ജനുവരി 24, ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശ സംരക്ഷണത്തിനും അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുമാണ് ദേശീയ ബാലികാ ദിനത്തിലൂടെ ലക്ഷ്യമാക്കുന്നത്. അതിക്രമങ്ങള്‍ തടയാനും അവകാശ സംരക്ഷണത്തിനും ദിനാചരണങ്ങള്‍ മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമായോ എന്ന കാര്യത്തില്‍ സംശയം തന്നെയാണ്. കാരണം, പെണ്‍ഭ്രൂണഹത്യ ഇപ്പോഴും കൂടുതല്‍ തന്നെയാണ്. മാത്രമല്ല, പെണ്‍കുട്ടി ജനിച്ചാല്‍ കുഴിച്ചു മൂടിയിരുന്ന ഇരുണ്ട കാലത്തെ സ്മരിച്ച് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഒരു ദിവസത്തെ പത്രം മാത്രം പരിശോധിച്ചാല്‍ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതകളുടെ ദയനീയത വ്യക്തമാകും. സ്‌കാന്‍ ചെയ്ത് പെണ്‍കുട്ടിയാണെങ്കില്‍ കൊലപ്പെടുത്തുന്നതും രണ്ടില്‍ കൂടുതല്‍ പെണ്‍കുട്ടിയുണ്ടായാല്‍ ഭാര്യയെ ഡൈവോഴ്‌സ് ചെയ്യുന്ന വാര്‍ത്തകളും നമുക്ക് സുപരിചതിമാണ്.
ലോക ജനസംഖ്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെ അപേക്ഷിച്ച് കുറവാണ്. 105 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികളെന്നതാണ് ലോക കണക്ക് സൂചിപ്പിക്കുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 918 പെണ്‍കുട്ടികളാണെന്നതാണ് ഇന്ത്യയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയിലെ കണക്ക് ഒന്നു കൂടെ പരിതാപകരമാണ്. 794 പെണ്‍കുട്ടികള്‍ മാത്രമേ അവിടെ 1000 ആണ്‍കുട്ടികള്‍ക്കുള്ളൂ. അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെ ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യ ചെയ്യുന്ന കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്നു.
ഇസ്ലാം എല്ലായിടത്തും വ്യക്തമായ പാഠങ്ങളും മാറ്റങ്ങളും വരുത്തിയ മതമാണ്. ജാഹിലിയ്യാ കാലത്ത് അതായത് മുഹമ്മദ് നബിതങ്ങളുടെ ആഗമനത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ച് മൂടിയിരുന്നു. പെണ്‍കുട്ടികള്‍ ജനിക്കുന്നത് ഇഷ്ടമേ അല്ലായിരുന്നു. ആണ്‍കുട്ടികളെയായിരുന്നു അവര്‍ ഇഷ്ടപ്പെട്ടിരുന്നത്. ആ സംഭവത്തെ വിശുദ്ധ ഖുര്‍ആനില്‍ ശക്തമായി എതിര്‍ത്തത് കാണാനാവും. അതുപോലെ ഹദീസിലും ആ സംഭവങ്ങള്‍ നമുക്ക് കാണാനാവും. ഇസ്ലാം ലോകത്ത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മതമാണ്. എന്നാല്‍ ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ ലോകത്തെ എത്രമാത്രം മാറ്റപ്പെടുത്തിയെന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ച് മൂടിയിരുന്ന ജനത പെണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങി. അവരെ സ്‌നേഹത്തിന്റെ കരുതല്‍ നല്‍കി. വിദ്യാഭ്യാസം നല്‍കി. ജീവിതത്തിന്റെ അവിഭാജ്യ ഘടകമായും കുടുംബത്തിന്റെ നെടുന്തൂണായും അവരെ പരിചയപ്പെടുത്തി. അവര്‍ക്ക് ഭര്‍ത്താവും കുട്ടികളും ഉപ്പയും മറ്റുള്ളവരും നല്‍കിയിരിക്കേണ്ട അവകാശങ്ങളെ കുറിച്ചുള്ള പാഠങ്ങള്‍ നല്‍കി. ഇസ്ലാമിന്റെ ആഗമനത്തിനു മുമ്പും ശേഷവും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റാവുന്ന കാര്യമേ ഇതിലുള്ളൂ. വായിക്കാതെ മനസ്സിലാക്കാതെ വിമര്‍ശിക്കുന്നവര്‍ വിഡ്ഢികള്‍.
