നല്ല മാതാപിതാക്കള്‍ | Good Parents

നല്ല മാതാപിതാക്കള്‍,മതാപിതാക്കള്‍,കുട്ടികളും,സന്തുഷ്ട കുടുംബം,കുടുംബം,സന്താനം,മക്കള്‍,

മാതാപിതാക്കള്‍ കുടുംബത്തിന്റെ തണല്‍ മരങ്ങളാണ്. നിഷ്‌ക്കളങ്കരായി ജനിച്ചു വീഴുന്ന മക്കളെ നല്ലവരും ചീത്തയുമാക്കി മാറ്റുന്നിതിലെ പ്രഥമ പങ്ക് മാതാപിതാക്കളുടേതാണ്. മക്കള്‍ മോശമായതിന്റെ പേരില്‍ പരിതപിക്കുന്ന മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തിയതിനെ കുറിച്ചോ അവരോട് പെരുമാറിയതിനെ കുറിച്ചോ ആലോചിക്കാതെ പോകരുത്. മക്കളെ ശ്രദ്ധയോടെ വളര്‍ത്തേണ്ടതുണ്ട്. മാതാപിതാക്കള്‍ രണ്ടുപേരും ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും മാതാവിനാണ് മക്കളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ പങ്ക്. അതുകൊണ്ടുതന്നെയാണ് മക്കള്‍ക്ക് മാതാവിനോട് കടപ്പാട് കൂടുതലും. 

മക്കളെ വരച്ച വരയില്‍ നിറുത്തിയിരുന്ന മാതാപിതാക്കളുടെ കാലം കഴിഞ്ഞുപോയി. ഇനി സൗഹാര്‍ദപരമായ ഇടപെടലുകളും അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയുമാണ് വേണ്ടത്. എന്നാല്‍ അവര്‍ വരച്ച വരയില്‍ നില്‍ക്കുക എന്നര്‍ത്ഥം കാണരുത്. സ്‌നേഹവും ലാളനയും പരിഗണയും ആവോളം കൊടുക്കാനാണ് ശ്രമിക്കേണ്ടത്. ഒരു കുട്ടി മാത്രമേയുള്ളുവെങ്കില്‍ ആവശ്യത്തലേറെ സ്വാതന്ത്ര്യം നല്‍കുന്നത് നല്ലതല്ല. എല്ലാ മക്കളോടും തുല്യമായ പരിഗണയും സ്‌നേഹവും നല്‍കാന്‍ ശ്രമിക്കണം. പുതിയ തലമുറ പല വിഷയങ്ങളിലും മാതാപിതാക്കളേക്കാള്‍ അറിവുള്ളവരായിരിക്കും. അതുകൊണ്ട് തന്നെ തീരുമാനങ്ങളെടുക്കുമ്പോള്‍ മക്കളുടെ അഭിപ്രായവും ആരായുന്നത് നല്ലതാണ്. 

മക്കളുടെ ഉപദ്രവമേല്‍ക്കുന്ന മാതാപിതാക്കളുമുണ്ട്. എന്ത് ചെയ്താലും കോപത്തോടെ നേരിടരുത്. പകരം നല്ല സാഹചര്യം നോക്കി സ്‌നേഹത്തോടെ കാര്യങ്ങള്‍ അവതരിപ്പിക്കാനും പെരുമാറുകയും വേണം. ചെറുപ്പ കാലത്ത് തന്നെ നല്ല സാരോപദേശങ്ങളും വിശ്വാസ കാര്യങ്ങളും പറഞ്ഞ് പഠിപ്പിച്ച് വളര്‍ത്തുക. മാതാപിതാക്കളെ ഇല്ലായ്മ ചെയ്യുന്ന തലമുറയെ ദൈവവിശ്വാസം സംരക്ഷിക്കും.

