ്യം മുഴുവന്‍ ദുഖം തളംകെട്ടി നിന്നു. ബനൂഹാശിം ഗോത്രക്കാര്‍ മുഴുവന്‍ വന്നു കരയാന്‍ തുടങ്ങി. ഇമാമിന്‍റെ വീട് ഓരോ സമയത്തും ഖാളിമാരും രാജ്യത്തെ പൗരപ്രമുഖരും സന്ദര്‍ശിച്ചുകൊണ്ടേയിരുന്നു.
ബഗ്ദാദിലെ ഭരണാധികാരി മുഹമ്മദുബ്നു അബ്ദുല്ലാഹി ത്വാഹിര്‍ തന്‍റെ ഭൃത്യനെ പറഞ്ഞയച്ചു. 'അമീറുല്‍ മുഅ്മിനീന്‍ നിങ്ങള്‍ക്ക് സലാം പറയുകയും കാണാനാഗ്രഹം അറിയിക്കുകയും ചെയതിട്ടുണ്ട്'. കുപ്രസിദ്ധമായ മിഹ്ന(കുറ്റവിചാരണ)ക്കു ശേഷം ഭരണാധികാരികളെ കാണാന്‍ തീരെ ഇഷ്ടപ്പെടാത്ത ഇമാം അഹ്മദ് സന്ദര്‍ശനം അനുവദിച്ചില്ല. എന്നാല്‍ ഖലീഫ ഓരോ മണിക്കൂറിലെയും ഇമാമിന്‍റെ അവസ്ഥയുടെ വിവരങ്ങളെത്തിക്കാന്‍ പ്രത്യേകം അളെത്തന്നെ ചുമതലപ്പെടുത്തിയിരുന്നു.
മകന്‍ സ്വാലിഹ് ഇമാമിനെ പരിചരിച്ച് എപ്പോഴും കൂടെനിന്നു. ഒരു പ്രാവശ്യം ഇമാമിനു മൂത്രമൊഴിക്കാന്‍ തൊട്ടിവെച്ച മകന്‍ സ്വാലിഹ് രക്തം കണ്ടു ഭയന്നു ഡോക്ടറോട് കാര്യമന്വേഷിച്ചു. 'സങ്കടവും പ്രയാസവും അദ്ദേഹത്തിന്‍റെ ശരീരത്തിനകത്തെ ഛിന്നഭിന്നമാക്കിയിരിക്കുകയാണെ'ന്നായിരുന്നു ഡോക്ടറുടെ മറുപടി.
റബീ.അവല്‍ 12 ളുഹാ സമയത്ത് ഇമാം ലോകത്തോടു വിടപറഞ്ഞു. 77വര്‍ഷം നീണ്ടുനിന്നതായിരുന്നു സംഭവബഹുലമായ ആ ജീവിതം. വഫാതിനു ഒരുദിവസം മുമ്പു തന്നെ മക്കളെയും പേരക്കുട്ടികളെയും ഒരുമിച്ചു കൂട്ടി അണച്ചു കൂട്ടുകയും അവരെ താലോലിക്കുകയും ചെയ്തിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലിക്കാണ് അന്ന് അവിടെ ലോകം ദൃക്സാക്ഷിയായത്. ജനാസയെ അനുഗമിക്കാന്‍ പത്തുലക്ഷം പേര്‍ ഒരുമിച്ചുകൂടിയെന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. ഏറ്റവും ചുരുങ്ങിയത് ഏഴുലക്ഷം പേരും. അതുകൊണ്ടുതന്നെ രോഗസമയത്തും മരണശേഷവും ഇത്രയധികം ആളുകള്‍ ഒരുമിച്ചുകൂടിയ മറ്റൊരു സന്ദര്‍ഭം കാണാന്‍ പ്രയാസമാണെന്നു ചരിത്രവിശാരദര്‍ ചൂണ്ടിക്കാണിക്കുന്നു.
