കൊറോണ ലോകമാകെ പടര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ഓണ്‍ലൈന്‍ സമ്പ്രദായത്തിലേക്ക് മാറി. പൊതു പരീക്ഷാ ക്ലാസുകളായ പത്താം ക്ലാസും പ്ലസ് ടു ക്ലാസുകള്‍ക്കും കോളേജുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും പൂര്‍ണമായും സാധാരണ നിലയിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നു തന്നെ പറയാം. സൂം, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ക്ലാസ് റൂം, വീഡിയോ റെക്കോര്‍ഡിംഗ്, യൂറ്റൂബ്, വാട്ട്‌സപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ചാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ മുന്നോട്ട് പോകുന്നത്. ഏകേദശം മുപ്പത് മിനിട്ടോളം വരുന്ന വീഡിയോകളാണ് പഠനത്തിന് വേണ്ടി സ്‌കൂള്‍, മദ്രസ അധികാരികള്‍ തയ്യാറാക്കിയിരിക്കുന്നത്. കോളേജ് ക്ലാസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും നടന്നു കൊണ്ടിരിക്കുന്നു.
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫിസിക്കല്‍ പഠനരീതികള്‍ക്ക് ഒരിക്കലും ഫലപ്രദമായ ഒന്നല്ല. സ്‌കൂള്‍, മദ്‌റസ അധികൃതര്‍ അത് വ്യക്തമാക്കുന്നുമുണ്ട്. സ്‌ക്രീനിലൂടെയുള്ള പഠന രീതി പ്രവര്‍ത്തനത്തിലും സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിലും ഫലപ്രദമാകുന്നില്ല. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള അകല്‍ച്ച തന്നെയാണ് പ്രധാന കാരണം. പല വിദ്യാര്‍ത്ഥികളുടെയും സാമ്പത്തിക, സാഹചര്യ, കുടുംബ അന്തരീക്ഷങ്ങള്‍ മോശമായതിലാല്‍ അവര്‍ക്ക് ഏറെ സുരക്ഷിതത്വവും വിദ്യാലയങ്ങളായിരിക്കും. കൂട്ടുകാര്‍ക്കൊപ്പമുള്ള പഠനവും കളിതമാശകളും വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മികവു നല്‍കും.
മദ്‌റസകളെ സംബന്ധിച്ച് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഒരു പരിധി വരെ മാത്രമേ സഹായിക്കുകയുള്ളൂ. കാരണം പരിശീലിക്കേണ്ട, പ്രാവര്‍ത്തികമാക്കേണ്ട, ശീലിക്കേണ്ട കാര്യങ്ങളാണ് മദ്‌റസാ സിലബസുകളിലുള്ളത്. അധ്യാപകര്‍ക്കു മുന്നിലിരുന്ന് പഠിക്കേണ്ട കാര്യങ്ങളും ഓണ്‍ലൈന്‍ വഴി സാധ്യമാകുന്നില്ല. മാതാപിതാക്കള്‍ വിദ്യാഭ്യാസം കുറവുള്ളവരാവുമ്പോള്‍ പഠനപ്രവര്‍ത്തനങ്ങള്‍ വലിയ പരാജയമാകുകയും ചെയ്യുന്നു.
ഓരോ ദിവസവത്തെയും പഠനപ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നുണ്ടോ എന്ന വിലയിരുത്തലുകള്‍ അനിവാര്യമാണ്. ക്ലാസുകള്‍ കൃത്യമായി അറ്റന്റ് ചെയ്യുന്നുണ്ടോയെന്നും വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. ഹാജര്‍ സംവിധാനങ്ങള്‍ പലപ്പോഴും കൃത്യമായി ഉറപ്പിക്കാന്‍ സാധിക്കാത്തത് വലിയ പോരായ്മയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പകരം രക്ഷാകര്‍ത്താക്കള്‍ ഹാജര്‍ രേഖപ്പെടുത്തുന്ന രീതിയേ ഉണ്ടാകാന്‍ പാടില്ല.
വിദ്യാര്‍ത്ഥികളുടെ വീട്ടിലെ അന്തരീക്ഷമാണ് മറ്റൊരു ഘടകം. ഓണ്‍ലൈന്‍ സംവിധാങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മൊബൈല്‍, കമ്പ്യൂട്ടര്‍, ടാബ്ലെറ്റ് പോലുള്ള ഉപകരണങ്ങളുടെ ലഭ്യതയും ഇന്റര്‍നെറ്റ് സേവന ലഭ്യതയും ഉറപ്പാക്കണം. പഠിക്കാന്‍ രക്ഷിതാവിന്റെ വരവും കാത്ത് നില്‍ക്കേണ്ടി വരുന്നത് ദയനീയകരമാണ്. ചെലവുകള്‍ ധാരാളമായി വരുമ്പോള്‍ സൗജന്യ വിദ്യാഭ്യാസമെന്നത് പേരിനു മാത്രമായി ഒതുങ്ങുകയാണ്.
രക്ഷിതാക്കളുടെ ജാഗ്രതയും ശ്രദ്ധയും കൊണ്ടു മാത്രമേ ഓണ്‍ലൈന്‍ പഠനം ഉപകാരപ്രദമാകുകയുള്ളൂ. ഒരുപാട് പുസ്തച്ചുമട് വഹിക്കേണ്ടതിന്റെ പ്രയാസം ഓണ്‍ലൈന്‍ സംവിധാനത്തിന് ഇല്ലാത്തത് ഒരു ഗുണവശമാണ്. മനസ്സിലാകാത്ത ഭാഗങ്ങള്‍ ആവര്‍ത്തിച്ച് കേള്‍ക്കാനും സാവധാനം അത് പകര്‍ത്തിയെടുക്കാനും സാധിക്കുന്നു. ഏറ്റവും നല്ല അധ്യാപകരെ തെരഞ്ഞെടുത്ത് ക്ലാസുകള്‍ എടുപ്പിക്കുന്നതും നല്ല വശമാണ്. വിദ്യാര്‍ത്ഥികള്‍ക്കു പുറമേ രക്ഷിതാക്കള്‍ക്കും പഠിക്കാന്‍ അവസരൊരുക്കുകയാണ് ഓണ്‍ലൈന്‍ പഠനരീതികള്‍.
إرسال تعليق