യുപിഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ

 

യുപിഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ Central govt says UPI transaction will not be charged

 യുപിഐ സേവനങ്ങൾ സൗജന്യം തന്നെ എന്ന് കേന്ദ്രസർക്കാർ. യുപിഐ സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കാൻ നീക്കമെന്ന വാർത്ത തളളി കേന്ദ്രസർക്കാർ രം​ഗത്തെത്തി. അത്തരം ഒരു ആലോചന പരിഗണയിലില്ല. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കി.

യുപിഐ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു റിപ്പോർട്ടുകൾ. ഇന്ത്യയിലെ വിവിധ പേയ്‌മെന്റ് സേവനങ്ങൾക്കായുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനും ഈടാക്കുന്ന നിരക്കുകൾ കാര്യക്ഷമമാക്കുന്നതിനും ആഗസ്റ്റ് 17 ബുധനാഴ്ച ആർബിഐ ഒരു ചർച്ചാ പേപ്പർ പുറത്തിറക്കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്), എൻഇഎഫ്ടി (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ), ആർടിജിഎസ് (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെന്റ്), ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ പ്രീപെയ്ഡ് പേയ്മെന്റ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പേയ്മെന്റ് സംവിധാനങ്ങളാണ് ഉൾപ്പെടുന്നത്.

”ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കി, നയങ്ങൾ രൂപപ്പെടുത്താനും രാജ്യത്തെ വിവിധ പേയ്മെന്റ് സേവനങ്ങൾക്കുള്ള നിരക്കുകൾ കാര്യക്ഷമമാക്കാനും ശ്രമിക്കും. ഈ ഘട്ടത്തിൽ, ആർബിഐ ഒരു പ്രത്യേക തീരുമാനവും എടുത്തിട്ടില്ലെന്നും ”ആർബിഐ നേരത്തെ പറഞ്ഞിരുന്നു.

ഫണ്ട് ട്രാൻസ്ഫർ സംവിധാനമെന്ന നിലയിൽ ഐഎംപിഎസിന് സമാനമാണ് യുപിഐയുടെ പ്രവർത്തനം. അതിനാൽ യുപിഐ ഇടപാട് നിരക്കുകൾ ഐഎംപിഎസ് ഇടപാട് നിരക്കുകൾക്ക് സമാനമായിരിക്കണമെന്നും ആർബിഐ വ്യക്തമാക്കി. ഇടപാടു തുകയെ അടിസ്ഥാനമാക്കി ഒരു നിശ്ചിത ചാർജ് ചുമത്താമെന്നും ആർബിഐ അറിയിച്ചു. ഒക്ടോബർ മൂന്നിനകം നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനാണ് ആർബിഐ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഈ നിലപാടുകളെല്ലാം തള്ളുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ പ്രസ്താവന.

Post a Comment

أحدث أقدم

News

Breaking Posts