കുട്ടികളുടെ മനസ്സറിയുന്ന രക്ഷിതാക്കള്‍


രക്ഷിതാക്കളെന്നാല്‍ രക്ഷാകര്‍ത്താക്കളാണ്. കുട്ടികളെ നന്നാക്കിയെടുക്കാനും മെരുക്കിയെടുക്കാനുമുള്ള ചുമതലയായാണ് പലരും ഇതിനെ കണക്കാക്കുന്നത്. മതിയായ തയ്യാറെടുപ്പുകളും പക്വതയും ക്ലാസുകളുമൊന്നും ലഭിക്കാതെ ദാമ്പത്യ ജീവിതത്തിനു തുടക്കം കുറിക്കുന്നതാണ് ഇതിനെല്ലാം കാരണമാകുന്നതെന്ന് പറയാനാകും. കുട്ടികളുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ച കൈവരിക്കുന്നതിനനുസരിച്ച് രക്ഷിതാക്കളും മാറേണ്ടിയിരിക്കുന്നു. മുതിര്‍ന്ന കുട്ടികളെ പോലും ചെറിയ കുഞ്ഞായിരിക്കുമ്പോഴുള്ള കരുതലും നിയന്ത്രണങ്ങളും നല്‍കുന്ന രക്ഷിതാക്കളുണ്ട്. രക്ഷാകര്‍തൃം കുട്ടികള്‍ക്കൊപ്പം അവരുടെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് രക്ഷിതാക്കള്‍ കൂടെ മാറി അവര്‍ക്ക് കൂട്ടാവലാണ്. അതിനുസരിച്ച് രക്ഷിതാക്കളും മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. 

പലരും ദാമ്പത്യജീവിതത്തിലേക്ക് കടക്കുമ്പോള്‍ തയ്യാറെടുപ്പുകളോ സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ലാതെ കടുന്നു വരുന്നുണ്ട്. കുട്ടികളായ ശേഷം കുട്ടികളെ പാകപ്പെടുത്തുന്ന സ്വഭാവമല്ല വേണ്ടത്. അത് ദാമ്പത്യ ജീവിതത്തിന്റെ തുടക്കം മുതലേ അനിവാര്യമാണ്. ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനു രക്ഷിതാക്കളുടെ സ്വഭാവ വൈകൃതങ്ങള്‍ സ്വാധീനിക്കപ്പെടുമെന്നതാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മാതാപിതാക്കളുടെ മാനസിക സമ്മര്‍ദങ്ങളോ മറ്റോ മാത്രമല്ല, മദ്യപാനവും പുകവലിയും തുടങ്ങിയ മോശം ശീലങ്ങളും കുഞ്ഞിനെ സ്വാധീനിക്കും. കുടുംബത്തിലെ വഴക്ക്, മാതാപിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍, പോശകാഹാരത്തിന്റെ കുറവ് എന്നിവ കുഞ്ഞിന്റ ബുദ്ധി വളര്‍ച്ചയെയും വൈകാരിക വളര്‍ച്ചയെയും ബാധിക്കുന്നതാണ്. ടെക്‌നോളജി ഗാഡ്ജറ്റുകള്‍ക്ക് മുന്നില്‍ ചടഞ്ഞിരിക്കുന്നവരാണ് ഇന്നത്തെ യുവത്വം. ഗര്‍ഭകാലത്തെ ഉപയോഗം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. 

ഗര്‍ഭധാരണം നടക്കേണ്ടത് ശാരീരകവും മാനസികവുമായ ആരോഗ്യം നില നില്‍ക്കുമ്പോഴും കുടുംബാന്ധരീക്ഷം നല്ല രൂപത്തില്‍ ആകുമ്പോഴുമാണ്. ഗര്‍ഭധാരണത്തിന് നല്ല തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഭര്‍ത്താവിന്റെ ജോലി ഭാരങ്ങളും സമ്മര്‍ദങ്ങളും മോശം സ്വഭാവങ്ങളും ഭാര്യയെ ബാധിക്കുമെന്ന് സംശയമില്ല. അത് വഴി കുഞ്ഞിനെ ബാധിക്കുമെന്ന് പറയേണ്ടതുമില്ല. നല്ല സാഹചര്യങ്ങള്‍ക്കനുസരിച്ച് ഗര്‍ഭധാരണത്തിനൊരുങ്ങുകയും ആരോഗ്യകരമായിട്ടുള്ള ഭക്ഷണ ശീലങ്ങള്‍ തുടങ്ങുകയും വേണം. വീട്ടിലെ നല്ല അന്തരീക്ഷവും നല്ല സഹവാസവും വ്യായാമവും സംസാരങ്ങളും വായനയും മനസ്സിനെ ആരോഗ്യപൂര്‍ണമാക്കി മാറ്റുകയും അത് വഴി കുഞ്ഞിന്റെ വൈകാരികവും ബുദ്ധിപരമായ വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്യും.

