പുതിയ കൊറോണ അപകടകാരിയോ

tonnalukal


കൊറോണ ഭയം എല്ലാവരുടെയും മനസ്സില്‍ നിന്ന് മാറിത്തുടങ്ങി. എല്ലാവരും പഴയ പോലെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നേയുള്ളൂ. എന്നാല്‍ കൊറോണ  വൈറസിന്റെ വകഭേദം ഇംഗ്ലണ്ടില്‍ ശക്തമായി പടരുന്നു. നിസാരമായി തള്ളിക്കളയാന്‍ വരട്ടെ, സംഗതി ഗുരുതരമാണ്. ഓരോ ദിവസവും ഇംഗ്ലണ്ടില്‍ മുമ്പത്തേക്കാളേറെ വര്‍ധിച്ചുവരികയാണ്. മൂന്നാഴ്ച മുമ്പ് വരെ 28 ശതമാനമായിരുന്നുവെങ്കില്‍ കഴിഞ്ഞ ആഴ്ച 62 ശതമാനമായി വര്‍ധിച്ചു. ഇംഗ്ലണ്ടിലെ ഗവണ്‍മെന്റ് ശക്തമായ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുന്നു. പുറത്തേക്കും അകത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്രട്ടറി ഹാന്‍കോക്ക് പറയുന്നത് കൊറോണ വൈറിസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതം എന്നാണ്. ലോകാരോഗ്യ സംഘടയുടെ കണക്ക് പ്രകാരം 70 ശതമാനം വേഗതയിലാണ് പുതിയ വൈറസ് പടരുന്നതെന്നാണ്. ഇത് നമ്മുടെ ശരീരത്തിലേക്കും കോശത്തിലേക്കും പടരുന്ന രീതിയില്‍ മാറ്റമുണ്ട്. മനുഷ്യ പ്രതിരോധ ശക്തിയെ വലിയ പ്രതിസന്ധിയിലേക്കാണ് ഇത് തള്ളിവിടുന്നത്. അത് കൊണ്ട് തന്നെ യുവാക്കളിലും കുട്ടികളിലുമാണ് മുമ്പത്തേതിനേക്കാള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇംഗ്ലണ്ടില്‍ പടര്‍ന്നിരിക്കുന്ന പുതിയ വൈറസ് വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്വതന്ത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ സമീപ രാജ്യങ്ങളായ അയര്‍ലന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്റ്, തുര്‍ക്കി, ബല്‍ജിയം, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പുറത്തേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് പേടിപ്പെടുത്തുന്ന കാര്യം തന്നെയാണ്. നമുക്കും പ്രിയപ്പെട്ടവരിലേക്കും പടരാനുള്ള സാധ്യത കൂടുതലാണ്. 


പുതിയ വൈറസ്

പുതിയ വൈറസിന്റെ പേര് covid 19 b117  എന്നാണ്. വൈറസുകള്‍ ജീവികളിലൂടെ പടരുന്നതിനനുസരിച്ച് പുതിയ കോശങ്ങളുമായി സംവദിക്കുന്നതിലൂടെ ദിവസങ്ങള്‍ക്കും മാസങ്ങള്‍ക്കുമുള്ളില്‍ തന്നെ അനവധി പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നു. ചില സമയങ്ങളില്‍ വൈറസിന്റെ ജനറ്റികില്‍ തന്നെ മാറ്റങ്ങള്‍ സംഭവിക്കുന്നു. പുതിയ സ്വഭാവങ്ങള്‍ കൈവരുന്നു. കൂടെ പുതിയ വകഭേദങ്ങള്‍ രൂപപ്പെടുന്നു. അങ്ങനെ കൂടുതല്‍ ശക്തമാകുന്നു. 

ചൈനയിലെ വൂഹാന്‍ അടച്ചിട്ട പോലെ ഇംഗ്ലണ്ടില്‍ ശക്തമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ പോലും നിരോധിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള ഇന്ത്യാ രാജ്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു കോടിയലധികമാണ് രോഗികള്‍. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരത്തി എണ്ണൂറ്റി പത്ത് പേര്‍ മരിച്ചു. എന്നിട്ടും നമ്മള്‍ അശ്രദ്ധരാണ്. കൂട്ടംകൂടുന്നതിനും ആഘോഷങ്ങള്‍ക്കും യാതൊരു നിയന്ത്രണവുമില്ലാതെ തകൃതിയായി നടക്കുന്നു. കോവിഡ് പ്രോട്ടോകോളുകള്‍ വെറും കടലാസില്‍ മാത്രമായി ഒതുങ്ങുമ്പോള്‍ ഓര്‍ക്കുക, ചെറിയ അശ്രദ്ധ മതി ഓരോ ജീവനും നഷ്ടപ്പെടാന്‍.


Post a Comment

Previous Post Next Post

News

Breaking Posts