സ്വിസ് ബാങ്കുകളുടെ രഹസ്യം | Swiss bank security system

 

tonnalukal

സ്വിസ് ബാങ്കിനെ കുറിച്ച് കേള്‍ക്കാത്തവരില്ല. കൊച്ചുകുട്ടികള്‍ക്ക് വരെ സുപരിചിതമാണ് ഈ ബാങ്കിന്റെ പേര്. ലക്ഷക്കണക്കിന് കോടി രൂപയുടെ കള്ളപ്പണമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കള്ളപ്പണക്കാരുടെയും അഴിമതിക്കാരുടെയും പറുദീസയാണ് ഈ ബാങ്ക്.

 

സ്വിസ് ബാങ്കിന്റെ തുടക്കവും പ്രവർത്തനവും

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ബാങ്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഈ കാലത്ത് യൂറോപ്പില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളില്‍ കൂലിപ്പടയാളികളായി സ്വിറ്റസര്‍ലണ്ടിലെ ജനങ്ങള്‍ പങ്കെടുത്തിരുന്നു. അവരുടെ പ്രതിഫലം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ ബാങ്കുകള്‍. അവരുടെ വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് ലഭിക്കാതിരിക്കാന്‍ നിക്ഷ്പക്ഷതയുടെ കുടപിടിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ വൈര്യത്തില്‍ നിന്ന് നേട്ടം കൊയ്യുകയായിരുന്നു തന്ത്രം. അന്ന് അക്കൗണ്ടുകള്‍ക്ക് ഇന്ന് കാണുന്ന രഹസ്യാത്മകത ഇല്ലായിരുന്നു. ഒന്നാം ലോക മഹാ യുദ്ധ സമയത്ത് പണം കണ്ടെത്താനായി നികുതി നിരക്ക് കുത്തനെ കൂട്ടി. അധിക നികുതി ഒഴിവാക്കാനായി സമ്പന്നര്‍ സ്വിസ് ബാങ്കുകളെ ആശ്രയിച്ചു. അതിര്‍ത്തി നഗരങ്ങളിലെ ബാങ്കുകള്‍ അവര്‍ക്ക് സവൗകര്യം ചെയ്തു കൊടുത്തു. ഒരേ ഭാഷ സംസാരിച്ചിരുന്നത് അവര്‍ക്ക് ഗുണകരമായി. തങ്ങളുടെ രാജ്യങ്ങള്‍ ധാരാളം കള്ളപ്പണം കടത്തി എന്നറിഞ്ഞ യൂറോപ്യന്‍ രാജ്യങ്ങള്‍ ആ പണം തിരിച്ചു പിടിക്കാന്‍ വേണ്ടി ഇടപാടുകാരുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വിസ് ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദം ചെലുത്തി. പക്ഷേ, വിവരങ്ങള്‍ കൈമാറുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമ നിര്‍മ്മാണം നടത്തിയാണ് സ്വിസ് ഗവണ്‍മെന്റ് പ്രതികരിച്ചത്. 1934ലാണ് ഈ നിയമ നിര്‍മ്മാണം കൊണ്ടുവന്നത്. ഇതാണ് ആധുനിക സ്വിസ് ബാങ്കുകളുടെ തുടക്കം.

രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ജര്‍മ്മനിയിലെ പണക്കാര്‍ തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാന്‍ ഈ ബാങ്കുകളെ ആശ്രയിച്ചിരുന്നു. ലക്ഷക്കണക്കിന് യഹൂദര്‍ നാസികളെ പേടിച്ച് സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചു. വിരോധാഭാസമെന്നോണം നാസികളും ഈ ബാങ്കുകളിലാണ് പണം നിക്ഷേപിച്ചത്. ഹിറ്റ്‌ലര്‍ക്ക് ഈ ബാങ്കുകളില്‍ അഞ്ചു ബില്യണിന്റെ നിക്ഷേപമുണ്ടായിരുന്നു. യുദ്ധം അവസാനിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. അവരില്‍ അക്കൗണ്ടുണ്ടായിരുന്ന നാസികളും യഹൂദരും ഉള്‍പെടും. എന്നാല്‍ യുദ്ധത്തില്‍ അതിജീവിച്ചവര്‍ക്കാവട്ടെ മതിയായ രേഖകളില്ലെന്ന് പറഞ്ഞ് പണം നിഷേധിച്ചു.

