വേനല്‍ക്കാലത്തെ അഞ്ച് പൂമരങ്ങള്‍

tonnalukal

വേനല്‍ക്കാലങ്ങളില്‍ വഴിയോരങ്ങളില്‍ മനസിനു കുളിര്‍മയേകുന്ന ചില പൂമരങ്ങളെ നാം കാണാറുണ്ട്. കേരളത്തില്‍ കാണപ്പെടുന്ന ഗ്രീഷ്മ സുന്ദരികള്‍ എന്നറിയപ്പെടുന്ന ചില പൂമരങ്ങളെ നമുക്ക് പരിചയപ്പെടാം. ഗുല്‍മോഹര്‍, ചാരക്കൊന്ന, മണിമരുത്, സ്വത്തോഡിയ, യക്ഷിപ്പാല തുടങ്ങിയവയാണ് പ്രചാരം നേടിയ ഗ്രീഷ്മ സുന്ദരികള്‍. 

ചാരക്കൊന്ന

tonnalukal

അരുണ വര്‍ഗത്തിലുള്ള ഗുല്‍മോഹറും പീത വര്‍ണത്തിലുള്ള ചാരക്കൊന്നയും ഇതള്‍ വിടര്‍ത്തി നില്‍ക്കുന്ന കാഴ്ച വേനല്‍ക്കാലത്ത് സാധാരണമാണ്. 15 മീറ്റര്‍ വരെ ഉയരം വെക്കുന്ന ഇത് കോപ്പര്‍ പോഡ് ട്രീ എന്നാണ് അറിയപ്പെടുന്നത്. വിത്തു നട്ടാണ് വളര്‍ത്തുക. പെട്ടെന്ന് തന്നെ വളരുന്ന മരമാണ്. 18 ഇഞ്ച് വരെ നീളമുള്ള പൂങ്കൊലകളിലാണ് പൂക്കളുണ്ടാവുക. പൂമൊട്ടുകള്‍ പച്ച കലര്‍ന്ന ചാരനിറത്തിലാണ് ആദ്യം കാണപ്പെടുക. മഞ്ഞ നിറത്തിലുള്ള പൂക്കള്‍ക്ക് നടുവിലെ കേസരങ്ങളുടെ അഗ്രം ഓറഞ്ച് നിറത്തിലായിരിക്കും. ചാരക്കൊന്നയുടെ പൂക്കള്‍ നേരിയ സുഗന്ധമുള്ളതാണ്. കായ്കള്‍ ആദ്യം ചെമ്പ് നിറത്തിലായിരിക്കും. മൂക്കുന്ന സമയത്ത് കടും ചാര നിറമാവും. വേനലിനെ നന്നായി ചെറുക്കനും നല്ല തണല്‍ മരവുമാണിത്. 

ഗുല്‍മൊഹര്‍

tonnalukal
അലസിപ്പൂ എന്നും ഗുല്‍മൊഹര്‍ അറിയപ്പെടാറുണ്ട്. ഉദ്യാന നഗരങ്ങളായ ബാംഗ്ലൂര്‍, ചണ്ഡീഗഢിലെയും പ്രിയ വൃക്ഷമാണിത്. ഗുല്‍ എന്നാല്‍ റോസ് പുഷ്പമെന്നും മൊഹര്‍ എന്നാല്‍ മയില്‍ എന്നുമാണ് അര്‍ത്ഥം. ഗുല്‍മൊഹറിന്റെ പൂക്കളുടെയും ഇലകളുടെയും ആകൃതിയാണ് ഈ പേരിന് കാരണം. വിത്തുനട്ടു മുളപ്പിച്ചുണ്ടാകുന്ന തൈകളും കമ്പുകളും കൊണ്ട് ഇവ വളര്‍ത്താം. നാല് വര്‍ഷം കൊണ്ട് തന്നെ പൂക്കും. 10-15 മീറ്റര്‍ ഉയരത്തില്‍ വളരും. ഡിസംബര്‍ മാസത്തില്‍ ഇലപൊഴിക്കും. ഫെബ്രുവരി മാര്‍ച്ച് മാസത്തില്‍ തുടങ്ങുന്ന പൂക്കാലം ഓഗസ്റ്റ് വരെ നീളും. ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറമുള്ളതാണ് പൂക്കള്‍. നീണ്ട കായ്കള്‍കള്‍ക്കുള്ളില്‍ വിത്തുകളുമുണ്ടാകും. 

