കോട്ടയം: വിദ്യാർഥികൾക്കിടയിൽ നൂതനാശയങ്ങൾ വളർത്തിയെടുക്കാൻ സർക്കാർ ആരംഭിച്ച "യംഗ് ഇന്നവേറ്റേഴ്സ്’ പരിപാടിയുടെ ഭാഗമായി സഹായം ലഭ്യമാക്കുന്നതിന് രജിസ്റ്റർ ചെയ്യാം. കെ-ഡിസ്കിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് നൂതനാശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും ആവശ്യമായ സാങ്കേതിക, സാന്പത്തിക സഹായം ലഭ്യമാകും. സ്കൂൾ, കോളജ്, ഗവേഷണ തലത്തിലുള്ള 13 നും 35 നും മധ്യേ പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമുള്ളവർ yip.kerala.gov.in എന്ന പോർട്ടലിൽ വ്യക്തിഗത പ്രീ-രജിസ്ടേഷൻ നടത്തണം.
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിൽ വോയിസ് ഓഫ് കസ്റ്റമർ ട്രെയിനിംഗ് നൽകും. ട്രെയിനിംഗ് പൂർത്തിയാക്കുന്നവർക്ക് വെബ് സൈറ്റിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാർഥികൾ രണ്ടുമുതൽ അഞ്ചുപേർ വരെ അടങ്ങുന്ന ഗ്രൂപ്പുകളായി മാറി അവരുടെ ആശയങ്ങൾ രജിസ്റ്റർ ചെയ്യണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തേണ്ട അവസാന തീയതി 15.
ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കുന്ന 8000 ടീമുകൾക്ക് 25,000 രൂപയും അതിൽനിന്നും രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുന്ന 2000 ടീമുകൾക്ക് 50,000 രൂപയും കൂടാതെ സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കുന്ന 900 ടീമുകൾക്ക് മൂന്ന് വർഷംവരെ നീണ്ടുനിൽക്കുന്ന മെന്ററിംഗ്, സാന്പത്തിക സാങ്കേതിക സഹായങ്ങളും നൽകുന്നതാണ്. ഇതിനുപുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒരുലക്ഷം രൂപ വരെയുള്ള സമ്മാനങ്ങളും നൽകും. വിശദവിവരത്തിന് ’യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാ’മിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
Post a Comment