ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകളുടെ വിലയും വിശദാംശങ്ങളും

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓണ്‍ലൈനല്ലാതെ ആപ്പിള്‍ നടത്തിയ പ്രൊഡക്ട് ഇവന്റില്‍ ഐഫോണിനേക്കാള്‍ ആകര്‍ഷണം ലഭിച്ചത് ആപ്പിള്‍ വാച്ച് അള്‍ട്രയ്ക്ക്. മറ്റ് ബ്രാന്‍ഡുകള്‍ക്ക് മത്സരിക്കാന്‍ ഒരു സാധ്യത പോലും നല്‍കാത്തവിധമാണ് മൂന്ന് പുതിയ വാച്ചുകള്‍ ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. കാരണം ഒരു വാച്ചില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള എല്ലാ സവിശേഷതകളും തന്നെ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

ബാറ്ററി ലൈഫ്, കണക്ടിവിറ്റി, ഡ്യൂറബിലിറ്റി എന്നിങ്ങനെ എല്ലാ സവിശേഷതകളും അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കാന്‍ ആപ്പിള്‍ വാച്ച് അള്‍ട്രയ്ക്ക് കഴിയുന്നു. ബാറ്ററി ലൈഫ് 60 മണിക്കൂര്‍ വരെ ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ ഇടുങ്ങിയ നഗര ചുറ്റുപാടുകളില്‍ പോലും കൃത്യമായ ലൊക്കേഷനുകൾ ലഭിക്കുന്ന ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് വാച്ചിലുണ്ട്. ലോക്കേഷനുകളും ഇവന്റുകളുമെല്ലാം മാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക ബട്ടണും ഇടതുവശത്ത് നല്‍കിയിട്ടുണ്ട്.

അതേസമയം, ആപ്പിൾ വാച്ച് സീരീസ് എട്ടില്‍ ശരീരത്തിലെ താപനില അളക്കുന്നതിനായി സെൻസർ ഉൾപ്പെടെയുള്ള നിരവധി പുതിയ അപ്‌ഡേറ്റുകളും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ വാഹനാപകടത്തിലോ മറ്റൊ അകപ്പെട്ടാല്‍ അടിയന്തര സേവനങ്ങള്‍ ലഭിക്കുന്നതിനായി ക്രാഷ് ഡിറ്റക്ഷന്‍ എന്ന സവിശേഷതയും വാച്ചില്‍ വരുന്നുണ്ട്. വാച്ചിലുള്ള മോഷന്‍ സെന്‍സറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അള്‍ട്രയെ അപേക്ഷിച്ച് സീരീസ് എട്ട് വാച്ചുകള്‍ക്ക് ബാറ്ററി ലൈഫ് കുറവാണ്. 36 മണിക്കൂര്‍ വരെയായിരിക്കും ബാറ്ററി ലൈഫ്. സീരീസ് നാല് മുതലുള്ള വാച്ചുകളില്‍ ഈ സവിശേഷത ലഭ്യമാകും.

ഐഫോണിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി ലളിതമാക്കാന്‍ ആപ്പിളിനായിട്ടുണ്ട്. രണ്ട് വലിപ്പത്തില്‍ മാത്രമാണ് ഫോണുകള്‍ ലഭ്യമായിട്ടുള്ളത്, 6.1 ഇഞ്ചും (ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രൊ), 6.7 ഇഞ്ചും (ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രൊ മാക്സ്). മുന്‍ മോഡലുകളില്‍ പ്രൊ വേര്‍ഷനുകളില്‍ മാത്രമായിരുന്നു വലിയ സ്ക്രീന്‍ നല്‍കിയിരുന്നത്. പ്രൊസസര്‍, ഡിസ്പ്ലെ, ക്യാമറ, യുഐ എന്നിവയില്‍ മാത്രമായിരിക്കും പ്രൊ ഫോണുകളുമായുള്ള വ്യത്യാസം.

ആപ്പിള്‍ 14 നിലും 14 പ്ലസിലും എ15 ബയോണിക് ചിപ്സെറ്റാണ് വരുന്നത്. ഐഫോൺ 14 പ്രൊയിലേക്കെത്തുമ്പോള്‍ പുതിയ എ 16 ബയോണിക് ചിപ്സെറ്റാണ് വരുന്നത്. ഒരു ഹേര്‍ട്സ് മുതല്‍ 120 ഹേര്‍ട്സ് വരെ റിഫ്രഷ് റേറ്റ് വരുന്ന ഓള്‍വെയ്സ് ഓണ്‍ ഡിസ്പ്ലെ പ്രൊ മോഷനൊപ്പം പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായിക്കും.

ക്യാമറ നോച്ചിന് നേരിട്ട വിമര്‍ശനങ്ങള്‍ മറികടക്കാന്‍ ഇത്തവണ ആപ്പിളിനായിട്ടുണ്ട്. സന്ദേശങ്ങളും മറ്റ് അലര്‍ട്ടുകളും നോച്ചിനുള്ളില്‍ ലഭിക്കുന്ന രീതിയിലാണിത്. ഡൈനാമിക് ഐലന്‍ഡ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 48 മെഗാ പിക്സലാണ് ക്യാമറ. വെളിച്ചം കുറവുള്ള സാഹചര്യത്തില്‍ പോലും മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഫ്രണ്ട് ക്യാമറ ഉപയോഗിച്ചും 4കെ വീഡിയോകള്‍ എടുക്കാന്‍ സാധിക്കും.

മറ്റൊരു പ്രധാന ചുവടുവയ്പ്പും ആപ്പിള്‍ നടത്തിയിട്ടുണ്ട്. അമേരിക്കയില്‍ സിം ഇടാന്‍ സാധിക്കുന്ന ഫോണുകള്‍ ഇനി ലഭ്യമാകില്ല, ഇ സിമ്മിലേക്ക് പൂര്‍ണമായും മാറുകയാണ് ആപ്പിള്‍. യുഎസിലെയും കാനഡയിലെയും ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് ഇല്ലെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ സാറ്റലൈറ്റുമായി ബന്ധിപ്പിക്കാനും കഴിയും.

ആപ്പിളിന്റെ പുതിയ പ്രൊഡക്ടുകളുടെ വില

ഐഫോണ്‍ 14: 79,000 രൂപ
ഐഫോണ്‍ 14 പ്ലസ്: 89,000 രൂപ
ഐഫോണ്‍ 14 പ്രൊ: 1.29 ലക്ഷം രൂപ
ഐഫോണ്‍ 14 പ്രൊ മാക്സ്: 1.30 ലക്ഷം രൂപ

ആപ്പിള്‍ വാച്ച് അള്‍ട്ര: 89,900 രൂപ
ആപ്പിള്‍ വാച്ച് സീരീസ് 8: 45,900 രൂപ
ആപ്പിള്‍ വാച്ച് എസ്ഇ 2: 29,000 രൂപ

Post a Comment

أحدث أقدم

News

Breaking Posts