62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് 2024 ജനുവരി 4ന് കൊല്ലത്ത് തിരശീല ഉയരും. ആകെ 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ കലോത്സവത്തിൽ പങ്കെടുക്കും. ജനുവരി 4ന് രാവിലെ 9 മണിക്ക് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് ഐഎഎസ് പതാക ഉയര്‍ത്തും. തുടർന്ന് പ്രധാന വേദിയിൽ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങൾ ആരംഭിക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കും. കലോത്സവം നടത്തിപ്പിനായി 20 കമ്മറ്റികൾ രൂപീകരിച്ചു. കൊല്ലം ജില്ലയില്‍ നാലാമത്തെ തവണയാണ് കലോത്സവം എത്തുന്നത്. 2008ലാണ് ഏറ്റവും ഒടുവിൽ കൊല്ലം കലോത്സവത്തെ വരവേറ്റത്.
എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്
ഗോത്രകലയായമങ്ങലം കളിയും
സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകല വേദിയിൽ എത്തും. ഗോത്ര കലാരൂപമായ ‘മങ്ങലം കളി’യാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. ഭിന്നശേഷി വിദ്യാർത്ഥികളുടെ ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട് ഇത്തവണ പ്രദർശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. കാസർകോട് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്. കല്യാണക്കളി എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. കലാകാരൻമാർ വൃത്താകൃതിയിൽ നിന്ന് ചുവടുവച്ച്, വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നതാണ് രീതി. തുടിയാണ് പ്രധാന വാദ്യോപകരണം. ഓരോ പാട്ടിലും ഗോത്രവർഗ ജീവിതത്തിന്റെ യഥാർഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം. അടുത്ത തവണ മുതൽ ഗോത്ര കലകൾ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിലാണ്.
إرسال تعليق