നഫീസത്തുല്‍ മിസ്‌രിയ്യ(റ) | Nafeesathul Misriya


പ്രവാചക പൗത്രന്‍ ഹസന്‍(റ) സന്താന പരമ്പരയില്‍ പെട്ട ഹസന്‍ അന്‍വര്‍(റ) എന്നവരുടെ പുത്രിയായ നഫീസത്ത് ബീവി ഹിജ്‌റ 145ല്‍ മക്കയിലാണ് ജനിച്ചത്. മാതാവിന്റെ പേര് ഉമ്മു സലമ. ബീവി കൂടാതെ പത്ത് സന്താനങ്ങള്‍ ാ ദമ്പതികള്‍ക്കുണ്ടായിരുന്നു. മക്കയിലാണ് വളര്‍ച്ചയുടെ ആദ്യ കാലം. പിന്നീട് മദീനയിലേക്ക് പോയി. മദീനയില്‍ താമസമാക്കുമ്പോള്‍ മഹതിക്ക് അഞ്ച് വയസ്സായിരുന്നു പ്രായം. ഹിജ്‌റ 193ല്‍ തന്റെ നാല്‍പത്തിയെട്ടാം വയസ്സിലാണ് ഈജിപ്ത്(മിസ്വ്‌റ്) ലേക്ക് താമസം മാറുന്നത്. 

ചെറുപ്രായത്തില്‍ തന്നെ മതവിദ്യ കരസ്ഥമാക്കി. ബീവിയുടെ പിതാവില്‍ നിന്ന് തന്നെയായിരുന്നു ബാലപാഠങ്ങള്‍. ആറാം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കിയ മഹതി വൈകാതെ ഇമാം മാലിക്(റ) ന്റെ ഹദീസ് ഗ്രന്ഥം മുവത്വയും മനപാഠമാക്കി. എല്ലാവിധ അറിവുകളും കരസ്ഥമാക്കിയ മഹതി വിവരാന്വേഷികളുടെ ആശാ കേന്ദ്രമായിരുന്നു. സംശയ നിവാരണത്തിന് മഹതിയെ ആളുകള്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

ഇമാം ശാഫിഈ(റ) മഹതിയുടെ സദസ്സില്‍ പങ്കെടുക്കുകയും അവരോട് പ്രാര്‍ത്ഥനക്ക് വസിയ്യത്തും ചെയ്യാറുണ്ടായിരുന്നു എന്നതില്‍ നിന്ന് തന്നെ അവരുടെ മഹത്വത്തിന്റെ ആഴം നമുക്ക് മനസ്സിലാക്കാം. ശാഫിഈ ഇമാമിന്റെ വഫാത് സമയത്ത് പോലും മഹതിയോട് പ്രാര്‍ത്ഥനക്ക് അഭ്യര്‍ത്ഥിച്ചിരുന്നു. മഹതിയുടെ പ്രതികരണത്തില്‍ നിന്ന് തന്റെ മരണം അടുത്തുവെന്ന് മനസ്സിലാക്കിയ ശാഫിഈ ഇമാം തന്റെ അവസാന യാത്രക്കുള്ള ഒരുക്കള്‍ നടത്തിയതായും ചരിത്ര ഗ്രന്ഥത്തില്‍ കാണാം. മാത്രമല്ല, തന്റെ ജനാസ നിസ്‌ക്കരിക്കാന്‍ മഹതിയോട് ഇമാം വസിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു.

ആത്മീയപൂര്‍ണമായ ജീവിതിമായിരുന്നു മഹതിയുടേത്. ജീവന്‍ നിലനിര്‍ത്താന്‍ മാത്രമായ ഭക്ഷണം. ആരാധനകളിലെ കണിശത. സദാ സമയവും അല്ലാഹുവോടുള്ള ഇബാദത്തിലായ ജീവിതം. പകല്‍ മുഴുവന്‍ നോമ്പ്. രാത്രി നിസ്‌ക്കാരം. കടമകളിലും കടപ്പാടുകളിലും യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. യുവത്വകാലത്ത് തന്നെ ഖബ്‌റൊരുക്കി അവിടെ ഖുര്‍ആനോതിയും നിസക്കരിച്ചും കഴിച്ചുകൂട്ടി. 