പലപ്പോഴും കൂട്ടുകാര്‍ക്കിടയിലും മറ്റും ഒറ്റപ്പെടുന്നവരോ പരിഹസിക്കപ്പെടുന്നവരോ ആയിരിക്കും ചിലര്‍. എന്നാല്‍ മാതാപിതാക്കള്‍ക്കു മുന്നില്‍ തീര്‍ത്തും പരിഗണിക്കപ്പെടുന്ന വേണ്ടപ്പെട്ടവനായിരിക്കണം മക്കള്‍. ആരുമില്ലെങ്കിലും തന്റെ മാതാപിതാക്കള്‍ കൂടെയുണ്ടെന്ന ചിന്ത വലിയ ആത്മവിശ്വാസമാണ് മക്കള്‍ക്ക് നല്‍കുക. മോശമായ കാര്യങ്ങളില്‍ ഇടപെടുന്നതറിഞ്ഞാല്‍ തിരുത്തണം. നല്ല കാര്യങ്ങളില്‍ അകമഴിഞ്ഞ പ്രോത്സാഹനം നല്‍കാനും മടിക്കരുത്. പഠനപ്രവര്‍ത്തനങ്ങളിലും കളികളിലും മക്കള്‍ക്കൊപ്പം ചെലവിടാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. മക്കളുടെ ഏത് പ്രശ്‌നത്തിലും ഇടപെടുകയും പരിഹാരം നിര്‍ദേശിക്കുകയും വേണം. ഏത് തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴും മാതാപിതാക്കളോട് തുറന്ന് പറയാന്‍ മക്കള്‍ക്കാവണം. അതിന് സൗഹാര്‍ദപരമായ ബന്ധവും കൂടെ പുലര്‍ത്തേണ്ടതുണ്ട്. 

മക്കളുടെ കഴിവുകളും ദൗര്‍ബല്യവും തിരിച്ചറിയേണ്ടത് അനിവാര്യമായ ഘടകമാണ്. പലപ്പോഴും മാത്സര്യമായി പഠനപ്രവര്‍ത്തനങ്ങളെ കാണുന്നവരുണ്ട്. താരതമ്യം ചെയ്തും കോഴ്‌സും വിദ്യാലയങ്ങളും തെരഞ്ഞെടുക്കുന്നവരുണ്ട്. തീര്‍ത്തും പരാജയത്തില്‍ കലാശിക്കാനേ അത് ഇടവരുത്തൂ. കഴിവുകളും അഭിരുചികളും കണ്ടെത്തുകയും പുരോഗതിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും അവന് പ്രചോദനം നല്‍കുകയുമാണ് വേണ്ടത്. താല്പര്യങ്ങളും ഇഷ്ടങ്ങളും പരിഗണിക്കാന്‍ മനസ്സ് കാണിക്കണം.

പലവിധ ജോലിത്തിരക്കുകളും മാതാപിതാക്കള്‍ക്കുണ്ടായിരിക്കാം. എന്നാലും ഒഴിവു വേളകള്‍ ഉപയോഗപ്പെടുത്തിയോ സമയം കണ്ടെത്തിയോ മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. മക്കള്‍ക്കൊപ്പം ചെറിയ യാത്രകള്‍ നടത്തുന്നതും നല്ലതാണ്. 

മാതാപിതാക്കള്‍ തമ്മിലുള്ള പെരുമാറ്റവും സ്വഭാവവും നന്നായിരിക്കണം. കുട്ടികള്‍ക്കു മുന്നില്‍ വഴക്ക് കൂടുകയോ ദേഷ്യപ്പെടുകയോ ചെയ്യാതിരിക്കുക. മക്കള്‍ക്ക് നല്ല മാതൃകാപരമായ സ്വഭാവവിശേഷണങ്ങള്‍ മാതാപിതാക്കളില്‍ നിന്നുണ്ടാകണം. അത് മക്കളില്‍ വ്യക്തിത്വ വികാസമുണ്ടാകാന്‍ സഹായിക്കും. മക്കള്‍ മാതാപിതാക്കളെ കണ്ടാണ് വളരുന്നത്. ഭാര്യയും ഭര്‍ത്താവും സ്‌നേഹത്തോടെ ഐക്യത്തോടെ ജീവിക്കുന്നത് കണ്ടു വളരുന്ന മക്കളിലും ആ സ്വഭാവങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ മാതാപിതാക്കള്‍ പരസ്പരം സ്‌നഹത്തിലും സൗഹാര്‍ദത്തിലും ഒരുമയിലുമായിരിക്കണം. 


Post a Comment

Previous Post Next Post

News

Breaking Posts