ബഗ്ദാദ് ഖലീഫ കഫന്‍ ചെയ്യാനും മറ്റുമായി വിലകൂടിയ സുഗന്ധദ്രവ്യങ്ങളും വസ്ത്രങ്ങളും കൊടുത്തയച്ചെങ്കിലും മകന്‍ സ്വാലിഹ് സന്തോഷപൂര്‍വം തിരസ്ക്കിരിക്കുകയാണ് ചെയ്തത്. ജീവതകാലത്തുതന്നെ ഹദിയകളൊന്നും സ്വീകരിക്കാത്ത ഉപ്പയുടെ ശീലം മരണശേഷം മാറ്റംവരുത്തരുതെന്ന മകന്‍റെ നിര്‍ബന്ധബുദ്ധിയാണിതിനു പിന്നില്‍. ജയിലിലായ സമയത്ത് ലഭിച്ച മൂന്ന് ശഅ്റേ മുബാറകുകള്‍ രണ്ടുകണ്ണുകളിലും നാവിലും വെക്കാന്‍ ഇമാം വസിയ്യത്ത് ചെയ്തിരുന്നു.
ജനബാഹുല്യം കാരണം വിശാലമായ പ്രദേശംതന്നെ മയ്യിത്ത് നിസ്ക്കാരത്തിന് സജ്ജീകരിച്ചിരുന്നു. എല്ലാവീട്ടുകാരും വുളുവെടുക്കാന്‍ പ്രത്യേകം സൗകര്യം ചെയ്തുകൊടുത്തു. മകന്‍ സ്വാലിഹ് നിസ്ക്കാരത്തിന് നേതൃത്വം നില്‍ക്കാനൊരുങ്ങിയെങ്കിലും ഖലീഫ അദ്ദേഹത്തെ മാറ്റി ഇമാമായി കയറിനിന്നു നിസ്ക്കാരം തുടങ്ങി. ഇമാമിന്‍റെ മയ്യിത്ത് നിസ്ക്കാരത്തിനു നേതൃത്വം നല്‍കാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹത്തെ പലരും പിന്നീട് സന്തോഷമറിചയിക്കുകയുണ്ടായി. മയ്യിത്ത് ഖബറടക്കിയ ശേഷവും മാസങ്ങളോളം അയിരക്കണക്കിനാളുകള്‍ ഇമാമിനരികിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.
മുല്ല അലി അല്‍ഖാരി രേഖപ്പെടുത്തുന്നു. ബഗ്ദാദില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഖബറാണ് ഇമാം അഹ്മദുബ്നു ഹമ്പലിന്‍റേത്. ഇമാം വഫാതായി 230 വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു ചിലരെ മറവു ചെയ്യാന്‍ ഇമാമിന്‍റെ ഖബര്‍ തുറക്കുകയുണ്ടായി. അത്ഭുതം!. അവിടുത്തെ കഫന്‍ തുണിക്കോ ശരീരത്തിനോ യാതൊരു വിധ കേടുപാടുകളും ഉണ്ടായിരുന്നില്ല. (മിര്‍ഖാത് 21/1).