ബീവിയുടെ സഹോദര പുത്രി സൈനബ് ബീവി പറയുന്നുണ്ട്. നാല്‍പത് വര്‍ഷം സേവനം ചെയ്തിട്ടും ഒരു രാത്രി പോലും ഉറങ്ങുന്നതായി കണ്ടിട്ടില്ല. തികഞ്ഞ ദീനീ ബോധവും ചിട്ടയുമുള്ള ഇസ്ഹാഖ് ബ്‌നു ജഅ്ഫര്‍ എന്നവരാണ് മഹതിയെ വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ രണ്ട് മക്കളും മഹതിക്കുണ്ട്. 

നൈല്‍ നദിയിലെ വെള്ളം ഉയര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരായി മഹതിയെ സന്ദര്‍ശിച്ച സമയത്ത് തന്റെ മുഖമക്കന ഊരി ജനങ്ങള്‍ക്ക് നല്‍കി പറഞ്ഞു. ഇത് കൊണ്ട് പോയി നൈലില്‍ ഇടുക. അവര്‍  മുഖമക്കന ഇട്ടപ്പോള്‍ നൈലിലെ വെള്ളം താഴുകയും സാധാരണ പോലെയാവുകയും ചെയ്തു. 

ഖിബ്തി വംശജനായ ഒരാളുടെ കുട്ടിയെ തട്ടിക്കൊണ്ട് പോയി. അവര്‍ പലതും ചെയ്‌തെങ്കിലും കുട്ടിയെ കിട്ടിയില്ല. അവസാനം മഹതിയെ സന്ദര്‍ശിച്ചു സങ്കടം ബോധിപ്പിച്ചു. ഉടനെ മഹതി കരങ്ങള്‍ ഉയര്‍ത്തി ദുആ ചെയ്തു. കൊള്ളക്കാരില്‍ നിന്നും കുട്ടി മോചിതനാവുകയും അന്ന് തന്നെ വീട്ടിലെത്തുകയും ചെയ്തു.

മഹതി വുളു ചെയ്ത വെള്ളം കാരണം ബീവിയുടെ അയല്‍ക്കാരായ ജൂത കുടുംബത്തിലെ വികലാംഗയായ പെണ്‍കുട്ടിക്ക് സാധാരണ പോലെ നടക്കാന്‍ സാധിച്ച സംഭവവും ചരിത്രത്താളുകളില്‍ നമുക്ക് കാണാന്‍ സാധിക്കും. 

മഹതിയുടെ പ്രാര്‍ത്ഥന കാരണം നിരവധി പേരുടെ രോഗം സുഖപ്പെടുകയും കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, മഹതിയുടെ ജീവിതം കൊണ്ട് നിരവധി പേര്‍ ഇസ്ലാമിലേക്ക് കടന്ന് വരികയും ചെയ്തു.

ഹിജ്‌റ 208 ല്‍ അറുപത്തിമൂന്നാം വയസ്സിലാണ് മഹതി വഫാതാകുന്നത്. അത് നോമ്പ് 15 നായിരുന്നു. രോഗം അത്രമേല്‍ ശക്തമായിട്ടും നോമ്പ് കളയാന്‍ മഹതി തയ്യാറായില്ല. നോമ്പൊഴിവാക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ മുപ്പത് വര്‍ഷമായി ഞാനെന്റെ റബ്ബിനോട് നോമ്പുകാരിയായി മരിപ്പിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്. എന്നിട്ട് നിങ്ങള്‍ എന്നോട് നോമ്പ് മുറിക്കാന്‍ പറയുകയാണോ എന്നാണ് പ്രതികരിച്ചത്. റമളാന്‍ പതിനഞ്ചിന് ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കെ മഹതി ഈ ലോകത്തോട് വിടപറഞ്ഞു. 

മഹതിയെ കുറിച്ച് കൂടുതല്‍ വായിക്കുകയും ജീവിതം പകര്‍ത്തകയു വേണം. അവരുടെ കൂടെ നമുക്കും പരലോകത്ത് ഒരുമിക്കണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ. ആമീന്‍.

ഈ റമളാന്‍ പതിനഞ്ചിന് അവര്‍ക്ക് ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാം. 


1 Comments

Post a Comment

Previous Post Next Post

News

Breaking Posts