സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെകന്‍ഡറി എജ്യുകേഷന്‍ (CBSE) എല്ലാ സര്‍വകലാശാലകളോടും ഡിജിലോകര്‍ മാര്‍ക് ഷീറ്റും മൈഗ്രേഷന്‍ സര്‍ടിഫികറ്റും പ്രവേശനത്തിനായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.
ഡിജിലോകറില്‍ നല്‍കിയിട്ടുള്ള ഡിജിറ്റല്‍ സിഗ്‌നേചറും ക്യു.ആര്‍ കോഡുമുള്ള മാര്‍ക് ഷീറ്റ് നിയമപരമായി അംഗീകരിക്കപ്പെട്ടതാണെന്ന് ബോര്‍ഡ് വ്യക്തമാക്കി. സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫലം ജൂലൈ 22-ന് പുറത്തിറങ്ങിയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫികറ്റുകള്‍ ലഭിച്ചിട്ടില്ല. ഇത് ഉന്നത പഠനത്തിന് പ്രവേശനം നേടുന്നതിന് തടസമാകുന്ന പശ്ചാത്തലത്തിലാണ് ബോര്‍ഡിന്റെ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
സി.ബി.എസ്.ഇ പന്ത്രണ്ടാം മാര്‍ക് ഷീറ്റിന്റെയും മൈഗ്രേഷന്‍ സര്‍ട്ടിഫികറ്റിന്റെയും അച്ചടിച്ച പകര്‍പ് വൈകാതെ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. അതുവരെ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശന പ്രക്രിയക്കായി ഡിജിലോകറില്‍ ലഭ്യമായ ഡിജിറ്റല്‍ രേഖകള്‍ ഉപയോഗിക്കാം. ചില സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളോട് അവരുടെ മൈഗ്രേഷന്‍ സര്‍ട്ടിഫികറ്റുകള്‍ അടക്കമുള്ളവ അച്ചടിച്ച രൂപത്തില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ അറിയിപ്പോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവ സ്വീകരിക്കാന്‍ വിസമ്മതിക്കാനാവില്ല.
മാര്‍ക് ഷീറ്റുകളുടെയും സര്‍ട്ടിഫികറ്റുകളുടെയും അച്ചടിച്ച രേഖകള്‍ പിന്നീട് കൈമാറാമെന്നും പിന്നീട് സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടാമെന്നും ബോര്‍ഡ് പറയുന്നു. എന്നാല്‍ ഈ അടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ല. ക്യു.ആര്‍ കോഡും ഡിജിറ്റല്‍ സിഗ്‌നേചറും ഉള്ള രേഖകളുടെ ഡിജിറ്റല്‍ പകര്‍പുകള്‍ സ്വീകരിക്കാന്‍ എല്ലാ ഉന്നത സ്ഥാപനങ്ങളോടും നിര്‍ദേശിക്കണമെന്ന് സി.ബി.എസ്.ഇ, വിജ്ഞാപനത്തിലൂടെ യു.ജി.സി സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Post a Comment