സ്വപനങ്ങളില്‍

ഇമാം അഹ്മദുബ്നു ഹമ്പലിന്‍റെ വഫാതിനു ശേഷവും അദ്ദേഹത്തെ സ്വപനംകണ്ടവരും മഹാനവര്‍കളുടെ ശ്രേഷ്ടതയെ വിവരിക്കുന്ന മറ്റു മഹാന്മാരുടെ അനുഭവങ്ങള്‍ സ്വപനങ്ങളില്‍ ദര്‍ശിച്ചവരും ഏറെയുണ്ട്. ഇമാം അഹ്മദിനെ സ്നേഹിച്ചതിന്‍റെ കാരണത്താല്‍ സ്വര്‍ഗത്തില്‍ കിടന്നയാളെ കുറിച്ചാണ് അബൂ സുര്‍അ പറയുന്നത്.
അബ്ദുല്ലാഹി ബ്നു ഹുസൈന്‍ പറയുന്നത് ഞാന്‍ കേട്ടു'ഞാനൊരിക്കല്‍ ഒരാളെ സ്വപനത്തില്‍ കാണുകയുണ്ടായി. ഞാനദ്ദേഹത്തോട് ചോദിച്ചു, അല്ലാഹു മരണശേഷം നിങ്ങളെ എന്താണു ചെയ്തത്?. അയാള്‍ പറഞ്ഞു. അല്ലാഹു എനിക്കു പൊറുത്തുതന്നു. 'സത്യം?'. 'അതെ, സത്യം തന്നെ. 'എന്താണു അതിനു കാരണം?'. അയാള്‍ പറഞ്ഞു. അഹ്മദുബ്നു ഹമ്പലിനോടുള്ള എന്‍റെ സ്നേഹം കാരണമാണ്'.
അഹ്മദുബ്നു മഹ്മൂദ് പറയുന്നു. ഒരു ദിവസം ഞാനൊരശരീരി കേട്ടു. 'സ്വാലിഹായ. അടിമ മരണപ്പെട്ടിരിക്കുന്നു.' ഞാന്‍ കൂടെയുള്ളവരോട് ഈ ശബ്ദത്തെകുറിച്ച് ചോദിച്ചു. അവര്‍ പറഞ്ഞു, ജിന്നുകളിലെ സ്വാലിഹീങ്ങളില്‍ പെട്ടയാളുടെ ശബ്ദമാണത്. അന്നു രാത്രിയാണ് ഇമാം അഹ്മദ് വഫാതാകുന്നത്. ആ അശരീരി ഇമാമിന്‍റെ വിയോഗത്തെ അറിയിക്കുന്നതാണെന്ന് അപ്പോഴാണെനിക്കു മനസ്സിലായത്.
ഇമാമിന്‍റെ ശ്രേഷ്ടത വെളിപ്പെടുത്തുന്ന മറ്റൊരു സംഭവം ഹില്‍യതുല്‍ ഔലിയാഅ് എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഇബ്റാഹീമുബ്നു ഖര്‍റാസ് പറയുന്നു. ഞങ്ങളുടെ ഒരയല്‍വാസി ഏഴു കിരീടങ്ങളുമായി ആകാശത്തു നിന്നിറങ്ങി വരുന്ന ഒരു മലക്കിനെ കണ്ടു. ആ മലക്ക് ആദ്യമായി കിരീടമണിയിച്ചത് ഇമാം അഹ്മദിനെ ആയിരുന്നു.
ഉബൈദുബ്നു ശരീക് പറയുന്ന മറ്റൊരു സംഭവം ഇങ്ങനെയാണ്. മുഖന്നസ് എന്നയാളുടെ മരണശേഷം ഞാനദ്ദേഹത്തെ സ്വപനം കണ്ടു. അദ്ദേഹം പറഞ്ഞു, എനിക്ക് അല്ലാഹു പൊറുത്തു തന്നു. കാരണം ഇമാം അഹ്മദിന്‍റെയടുത്തായിരുന്നു എന്നെ മറമാടിയിരുന്നത്. മാത്രമല്ല, ഇമാമിനെ ഖബറടക്കിയ ഭാഗത്തെ മുഴുവന്‍ ഖബറാളികള്‍ക്കും അല്ലാഹു ഇമാമിന്‍റെ ശ്രേഷ്ടതകൊണ്ട് പൊറുത്തു തന്നു.
വഫാതിന് ശേഷം ഇമാമിന് അല്ലാഹു ഒരുക്കിയ സ്വീകരണത്തെ കുറിച്ച് സുഫ്യാനുസ്സൗരീ സ്വപനത്തില്‍ പറയുന്നതു കാണാം. ബുന്‍ദാര്‍ ചോദിച്ചു, 'നിങ്ങളിപ്പോള്‍ എവിടെയെത്തി?'. ഞാന്‍ ആഗ്രഹിച്ച സ്ഥാനത്തേക്കാളും ഉന്നതിയില്‍ ഞാനിപ്പോള്‍ എത്തിയിട്ടുണ്ട്. 'നിങ്ങളുടെ കൈയിലെന്താണ്?'. 'ഇത് മുത്തും പവിഴവുമാണ്. ഇമാം അഹ്മദിന്‍റെ റൂഹ് ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ട്. അവരെ ആശീര്‍വദിക്കാനും സ്വീകരിക്കാനും അല്ലാഹു നല്‍കിയതാണീ മുത്തുകള്‍'.
ഓരോ നിമിഷവും അല്ലാഹുവിനു വേണ്ടി മാറ്റിവെച്ച ആ ധന്യ ജീവിതത്തെ പകര്‍ത്തിയെഴുതാന്‍ ബലഹീനരാണ് നാമേവരും. അല്ലാഹു അവരുടെ ബഹുമാനം കൊണ്ട് നമ്മെ അനുഗ്രഹിക്കട്ടെ.

Post a Comment

Previous Post Next Post

News

Breaking Posts