4 വർഷത്തെ ബിഎഡ് കോഴ്സിന്റെ (ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം) വിശദാംശങ്ങൾ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) വിജ്ഞാപനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കോഴ്സ് ഇനി രാജ്യവ്യാപകമാക്കും. ഹൈസ്കൂൾ തലം വരെ അധ്യാപകരാകാൻ 2030 മുതൽ കുറഞ്ഞ യോഗ്യത ഈ കോഴ്സാക്കി മാറ്റും.
ബിഎ, ബിഎസ്‍സി, ബികോം, കോഴ്സുകൾക്കൊപ്പം ഒരു വർഷം കൂടി പഠിച്ചാൽ ബിഎഡ് ഡിഗ്രിയും സ്വന്തമാക്കാവുന്നതാണു പുതിയ ഇന്റഗ്രേറ്റഡ് കോഴ്സ്. നിലവിൽ എൻസിഇആർടിയുടെ മൈസൂരു ഉൾപ്പെടെയുള്ള റീജനൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇത്തരം കോഴ്സുണ്ടെങ്കിലും ഭൂരിഭാഗം സർവകലാശാലകളിലും 2 വർഷത്തെ ബിഎഡ് കോഴ്സാണു നിലവിലുള്ളത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച എക്സിറ്റ് സംവിധാനം (കോഴ്സിന് ഇടയ്ക്കു പഠനം നിർത്താനുള്ള സൗകര്യം) ഇതിനുമുണ്ടാകും.
നിലവിലെ 2 വർഷ ബിഎഡ് കോഴ്സും തുടരും. പിജി കോഴ്സുകൾ പൂർത്തിയാക്കിയവർക്കു വേണ്ടി ഒരു വർഷത്തെ ബിഎഡ് കോഴ്സ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
4 വർഷ ഇന്റഗ്രേറ്റഡ് കോഴ്സിന് ഒരു സ്ഥാപനത്തിൽ 50 സീറ്റ് മാത്രമേ ഉണ്ടാകൂ. 12–ാം ക്ലാസിൽ 50% എങ്കിലും മാർക്കുള്ളവർക്കാണ് അർഹത.
ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) മുഖേനയാകും പ്രവേശനം.
إرسال تعليق