കൊച്ചി മെട്രോയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാം, കൈ നിറയെ സമ്മാനങ്ങള്‍ നേടാം. | kochi metra christmas celebration competitions



കൊച്ചിക്കാരുടെ വൈവിധ്യമാര്‍ന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഇത്തവണ കൊച്ചി മെട്രോ സ്റ്റേഷനുകളും വേദിയാകും. പൊതുജനങ്ങള്‍ക്കും കൊച്ചി മെട്രോയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് കെ എം ആര്‍ എല്‍. ഡിസംബര്‍ പതിനെട്ടാം തീയതി മുതല്‍  നിരവധി ആകര്‍ഷകമായ മത്സരങ്ങളാണ് കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 18ആം തീയതി ക്രിസ്മസ് സ്റ്റാര്‍ നിര്‍മ്മാണ മത്സരത്തിലൂടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ആലുവ, മുട്ടം, കലൂര്‍, പേട്ട മെട്രോ സ്റ്റേഷനുകളില്‍ നടക്കുന്ന ക്രിസ്മസ് സ്റ്റാര്‍ നിര്‍മ്മാണ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്  5000, 3000, 2000 രൂപ വീതം ലഭിക്കും. 


 ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളില്‍ ഡിസംബര്‍ 19ന് നടക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ വിജയിക്കുന്നവരെ കാത്തിരിക്കുന്നത് 10000, 7500, 5000 രൂപ വീതമാണ് . എല്ലാ മെട്രോ സ്റ്റേഷനുകളിലും ഡിസംബര്‍ 20ആം തീയതി പുല്‍കൂട് നിര്‍മ്മാണ മത്സരവും 21ആം തീയതി ക്രിസ്മസ് ട്രീ അലങ്കാര മത്സരവും സംഘടിപ്പിക്കും. ഈ രണ്ട് മത്സരങ്ങളിലെയും ആദ്യ മൂന്ന് വിജയികള്‍ക്ക് 8000,5000, 3000 രൂപ വീതം ലഭിക്കും. ഡിസംബര്‍ 22ആം തീയതി പതിമൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്കായി സാന്റാ ക്ലോസ് ഫാന്‍സി ഡ്രസ്സ് മത്സരവും ഒരുക്കിയിട്ടുണ്ട്. പാലാരിവട്ടം, കടവന്ത്ര, തൈക്കൂടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നീ മെട്രോ സ്റ്റേഷനുകളിലാണ് സാന്റാ ക്ലോസ് മത്സരം. 


ബേക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്കായി വൈറ്റില, മഹാരാജാസ്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷനുകളില്‍ ഡിസംബര്‍ 23ന് കേക്ക് നിര്‍മ്മാണ മത്സരവും സംഘടിപ്പിക്കും. 5000, 3000, 2000 രൂപ വീതമാണ് സാന്റാ ക്ലോസ്, കേക്ക് മേക്കിങ് മത്സരവിജയികള്‍ക്ക് സമ്മാനിക്കുക. ഇതുകൂടാതെ ഡിസംബര്‍ 24 മുതല്‍ 31 വരെ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികള്‍ കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കും ഒപ്പം യാത്ര ചെയ്യുന്ന ആള്‍ക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും കെ എം ആര്‍ എല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post

News

Breaking Posts