മഴയുടെ ഗണ്യമായ കുറവ് വരാനിരിക്കുന്നത് കുടത്ത വരൾച്ച

kerala to face drought this year,മഴയുടെ ഗണ്യമായ കുറവ് വരാനിരിക്കുന്നത് കുടത്ത വരൾച്ച,



മഴക്കുറവ്‌ തുടരുന്നതിനാൽ 2023 വരണ്ട വർഷമായിരിക്കുമെന്ന്‌ റിപ്പോർട്ട്‌. കഠിന വരൾച്ച ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ജലവിഭവ വികസന വിനിയോഗ കേന്ദ്രം തയ്യാറാക്കിയ റിപ്പോർട്ട്‌ പറയുന്നു.2022 മൺസൂൺ മുതൽ മഴക്കുറവ്‌ തുടരുന്നത്‌ ഭൂഗർഭ ജലവിതാനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്‌. ഒക്‌ടോബർ – ഡിസംബറിൽ മഴ ലഭിച്ചില്ലെങ്കിൽ 2023 വരണ്ട വർഷമാകും. വരുംമാസങ്ങളിലും കേരളത്തിൽ മഴ കുറയും.

ഒക്ടോബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂണിലും ഒക്‌ടോബർ–-ഡിസംബറിലെ വടക്കുകിഴക്കൻ മൺസൂണിലും കാര്യമായ മഴ ലഭിക്കില്ല. നിലവിൽ 44 ശതമാനമാണ്‌ മഴക്കുറവ്‌. വടക്കുകിഴക്കൻ മൺസൂണിൽ സാധാരണ മഴ ലഭിച്ചാലും തെക്കുപടിഞ്ഞാറൻ മൺസൂണിലെ മഴക്കുറവുമൂലം വരൾച്ചയുണ്ടാകും. ഉയർന്ന പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളക്കുറവ്‌ അനുഭവപ്പെടും. വയനാട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, കാസർകോട്‌ , കോഴിക്കോട്‌ ജില്ലകളിൽ ഭൂഗർഭ ജലശേഖരണ തോത്‌ കുറയും.

വരൾച്ചയിൽ ഭൂഗർഭ ജലത്തിന്റെ ഒഴുക്ക്‌ കുറയുന്നതിനാൽ ഇരുമ്പ്‌, മാംഗനീസ്‌ എന്നിവ കൂടും. സൂര്യപ്രകാശനത്തിന്റെ സാന്നിധ്യത്തിൽ തുറന്ന കിണറിൽ അയേൺ റെഡ്യൂസിങ്‌ ബാക്ടീരിയ രൂപപ്പെട്ട്‌ പാടകെട്ടും. രുചിമാറ്റത്തിനൊപ്പം അളവ്‌ കൂടിയാൽ ആരോഗ്യത്തിന്‌ ഹാനികരവുമാകും. കഠിന വരൾച്ച കലക്ക്‌ വെള്ളത്തിനിടയാക്കും.

വെള്ളത്തിൽ ഉപ്പുരസം കൂടി കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കും. നൈട്രേറ്റ്‌, ഫോസ്‌ഫേറ്റ്‌, അമോണിയ എന്നിവ കൂടുന്നത്‌ നദികളിൽ ആൽഗ വളർച്ച കൂട്ടും. ഇത്‌ വെള്ളത്തിൽ ഓക്‌സിജന്റെ അളവ്‌ കുറയ്‌ക്കുന്നത്‌ മത്സ്യങ്ങളുടെ അതിജീവനത്തെയും ബാധിക്കുമെന്നും സിഡബ്ല്യുആർഡിഎം റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.