മണിമരുത്

tonnalukal

മനോഹരമായ പിങ്ക് നിറത്തിലുള്ള പൂങ്കുലകള്‍ വിരിയിക്കുന്നതാണ് മണിമരുത്. ഏഴ് മീറ്റര്‍ വരെ ഉയരം വെക്കുന്നു. ഫെബ്രുവരി ആരംഭത്തോടെ മണിമരുതിന്റെ വലിയ മിനുസമുള്ള ഇലകള്‍ പൊഴിയും. തുടര്‍ന്ന് വീണ്ടും ഇല തളിര്‍ക്കും. മാര്‍ച്ച് ഏപ്രിലില്‍ തുടങ്ങി ജൂണ്‍ വരെ മണിമരുതിന്റെ പൂക്കാലമാണ്. കടുംപിങ്ക് ക്രമേണ നിറം മങ്ങുന്നു. കേസരങ്ങളുടെ അഗ്രഭാഗത്ത് മഞ്ഞ നിറമാണുള്ളത്. കോണാകൃതിയിലാണ് പൂങ്കുലകള്‍. വിത്ത് നട്ട് വളര്‍ത്താം. നട്ടതിനു ശേഷം മൂന്ന് മുതല്‍ അഞ്ച് വര്‍ഷം കൊണ്ട് പൂവിടുന്നു. മണിമരുതിന്റെ തടി ബോട്ടും ഫര്‍ണീച്ചറുമുണ്ടാക്കാന്‍ സഹായിക്കുന്നു.

യക്ഷിപ്പാല

tonnalukal

അള്‍സ്റ്റോണിയ സ്‌കോളാറിസ് എന്നാണ് സസ്യ നാമം. 20 മീറ്റര്‍ വരെ പൊക്കം വെക്കുന്നു. തടിക്ക് പച്ച കലര്‍ന്ന ചാരനിറമാണ്. മരച്ചീനി ഇലകളുടെ ആകൃതിയാണ് ഇലകള്‍ കട്ടിയുള്ളതും മിനുസമുള്ളതും മനോഹരവുമാണ്. ജനുവരി അവസാനത്തോടെ തുടങ്ങുന്ന പൂക്കാലം മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്നു. പൂങ്കുലകള്‍ ഇളം പച്ച കലര്‍ന്ന വെള്ള നിറമാണ്. മത്തു പിടിപ്പിക്കുന്ന ഗന്ധവുണ്ട്. ഇതിന്റെ പട്ട മലമ്പനി, വയറുകടി, പനി, വലിവ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. തണല്‍ മരവും ഒപ്പം അലങ്കാര വൃക്ഷവുമാണ് യക്ഷിപ്പാല. 

സ്വത്തോഡിയ

tonnalukal

ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തില്‍ വലിയ മാംസളമായ പുഷ്പങ്ങളുണ്ടാകുന്ന മരമാണ് സ്വത്തോഡിയ. 25 മീറ്റര്‍ വരെ വളരുന്നു. മണിയുടെ ആകൃതിയിലുള്ള പൂക്കള്‍ നല്ലപോലെ വിടരും. ഇവക്കുള്ളില്‍ കടുംമഞ്ഞ നിറത്തിലുള്ള ഇതളുകളുടെ അഗ്ര ഭാഗം ഓറഞ്ചാകുന്നു. ആഫിക്കന്‍ തുളിപ്പ് മരമെന്നും ഇതറിയപ്പെടുന്നുണ്ട്. കായകള്‍ക്ക് 5-10 ഇഞ്ച് വരെ നീളമുണ്ടാകും. കായ്കള്‍ക്കുള്ളില്‍ കാണുന്ന നിരവധി വിത്തുകള്‍ നട്ടാണ് മരം വളര്‍ത്തുന്നത്. സ്വത്തോഡിയയുടെ തടി പെട്ടെന്ന് തീ പിടിക്കാത്തതാണ്. സ്വര്‍ണപ്പണിക്കാര്‍ ഉലയില്‍ ഉപയോഗിക്കുന്നു. അഫ്രിക്കന്‍ വനവാസികള്‍ മന്ത്രവാദിയുടെ വടിയുണ്ടാക്കുന്നത് സ്വത്തോഡിയ കൊണ്ടാണ്. 


Post a Comment

Previous Post Next Post

News

Breaking Posts