കുഞ്ഞ് ജനിച്ച ആദ്യത്തെ മൂന്ന് വര്‍ഷം അതിപ്രധാനമാണ്. കുഞ്ഞിന്റെ ശാരീരിക, വൈകാരിക, ബൗദ്ധികമായ വളര്‍ച്ചയും വികാസവും നടക്കുന്ന കാലഘട്ടമാണ് ആദ്യത്തെ മൂന്ന് വര്‍ഷം. കുഞ്ഞ് വളര്‍ന്ന് വരുന്ന ചുറ്റുപാടുകളും സാഹചര്യങ്ങളും നല്ലതായിരിക്കണം. കുഞ്ഞ് ആദ്യമായി വിശ്വസിക്കുന്നതും ബന്ധം പുലര്‍ത്തുന്നതും ഉമ്മയോടായിരിക്കും. മതിയായ പോശകാഹാരങ്ങള്‍ക്ക് പുറമേ മാതാപിതാക്കളും മറ്റുള്ളവരും കുഞ്ഞുമായി നല്ല സ്‌നേഹ ബന്ധം പുലര്‍ത്തുകയും വേണം. കുഞ്ഞിന്റെ കരച്ചിലും ഉറക്കമില്ലായ്മയും സഹിക്കവയ്യാതാകുമ്പോള്‍ ശാപവാക്കുകള്‍ പറയുന്നവരുണ്ടാകും. അതുപോലെ മലമൂത്ര വിസര്‍ജനം ചെയ്ത് പ്രയാസപ്പെടുമ്പോള്‍ മോശമായ വാക്കുകള്‍ പറയുന്നവരും ഉണ്ടാകാം. വിശപ്പും ദാഹവും ഉറക്കവും സ്‌നേഹലാളനയും മാത്രം ആവശ്യമാകുന്ന ഈ പ്രായത്തില്‍ അതാണ് കുട്ടിക്ക് നല്‍കേണ്ടത്. മറ്റുള്ളതെന്തും കുഞ്ഞിനെ ബാധിക്കും.

ശേഷമുള്ള വളര്‍ച്ചയില്‍ കുട്ടിയില്‍ ആത്മവിശ്വാസവും ലോകത്തെ അവന്റെ രീതിയില്‍ നോക്കിക്കാണാനുള്ള വ്യഗ്രതയിലുമായിരിക്കും. വീട്ടിലുള്ളവരുടെ പ്രവര്‍ത്തി നോക്കിക്കാണുകയും അതുപോലെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലഘട്ടമാണത്. പലതും ചെയ്യാന്‍ ശ്രമിക്കുമ്പോഴേക്ക് വിലക്കുകയോ ചീത്ത പറയുകയോ പരിഹസിക്കുകയോ ചെയ്യാന്‍ പാടില്ല. ബുദ്ധിയും വൈകാരിക വളര്‍ച്ചയും പ്രാപിക്കുന്ന കാലഘട്ടമായതിനാല്‍ പ്രോത്സാഹനം കുട്ടിയില്‍ സ്വാധീനം ചെലുത്തും. താരതമ്യം ചെയ്യലാണ് എല്ലാ രക്ഷിതാക്കളിലും കണ്ടുവരുന്ന പ്രശ്‌നം. സ്വന്തം മക്കളുടെ കഴിവും കഴിവ് കേടും കണ്ടെത്താന്‍ കഴിയാത്ത രക്ഷിതാക്കള്‍ മറ്റുള്ളവരുടെ കുഞ്ഞുങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. കഴിവുകള്‍ കണ്ടെത്തുകയും അതിനനുസരിച്ചുള്ള പ്രോത്സാഹനം നല്‍കുകയുമാണ് വേണ്ടത്. 

കുറ്റപ്പെടുത്തലുകളോ, ഒറ്റപ്പെടുത്തുകയോ താരതമ്യം ചെയ്യുന്നതോ അമിതമായ ശകാരമോ എല്ലാം കുട്ടിയുടെ മാനസിക വളര്‍ച്ചയെ മോശമായി ബാധിക്കുക തന്നെ ചെയ്യും. നെഗറ്റീവായി ചിന്തിക്കുന്നതിനും പറയുന്നതിനും പകരം എല്ലാം പോസിറ്റീവ് ആയി കാണാന്‍ രക്ഷിതാക്കള്‍ ശ്രമിക്കുകയും ഒപ്പം പോസിറ്റീവ് മെന്റാലിറ്റി കുട്ടിയില്‍ വളര്‍ത്താനും ശ്രമിക്കണം. 

Post a Comment

Previous Post Next Post

News

Breaking Posts