ഇസ്ലാമിലെ സകാത്തും വിതരണവും

tonnalukal

അല്ലാഹു നല്‍കുന്ന അനുഗ്രഹമാണ് സകാത്ത്. അല്ലാഹു നല്‍കുന്ന സമ്പത്ത് മറ്റുള്ളവര്‍ക്കു കൂടി പങ്ക് വെക്കാനുള്ള അവസരമാണ് സകാത്ത്. അത് പാവങ്ങളുടെ അവകാശമാണ്. ധനികന്റെ ഔദാര്യമല്ല. സാമ്പത്തിക അസമത്വം ഇല്ലാതാക്കുകയാണ് സകാത്തിന്റെ ലക്ഷ്യം. സമ്പത്തിന്റെ ശുചീകരണവും പാരത്രിക മോക്ഷവും ഉദ്ദേശിച്ച് ഭക്തി പൂര്‍വം നല്‍കുന്ന ദാനമാണിത്. നാല് വിഭാഗങ്ങളിലാണ് സകാത്ത് നിര്‍ബന്ധമാകുന്നത്. 

1. സാര്‍വത്രിക വിലയായി ഉപയോഗിക്കപ്പെടുന്ന സ്വര്‍ണം, വെള്ളി, കറന്‍സി.

2. കച്ചവടച്ചരക്കുകള്‍

3. പഴങ്ങളിലും ധാന്യങ്ങളിലും മുഖ്യാഹാരമായി ഉപയോഗിക്കുന്നവയും സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നവ.

4. കന്നു കാലികള്‍

കച്ചവടക്കാര്‍ ചെയ്യേണ്ടത്.

കച്ചവടച്ചരക്കുകള്‍ വില കെട്ടിയാണ് സകാത്ത് നല്‍കേണ്ടത്. ലാഭം കൊണ്ട് വാങ്ങിയ ചരക്കുകളും ഇതിനോടൊപ്പം ചേര്‍ക്കണം. ലാഭം പണമായി ആണ് സൂക്ഷിച്ചതെങ്കില്‍ അത് പണത്തിന്റെ കണക്കനുസരിച്ചാണ് നല്‍കേണ്ടത്. ഒരാള്‍ സ്വഫര്‍ ഒന്നിനാണ് കടയാരംഭിച്ചതെങ്കില്‍ അടുത്ത വര്‍ഷം അതേ ദിവസത്തില്‍ സ്റ്റോക്കെടുക്കുകയും കമ്പനിക്കാര്‍ കടമായി ഇറക്കിത്തന്നതടക്കം ആകെ ചരക്കുകളുടെ മാര്‍ക്കറ്റ് വില കൂട്ടുകയും സകാത്തിന്റെ നിസ്വാബായ 595 ഗ്രാം വെള്ളിയുടെ വില വരുമെങ്കില്‍ അതിന്റെ രണ്ടര ശതമാനം സകാത്തായി കൊടുക്കണം. വര്‍ഷാവസാനമാണ് കച്ചവടത്തില്‍ പരിഗണിക്കുക.

ഹോട്ടലുകളോ ജ്യൂസ് കടകളോ നടത്തുന്നവര്‍ കച്ചവടത്തില്‍ നിന്നും ലഭിച്ച തുക നിക്ഷേപമായുണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം നല്‍കണം. ഒരു കടയുടെ ലാഭം കൊണ്ട് രണ്ടാമതൊരു കട തുടങ്ങിയാല്‍ ആദ്യത്തെ കടയുടെ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ തന്നെ രണ്ടാമത്തെ കടയുടെ സകാത്തും നല്‍കണം. ഭൂമിയോ കെട്ടിടമോ വാഹനമോ സകാത്തിന്റെ ഇനമല്ലെങ്കിലും അതിലൂടെ ലഭിക്കുന്ന ആദായ പണം ഒരു വര്‍ഷം സകാതിനര്‍ഹമായി നിസ്വാബോടെ സൂക്ഷിച്ചാല്‍ അതിന്റെ രണ്ടര ശതമാനം നല്‍കണം. എന്നാല്‍ കച്ചവടച്ചരക്കായി വാങ്ങിയിട്ടതാണെങ്കില്‍ ചരക്ക് വസ്തുവായി പരിഗണിച്ചാണ് സകാത്ത് നല്‍കേണ്ടത്. 

വാടക സ്റ്റോര്‍ നടത്തുന്നയാള്‍ വാടക സാധനങ്ങള്‍ വില കെട്ടി സകാത്ത് നല്‍കേണ്ടതില്ല. അത് കച്ചവടച്ചരക്കല്ല. ജ്വല്ലറി ഉടമകള്‍ വര്‍ഷം തികഞ്ഞാല്‍ സ്‌റ്റോക്കെടുപ്പ് നടത്തുകയും 595 ഗ്രാം വില വരുന്ന ഒരു ആഭരണം മാത്രമാണുള്ളതെങ്കിലും അതിന് സകാത്ത് നല്‍കണം. സകാത്തായി പണം നല്‍കിയാല്‍ മതി. കച്ചവച്ചരക്കല്ലാതെ സ്വര്‍ണം വെള്ളി എന്നിവയുടെ സകാത്ത് അവ തന്നെ നല്‍കണം. 

പച്ചക്കറികള്‍ക്ക് സകാത്തില്ല. തേങ്ങ, അടക്ക, കശുവണ്ടി, കുരുമുളക് എന്നിവക്കും സകാത്തില്ല. ഇവയൊന്നും മുഖ്യാഹാരമല്ല. എന്നാല്‍ ഇവ കച്ചവടം നടത്തുന്നയാള്‍ കച്ചവടത്തിന്റെ സകാത്ത് നല്‍കണം.

ഇന്നത്തെ കാലത്ത് നേരിട്ടോ വക്കീല്‍ മുഖാന്തരമോ ആണ് സകാത്ത് നല്‍കേണ്ടത്. സകാത്ത് സെല്‍ എന്ന പേരില്‍ സകാത്ത് ശേഖരിക്കുകയും കുറച്ച് പാവങ്ങള്‍ക്ക് നല്‍കി ബാക്കി മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന സംഘടകളും ടീമുകളുമുണ്ട്. ഇവരെ ഏല്‍പിച്ചാല്‍ സകാത്തിന്റെ ഉത്തരവാദിത്വം ഒഴിവാകില്ല. കാരണം ഇങ്ങനെയൊരു സംവിധാനം ഇസ്ലാം നിര്‍ദേശിച്ചിട്ടില്ല. സകാത്തിന്റെ അവകാശികളായ ഫഖീര്‍, മിസ്‌കീന്‍, കടംവന്നവന്‍, പുതുവിശ്വാസി, യാത്രക്കാരന്‍ എന്നിവര്‍ക്ക് തന്നെ സകാത്ത് വിഹിതം ലഭിച്ചുവെന്ന് ഉറപ്പ് വരുത്തും വിധം സകാത്ത് വിതരണം ചെയ്യുക. 

Post a Comment

Previous Post Next Post

News

Breaking Posts