ഒരു നിശ്ചിത കാലാവധിക്കു ശേഷം ഉടമസ്ഥരില്ലാത്ത പണം ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടുക എന്നതാണ് സ്വിസ് ഗവണ്‍മെന്റിന്റെ നിയമം. ധാരാളം പേര്‍ നിയമ പോരാട്ടം നടത്തിയെങ്കിലും അര്‍ഹിക്കുന്ന തുകയുടെ ചെറിയൊരു അംശം മാത്രമേ അവര്‍ക്ക് ലഭിച്ചുള്ളൂ. ചുരുക്കത്തില്‍ മനുഷ്യരുടെ ദുരവസ്ഥയില്‍ നിന്ന് നേട്ടം കൊയ്യുകയായിരുന്നു ഈ ബാങ്കുകള്‍. യുദ്ധാനന്തരം കള്ളക്കടത്തുകാര്‍, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, സ്വേഛാധിപതികളായ ഭരണാധികാരികള്‍ മുതലായവരായി പിന്നെ അതിന്റെ ഉപഭോക്താക്കള്‍.

ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. പൊതുവേ ഉണ്ടായിരുന്ന അഴിമതിക്ക് പുറമേ ഒരു കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന അപഹാസ്യമായ നികുതി നിരക്കും ഇന്ത്യക്കാരെ അവിടെ നിക്ഷേപകരാക്കി മാറ്റി. 1973ല്‍ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 97.75 ശതമാനമായിരുന്നു. നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപ സ്വിസ് ബാങ്കിലേക്ക് ഒഴുകി.

സ്വിസ് ബാങ്കില്‍ അക്കൊണ്ട് തുടങ്ങണമെങ്കില്‍ പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. ഈ രാജ്യവുമായി നല്ല നയതന്ത്ര ബന്ധമുള്ള ഏത് രാജ്യത്തിനും അവിടെ അക്കൗണ്ട് തുടങ്ങാം. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും വരുമാന സ്രോതസ്സും അഡ്രസ് തെളിയിക്കുന്ന രേഖയും നിര്‍ബന്ധമാണ്. ചെറിയ പലിശയും ഉണ്ടാകും. പക്ഷേ, കള്ളപ്പണക്കാര്‍ക്ക് പേരിനു പകരം കോഡുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്ന അതീവ രഹസ്യ സ്വഭാവമുള്ള അക്കൗണ്ടുകളാണ് ഇഷ്ടം. കോഡ് നമ്പര്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തി വിവരങ്ങളുടെ സ്വഭാവം കുടുതല്‍ സൂക്ഷിക്കപ്പെടുന്നു. ഈ അക്കൗണ്ട് തുറക്കാനുള്ള കുറഞ്ഞ തുക ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ്. ഈ തുകകള്‍ക്ക് പലിശ ലഭിക്കില്ലെന്ന് മാത്രമല്ല, അക്കൗണ്ട് നിലനിര്‍ത്താന്‍ വര്‍ഷാവര്‍ഷം 300 മുതല്‍ 400 ഡോളര്‍ വരെ ഫീസും കൊടുക്കേണ്ടി വരും. അക്കൗണ്ടുള്ളവരുടെ വിവരങ്ങളും വിലപിടിപ്പുള്ള നിധികളും രത്‌നങ്ങളും രേഖകളുമൊക്കെ ആല്‍പ്‌സ് പര്‍വത നിരകളിലെ രഹസ്യ കേന്ദ്രങ്ങളിലാണ് സൂക്ഷിക്കുന്നത്. ഹെലിക്കോപ്ടറിലെ അവിടെ എത്താനാകൂ. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി അക്കൗണ്ടുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ ലോക രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നു. ചെറിയ തോതില്‍ ഇതിന് ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ 7000കോടി രൂപയുടെ കണക്ക് മാത്രമേ അവര്‍ കൈമാറിയുള്ളൂ. കള്ളപ്പണത്തിന്റെ വ്യാപ്തി നോക്കുമ്പോള്‍ അത് ചെറിയ തുക മാത്രമാണ്. രഹസ്യ സ്വഭാവം അങ്ങേയറ്റം ആഗ്രഹിക്കുന്നവര്‍ ആശ്രയിക്കുന്നത് ഷെല്‍ കമ്പനികളെയാണ്. ഈ കമ്പനിയുടെ പ്രവര്‍ത്തനത്തോട് ഒരു ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തോട് ഉപമിക്കാം. ഇവ ബാങ്കുകളെ പോലെ പണമിടപാട് നടത്തുന്ന കമ്പനിയല്ല. ഒരു സ്റ്റോക്ക് കമ്പനിയുടെ പ്രവര്‍ത്തന രീതിയാണ്. ബാങ്ക് അക്കൗണ്ടിലെ പേര് ഒരു ഷെല്‍ കമ്പനിയിലും ഈ കമ്പനിയുട ഉടമസ്ഥത മറ്റൊരു രാജ്യത്തുമായിരിക്കും രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ഇപ്രകാരം പണം ഒളിപ്പിച്ചാല്‍ കണ്ടെത്തുക പ്രയാസമായിരിക്കും. കള്ളപ്പണം കണ്ടെത്താന്‍ ഈ കമ്പനികളെ കൂടി ലക്ഷ്യം വെക്കേണ്ടത് അനിവാര്യമാണ്.

