ഖദീജ ബീവി(റ) | Khadeeja Beevi


ഖുറൈശികളിലെ പ്രധാനിയായിരുന്ന ഖുവൈലിദിന്റെ പുത്രിയാണ് ഖദീജ ബീവി(റ). സുന്ദരിയും സമ്പന്നയുമായിരുന്നു ഖദീജ ബീവി. ഇസ്ലാമിന്റെ പ്രചാരണ കാലത്തിനു മുമ്പെ അഥവാ ജാഹിലിയ്യാ കാലത്ത് പോലും തെറ്റുകളൊന്നും ചെയ്യാതെ നല്ല ജീവിതം നയിച്ചതിനാല്‍ ത്വാഹിറ എന്ന പേരിലും അറിയപ്പെട്ടു. മുത്ത് നബിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് ഉതയ്യഖ്ബ്‌നു ആബിദ്, ശേഷം അബൂ ഹാല എന്നിവരെ വിവാഹം ചെയ്തിരുന്നു. ഉതയ്യഖുമായുള്ള ബന്ധത്തില്‍ ഹിന്ദ് എന്ന പെണ്‍കുട്ടിയുണ്ട്. അബൂ ഹാലയില്‍ രണ്ട് ആണ്‍മക്കളും ബീവിക്കുണ്ടായിരുന്നു. രണ്ട് പേരുടെയും മരണ ശേഷം പല വിവാഹാലോചനകളും വന്നെങ്കിലും ബീവി തയ്യാറായില്ല. 

അന്ത്യപ്രവാചകരെ കുറിച്ച് കേട്ടറിയുകയും ആ പ്രവാചകരുടെ പത്‌നിയാവാനുള്ള ആഗ്രഹം മൂലവുമാണ് മുത്തുനബിയെ വിവാഹം ചെയ്യുന്നത്. തന്റെ സമ്പത്തെല്ലാം ഇസ്ലാമിനു വേണ്ടി ചെലവഴിച്ച മഹതിയാണ് ബീവി ഖദീജ. ഹിറാ പര്‍വതത്തില്‍ ഏകനായി ഇരുന്നപ്പോള്‍ പ്രയാസങ്ങളത്രയും സഹിച്ച് ഭക്ഷണമെത്തിച്ചും നാല്‍പത് പൂര്‍ത്തിയായപ്പോള്‍ ജബലുന്നൂറില്‍ ആദ്യ ദിവ്യ സന്ദേശം വന്നതും പനി ബാധിച്ച് കിടന്നപ്പോള്‍ പുതപ്പിട്ട് മൂടി മുത്തുനബിക്ക് താങ്ങായി മാറാന്‍ വിശ്വാസികളുടെ ഉമ്മ ഖദീജ ബീവിക്കായിട്ടുണ്ട്. മാതാപിതാക്കള്‍ ഇല്ലാതിരുന്ന മുത്തുനബിക്ക് വലിയ ആശ്വാസമായി മാറാന്‍ ഖദീജ ബീവിക്കായി. മുത്തുനബിയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല.

വിശ്വാസം, ആര്‍ജ്ജവം, പക്വത, ബുദ്ധി, പെരുമാറ്റം, സത്യസന്ധത തുടങ്ങിയ ഗുണങ്ങളുള്ള ഖദീജ ബീവിക്ക് പലതരത്തിലും സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ടുട്ടുണ്ട്. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഒരിക്കല്‍ ജിബ്‌രീല്‍ മുത്തുനബിയുടെ അടുക്കല്‍ വന്ന് പറയുകയുണ്ടായി. നബിയേ, ഖദീജ ഒരു പാത്രവുമായി വന്നിരിക്കുന്നു. ഭക്ഷണവും കറിയും വെള്ളവുമുണ്ട്. അല്ലാഹുവിന്റെയും എന്റെയും സലാം പറയുക. സ്വര്‍ഗത്തില്‍ മഹതിക്കായി ഒരു വീടുണ്ടെന്നും സന്തോഷം അറിയിക്കുക. ബീവി വന്നപ്പോള്‍ നബി അതറിയിക്കുകയും ഖദീജ ബീവി സലാം മടക്കുകയും ചെയ്തു. 

ആയിഷ ബീവി തന്നെ പറയുന്നു. നബി തങ്ങള്‍ ഖദീജ ബീവിയെ എപ്പോഴും സ്മരിക്കാറുണ്ടായിരുന്നു. ആയിഷ ബീവി അതിന്റെ കാരണം തിരക്കിയപ്പോള്‍ നബി പറഞ്ഞു. ഖദീജയേക്കാള്‍ ഉത്തമയായി മറ്റൊരു സ്ത്രീയെ പകരം തന്നിട്ടില്ല. എല്ലാവരും നിഷേധിച്ചപ്പോള്‍ അവര്‍ വിശ്വസിച്ചു. കളവാക്കിയപ്പോള്‍ എന്നെ ശരിവെച്ചു. സമ്പത്ത് നല്‍കി സഹായിച്ചു. അല്ലാഹു മക്കളെ തന്നതും അവരിലൂടെയാണ്. 

ഖദീജ ബീവിയോടുള്ള സ്‌നേഹം കാരണം ബീവിയുടെ കൂട്ടുകാര്‍ക്ക് ആടിനെ അറുത്ത് കഷ്ണമാക്കി അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഹിജ്‌റയുടെ മൂന്ന് വര്‍ഷം മുമ്പാണ് ഖദീജ ബീവി വഫാതാകുന്നത്. നബിയെ വല്ലാതെ ദുഖത്തിലാക്കിയ സംഭവമായിരുന്നു ബീവിയുടെ വഫാത്. ദുഖവര്‍ഷം എന്നാണ് ആ വര്‍ഷം അറിയപ്പെടുന്നത്. വഫാതാകുമ്പോള്‍ ബിവിക്ക് 65 വയസ്സ് പ്രായമായിരുന്നു. റമളാന്‍ 10 ബീവിയുടെ വഫാത് ദിനമാണ്. മഹതിക്കു വേണ്ടി, ഉമ്മാക്ക് വേണ്ടി നമുക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാം. 


Post a Comment

Previous Post Next Post

News

Breaking Posts