ഓളും ഞാനും; മലയാളം കഥ

 


'ഡീ നീ എവിടെ പോയി കിടക്കാ'. രാവിലെ ക്ലാസില്‍ പോകാനുള്ള തിരക്കിലാണ് ഞാന്‍. ബൈക്കിന്റെ ചാവി കാണുന്നില്ല. മുടിചീകാന്‍ ചീപ്പ് നോക്കി കുഴങ്ങി കൈ കൊണ്ട് ഒതുക്കിയൊപ്പിച്ചു. അല്ലെങ്കിലും ഹെല്‍മെറ്റിനുള്ളില്‍ ഞെരുങ്ങിയമരാനുള്ള മുടി ചീകിയിട്ടെന്ത്. ക്ലാസുള്ള ദിവസമായിട്ടും ചായ ഇത് വരെ കിട്ടിയിട്ടില്ല. ഉച്ചഭക്ഷണപ്പൊതിയും മേശപ്പുറത്ത് കാണുന്നില്ല. ദേഷ്യം പതിയെ കടന്നുവരുന്നു. 'ഡീ പോത്തെ, നീ വിളിച്ചത് കേട്ടില്ലേ?'. ഞാന്‍ ശബ്ദമുയര്‍ത്തി. കൈയിലെ കരിയും മുഖത്തെ വിയര്‍പ്പും തുടച്ച് അവള്‍ ഓടിക്കിതച്ച് വന്നു. താക്കോല്‍ വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഞാനും അവളും പരതിക്കൊണ്ടിരുന്നു. ഒതുക്കിവെച്ച സാധനങ്ങളത്രയും താറുമാറായി. സമയം പോയത് മിച്ചം. ദേഷ്യം പിടിച്ച് ഞാന്‍ പുറത്തേക്ക് വന്നു വണ്ടിയുടെ അടുത്തെത്തിയപ്പോള്‍ ബൈക്കില്‍ ഞെളിഞ്ഞിരിക്കുന്ന താക്കോല്‍ എന്റെ ദേഷ്യത്തെ എത്രത്തോളം മാറ്റിയെന്ന് പറയേണ്ടതില്ലല്ലോ. താക്കോല്‍ കിട്ടിയ കാര്യം പറയാതെ ബൈക്കുമെടുത്ത് ഞാന്‍ ക്ലാസിലേക്ക് പോന്നു. അവള്‍ തിരച്ചില്‍ ഒഴിവാക്കി ഞാന്‍ വാരിവലിച്ചിട്ട സാധനങ്ങള്‍ അടുക്കിവെക്കാനും തുടങ്ങി.

യാത്രയിലുടനീളം ദേഷ്യപ്പെതിന്റെ കുറ്റബോധം എന്നെ വേട്ടയാടാന്‍ തുടങ്ങി. രാത്രി വയറു വേദനിച്ച് കിടന്നു പുളയുകയായിരുന്നു അവള്‍. ഒരു പോളകണ്ണടക്കാന്‍ പറ്റാത്തതിനാലുള്ള ക്ഷീണം കൊണ്ട് നേരത്തെ എണീക്കാനും അവള്‍ക്ക് പറ്റിയിട്ടില്ല. ഫസ്റ്റ് പിരീഡ് തന്നെ സ്‌കൂളിലത്താനുള്ള ചിന്തയില്‍ അവളെ കുറിച്ച് ഞാന്‍ എല്ലാം മറന്നിരിക്കുന്നു. തനിക്ക് വേണ്ടി പൊതിയുന്ന ഉച്ചഭക്ഷണവും മേശപ്പുറത്ത് ഒരുക്കുന്ന ബ്രേക്ക്ഫാസ്റ്റും ഏറെ പ്രയാസത്തിലും എനിക്ക് വേണ്ടി ചെയ്ത കഷ്ടപ്പാടുകളും പതിയെ മനസ്സിനെ അലട്ടാന്‍ തുടങ്ങി. ബെല്ലിന്റെ ശബ്ദം കേട്ട് ചിന്തയില്‍ നിന്നുണര്‍ന്നു നോക്കുമ്പോള്‍ സ്‌കൂളിനു മുമ്പിലെത്തിയിരുന്നു.