സ്വിസ് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ ഇന്ത്യയും ഉണ്ട്. ഇന്ത്യയുടെ ഇപ്പോഴത്തെ സ്ഥാനം 77 ആണ്.  മുന്‍വര്‍ഷങ്ങളില്‍ 74 ആയിരുന്നു സ്ഥാനം. 1980 നും 2010 നുമിടക്കുള്ള കള്ളപ്പണ നിക്ഷേപം 49000കോടി ഡോളര്‍ വരുമെന്നാണ് കണക്കുകള്‍. 1996 മുതല്‍ 2007 വരെ ഇന്ത്യ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. 2008ല്‍ 55 ആം സ്ഥാനത്തായി. പിന്നീട് ഓരോ വര്‍ഷവും നിക്ഷേപകരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം താഴ്ന്ന് കൊണ്ടിരിക്കുന്നു. ഒന്നാം സ്ഥാനം ബ്രിട്ടനാണ്. ആകെ നിക്ഷേപങ്ങളുടെ 27 ശതമാനവും ബ്രിട്ടനില്‍ നിന്നാണ്. ബ്രിട്ടനു പിന്നാലെ അമേരിക്കയാണ് രണ്ടാം സ്ഥാനം. 11 ശതമാനമാണ് അമേരിക്കയുടെ നിക്ഷേപം. വെസ്റ്റന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ്, എന്നിവയാണ് ആദ്യ അഞ്ചു  സ്ഥാനക്കാര്‍. ആദ്യ അഞ്ചു സ്ഥാനക്കാരുട നിക്ഷേപം മാത്രം ആകെ നിക്ഷേപത്തിന്റെ അമ്പത് ശതമാനത്തോളം വരും. ആദ്യ മുമ്പത് രാജ്യങ്ങളില്‍ നിന്നാണ് നിക്ഷേപത്തിന്റെ 90 ശതമാനവും. ജര്‍മ്മനി, ലക്‌സംബര്‍, സിംഗപ്പൂര്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ പെടുന്നവയാണ്.

Post a Comment

أحدث أقدم

News

Breaking Posts