ഇന്ന് ദേശീയ കായിക ദിനം

ഇന്ന് ദേശീയ കായിക ദിനം National sports day

ഓഗസ്ത് 29 രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുകയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കായിക താരങ്ങളിലൊരാളായ ഹോക്കി ഇതിഹാസത്തിന്റെ ജന്മദിനമാണ് കായിക ദിനമായി ആചരിക്കുന്നത്. ഹോക്കിയില്‍ ഇന്ത്യയെ വിശ്വ വിജയികളാക്കിയ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണിന്ന്. 1928, 1932, 1936 എന്നീ വര്‍ഷങ്ങളില്‍ ഹോക്കിയില്‍ ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കിയ ധ്യാന്‍ ചന്ദ് ഹോക്കി മാന്ത്രികനെന്ന പേരിലാണ് അറിയപ്പെടുന്നത്.

ദേശീയ കായിക ദിനം  ക്വിസ് | National sports day quiz

1905 ആഗസ്റ്റ് 29 ന് അലഹാബാദിലായിരുന്നു ധ്യാന്‍ ചന്ദിന്റെ ജനനം. ഹോക്കിയില്‍ 400 ല്‍ ഏറെ ഗോളുകള്‍ നേടിയിട്ടുണ്ട്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന നീക്കങ്ങളും അതിവേഗവുമെല്ലാം ധ്യാന്‍ ചന്ദിനെ വ്യത്യസ്തനാക്കുന്നു. ധ്യാന്‍ ചന്ദ് കളിച്ചിരുന്നപ്പോള്‍ ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു എന്നുപറയാം. ഇന്ത്യന്‍ കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന അദ്ദേഹത്തിന് ജര്‍മനിയില്‍ നിന്നുള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് മേജര്‍ പദവിയും 1956ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു. ധ്യാന്‍ ചന്ദിന്റെ പിന്മുറക്കാര്‍ക്ക് അത്രത്തോളം മികവുണ്ടായില്ലെങ്കിലും അടുത്ത കാലത്ത് ഇന്ത്യന്‍ ഹോക്കി തിരിച്ചുവരവിന്റെ പാതയിലാണ്. ഒളിമ്പിക്‌സ് വെങ്കലവും കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളിയും നേടിയ ഇന്ത്യ ലോകത്തെ മുന്‍നിര ടീമുകള്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

മേജര്‍ ധ്യാന്‍ ചന്ദിനോടുള്ള ആദര സൂചകമായി 2012 ലാണ് ഇന്ത്യ ആദ്യമായി ദേശീയ കായിക ദിവസം ആചരിച്ചത്. ദേശീയ കായിക ദിനം ഇന്ത്യ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്‌പോര്‍ട്‌സിനുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തുന്നു. വിവിധ ഇടങ്ങളിലായി ഇതേക്കുറിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത് പതിവാണ്. അര്‍ജുന അവാര്‍ഡ്, ധ്യാന്‍ ചന്ദ് അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍, ദ്രോണാചാര്യ അവാര്‍ഡ് തുടങ്ങിയവ ഇന്ത്യന്‍ പ്രസിഡന്റ് കായിക താരങ്ങള്‍ക്ക് വിതരണം ചെയ്യുന്നതും ദേശീയ കായിക ദിവസമാണ്. ലോക കായിക വേദികളില്‍ അടുത്തിടെ ഇന്ത്യ വലിയ കുതിപ്പുകള്‍ നടത്താറുണ്ട്. ടോക്യോ ഒളിമ്പിക്‌സിലൂടെ ഇന്ത്യ ആദ്യമായി അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുകയും മെഡലുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post

News

Breaking Posts