കുട്ടികളുടെ ഗുഡ്‌മോര്‍ണിംഗും സഹപ്രവര്‍ത്തകരുടെ കുശലാന്വേഷണവും ഒരു മുഴക്കത്തോടെ മാത്രം കേട്ടിരുന്നു. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആശ പൂര്‍ണദേവിയുടെ മാച്ച് ബോക്‌സ് മനസ്സിന് ഇരട്ടി വേദനയാണ് തന്നത്. ഇന്നിനി ക്ലാസ് എടുത്താല്‍ ശരിയാകില്ല. ലീവ് പറഞ്ഞ് പുറത്തിറങ്ങി ടൗണിലേക്ക് ചെന്നു. അവള്‍ക്കേറ്റവും പ്രിയപ്പെട്ട പിങ്ക് കളറില്‍ നല്ലൊരു ചുരിദാര്‍ വാങ്ങി. ഇഷ്ടമുള്ള പഴം പേരക്കയും ചക്കരമിട്ടായിയും കൈയില്‍ കരുതി വീട്ടിലേക്ക് വണ്ടി തിരിച്ചു. ബൈക്കിന്റെ ശബ്ദം കേട്ട് അവളുടെ ഹൃദയ മിടിപ്പ് കൂടിയിട്ടുണ്ടാകും. ഉച്ച ഭക്ഷണം തയ്യാറായിട്ടില്ലല്ലോയെന്നോര്‍ന്ന് നല്ലോണം പേടിച്ചു കാണും. കാരണം അടുക്കളയില്‍ ധൃതി പിടിച്ച് ചെയ്യുന്നതിന്റെ ശബ്ദം വല്ലാതെ കേള്‍ക്കുന്നുണ്ട്.

കൈയിലെ കവറെല്ലാം കാണാതെ റൂമില്‍ കൊണ്ടുവെച്ച് വസ്ത്രം മാറ്റി ഞാന്‍ അടുക്കളയിലേക്ക് ചെന്നു. ഞാന്‍ പോയ ശേഷം അവള്‍ കിടന്നുകാണുമെന്ന് ഞാന്‍ മനസ്സിലാക്കി. ബൈക്കിന്റെ ശബ്ദം കേട്ട് എഴുന്നേറ്റ് വന്നതാണെന്ന് അവളടെ രൂപം കണ്ടാലേ മനസ്സിലാകും. പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് മുഖം എന്നിലേക്ക് തിരിച്ചപ്പോള്‍ ഇറ്റിവീണ കണ്ണുനീരിന്റെ അടയാളങ്ങളും വേദനയുടെ ദയനീയതയും വല്ലാതെ എന്നെ നോവിച്ചു. നെറുകെയില്‍ ഒരു ചുമ്പനം കൊടുത്ത് കസേരയില്‍ ഇരുത്തി അടുക്കളയുടെ നേതൃത്വം ഞാന്‍ ഏറ്റെടുത്തു. ഞാന്‍ മുറിച്ച് വെച്ച കുമ്പളങ്ങയുടെയും ചേനയുടെയും വലിപ്പം കണ്ട് അവളുടെ സങ്കടങ്ങള്‍ക്ക് പകരം അധരങ്ങളില്‍ ചിരി പ്രത്യക്ഷമായത് കണ്ട് എന്റെ ഉള്ളില്‍ സന്തോഷം നിറഞ്ഞു. ഒരുവിധം ഒപ്പിച്ചെടുത്ത ഉച്ചഭക്ഷണവും കറിയും സ്വാദില്ലായെങ്കിലും മറുത്തൊന്നും പറയാതെ എന്നെയും നോക്കി അവള്‍ കഴിച്ചു. എന്നെ കുറപ്പെടുത്തുന്നതിന് പകരം അവളുടെ കണ്ണുകള്‍ ഈറനണിയുകയായിരുന്നു. ഒപ്പം ഞാനും.

Post a Comment

أحدث أقدم

News

Breaking Posts