താളം തെറ്റുന്ന യുവത്വം
ഇന്ന് ലഹരി പൂക്കുന്ന കാലമാണ്. സ്കൂളുകളിലും കോളേജ് കാമ്പസുകളിലും ലഹരി പൂക്കുന്നു. മയക്കുമരുന്നുകളുടെ ദുരുപയോഗം ആഗോളപ്രശ്നമായി വളർന്ന് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ പോലും ഇതൊരു സാമൂഹിക പ്രശ്നമായി വളർന്നിരിക്കുന്നു. ലോകാരംഭം മുതൽ നിലനിൽക്കുന്ന ഈ മഹാവിപത്ത് രോഗങ്ങളെയും മരണത്തെപ്പോലും ക്ഷണിച്ചു വരുത്തി സംഹാര ദൂതനെപ്പോലെ അരങ്ങ് വാഴുന്നു.
അതി പ്രാചീനകാലത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെക്കുറിച്ചുള്ള ധാരണ വിരളമായിരുന്നു. ആചാരത്തിനോ, ആരാധനയോ, മാന്യതയോ ആയി ഉപയോഗിച്ചിരുന്ന ഇത്തരം വസ്തുക്കൾ ഇന്ന് വരുത്തി വയ്ക്കുന്ന വിനാശങ്ങൾ ഏറെയാണ്. ദാരിദ്ര്യവും സമനിലതെറ്റിയ ജീവിത വ്യാപാരങ്ങളും,സദാചാരവിരുദ്ധങ്ങളായ കുറ്റവാസനകൾക്ക് പിന്നിൽ മയക്കുമരുന്നകളാണെന്ന് വർത്തമാനകാലം തെളിയിച്ചു കൊണ്ടിരിക്കുന്നു.
മനുഷ്യർ ഭിന്ന സ്വഭാവക്കാരാണ്. ജീവിത രീതിയിലും സ്വഭാവത്തിലും നാം ഓരോരുത്തരും തമ്മിൽ വ്യത്യാസമുണ്ട്. നമ്മുടെ ജീവിതരീതികളിൽ ചിലത് ആരോഗ്യത്തെ പോഷിപ്പിക്കുമ്പോൾ മറ്റ് ചിലത് ആരോഗ്യത്തിന് ഭീഷണിയാവുന്നു. പുകവലി, മദ്യപാനം, മയക്കുമരുന്നുകൾ, പാൻമസാലകൾ എന്നിവയുടെ ഉപയോഗം മനുഷ്യാരോഗ്യത്തിനും, സമൂഹത്തിനും വലിയ ഭീഷണിയായി മാറുന്നു.
ഇന്നത്തെ യുവതലമുറയെ വഴിതെറ്റിക്കുന്ന വളരെ അപകടകരമായ ഒരു ദുശ്ശീലമാണ് മയക്കുമരുന്നുകളുടെ ഉപയോഗം. ഒന്നോ രണ്ടോ പ്രാവിശ്യം ഉപയോഗിക്കുമ്പോൾ തന്നെ ഈ ശീലത്തിന് അടിമപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗം മൂലം യുവതലമുറയിലെ ഒരു വലിയ വിഭാഗം തകർച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങളിൽ 30% മുതൽ 50% വരെ കുട്ടികൾ മയക്കുമരുന്നിന് അടിമകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിജുവാന കൊക്കൈൻ, ഓപ്പിയം, ഹൈറോയിൻ, മോർഫിൻ, എൽ. എസ്. ഡി, ആഫിറ്റാമിൻ എന്നിവ മയക്കുമരുന്നുകൾക്ക് ഉദാഹരണമാണ്. ഇവയിൽ ചിലത് ഭയം, ഉൽകണ്ഠ, മതിഭ്രമം എന്നിവ ഉണ്ടാക്കുന്നു. കൂടാതെ ചിലത് നാഡീ വ്യൂഹത്തെ തളർത്തി മയക്കമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു കൗതുകത്തിന് വേണ്ടി തുടങ്ങുകയും പിന്നീട് പൂർണമായും അടിമപ്പെട്ട് പോകാൻ ഇടയുള്ളതുമാണ് ഇത്തരം ദുശ്ശീലങ്ങൾ. അന്യ സംസ്ഥാന തൊഴിലാളികളും മയക്കുമരുന്ന് വിതരണ മാഫിയകളുമാണ് കേരളത്തിൽ ഇപ്പോൾ വ്യാപകമായി മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നത്. ഇത് ഉപയോഗിക്കുന്ന യുവതലമുറയിലെ പലരും മാനസിക വിഭ്രാന്തിയിൽ അകപ്പെട്ട് മാനസിക രോഗികളാകുന്നു. ഒരു വിഭാഗം ആരോഗ്യം നഷ്ടപ്പെട്ട് മൃതപ്രായരായി മാറുന്നു. മറ്റൊരു കൂട്ടർ സാമ്പത്തിക ബുദ്ധിമുട്ട് ഏറുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്ത് തടവറയിൽ എത്തിപ്പെടുന്നു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലെ പെരുമാറ്റ വൈകല്യങ്ങൾ
- ജോലി, പഠനം, കളികൾ ഇവയിലൊന്നും താൽപര്യമില്ലായ്മ.
- ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധയില്ലായ്മ.
- വിശപ്പില്ലായ്മ, ദഹനക്കുറവ്, ശരീരം ക്ഷീണിക്കൽ, വിറയൽ, മുഖം ചുവപ്പ് എന്നിവ.
- കണ്ണുകളുടെ പോളകൾ വീർക്കുക, മയക്കം, ഉറക്കില്ലായ്മ എന്നിവ
- ഓർമക്കുറവ്, അമിത കോപം, വിഷാദം
- മാനസിക സംഘർഷം, അമിതമായ വിയർക്കൽ
- വ്യക്തിസ്വഭാവത്തിലെ മാറ്റങ്ങൾ,വൈകാരിക വൈകല്യങ്ങൾ
മയക്കുമരുന്നുകൾ ഉപയോഗിക്കുവാൻ പ്രേരകമാവുന്ന സാഹചര്യങ്ങൾ
- തൊഴിലില്ലായ്മ.
- മാതാപിതാക്കളുടെ നിയന്ത്രണമില്ലായ്മ.
- വീട്ടിൽ നിന്ന് മാറി ഒറ്റയ്ക്കുള്ള താമസം.
- മയക്കുമരുന്നുകളുടെ ലഭ്യത, സ്കൂളുകളിൽ നേരത്തെ പോവുക.
- തകർന്ന കുടുംബ ബന്ധങ്ങൾ.
- നാഗരിക ജീവിതം, മാതാവും പിതാവുമായി ഒറ്റപ്പെട്ട് വളരുന്ന അനുഭവം.
- ക്ലാസിൽ ഹാജരാവാതെ അനാവശ്യ കൂട്ടുകെട്ടിൽ എത്തിപ്പെടുക.
- ക്രിമിനലുമായുള്ള ബന്ധം.
- അമിതമായ ധനാഗമ മാർഗങ്ങളും ഭവനത്തിലെ സ്നേഹമില്ലായ്മയും. കാമ്പസുകളിലെ പ്രണയനൈരാശ്യം.
- ടി.വി, സീരിയൽ,മൊബൈൽ ഫോൺ മുതലായവയുടെ സ്വാധീനം.
മയക്കുമരുന്നുകളുടെ ഉപയോഗം തടയുവാൻ ചില നിയന്ത്രണ പദ്ധതികൾ
- കൗമാരക്കാർക്കായ് സ്കൂൾ, കോളേജ് തലങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയവും ചെറുതും വലുതുമായ ബോധവൽക്കരണ ക്ലാസുകൾ നൽകുക.
- ലഘു ലേഖകളിലൂടെയും വീഡിയോ, പ്രൊജക്ടർ മുതലായവയിലൂടെ കുട്ടികളിൽ മയക്കുമരുന്നിന്റെ ദുരുപയോഗം വരുത്തിവെയ്ക്കുന്ന വിനകൾ ബോധ്യപ്പെടുത്തുക.
- വ്യത്യസ്ത സ്വഭാവങ്ങളും ജീവിതാവസ്ഥയുമുള്ള കുട്ടികളെ കണ്ടെത്തി പുതു ജീവൻ
- നൽകുക.
- മാതാപിതാക്കൾ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ സന്ദർശിച്ച് അധ്യാപകരുമായി കുട്ടികളെപ്പറ്റി ചർച്ച ചെയ്യുക.
- ആവശ്യമുള്ള കുട്ടികൾക്കും കുടുംബങ്ങൾക്കും ചികിത്സാ സൗകര്യവും കൗൺസിലിങ്ങും നൽകുക.
إرسال تعليق