കോവിഡ് പോരാളിയാവുക


corona


രാജ്യത്തെ കോവിഡ് വ്യാപനം അതി രൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്ര പോലെയുള്ള പതിനൊന്ന് സംസ്ഥാനങ്ങളില്‍ നിയന്ത്രണാതീതമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ജനിതക മാറ്റം വന്ന കോവിഡിന്റെ രണ്ടാം തരംഗം ഇത്രയധികം രൂക്ഷമാകാനുള്ള കാരണം കോവിഡ് വ്യാപനത്തോത് വര്‍ധനവ് കാരണമാണ്. വ്യക്തമാക്കി പറഞ്ഞാല്‍ നിലവിലെ വ്യാപനം പതിനൊന്ന് സംസ്ഥാനങ്ങളെയും മറികടക്കുമെന്നര്‍ത്ഥം.

രൂക്ഷമായ സംസ്ഥാനങ്ങളില്‍ കേരളം ഒഴിവല്ല. ജനസാന്ദ്രതയേറിയ നമ്മുടെ കൊച്ചു കേരളവും വ്യാപനത്തില്‍ നിന്നൊഴിവല്ല. മാത്രമല്ല, നിരന്തരമായ സഞ്ചാരം നടന്നു കൊണ്ടിരിക്കുന്ന കേരളത്തില്‍ വ്യാപനത്തോത് കൂടുതലാണ് താനും. കോവിഡിന്റെ ഒന്നാം ഘട്ടം ഏറെക്കുറെ അസ്ഥമിച്ച ആത്മവിശ്വാസത്തിലായിരുന്നു നാമെങ്കില്‍ തെരഞ്ഞെടുപ്പും നിയമങ്ങളെ കാറ്റില്‍ പറത്തലുമെല്ലാമായപ്പോള്‍ രണ്ടാം തരംഗത്തിന്റെ വ്യാപനത്തിന് വലിയ പ്രയാസമുണ്ടായില്ല. കോവിഡിന്റെ തരംഗത്തിനപ്പുറം കോവിഡ് സുനാമിയെന്നാണ് പ്രമുഖര്‍ ഇതിനെ വിലയിരുത്തുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നിതാന്ത ജാഗ്രതയിലാണ്. സംസ്ഥാന പോലീസും ആരോഗ്യവകുപ്പും നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ജാഗ്രതാ സന്ദേശങ്ങള്‍ നിരന്തരമായി കൈമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

തെരഞ്ഞെടുപ്പു കമ്മീഷന്റെ മുന്നറിയിപ്പുകള്‍ വകവെക്കാന്‍ ആരുമുണ്ടായില്ല എന്നതാണ് സത്യം. അതുകൊണ്ടു തന്നെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഈ വ്യാപനത്തിന്റെ കാരണക്കാരാണെന്ന് നിസംശയം പറയാം. ആള്‍ക്കൂട്ടങ്ങളും ഇടയൊഴിയാതെയുള്ള സംസ്ഥാന യാത്രകളും ആഘോഷ പരിപാടികളും പ്രചാരണ മാമാങ്കങ്ങളും പൊടിപൂരമാക്കിയപ്പോള്‍ നിയമങ്ങള്‍ അനുസിരിച്ചു പോന്നിരുന്ന സാധാരണക്കാര്‍ വിണ്ഢികളായത് മിച്ചം. അണികളുടെ അനിയന്ത്രിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് താക്കീത് നല്‍കാന്‍ പോലും ഒരു രാഷ്ട്രീയ മേലാളന്മാരെയും കണ്ടില്ല എന്നതാണ് ഖേദകരം. 

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെയും പ്രവാസികളെയും പഴി ചാരി രക്ഷപ്പെടുന്ന വര്‍ഗം ഒന്നു തിരിഞ്ഞു നിന്ന് തെരഞ്ഞെടുപ്പുമായി കാട്ടിക്കൂട്ടിയ കലാപരിപാടികള്‍ നോക്കുന്നത് നന്നായിരിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുമായി ബന്ധപ്പെട്ട കോവിഡ് സ്ഥിരീകരണത്തേക്കാള്‍ പതിന്മടങ്ങാണ് ഇവിടുത്തെ വ്യാപനത്തിന്റെ തോത്. നാലായിരവും പതിനായിരവും കടന്ന് ഇരുപതിനായിരവും മുപ്പതിനായിരവും പ്രതിദിന കോവിഡ് കേസുകള്‍ എത്തി നില്‍ക്കുമ്പോള്‍ രാഷ്ട്രീയക്കാരെ മാത്രം കുറ്റപ്പെടുത്താനുള്ളൂ. 

പാസ്റ്റ് ഈസ് പാസ്റ്റ് എന്നാണല്ലോ. പഴി ചാരിയിരുന്ന് സമയം ചെലവഴിച്ച് കാര്യമില്ല. ആരോഗ്യ വകുപ്പും സര്‍ക്കാറും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങഇയിരിക്കുന്നു. മറ്റൊരു ലോക്ക്ഡൗണിലേക്ക് ഇനിയും സംസ്ഥാനം നീങ്ങിയാല്‍ സാധാരണക്കാരന്റെ ഗതി ഇനിയും ദയനീയമാവുമെന്ന് പറയേണ്ടതില്ല. സര്‍ക്കാരിനും പോലീസിനും ആരോഗ്യ വകുപ്പിനും പിന്തുണ നല്‍കി സഹകരിച്ച് കരുതല്‍ വേണ്ടത് എല്ലാവര്‍ക്കുമാണ്. സോപ്പും മാസ്‌ക്കും അകലവും അനിവാര്യമാണ്. കര്‍ശന നടപടികള്‍ക്ക് വിധേയമാകാതെ നമുക്ക് വേണ്ടിയെന്ന ചിന്തയില്‍ സ്വയം നിയന്ത്രിക്കുകയും അനുരണയുള്ളവനുമാകാന്‍ തയ്യാറാവുക. 

മറ്റു സംസ്ഥാനങ്ങള്‍ രോഗികളെ കൊണ്ട് പൊറുതിമുട്ടുകയാണ്. കിടത്താന്‍ റൂം പോലുമില്ലാതെ വെന്റിലേറ്റര്‍ സൗകര്യമില്ലാതെ ശ്വാസമെടുക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പോലുമില്ലാതെ പിടഞ്ഞു മരിക്കുന്നതിന്റെ നിസഹായമായ കാഴ്ചകള്‍ വേദനിപ്പിക്കുന്നതാണ്. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല. അതുകൊണ്ട് എല്ലാവരും കോവിഡ് പോരാളിയാവുക. 


Post a Comment

Previous Post Next Post

News

Breaking Posts