കേരളം ഇപ്പോൾ നേരിടുന്ന ചൂടും 48% മഴക്കുറവും മൂലം 2023 കഴിഞ്ഞ 55 വർഷത്തിനിടയിലെ ആറാമത്തെ വരൾച്ചാ വർഷമാകാൻ സാധ്യത. ഏറ്റവും രൂക്ഷമായ വരൾച്ച 2016 ൽ ആയിരുന്നു. 2003, 1983, 1972, 1968 എന്നിവയായിരുന്നു കാഠിന്യ തോതിന്റെ ക്രമമനുസരിച്ചുള്ള മറ്റു വരൾച്ചാ വർഷങ്ങൾ. സംസ്ഥാനത്തെ കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മഴ തീരെ കുറഞ്ഞ് അതികഠിന വരൾച്ച അനുഭവപ്പെടുന്നത്. ഇടുക്കി, എറണാകുളം, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ കഠിന വരൾച്ചയും തിരുവനന്തപുരം, കൊല്ലം ജില്ലകൾ സാമാന്യമായ വരൾച്ചയും നേരിടുന്നു. വരൾച്ചയുടെ രൂക്ഷത കുറവുള്ള ഏക ജില്ല പത്തനംതിട്ടയാണ്.

വരൾച്ചയെ നേരിടാൻ ചെയ്യേണ്ടത്:

∙ മഴ കിട്ടുന്നതു വരെ ജല ഉപയോഗം കുറയ്ക്കുക.

∙ സംസ്ഥാനത്തെ മുഴുവൻ ജലസ്രോതസ്സുകളും നീർത്തടങ്ങളും സംരക്ഷിക്കാനും നിലനിർത്താനും നടപടി സ്വീകരിക്കുക.

∙ കുളങ്ങളും അരുവികളും വറ്റാതിരിക്കാൻ മണ്ണ്–ജല–ഭൂഗർഭ ജല സംരക്ഷണം നടത്തുക.

∙ മാലിന്യം ജലസ്രോതസ്സുകളിൽ കലരാതെ വേർതിരിക്കുക.

∙ അടുക്കളയിലെയും മറ്റിടങ്ങളിലെയും ഉപയോഗിച്ച ജലം അരിച്ച് ശുദ്ധീകരിച്ച് മറ്റു ആവശ്യങ്ങൾക്കു പ്രയോജനപ്പെടുത്തുക.

∙ കൃഷിക്ക് തുള്ളിനന നടപ്പിലാക്കുക.

∙ പുതിയ ജല സ്രോതസ്സുകൾ പാടത്തിന്റെയും മറ്റും നടുവിൽ കണ്ടെത്തി വികസിപ്പിക്കുക.

∙ കൃഷിയിടങ്ങളിൽ മണ്ണും സസ്യാവരണങ്ങളും ഉപയോഗിച്ച് പുതയിടുക.

∙ മഴവെള്ള സംഭരണ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുക, പാറക്കുളങ്ങളെ സംഭരണികളാക്കുക.

വരൾച്ച നേരിടാൻ  ഒരുങ്ങാം

കേന്ദ്ര മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലീറ്റർ വെള്ളമാണു നൽകേണ്ടതെങ്കിലും കേരളീയരുടെ ജലവിനിയോഗത്തിന്റെ സവിശേഷതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലീറ്റർ എന്നു കണക്കാക്കിയാണ് കേരള ജല അതോറിറ്റി ജലവിതരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ജലോപയോഗം ഈ പരിധിക്കുള്ളിൽ നിർത്തുന്നതു ശീലമാക്കുക.

ഇങ്ങനെ ശീലിക്കാം

∙ വീട്ടു കണക്‌ഷൻ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കുക

∙ ദുരുപയോഗത്തിനും ജലമോഷണത്തിനും എതിരെ ജാഗ്രത പുലർത്തുക.

∙ പൊതു ടാപ്പുകൾ വീട്ടാവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുക

∙ പൊതുടാപ്പുകളിൽ നിന്ന് മൃഗങ്ങളെ കുളിപ്പിക്കുന്നതും വാഹനങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ എന്നിവ കഴുകുന്നതും ഒഴിവാക്കുക.‌

Post a Comment

Previous Post Next Post

News

Breaking Posts