പെണ്‍കുട്ടികളെ വളര്‍ത്തുന്നവര്‍ക്ക് ശ്രേഷ്ടമായ പദവിയാണ് ഇസ്ലാം നല്‍കിയിട്ടുള്ളത്. പെണ്‍കുട്ടികളെ നല്ല രൂപത്തില്‍ വളര്‍ത്തുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും നരകത്തില്‍ നിന്നുള്ള മോചനത്തെ കുറിച്ചും ഹദീസുകളുണ്ട്. ആയിശ ബീവിയുടെ അടുക്കല്‍ ഒരു സ്ത്രീ വന്നു. കൂടെ രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ആയിശ ബീവിയുടെ അടുക്കല്‍ ആകെ ഉണ്ടായിരുന്ന മൂന്ന് കാരക്കകള്‍ അവര്‍ക്ക് കൊടുത്തു. ആ സ്ത്രീ ഓരോന്ന് വീതം ആ പെണ്‍കുട്ടികള്‍ക്ക് നല്‍കി. മൂന്നാമത്തേത് വായില്‍ വെക്കാന്‍ ഒരുങ്ങിയപ്പോള്‍ പെണ്‍കുട്ടികള്‍ അതും ആവശ്യപ്പെട്ടു. ആ സ്ത്രീ അത് പകുത്ത് രണ്ട് പേര്‍ക്കും കൊടുത്തു. ആ സംഭവം ആയിശ ബീവിയെ വല്ലാതെ ആശ്ചര്യപ്പടുത്തി. നബിതങ്ങള്‍ വന്നപ്പോള്‍ നബിയോട് ആ സംഭവം പറഞ്ഞു കൊടുത്തു. നബിതങ്ങള്‍ പറഞ്ഞു. ആ പെണ്‍കുട്ടികള്‍ കാരണം അവര്‍ക്ക് സ്വര്‍ഗം ഉറപ്പാക്കിയിരിക്കുന്നു.
ആര്‍ത്തവമുള്ള സ്ത്രീകളെ അകറ്റി നിര്‍ത്തുന്നവരും അയിത്തം കല്പിക്കുന്നവരും ഇന്നും നിലവിലുണ്ട്. പല മതങ്ങളും അകറ്റി നിര്‍ത്താന്‍ കല്പിക്കുമ്പോള്‍ ചേര്‍ത്തു പിടിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അര്‍ഹമായ പരിഗണനകള്‍ അവര്‍ക്ക് നല്‍കി. അടുത്തു കിടത്തുന്നതിനോ അവര്‍ക്ക് പാചകം ചെയ്യുന്നതിനോ വീട്ടില്‍ പ്രവേശിക്കുന്നതിനോ തടസ്സം നില്‍ക്കാനല്ല ഇസ്ലാം പഠിപ്പിക്കുന്നത്. പര്‍ദയും ശരീരം മൂടുന്ന വസ്ത്രവുമാണല്ലോ അടുത്ത പ്രശ്‌നം. അത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമാണ് നല്‍കുന്നത്. പെണ്‍കുട്ടികളെ നല്ല രൂപത്തില്‍ വളര്‍ത്തുന്നവര്‍ക്കുള്ള പ്രതിഫലം ഹദീസില്‍ വ്യക്തമായി കാണാം. പെണ്‍കുട്ടികള്‍ സൗഭാഗ്യമാണെന്നും വീടിന്റെ ഐശ്വര്യമാണെന്നുമാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്.
إرسال تعليق